Friday, 8 February 2013

ഏറ്

കുന്നിന്‍ ചരിവിലെ പാറക്കെട്ടില്‍ നിന്ന് ചൂളംവിളി. ഷിബുവാണ്‌. വന്നിട്ടുണ്ട്‌ എന്ന അടയാളമാണ്‌. അമ്മ ചന്തയില്‍ നിന്ന് വരാന്‍ സമയമെടുക്കും. നന്നായി. ഷിബുവിന്റെ കൂടെ കൂടുന്നത്‌ അമ്മയ്ക്കിഷ്ടമല്ല. വായിനോക്കിച്ചെറുക്കന്‍ എന്നാണ്‌ അവന്റെ കാര്യം പറയുന്നതുതന്നെ.

ഷിബുവിനു സങ്കേതങ്ങള്‍ കണ്ടുപിടിക്കാന്‍ നല്ല കഴിവാണ്‌. ആറ്റരികിലെ ഇല്ലിക്കൂട്ടത്തിനുകീഴില്‍ നുഴഞ്ഞുകയറിയാല്‍ ഒരുകൂടാരം പോലെ ചൂണ്ടയിട്ടിരിക്കാന്‍ പറ്റിയസ്ഥലമുണ്ടെന്ന് കണ്ടുപിടിച്ചത്‌ അവനല്ലേ. മുളംകെട്ടിനിടക്കുകൂടെ സൂക്ഷിച്ചുനോക്കിയാല്‍ അടുത്തകടവില്‍ കുളിക്കാന്‍ വരുന്ന പെണ്ണുങ്ങള്‍ തുണിമാറുന്ന നീര്‍മരുതിയുടെ ചുവടും കാണാമത്രെ. മീന്‍ പിടിക്കാന്‍ അതിലും നല്ല്ല സ്ഥലം കിട്ടുമോ? അമ്മയറിയാതെ അവിടെയൊന്നു പോകണം.

പാറക്കെട്ടും ഇല്ലിക്കെട്ടുപോലെ തകര്‍പ്പന്‍ സങ്കേതമാണ്‌. പൂക്കാതെയും കായ്ക്കാതെയും പരന്നുപടര്‍ന്നു നില്‍ക്കുന്ന വയസ്സന്‍ പറങ്കിമാവിന്റെ തണലില്‍ പകല്‍ മുഴുവന്‍ ഒരു കാറ്റ്‌ വെയില്‍കൊള്ളാതെ കറങ്ങി നില്‍ക്കും. പറങ്കിമാവിനുതാഴെ പാറകള്‍ കൂടിച്ചേരുന്നിടത്ത്‌ ഗുഹപോലെയൊരിടമുണ്ട്‌. അവിടെ ഇരിക്കുന്നവരെ മറ്റാരും ശ്രദ്ധിക്കില്ല. പക്ഷെ താഴെ ആറ്റരികുവരെ കുന്നിഞ്ചരിവില്‍ നടക്കുന്നതെല്ലാം അവിടെയിരുന്നാല്‍ കാണാം.

അമ്മ വരുന്നതു കണ്ടാല്‍ പാറക്കെട്ടില്‍ നിന്നു നുഴഞ്ഞിറങ്ങി റബര്‍ തൈകള്‍ക്കിടയിലൂടെയോ നാട്ടുവഴിയിലൂടെയോ ഓടി, അമ്മ സാരിമാറാനെടുക്കുന്ന നേരംകൊണ്ട്‌ മുറ്റത്തെത്താം.

ഇല്ലിക്കാടും പാറക്കെട്ടും പോലെയാണ്‌ ഒരുകണക്കില്‍ ഷിബുവും. മുതിര്‍ന്നവര്‍ക്ക്‌ അവനെ ഇഷ്ടമല്ല. പിള്ളേര്‍ക്ക്‌ അവനെ പേടിയാണ്‌. പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ക്ക്‌. പക്ഷേ ആണ്‍കുട്ടികള്‍ രഹസ്യമായി അവന്റെ ആരാധകരാണ്‌. മുതിര്‍ന്നവര്‍ വീട്ടില്‍ ഇല്ലാത്തപ്പോള്‍ അവര്‍ അവന്റെ സങ്കേതങ്ങള്‍ അന്വേഷിച്ചുചെല്ലുന്നു.

വീടുപൂട്ടി നാട്ടുവഴിയിലേക്ക്‌ കയറുമ്പോള്‍ തൈമരങ്ങളുടെ ചില്ലയ്ക്കുമീതെ പറന്നുപോകുന്ന കരിങ്കല്‍ചീളുകണ്ടു. പറക്കുംതളികപോലെ കറങ്ങി, മഴവില്ലുപോലെ വായുവിലേക്കു വളഞ്ഞുകയറി ഒരുമാത്ര തങ്ങിനിന്ന് മറുപകുതിയിലേക്ക്‌ പറന്നിറങ്ങി പോകുന്ന കരിങ്കല്‍ ചീളുകള്‍ കല്ലുപുറപ്പെട്ട സ്ഥലത്ത്‌ ഷിബുവുണ്ട്‌ എന്നതിന്റെ തെറ്റാനാകാത്തസൂചനയാണ്‌.

തൊഴുത്തിലേക്ക്‌ തിരിഞ്ഞിരുന്ന് അടുക്കളയിലേക്ക്‌ നോക്കുന്ന കാക്കയെപ്പോലെ തല ചരിച്ചുപിടിച്ച്‌,കൈമുട്ട്‌ മൂക്കിനുനേരെ വരാന്‍തക്കവിധം കൈവളച്ചുപിടിച്ച്‌, ഒരു കണ്ണില്‍ വിരല്‍തുമ്പിലെകല്ലും മറുകണ്ണില്‍ ഉന്നവും കണ്ട്‌, ഷിബു നില്‍ക്കുന്നതു കണ്ടാല്‍ തന്നെ അവന്‍ വെറുതെ കല്ലെറിയുന്ന ഒരു കുട്ടിയല്ല ഒരു കലാകാരനാണെന്ന് മനസ്സിലാകും.

എത്ര ഉയരമുള്ള പുളിമരത്തില്‍ നിന്നും പുളി എറിഞ്ഞിടാന്‍, ഏത്‌ കണ്ണെത്താകൊമ്പില്‍ നിന്നും കണ്ണിമാങ്ങ എറിഞ്ഞുവീഴ്‌ത്താന്‍ അവനുള്ള കഴിവ്‌ ഒന്നുവേറേ തന്നെയാണ്‌.

സാധാരണ വഴിയില്‍ അവനെക്കണ്ടാല്‍ പേടിച്ച്‌ ‘ഉണ്ണ്യേട്ടാ ആ ഷിബു വരുന്നുണ്ട്‌ ഒന്ന് വേഗം നടന്നോളൂ’ എന്നുപറഞ്ഞ്‌ പിന്നിലൊളിക്കുന്ന രമ്യയാണ്‌ ഞെട്ടിച്ചുകളഞ്ഞത്‌. രാഘവച്ചാന്നാരുടെ നാട്ടുമാവില്‍ നിന്ന് മാങ്ങ എറിഞ്ഞിടാന്‍ ശ്രമിച്ച്‌ പരാജയപ്പെട്ട്‌ നില്‍ക്കുമ്പോള്‍ കളിയാക്കിച്ചിരിച്ചു ഭയങ്കരി: ” ആ ഷിബുചേട്ടനാരുന്നെകില്‍ ഇപ്പോള്‍ എത്ര മാങ്ങകിട്ടീന്ന് ചോദിച്ചാല്‍ മതിയാരുന്നു…”. മാങ്ങയില്‍ കൊതിയുള്ള പെണ്‍പിള്ളേരെ വിശ്വസിക്കരുത്‌.

ഉന്നം ഒന്നും പ്രത്യേകിച്ചില്ലെങ്കില്‍ വായുവിലേക്ക്‌ അര്‍ദ്ധവൃത്താകൃതിയില്‍ പറന്നുപോകുന്ന പറക്കും തളികകളായിട്ടോ, ആറ്റിലെ വെള്ളത്തില്‍ ഒട്ടൊന്നുതൊട്ടും പിന്നെ ഉയര്‍ന്നും പറന്നകലുന്ന നീര്‍ക്കിളിയായോ അവന്‍ കല്ലിനെ മാറ്റിയെടുക്കുന്നു.

നാട്ടുവഴി കയറ്റം കയറിനിരപ്പാകുന്നിടത്താണ്‌ പാറക്കെട്ടിന്റെ തുടക്കം. പറങ്കിമാവ്‌ വലത്തുവശത്തെ ചരിവില്‍ അല്‍പ്പം താഴെയാണ്‌. പാറയിലേക്ക്‌ കയറുമ്പോള്‍ വീണ്ടും ചൂളം വിളി. ഒറ്റക്കിരുന്നു മടുത്തുകാണും. ഇന്നു മറ്റാരും വന്നിട്ടുണ്ടാവില്ല.

മറ്റാരുമില്ലെങ്കില്‍ അവന്‍ നാട്ടിലെ പെണ്ണുങ്ങളുടെ ഒളിച്ചുകളികളുടെ കഥകള്‍ പറയും. മുഖമൊന്നു കോട്ടി കക്കാന്‍ മുതല്‍കണ്ട കാക്കയെപ്പോലെ കള്ളച്ചിരിചിരിച്ച്‌ ഒരോരുത്തരുടെയും ചരിത്രവും ഭൂമിശാസ്ത്രവും അവന്‍ വിവരിക്കുന്നത്‌ കേട്ടിരിക്കാന്‍ ഒരു പ്രത്യേക രസമാണ്‌. പെണ്ണുങ്ങള്‍ അസത്തുകളാണ്‌. ഒന്നിനെയും വിശ്വസിക്കാന്‍ കൊള്ളില്ല.

പറങ്കിമാവിന്റെ താഴ്‌ന്ന ചില്ലയില്‍പിടിച്ചുവേണം താഴത്തെ നിരയിലുള്ള പാറയില്‍ ഇറങ്ങാന്‍. അവിടെയാണ്‌ ഗുഹ.

ഷിബുവിന്റെ മുഖത്തിനു തീരെ തെളിച്ചമില്ല. “എന്തുപറ്റിയെടാ അളിയാ?”

“അമ്മക്ക്‌ പനിയാണ്‌”. അലസമായ മറുപടി. കള്ളമാണ്‌. കുന്നിന്റെ ഏറ്റവും മുകളിലുള്ള അവരുടെ വീട്ടില്‍ നിന്നും ഇന്നലെ രാവേറെചെന്നിട്ടും അവന്റെ അച്ഛന്റെ അട്ടഹാസവും അമ്മയുടെ നിലവിളിയും കേട്ടിരുന്നു.

“നിന്റെ അച്ഛന്‍ തിരികെപ്പോയോ?”. അയാള്‍ക്ക്‌ ദൂരെയാണ്‌ ജോലി. മാസത്തില്‍ രണ്ടോ മൂന്നോ തവണതിരിച്ചെത്തും. അന്നു കുന്നിന്മുകളിലെ ചെറിയ വീടുകളില്‍ വെളിച്ചമണയാന്‍ വൈകും.

ഷിബുവിന്റെ മരവിച്ച നോട്ടം കണ്ട്‌ പേടിയാവുന്നു. “ഉം.. ഇനി വരില്ല.”

എന്തിനാണോ ആ പാവം രമണിയെ ഇങ്ങനെ തല്ലുന്നത്‌, അയാള്‍ക്ക്‌ വേണ്ടെങ്കില്‍ കളഞ്ഞിട്ടുപൊയ്ക്കൂടെ എന്ന് ഇന്നലെയും അമ്മ അരിശം കൊള്ളുന്നതുകേട്ടിരുന്നു. പോയെങ്കില്‍ നന്നായി.

ഷിബു കയ്യിലിരുന്ന കരിങ്കല്‍ ചീള്‌ വാശിയോടെ പാറയിലുരക്കുകയാണ്‌. “വന്നാല്‍ ഞാന്‍..” പകച്ച കണ്ണുമായി അവന്‍ പരതുന്നതുകണ്ടപ്പോള്‍ അയാള്‍ അരികിലിലെവിടെയോ ഉണ്ടെന്ന് തോന്നി. “…. എറിഞ്ഞു കൊല്ലും.” ഇല്ലിയുടെ ചില്ലയില്‍ നിന്നൊരുപൊന്മാന്‍ വെള്ളത്തിലേക്ക്‌ കൂപ്പുകുത്തുന്നതു പൊലെ കല്‍ച്ചീള്‌ താഴെയൊരു റബറിന്റെ ചുവട്ടിലേക്ക്‌ പാഞ്ഞുപോയി. ഒരു മരയോന്ത്‌ രണ്ടായി മുറിഞ്ഞ്‌ മണ്ണില്‍ വീണ്‌ പിടയുന്നു.

പറക്കാനൊരുങ്ങുന്ന പ്രാവിനെയും കാക്കയെയും വരെ അവന്‍ എറിഞ്ഞുവീഴ്‌ത്താറുണ്ട്‌. വായുവിലൊന്നു പിടഞ്ഞ്‌ നിലത്തുവീഴുന്ന കിളികളെ അടുത്തുചെന്ന് കാലുകൊണ്ടൊന്ന് ചവിട്ടി തിരിച്ചും മറിച്ചും നോക്കി ഇതിലൊക്കെ എന്തിരിക്കുന്നു എന്ന മട്ടില്‍ അവന്‍ ചിരിക്കും. പക്ഷെ ഇപ്പോള്‍ അവന്റെ മുഖം കണ്ടാല്‍ കരയുകയാണെന്നേ തോന്നൂ.

നീയിവിടിരിക്ക്‌ ഞാന്‍ വരാം എന്ന് വേഗം പറഞ്ഞ്‌ അവന്‍ എഴുന്നേല്‍ക്കുന്നത്‌ കരയുന്നത്‌ കാണാതിരിക്കാനാണോ? അല്ല. പാറയിറങ്ങി തോട്ടത്തിലേക്ക്‌ അവന്‍ വേഗത്തില്‍ നടക്കുന്ന ദിശയില്‍ ആളനക്കമുണ്ട്‌. ചെറിയൊരു കല്‍കെട്ടിന്റെ മറവില്‍ ആരോ പുല്ല്ലുവാരിക്കെട്ടുന്നു.

മറിയേടത്തിയാണ്‌. അവശന്‍ തോമാച്ചന്റെ ഭാര്യ. അവര്‍ക്ക്‌ ചില്ലറ സഹായം ഒക്കെ ചെയ്തുകൊടുക്കാറുണ്ട്‌ ഷിബു. തട്ടാനും മുട്ടാനും ഒക്കെ നിന്നുകൊടുക്കുമത്രേ പെണ്ണുമ്പിള്ള. പെണ്ണല്ലേ. വിശ്വസിക്കാന്‍ പറ്റില്ല.

പാറയുടെ ഇരുണ്ടമൂലക്ക്‌ എന്തൊക്കെയോ കൂട്ടിയിട്ടിട്ടുണ്ട്‌. ഗോലികള്‍. തോടുള്ള കശുവണ്ടി. കടിച്ചമാങ്ങ. ഒരു മാസിക. തുണിയഴിച്ച പെണ്ണുങ്ങളുടെ പടമുള്ള ചില പുസ്തകങ്ങള്‍ അവന്‍ കൊണ്ടുവരാറുണ്ട്‌. ഇതു പക്ഷേ വലിയ മാസികയാണ്‌. എടുത്തുനോക്കി. വനിത വാര്‍ഷികപ്പതിപ്പ്‌.

താഴെ ഷിബു മറിയേടത്തിക്ക്‌ പുല്ലുകെട്ട്‌ പിടിച്ച്‌ തലയില്‍ വച്ചുകൊടുക്കുന്നു. പാവം മറിയേടത്തിക്ക്ഗാസ്‌ കേറി വിലങ്ങിയെന്ന് തോന്നുന്നു. ഷിബു ചെറുതായി നെഞ്ച്‌ തടവിക്കൊടുക്കുന്നുണ്ട്‌. മറിയാച്ചേട്ടത്തിയുടെ മുഖത്ത്‌ ഗാസിന്റെ വേദനയും ചമ്മലുമുള്ള ചിരി. നാണംകെട്ട സ്ത്രീ. റോഡില്‍ വച്ചെങ്ങാനും ഷിബുവിനെ കണ്ടാല്‍ പരിചയം പോലും കാണിക്കില്ല.

വനിത വെറുതെ മറിച്ചുനോക്കിയിരുന്നു. ഷിബു കയറിവരുന്നുണ്ട്‌. മുഖത്ത്‌ പെണ്‍വിശേഷങ്ങള്‍ പറയുമ്പോള്‍ പതിവുള്ള കാക്കച്ചിരി. ഇനിയിപ്പോള്‍ മറിയേടത്തിയുടെ നെഞ്ചിടിപ്പിന്റെ വിശേഷങ്ങള്‍ കേള്‍ക്കാം.

വനിതയുടെ അവസാനതാളിലെ ഒരു സമ്മാനക്കൂപ്പണ്‍ കീറിയെടുത്തിരിക്കുന്നു. വെറുതെയല്ല ഒരു പരിചയം തോന്നിയത്‌. ഇത്‌ വീട്ടില്‍കിടന്നതാണല്ലോ. ഇതെങ്ങനെ ഇവിടെ വന്നു?

“ഇന്നലെ നിന്റെ അമ്മ തന്നതാണ്‌.” പറങ്കിമാവില്‍ ചാരിനിന്ന് ഷിബു പരിസരവീക്ഷണം നടത്തുന്നു. മുഖത്തെ ചോദ്യം കണ്ടിട്ടെന്ന പോലെ അവന്‍ കൂട്ടിച്ചേര്‍ത്തു. “മീന്‍കറിക്ക്‌ മാങ്ങ പറിക്കാന്‍ ഇന്നലെ നിന്റമ്മ വിളിച്ചാരുന്നു”.

മാങ്ങപറിച്ചിട്ട്‌ കേറിവന്നപ്പോള്‍ മാസിക കണ്ടിട്ട്‌ ഇതെടുത്തോട്ടേ ചേച്ചീന്ന് ചോദിച്ചുകാണും. വായിച്ചു കഴിഞ്ഞതായതുകൊണ്ട്‌ കൊണ്ടുപൊയ്ക്കൊള്ളാന്‍ പറഞ്ഞുകാണും അമ്മ. അതിന്‌ അവനെന്തിനാണ്‌ കാക്കച്ചിരി ചിരിക്കുന്നത്‌?

നിറയെ ഉറുമ്പുള്ള കിളിച്ചുണ്ടന്‍ മാവില്‍നിന്ന് മാങ്ങ എറിഞ്ഞുവേണം പറിക്കാന്‍. ഇവന്‍ ഏറിന്റെ ആശാനാണെന്ന് അമ്മയോട്‌ ആരുപറഞ്ഞോ ആവോ.

“നീ വരുന്നോ ഇല്ലിച്ചോട്ടില്‍ ചൂണ്ടയിടാന്‍..” പോകണമെന്ന് വിചാരിച്ചിരുന്നതാണ്‌. നീര്‍മരുതിയുടെ ചുവടൊന്നു കാണാമല്ലോ. ഇപ്പോള്‍ വേണ്ടെന്ന് തോന്നുന്നു.

“ഇല്ല. അമ്മയെങ്ങാനം അറിഞ്ഞാല്‍ ശരിയാവത്തില്ലെടാ..” അമ്മയറിയാനും ന്യായമുണ്ട്‌. കിണറ്റില്‍ വെള്ളംകുറവായതുകൊണ്ട്‌ തുണിയലക്കാന്‍ ചിലപ്പോള്‍ കടവില്‍ പോകും. കിണര്‍ ആഴം കൂട്ടാന്‍ ആളിനെ വിളിക്കണമെന്ന് പറഞ്ഞിട്ട്‌ രണ്ടുദിവസമായി. മടികാരണം പോയില്ല. ഇന്ന് പോകണം. കിണറ്റില്‍ വെള്ളമായാല്‍ പിന്നെ അമ്മ ആറ്റില്‍ പോകില്ല.

പാറയിലിന്ന് വല്ലാത്ത ചൂട്‌. ഒരിക്കലും ഇല്ലാത്തപോലെ. ഇവിടെ പതുങ്ങിനില്‍ക്കാറുള്ള കാറ്റെവിടെപ്പോയി.

ഷിബു പറങ്കിമാവില്‍ കയറിയിരുന്നു കാലാട്ടി ചൂളം വിളിക്കുന്നു. അവന്റെ വിഷമമെല്ലാം പോയതുപോലെ. മറിയേടത്തിയെക്കണ്ടപ്പോള്‍ രമണിയേടത്തിയെ മറന്നുകാണും. ദുഷ്ടന്‍.

അകലെയെങ്ങോ ഓട്ടോയുടെ മുരള്‍ച്ച കേള്‍ക്കുന്നില്ലേ? അമ്മ വരുന്നുണ്ടാവും. വീട്ടില്‍ പോയി ഇരിക്കാം.

“നീയെന്താ പൊവാണോ” മരക്കൊമ്പിലിരുന്ന് അവന്‍ എവിടെയോ ഉന്നം പിടിക്കുകയാണ്‌. പറങ്കിമാവിന്റെ കട്ടിയുള്ള ഒരു പൊളി ചിറകുവച്ച്‌ പറന്നുപോകുന്നു. ഇതത്ര പ്രയാസമുള്ള കാര്യമൊന്നുമല്ല. ഒരു പരന്ന കല്ല് തപ്പിയെടുത്ത്‌ ഉന്നം പിടിച്ചു. ഷിബു പിടിക്കാറുള്ളതു പോലെ കല്ലുപിടിച്ച്‌, ഒന്നം പിടിച്ച്‌ ഒറേറ്‌. വേണ്ടായിരുന്നു. ഉദ്ദേശിച്ചതിന്റെ പകുതിവഴിക്കെത്തിയുമില്ല, കറങ്ങിവേച്ചുപോയ കല്ല് ദിശതെറ്റി ഒരു റബറില്‍ ചെന്നു കൊണ്ട്‌ റബര്‍ പൊട്ടി പാലൊഴുകുന്നു.

മരക്കൊമ്പില്‍ നിന്ന് ഷിബുവിന്റെ പൊട്ടിച്ചിരി. “ടാ ..ഇങ്ങനെയാ എറിയുന്നതെങ്കില്‍ നീ ആ ചെട്ടിയാരുടെ കൊച്ചുമോളേ സ്ത്രീധനമില്ല്ലാതെ കെട്ടേണ്ടിവരും… “

അയ്യട ഒരു ഏറുവിദഗ്ദ്ധന്‍… അവന്റെ മോന്തനോക്കിയൊരു ഏറുകൊടുക്കാന്‍ തോന്നി.

താഴെ ഓട്ടോ വന്നു നില്‍ക്കുന്നു. അമ്മയാണ്‌. ഭാഗ്യം. ഇവിടുന്നു രക്ഷപെടാമാല്ലോ. അയലത്തെ മണിയങ്കിളിന്റെ ഓട്ടോയാണ്‌. അമ്മയും മണിയങ്കിളും ചേര്‍ന്ന് സാധനങ്ങള്‍ ഇറക്കി വയ്ക്കുന്നു.

“ഇപ്പം അങ്ങോട്ട്‌ ഓടിപ്പോണ്ടട ചെറുക്കാ…പണിയാവും” അവന്റെ മുടിഞ്ഞ ചൂളമടി. അമ്മ തിരിഞ്ഞുനോക്കിയാല്‍ ഇവിടെ വന്ന് നില്‍ക്കുന്നത്‌ കാണും. പാറക്ക്‌ മറഞ്ഞു നിന്ന് നോക്കി. അമ്മയും മണിയങ്കിളും സാധനങ്ങള്‍ നിറച്ച സഞ്ചിയുമായി വീട്ടിലേക്കിറങ്ങുന്നു.

ഷിബു വീട്ടിലേക്ക്‌ കാക്കക്കണ്ണിട്ടു നോക്കി ചിരിക്കുകയാണ്‌. അവനെ എറിഞ്ഞുവീഴ്തണം എന്ന് വീണ്ടും തോന്നി. പാറയില്‍ നിന്ന് ഊര്‍ന്നിറങ്ങുമ്പോള്‍ വീണ്ടും പിന്നില്‍ നിന്നുവിളി. “ടാ..പോണ്ടട… നിന്റച്ചനോ ഗല്‍ഫില്‍ … അവരിച്ചിരി കാര്യമൊക്കെ പറഞ്ഞിരിക്കട്ടെ ശല്യപ്പെടുത്തണ്ട…”

രമണിയേടത്തിയെ പറഞ്ഞുവിടടാ എന്ന് പറയണമെന്നുണ്ടായിരുന്നു. പറഞ്ഞില്ല. റബറിനിടയിലൂടെ വേഗത്തില്‍ നടന്നു. അമ്മയെന്തിനാ ഇപ്പോള്‍ മണിയങ്കിളിനെ വീട്ടില്‍ കയറ്റുന്നത്‌.. ഓട്ടൊക്ക്‌ കൂലികൊടുത്ത്‌ പറഞ്ഞുവിട്ടാല്‍ പോരായിരുന്നോ?

പിന്നില്‍ നിന്ന് ചൂളം വിളി. കല്ലിന്റെ മുരള്‍ച്ച. ചെവിതൊട്ട്‌ ഒരു കല്ലു പറന്നു പോയോ? തിരിഞ്ഞു നോക്കുമ്പോള്‍ ചൂളംവിളിയും പറങ്കിമാവിന്റെ ചില്ലയില്‍ നിന്ന് അവന്റെ കാക്കച്ചിരിയും. തലക്കു മുകളിലൂടെ മറ്റൊരു കല്‍പക്ഷി പറന്നു പോകുന്ന മുരള്‍ച്ച. ജനലിന്റെ ചില്ലുടയുന്ന ശബ്ദമല്ലെ കേട്ടത്‌?

ഈശ്വരാ അമ്മയുടെ മുറിയാണ്‌ വഴിയുടെ നേരേതാഴെ. ആധിയെടുത്ത്‌ ഓടുമ്പോള്‍ പിന്നാലെ പറന്നു വരുന്ന കല്ലിന്റെ മുരള്‍ച്ച ശ്രദ്ധിക്കണമെന്ന് തോന്നിയില്ല.

(2007 മെയ് മാസം പ്രസിദ്ധീകരിച്ചത്, മഴനിലാവ് എന്ന പഴയ ബ്ലോഗിൽ)

Sunday, 15 February 2009

പാദുക പാര

(സംഗതി ഭാവനയില്‍ കാണാന്‍ ഒരു സിനിമാസ്കോപ് രംഗനിര്‍ദ്ദേശം

ഇതിഹാസചിത്രത്തിന്റെ സെറ്റപ്പില്‍ പഴയ അമ്മനടി മീനയുടെ മുഖമുള്ള കൈകേയി അന്തപ്പുരത്തില്‍ ആരെയോ പ്രതീക്ഷിക്കുന്ന ഭാവത്തില്‍ ഉലാത്തുന്നു. മുഖത്താകെ ഉത്സാഹം ആവേശം.

അധികം വൈകാതെ ഹിസ് ഹൈനസ് അബ്ദുള്ളയില്‍ മോഹന്‍ലാലിനെ പാട്ടുമത്സരത്തില്‍ കുടുക്കി എന്നു വിചാരിച്ച് സന്തോഷിച്ചുവരുന്ന ജഗദീഷിന്റെ മുഖത്തോടെ പ്രവേശിക്കുന്ന ഭരതന്‍ .

ഭരതന്‍ അമ്മയെ വണങ്ങുന്നു. കൈകേയി മകന്റെ തോളില്‍ പിടിച്ച് സന്തോഷത്തോടെ ചിരിക്കുന്നു)


ബോറ് 15


കൈകേയി : സന്തോഷമായില്ലേ കുട്ടാ.. ഇനി നീയാണ് അയോധ്യയിലെ രാജാവ്

ഭരതന്‍ : ഓ..പതിനാലു വര്‍ഷം എന്നൊക്കെ പറയുന്നത് ദാ..ന്നങ്ങ് പോവും

കൈകേയി: അതേടാ മോനേ.. കാടെന്നു പറഞ്ഞാല്‍ നരീം പുലീം ഒക്കെ ഒള്ള കൊടും കാടല്ലേ.. അവന്‍ തിരികെ വരാനൊന്നും പോണില്ല.

ഭരതന്‍: പിന്നെ അമ്മക്കറിയാമ്പാടില്ലാഞ്ഞിട്ടാ.. ഏട്ടന്‍ നല്ല കിടു അമ്പെയ്ത്തല്യോ.. നരീം പുലീം ഒക്കെ ഊ.. ഉജ്ജ്വലപ്രകടനം നടത്തണ്ടിവരും...

കൈകേയി: നീയൊന്നു ചുമ്മായിരി ചെക്കാ. കാട്ടില്‍ പോയാലേ ചാവാന്‍ നരീം പുലീം ഒന്നും പിടിക്കണ്ടാ.. ഒന്നുമില്ലേലും കാട്ടീക്കൂടെ നടക്കണ്ടായോ. പാമ്പുകടിച്ചോ കൃമിയോ വെരയോ പിടിച്ചോ തട്ടിപ്പൊയ്ക്കോളും.

ഭരതന്‍ : ഉവ്വ ഉവ്വ. ഏട്ടന്‍ രാജഗുരുവിന്റെ വിധിപ്രകാരം നല്ല കിടുക്കന്‍ ചെരുപ്പുണ്ടാക്കിക്കൊണ്ടാ പോയേക്കുന്നേ..

കൈകേയി: അതേയോ... അതെന്തായാലും വേണ്ടായിരുന്നു. ഇനീപ്പം എന്താ ചെയ്യാ..

******************
അങ്ങനെയാണ് പാദുകപൂജ എന്ന ആശയം ഉണ്ടായത്......

Friday, 9 January 2009

ഭൂപടങ്ങൾ പറയാത്തത്

കാറ്റെടുത്തിട്ട് മുള്‍ചെടിയില്‍ കുരുങ്ങിപ്പോയ കരിയില കിടക്കുന്നതുപോലെ കൂട്ടുകാര്‍ ബെപ്പോ എന്നു വിളിക്കുന്ന കാപൊറാലെ ജുസെപ്പെ പെലെഗ്രീനി മലമുകളില്‍ കുറ്റിച്ചെടിയുടെ പിന്നില്‍ പതുങ്ങിക്കിടന്നു. പക്ഷെ അതുകൊണ്ടുമാത്രം കാറ്റില്‍ പെട്ടുപോകുന്ന കരിയിലയുടെ സാധ്യതകളെക്കുറിച്ച് അയാള്‍ക്ക് ബോധ്യമുണ്ടായിരുന്നു എന്ന് തെറ്റിദ്ധരിക്കരുത്.

കയ്യില്‍ തോക്കുമായി താഴെ ഗ്രാമത്തില്‍ നിന്ന് മലകയറിവരുന്ന ഇടവഴിയിലേക്ക് നോക്കിഉന്നം പിടിച്ച് കിടക്കുകയായിരുന്നെങ്കിലും അയാള്‍ ഉറങ്ങിത്തുടങ്ങിയിരുന്നു. സെപ്പല്ലിനുകള്‍ മുരളിപ്പറക്കുന്ന ആകാശത്തിനുതാഴെ താഴ്ന്ന ചില്ലകള്‍ ഉള്ള ഒരു ആപ്പിള്‍മരത്തിന്റെ ചുവട്ടില്‍ ഒതുക്കിയിട്ട മേശക്കുതാഴെ ചേട്ടനോടൊപ്പം ഒളിച്ചിരിക്കുന്നതായാണ് അയാളപ്പോള്‍ സ്വപ്നം കണ്ടുകൊണ്ടിരുന്നത്. സെപ്പല്ലിനുകളുടെ മുരള്‍ച്ച താഴ്ന്നുവന്ന് ആപ്പിള്‍മരത്തെ പിടിച്ചുലക്കുകയും വലിയൊരു വെളിച്ചമായി അതുമേശക്കുകീഴിലേക്ക് അലറിത്തെളിയുകയും ചെയ്തു.

ബോംബിന്റെ ആഘാതത്തില്‍ ഞെട്ടിമലര്‍ന്നുവീണ് ജുസേപ്പെ പെലഗ്രീനി കിതച്ചു. നരച്ച ശൈത്യകാല ആകാശത്തില്‍ കടുത്തവെളിച്ചത്തിന്റെ ഒരു സുഷിരം പോലെ സൂര്യന്‍. മരണം ആ നേരം വെറും സ്വപ്നമായിരുന്നെന്ന് മനസ്സിലായെങ്കിലും മേശക്കടിയില്‍ തന്നെയാണ് താന്‍ കിടക്കുന്നതെന്ന് അയാള്‍ക്ക് തോന്നി. മേശയുടെ കോണില്‍ വെടിച്ചില്ലു കൊണ്ട കരിഞ്ഞ സുഷിരത്തിലൂടെ കുഴല്‍ പോലെ താഴേക്കുവരുന്ന വെളിച്ചത്തിനു ചുറ്റും ചേട്ടനുമായി പങ്കുവച്ച പകലുകള്‍ .

ആല്പൈന്‍ മലനിരകള്‍ മറഞ്ഞ് ആസ്ട്രിയ-ഹംഗറിയുടെ സെപ്പല്ലിനുകള്‍ പ്യാവെതാഴ്വാരയിലേക്ക് മുരണ്ടുവരുന്നതിനു മുന്‍പ് പെലഗ്രീനി കൂട്ടുകുടുംബത്തിന്റെ സായാഹ്നഭക്ഷണ മേശയായിരുന്നു അത്. പാടങ്ങളില്‍ പണിയെടുത്തുവരുന്ന പുരുഷന്മാരും അവരോടൊപ്പം കുട്ടികളും മേശക്കു ചുറ്റുമിരിക്കും. സ്ത്രീകള്‍ നിലവറയില്‍ നിന്ന് അടുക്കളയിലേക്കും പിന്നെ മേശക്കരികിലേക്കും ചിരിച്ചും ചിലച്ചും കലഹിച്ചും കുരുവികളെപ്പോലെ പറക്കും. വീഞ്ഞ്. ഫൊര്‍മാജോ. തീയില്‍ ചുട്ടെടുത്ത ചൂടുള്ള അപ്പം. കൊതിപ്പിക്കുന്ന മണമുള്ള സലൂമി.

മുന്നു ദിവസം മുന്‍പു വന്ന അത്യാവശ്യഭക്ഷണ സഞ്ചിയിലെ ഉണങ്ങിക്കട്ടിയായ അപ്പവും രുചി ചത്ത സലാമെയും കനച്ചുതുടങ്ങിയ പെകൊറീനോയും മാത്രമേ തനിക്ക് സമയംവൈകിയ ഒരുച്ചഭക്ഷണത്തിന് ബാക്കിയുള്ളൂ എന്ന് പരിതാപത്തോടെ ഓര്‍ക്കാന്‍ പോലും കഴിയാന്‍ പറ്റാത്ത വിധം ദൂരത്തിലേക്ക് ജുസേപ്പേ പെലഗ്രീനിയെ ഭക്ഷണ മേശയുടെ ഓര്‍മകള്‍ പറത്തിക്കൊണ്ടു പോയി. താഴെ ഗ്രാമത്തില്‍ നിന്ന് ഇളം ചൂടും ഹൃദ്യമായ മണവുമുള്ള അടുക്കളപ്പുക കലര്‍ന്ന കാറ്റ് മലയെ പൊതിഞ്ഞു വരുന്നുണ്ടോ എന്ന് അയാള്‍ മൂക്കുകൊണ്ട് തിരഞ്ഞു.

ഇരുട്ടില്‍ കുഴലുപോലെ വീഴുന്ന വെളിച്ചതിനു ചുറ്റും സഹോദരന്മാര്‍ ഭൂപടം വരച്ചു കളിച്ചു. അപ്പത്തിന്റെയും വീഞ്ഞിന്റെയും മണമകന്ന ഭക്ഷണമേശകള്‍ വെടിമരുന്നിന്റെ മണമുള്ള കാറ്റുകള്‍ക്കു കീഴില്‍ വിരസമായി കിടന്നു.

ഭൂപടങ്ങള്‍ മാറ്റിവരച്ചുള്ള കളിയില്‍ മാഞ്ഞും തിരിഞ്ഞും പോകുന്ന അതിരുകളില്‍ എവിടെയാണ് താനെന്ന് ജുസേപ്പെ പെലഗ്രീനി അദ്ഭുതപ്പെട്ടു.


§ 1942 ലെ ഡയറി

ഒരു സൈനികന്റെ കീശയില്‍ രണ്ടുവര്‍ഷം പഴക്കമുള്ള പൂര്‍ത്തിയകാത്ത ഡയറി ഉണ്ടാവുക അസാധാരാണമാണ്. അത്രയും പഴയ തിരിച്ചറിയല്‍ പത്രം അതിലും അസാധാരണം. എങ്കിലും 1942 ലെ ഒരു കൊച്ചു ഡയറിയില്‍ മടക്കി വച്ചരൂപത്തില്‍ ഇറ്റാലിയന്‍ രാജകീയ സൈന്യത്തിന്റെ ഇതുവരെയും നഷ്ടപ്പെടുത്താനിഷ്ടമില്ലാത്ത തിരിച്ചറിയല്‍ പത്രം അയാളുടെ കീശയില്‍ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. (യഥാര്‍ത്ഥത്തില്‍ വടക്കന്‍ ഇറ്റലിയിലെ പ്രതിരോധ സേനയുടെ സ്വാധീനകേന്ദ്രങ്ങള്‍ വലിയ കറകള്‍ പോലെ രേഖപ്പെടുത്തിയ ഒരു ചെറിയ ഭൂപടം മാത്രമേ അയാലുടെ പക്കല്‍ ആ വര്‍ഷ്ത്തേതായി ഉണ്ടായിരുന്നുള്ളു)
തിരിച്ചറിയല്‍ പത്രത്തിലെ പ്രസക്ത വിവരങ്ങള്‍ ഇങ്ങനെയാണ്:

മുഴുവന്‍ പേര്: ജുസേപ്പേ അര്‍മാന്‍‌ദോ മരിയ പെലെഗ്രീനി.
ജനനം: 1906 ഏപ്രില്‍ 9 വേനേത്തോ പ്രവശ്യയിലെ പ്യാവേയ്ക്കരികുലുള്ള സാന്‍ ദൊണാത്തോ പട്ടണത്തില്‍.
1926 മുതല്‍ ഇറ്റാലിയന്‍ രാജകീയ സൈന്യത്തില്‍ സൊള്‍ദാത്തോ.
1932 മുതല്‍ കാപൊറാലെ.
1935 ല്‍ ഒഗദെന്‍ യുദ്ധത്തിലെ വിശിഷ്ട സേവനത്തിന് മെഡല്‍
1938 ല്‍ (പേര് ചുരണ്ടിക്കളഞ്ഞിരിക്കുന്നു) യാല്‍ കാപൊറാലെ മജോറെ ആയി ഉയര്‍ത്തപ്പെട്ടുഒന്നാം മാര്‍ഷല്‍ ബെനീറ്റൊ അമല്‍കാരെ അന്ദ്രേയ മുസ്സൊലീനി എന്ന പേര് ചുരണ്ടിക്കളഞ്ഞിടത്ത് രാജ്യദ്രോഹി എന്ന് ചുമന്ന മഷികൊണ്ട് എഴുതാന്‍ ശ്രമിച്ചിരിക്കുന്ന വൃത്തികെട്ട കയ്യക്ഷരം ജുസേപ്പേ പെലഗ്രീനിയുടേതാണ്. ബാക്കികഥ അയാള്‍ ആ തിരിച്ചറിയല്‍ കാര്‍ഡ് സൂക്ഷിച്ചിരുന്ന 1942 ലെ ഡയറിയില്‍ ഉണ്ട്.

ജൂലൈ മാസം അവസാന പേജില്‍ ഇങ്ങനെ കാണാം: കേട്ടത് സത്യമാണ്. ചക്രവര്‍ത്തി മുസോളിനിയെ തടവിലാക്കി. മാര്‍ഷല്‍ ബദോല്യോ പ്രധാനമന്ത്രി ആയി . ചക്രവര്‍ത്തിക്ക് സ്തുതി. പട്ടാളം മൊത്തമായി പിരിച്ചുവിട്ടാലും നാസികള്‍ക്ക് അടിമപ്പണി ചെയ്യേണ്ടല്ലോ.

അതുകഴിഞ്ഞ് കുറേതാളുകളില്‍ അലക്കാന്‍ കൊടുത്ത തുണിയുടെയും വീട്ടിലേക്കയച്ച പണത്തിന്റെയും കണക്കും മാര്‍ഗരീത്തയ്ക്ക് താനല്ലാതെ രണ്ടാമത് മറ്റൊരു ജാരന്‍ കൂടി ഉണ്ടെന്നും അത് അവളുടെ ഭര്‍ത്താവിന്റെ അനിയന്‍ ആവാമെന്നും ഒക്കെയുള്ള അപ്രസക്ത വിവരങ്ങളാണുള്ളത്.

എന്നാല്‍ സെപ്റ്റംബര്‍ മാസം പതിനാറാമത്തെ താളില്‍ പേജ് കീറിപ്പോകാന്‍ തക്ക ബലത്തില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്. റോമ്പികൊള്യോണികളായ നാസികളെ പിശാച് പിടിക്കട്ടെ. ഫീല്ലി ദി പുത്താന ! അവന്മാര്‍ ആ മുടിഞ്ഞവനെ ജയിലില്‍ നിന്ന് രക്ഷിച്ചു. ഇവിടുത്തെ എന്റെ ജോലി പത്താം ഫ്ലൊത്തീല്യയിലെ തന്തക്ക് പിറക്കാത്തവന്മാരുടെ മേല്‍ നോട്ടത്തിലായതുകൊണ്ട് ഇട്ടിട്ടുപോകാനും വയ്യ.

സെപ്റ്റംബര്‍ മാസം അവസാനത്തെ താളില്‍ വീണ്ടും.: നാസികളെ ദൈവം ശിക്ഷിക്കും. നരകത്തിലിട്ട് കത്തിക്കും! അവന്മാര്‍ മുസോളിനിയെ തടവില്‍ നിന്ന് രക്ഷിച്ച് അവരുടെ അടിമയാക്കി. ഇറ്റാലിയന്‍ റിപബ്ലിക് പോലും. വാഫ്ഫങ്കൂളോ! നാസികള്‍ക്ക് ഇറ്റലിയെ ഭരിക്കാനുള്ള പാവ മാത്രമാണയാള്‍ . അയാളെ സേവിക്കാനല്ല എന്നെ അമ്മ എന്നെ പട്ടാളത്തില്‍ വിട്ടത്.

ഇതെഴുതികഴിഞ്ഞ് ഇരുപത്തിമൂന്നാമത്തെ ദിവസം മുസോളിനിയുടെ വടക്കന്‍ പാവറിപബ്ലിക്കില്‍ അപ്പോഴും വിശ്വസ്തരായി നിന്ന പത്താം ഫ്ലൊത്തീല്യ സൈന്യവിഭാഗം ലിഗൂറിയ ഡിവിഷനിലെ കാപൊറാലെ മജോറേ പെലെഗ്രീനി ജുസേപ്പെയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.

ഇക്കാര്യം നമുക്ക് മനസ്സിലാകുന്നത് അതേ ഡയറിയില്‍ തന്നെ മടക്കിവച്ചിരിക്കുന്ന ഒരു കത്തില്‍ നിന്നാണ്. 1944 ല്‍ വെനീസിനടുത്ത ഒരു ഗ്രാമത്തിലെ വികാരിയായിരുന്ന ഡോണ്‍ അര്‍മാന്ദോ ജുസേപ്പേ പെലഗ്രീനിക്ക് എഴുതിയ കത്തില്‍ നിന്നാണ്. പത്താം ഫ്ലൊത്തീല്യയുടെ ചാരക്കണ്ണുകളെ അതിജീവിച്ച് അധികനാള്‍ അവിടെയും ഇവിടെയും കറങ്ങിനടക്കാന്‍ പറ്റില്ലെന്നും അതുകൊണ്ട് കത്തോലിക്കാ യുവജനസംഘടന രൂപം കൊടുക്കുന്ന പ്രതിരോധസൈന്യത്തില്‍ ചേര്‍ന്ന് നാസികള്‍ക്കും ഫാസിസ്റ്റുകള്‍ക്കും എതിരെ പൊരുതണം എന്നും ആ കത്തില്‍ ഉണ്ട്.

കത്ത് ഇങ്ങനെ തുടരുന്നു: ബെല്ലൂനോയില്‍ ക്രിസ്ത്യന്‍ ഡെമോക്രാറ്റുകളുടെ നേതൃത്വത്തില്‍ പ്രതിരോധസേന രൂപപ്പെടുത്തുന്നതിന് ചുമതല കത്തീഡ്രല്‍ വികാരി മോണ്‍. എമിലിയോ പലതാനിക്കാണ്. അദ്ദേഹത്തിന് ഞാന്‍ നിന്നെക്കുറിച്ച് എഴുതിയിട്ടുണ്ട്. പ്രിയ ജുസേപ്പെ എന്നെ ഓര്‍ത്താണ് നിന്റെ അമ്മ നിന്റെ പേരില്‍ അര്‍മാന്‍ഡോ എന്ന് ചേര്‍ത്തതെന്ന് നിനക്കറിയാമല്ലോ. നിന്നെ മാമോദീസാ മുക്കിയതും ഞാനാണ്. നിന്റെ അമ്മയുടെ ഓര്‍മയെ പ്രതി ഞാന്‍ അപേക്ഷിക്കുന്നു. നീ പ്രതിരോധ സേനയില്‍ ചേരണം. കത്തോലിക്കാ ഗ്രൂപ്പ് വളരെ ദുര്‍ബലമാണ്. കമ്യൂണിസ്റ്റ് ഗാരിബാള്‍ഡി ബ്രിഗേഡാണ് അവിടെ ശക്തം. മിലിറ്ററിയിലെ നിന്റെ പരിചയം വച്ച് നീ ചേര്‍ന്നാല്‍ കോര്‍പറല്‍ റാങ്കിലെങ്കിലും നിനക്ക് അവിടെ പ്രവര്‍ത്തിക്കാനാവും... കമ്യൂണിസ്റ്റുകളുടെ നേതാവ് ലൂയിജി ലോംഗോ മോണ്‍. എമിലിയോയുമായി ബന്ധപ്പെട്ടുകഴിഞ്ഞു. ഗാരിബാള്‍ഡി ബ്രിഗേഡുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാമെന്ന്....

§ 3 കാലം ബാധകമല്ലാത്ത ചില സംഗതികള്‍

ചില പ്രതിസന്ധികള്‍ക്ക് കാലം ഏതായാലും മാറ്റം ഒന്നും ഉണ്ടാവില്ല. ഫാസിസ്റ്റ് സൈന്യത്തിന്റെ കണ്ണുവെട്ടിച്ച് രക്ഷപെട്ട് അമ്മയുടെ പൂര്‍വകാല കാമുകനായിരുന്ന പാതിരിയുടെ കത്തുമായി കത്തോലിക്കാ വിഭാഗത്തിന്റെ സൈന്യത്തില്‍ ചേര്‍ന്ന് കമ്യൂണിസ്റ്റുകളുമായി സഖ്യം ചെയ്ത് നാത്സിപട്ടാളത്തോട് യുദ്ധം ചെയ്യുന്ന ഒരു സൈനികന്റെ മനസ്സ് അത്തരം ഒരു പ്രതിസന്ധിയിലാണെത്തുന്നത്. തന്റെ സഹസൈനികരായ പട്ടാളക്കാര്‍ യൂഗോസ്ലാവിയന്‍ കമ്യൂണിസ്റ്റ് നേതാവായ റ്റിറ്റോക്കുവേണ്ടിയാണ് ഇപ്പോള്‍ പൊരുതുന്നതെന്നോ കത്തോലിക്കാ സൈന്യത്തില്‍ നിന്ന് വരുന്നവരെ പോപ്പിന്റെ ചാരന്മാരായിട്ട് കരുതണം എന്ന പാര്‍ട്ടി നിര്‍ദ്ദേശം അവര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നതോ കമ്യൂണിസ്റ്റ് സൈന്യം റ്റിറ്റോയോട് ചേരാന്‍ കാരണം ഇറ്റലിയുടെ തെക്കുഭാഗം അമേരിക്കയും ബ്രിട്ടനും ചേര്‍ന്ന സഖ്യകക്ഷികള്‍ പിടിച്ചെടുത്തുകൊണ്ടിരിക്കുകയാണ് എന്ന വസ്തുതയാണെന്നോ അയാള്‍ അറിഞ്ഞിട്ടുണ്ടാവില്ല. അറിഞ്ഞിട്ടും കാര്യവുമില്ല.

ഒരേ യുദ്ധത്തില്‍ ഒരേ പക്ഷത്തു നില്‍ക്കുക എന്നാല്‍ ഒരു വലിയകാര്യമല്ല എന്നു മാത്രം നമ്മള്‍ മനസ്സിലാക്കിയാല്‍ മതി. തോക്കെടുക്കുന്നവന്റെ ജോലി ഇപ്പോള്‍ നിറയൊഴിക്കുന്നത് ആര്‍ക്കുപകരിക്കും എന്ന് ആശങ്കപ്പെടുകയല്ല ശത്രുവിനെ വക വരുത്തുക എന്നതു മാത്രമായിരിക്കണം.

ജുസേപ്പേ പെലഗ്രീനി തൊപ്പി നേരേ വച്ച് തോക്ക് താഴ്വാരത്തിലേക്ക് വെറുതെ ഉന്നം വച്ചു. ആ നേരം ഒരുകാറ്റ് അയാള്‍ ഒളിച്ചിരിക്കുന്ന കുറ്റിച്ചെടിയെ പിടിച്ചുലക്കുകയും മലക്കു താഴെ താഴ്വാരത്തിലേക്ക് ഉഴുകിപ്പോകുന്ന പ്യാവേ നദിയുടെ ഒരു തുമ്പ് അയാള്‍ക്ക് വെളിപ്പെടുകയും ചെയ്തു.

നദികള്‍ക്കും മാറ്റം ഉണ്ടാകാറില്ല. അവ ഒഴുകിക്കൊണ്ടേ ഇരിക്കും. എങ്കിലും ഒരിക്കല്‍ ഒരു നദി വഴിമാറിയാല്‍ ചില വിഴുപ്പുകള്‍ , ചില വഴക്കുകള്‍ , ചില വഴക്കങ്ങളൊക്കെ അവ കവര്‍ന്നെടുത്തെന്നുവരാം

താഴ്വാരത്തിലാണ്.. കടലിനോടടുത്ത്. സമതലത്തില്‍ . സാന്‍ ദൊണാത്തോ നഗരത്തില്‍ . പ്യാവേയുടെ കരയില്‍ . അരികില്‍ പത്തുവയസ്സുകാരന്‍ ചേട്ടന്‍ പട്ടം പറത്തുകയാണ്. നദിക്കു മീതേ കടലില്‍ നിന്ന് ഒഴുകിവന്നുകൊണ്ടിരുന്ന ഒരു കാറ്റ് പട്ടത്തെ തട്ടി തത്തി അക്കരക്ക് കൊണ്ടുപൊയ്ക്കൊണ്ടിരുന്നു. അക്കരെയുള്ള സാന്‍ ദൊണാത്തോ പള്ളിയുടെ മകുടത്തോളം പട്ടം പൊങ്ങി.

കൊച്ചു ജുസേപ്പേ മമ്മയോട് ചോദിച്ചു. മമ്മാ നമ്മള്‍ നില്‍ക്കുന്നിടമല്ലേ സാന്‍ ദൊണാത്തോ. പിന്നെ സാന്‍ ദൊണാത്തോയുടെ പള്ളി അക്കരയിലായി.

നദിക്കരികിലെ സിമന്റുബെഞ്ചിലിരുന്ന് മമ്മ ഉത്സാഹത്തോടെ കഥ പറഞ്ഞു. പണ്ടു പണ്ട് സാന്‍ ദൊണാത്തോ പട്ടണവും നദിക്കക്കരെയുള്ള മുസീലേ പട്ടണവും കടുത്ത ശത്രുതയിലായിരുന്നു. അക്കരെയും ഇക്കരെയുമായി സൈന്യമൊരുക്കി യുദ്ധത്തിനുകാക്കുന്ന ഒരു കാലത്ത് ഒരു രാത്രി പ്യാവെ നദി വഴിമാറി ഒഴുകി. ഇക്കരെ സാന്‍ ദൊണാത്തോയിലിരുന്ന പള്ളി മാത്രം അക്കരെ ആയി. സ്വന്തം പള്ളി നഷ്ടപ്പെട്ട നഗരം പരിഭ്രാന്തിയിലായി. അക്കരെ മുസീലേ നഗരത്തില്‍ ഉള്ളവരാകട്ടെ തങ്ങളുടെ ശത്രുക്കളുടെ കാവല്‍ക്കാരനായ വിശുദ്ധദൊണാത്തൂസ് നദികടന്നു വന്നത് ദൈവത്തില്‍ നിന്നുള്ള അടയാളമായി കരുതി. ഇരു കൂട്ടരും സന്ധി ചെയ്തു. രണ്ടു കരക്കാരും ചേര്‍ന്ന് വിശുദ്ധന്റെ തിരുന്നാള്‍ ഒരുമിച്ച് ആഘോഷിക്കാന്‍ തുടങ്ങി.

ഇപ്പോള്‍ തനിക്കുപിന്നിലൂടെ ഒഴുകുന്ന നദി മലചുറ്റി ഗ്രാമത്തെയും ചുറ്റി ഒഴുകിയാല്‍ ജര്‍ന്മന്‍ സൈനികത്താവളം നദിക്കക്കരെ ആയാല്‍ മലയിറങ്ങി ഗ്രാമത്തില്‍ ചെന്ന്‍ സ്നേഹോത്സവം നടത്തുന്നതിനെക്കുറിച്ച് ഒരു മാത്ര നേരമേ ജുസേപ്പേ പെലഗ്രീനി ചിന്തിച്ചുള്ളൂ. ആ നദിക്കരയില്‍ അക്കരക്ക് ഒരു പട്ടം പറത്തി വിടുന്നതിനെക്കുറിച്ചാണ് അയാള്‍ തുടര്‍ന്ന് ചിന്തിച്ചത്.

അതിരുകള്‍ക്കുമീതെ സൌമ്യമായി തത്തിപ്പോകാനുള്ള പട്ടത്തിന്റെ കഴിവിനെക്കുറിച്ച് എന്തെന്ന് തിരിച്ചറിയാനാവാത്ത ഒരു അത്ഭുതം ഉണ്ടായിരുന്നു കൊച്ചു ജുസേപ്പേക്ക്. സ്വപ്നങ്ങളില്‍ പ്യാവേയുടെ പച്ചയായ തീരത്തിലൂടെ മമ്മയും അവനും കാറ്റില്‍ കൈകള്‍ വിരിച്ച് ഓടി. പിന്നെ പറക്കുന്ന വസ്ത്രങ്ങള്‍ വിടര്‍ത്തിപ്പിടിച്ച് മമ്മ വലിയൊരു പട്ടമായി ഉയര്‍ന്നു. മമ്മയുടെ കൈപിടിച്ച് ഒരു കുഞ്ഞുപട്ടമായി മലകള്‍ക്കും താഴ്വരകള്‍ക്കും മീതെ അവന്‍ പറന്നു.

പ്യാവേ താഴ്വരയുടെ ശാന്തമായ ആകാശത്തിലേക്ക് പട്ടങ്ങളുടെ സൌമനസ്യമില്ലാത്ത സെപ്പല്ലിനുകള്‍ മുരണ്ടുവന്നതോടെ അമ്മ പണികഴിഞ്ഞുവരുവോളം പകലുകള്‍ ചുറ്റും തുണികൊണ്ടുമറച്ച മേശക്കടിയിലായി. ഒരിക്കല്‍ മേശക്കടിയില്‍ നിന്ന് രക്ഷപെട്ടുപോയ ചേട്ടന്‍ പിന്നെ തിരികെവന്നില്ല. റെയ്ഡുകളെ പേടിച്ച് മേശക്കടില്‍ തനിയെ കിടക്കുമ്പോള്‍ കരിഞ്ഞ തുളയില്‍ നിന്നുള്ള വെളിച്ചം പ്രകാശത്തിന്റെ ഒരു തോക്കിന്‍ കുഴല്‍ പോലെ അവനെ ഭയപ്പെടുത്തി. കൊച്ചു ജുസേപ്പേ പറക്കലിനെ വെറുത്തുതുടങ്ങിയത് അക്കാലത്താണ്.

മലകള്‍ക്കും നദികള്‍ക്കും അതിരുകള്‍ക്കും പട്ടം പോലെ പറക്കുന്നതിനെക്കുറിച്ച് വേറുതെ ആലോചിച്ച് തോക്കുകൊണ്ട് താഴ്വാരത്തിലെ നിഴലുകളുടെയും മരങ്ങളുടെയും നേരെ മാറിമാറി ഉന്നം പിടിച്ച് ജുസേപ്പേ പെലഗ്രീനി അങ്ങനെ കിടക്കുമ്പോഴാണ് താഴെ ഗ്രാമത്തില്‍ നിന്ന് മലയിലേക്ക് തെളിഞ്ഞും മറഞ്ഞും വരുന്ന നടപ്പാതയിലൂടെ കാറ്റുപിടിച്ച പട്ടം പോലെ ഒരു രൂപം തോക്കിന്‍ മുനയിലേക്ക് തത്തി തത്തി കയറി വന്നത്.


§ 4. ചിറകും മുരള്‍ചയും

ഗ്രാമത്തില്‍ നിന്ന് പത്തുകിലോമീറ്റര്‍ മാത്രമുള്ള ജര്‍മന്‍ സൈനിക താവളത്തില്‍ നിന്ന് സൈനികരുടെയും അവരുടെ പാവകളായി മലകയറിവന്ന് പ്രതിരോധസേനക്ക് മുന്‍തൂക്കമുള്ള നഗരങ്ങളിലേക്കോ വെനേത്തോയിലേക്കോ കടന്ന് ചാരവൃത്തി ചെയ്യാനിടയുള്ള ഗ്രാമീണരുടെയും നീക്കം നിരീക്ഷിക്കാനാണ് ജുസേപ്പേ പെലഗ്രീനിയും കൂട്ടരും പതിനാലു ദിവസം മുന്‍പ് മലകയറി വന്നത്. രണ്ടുപേര്‍വച്ച് തിരിഞ്ഞ് മലയുടെ പലഭാഗത്തായി പകലും രാവുമില്ലാത്ത കാവല്‍.

ഒന്നും സംഭവിച്ചില്ല. തങ്ങളുടേതല്ലാത്ത യുദ്ധത്തിനിടയില്‍ പെട്ടുപോയതിന്റെ വിഷമതകളോടെ ഗ്രാമം ഉണരുകയും ഉറങ്ങുകയും ചെയ്തു. പാന്‍സര്‍ട്രൂപ്പുകാര്‍ രാവിലെയും വൈകിട്ടും മിലിറ്ററി ബൈക്കുകളില്‍ സംഘമായി സഞ്ചരിച്ച് ജനത്തെ ഭയപ്പെടുത്തുന്നതൊഴിച്ചാല്‍ നാത്സിപ്പടയുടെ കാര്യമായ സാന്നിദ്ധ്യവും കാണാനുണ്ടായിരുന്നില്ല.

ഉച്ചക്കുമുന്‍പ് ഭക്ഷണം എടുക്കാനായി മലയിറങ്ങിപ്പോയതാണ് ജുസേപ്പേ പെലഗ്രീനിയുടെ കൂട്ടുകാരന്‍. അയാള്‍ തിരികെ വരാന്‍ വൈകിയപ്പോഴേ താഴെ ക്യാമ്പില്‍ കാര്യങ്ങള്‍ ശരിയല്ല എന്ന് അയാള്‍ ഊഹിച്ചുതുടങ്ങിയിരുന്നു. എങ്കിലും നഗരത്തില്‍ നിന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അയച്ച കൊമ്മിസാറിയോ ക്യാമ്പില്‍ എത്തിയെന്നും തന്നോടൊപ്പമുണ്ടായിരുന്ന പാര്‍ട്ടി സൈനികര്‍ താഴേക്ക് വിളിക്കപ്പെട്ടു എന്നും അങ്ങനെ വിളിക്കപ്പെടാതെ മലയിറങ്ങിയവര്‍ താല്‍ക്കാലിക അറസ്റ്റിലാണെന്നും അയാള്‍ മനസ്സിലാക്കിയിരുന്നില്ല.

അഥവാ അക്കാര്യം ഊഹിച്ചിരുന്നെങ്കില്‍ പോലും അയാള്‍ക്ക് അധികമൊന്നും ചെയ്യാനുണ്ടായിരുന്നുമില്ല.

അകലെക്കൂടി മൂന്നു വിമാനങ്ങള്‍ ജര്‍മന്‍ പ്രവശ്യകളുടെ അതിരുവഴിയെന്നോണം പാഞ്ഞുപോയി. ജര്‍മന്‍ യുദ്ധവിമാനങ്ങളാണോ മുസോളിനിയുടെ ലിഗൂറിയന്‍ ആര്‍മിയുടേതാണോ അതോ മാര്‍ഷല്‍ റ്റീറ്റോയെ സഹായിക്കുന്ന സഖ്യകക്ഷികളുടേതാണോ എന്നറിയില്ല. ബോംബിംഗിനുള്ള നീക്കം അല്ല എന്നു മാത്രം അയാള്‍ക്ക് ഉറപ്പ് തോന്നി.

മലകയറി വന്നയാള്‍ അടുത്തെത്തിയിരിക്കുന്നു. എന്തു ചെയ്യണം എന്ന് അയാള്‍ക്ക് സംശയമായി. ആലോചിക്കാന്‍ ആരുമില്ല. അടുത്ത പോസ്റ്റുവരെ പോകുന്നത് അപകടമാവും. അടുത്തപോസ്റ്റില്‍ തന്നെ ആരെങ്കിലും ഉണ്ടോ എന്ന് തനിക്കുറപ്പില്ല എന്ന് അയാള്‍ ഞെട്ടലോടെ ഓര്‍ത്തു.

മലമുകളില്‍ അയാള്‍ ഒരുപക്ഷെ ഒറ്റക്കായിരിക്കാം: പ്രതിരോധസേന തന്ത്രമോ താവളമോ മാറ്റിയിരിക്കാം. നാസികള്‍ മറ്റൊരു ഗ്രാമം വഴി മറുവശത്തെത്തിയിരിക്കാം. ഒരു പക്ഷേ താഴെ പൊരിഞ്ഞ സൈനിക നീക്കം നടക്കുന്നുണ്ടാവാം. അപകട സന്ദേശം കൈമാറാനുള്ള സംവിധാനം പോലും തനിക്കിപ്പോള്‍ ഉപയോഗിക്കാവുന്നതിനെക്കാള്‍ ദൂരത്തായിരിക്കുന്നു. കൂടെ ഒരാളെങ്കിലും ഇല്ലാതെയാകുമ്പോള്‍ ലോകം പതിന്മടങ്ങ് അകലെയാകുന്നു.

വഴിക്കിരുവശങ്ങളിലുള്ള തോട്ടങ്ങളിലേക്ക് കയറിയും മരങ്ങള്‍ക്കിടെ മറഞ്ഞും ഉലഞ്ഞും നിന്നും പതുങ്ങി വരുന്നതോ അതോ ക്ഷീണിച്ചുവരുന്നതോ എന്ന് മനസ്സിലാകാത്ത വിധമാണ് കയറിവരുന്ന ആളിന്റെ നീക്കം. അയാള്‍ക്കുപിന്നില്‍ ഒരുവെടിയുതിര്‍ക്കാവുന്ന ദൂരത്തില്‍ ആരുമില്ല എന്ന് ഉറപ്പുവരുത്തിയിട്ട് കാപൊറാലെ ജുസേപ്പെ പെലഗ്രീനി എഴുന്നേറ്റു. തലയിലെ തൊപ്പി ഒരിക്കല്‍ കൂടി നേരേയാക്കി തോക്ക് ചൂണ്ടിപ്പിടിച്ച് തഴക്കം വന്ന സൈനികന്റെ മുഴങ്ങുന്ന ശബ്ദത്തില്‍ അയാള്‍ അലറി.

ആള്‍ട്ട്! കൊണ്‍ന്ത്രോളി!! ഫെര്‍മത്തി ഒ സ്പാരോ. നില്‍ക്കുക! ചെക്കിംഗ്. നില്‍ക്കുക അല്ലെങ്കില്‍ വെടിവയ്ക്കും. വെടിവയ്ക്കും എന്ന് ശീലം കൊണ്ട് പറഞ്ഞുപോയി എങ്കിലും എതിരെ വരുന്ന ആള്‍ ഭയം കൊണ്ട് ഇപ്പോള്‍ നിശ്ചലനാകും എന്ന് അയാള്‍ പ്രതീക്ഷിച്ചിരുന്നു

മലയുടെ നിശ്ശബ്ദതയില്‍ തന്റെ ശബ്ദം ഒരു സെപ്പല്ലിനിന്റെ ഇരമ്പല്‍ പോലെ പ്രതിധ്വനിച്ച് തിരിച്ചു വരുന്നത് അയാളെ അലോസരപ്പെടുത്തി.

മലയോരങ്ങളിലെ ജനങ്ങള്‍ തലമൂടിയിടാറുള്ള കൂടാരത്തൊപ്പി മെല്ലെ ഒതുക്കി രണ്ടുകണ്ണുകള്‍ അയാളുടെ നേരേ പ്രകാശിച്ചു. യൌവനത്തിലേക്ക് കടക്കുന്ന ഒരു യുവാവാണതെന്ന് ജുസേപ്പേ പെലഗ്രീനിക്ക് തോന്നി. കേട്ടതെന്തെന്ന് മനസ്സിലാകാത്തതുപോലെ വന്നയാള്‍ മുന്നോട്ടുതന്നെ നടന്നു. അയാള്‍ക്ക് ഇറ്റാലിയന്‍ മനസ്സിലായില്ല എന്ന് തോന്നി.

ആള്‍ട്ട് ! ഓദര്‍ ഇഹ് ഷീസ്സെ -- നാത്സികളുടെ വെറുക്കപ്പെട്ട ഭാഷ ജുസേപ്പെ പെലഗ്രീനി കയ്പോടെ തുപ്പി. വന്നയാള്‍ വീണ്ടും രണ്ടുചുവട് കയറി അയാളെ നോക്കി. പിന്നെ ചിരിച്ചു.

ആള്‍ട്ട് ! ഴ് തീര്‍ ... ഇനിയെന്തെന്ന വൈക്ലബ്യത്തോടെ ജുസേപ്പെ പെലഗ്രീനി വീണ്ടും ഭാഷ മാറ്റി. മറ്റെയാള്‍ വായുവില്‍ ഒരു ചുവട് വച്ച് ഒരു അഭ്യാസിയുടെ മെയ്‌വഴക്കത്തോടെ പിന്നിലേക്ക് ചാഞ്ഞ് പിന്നിലെ സഞ്ചിയിലേക്ക് കൈയ്യിട്ട്...

കണ്‍മുന്നില്‍ നിന്ന് ആയുധമെടുക്കുന്നവനെ എന്തു ചെയ്യണം എന്ന് 18 വര്‍ഷത്തെ പരിചയമുള്ള സൈനികനെ ആരും പഠിപ്പിക്കേണ്ടതില്ല. നൃത്തത്തിനിടയില്‍ വായുവിലുറഞ്ഞെന്നു തോന്നിയ മെല്ലിച്ച രൂപത്തിന്റെ ഇടതു തോളിനു താഴെ വാരിയെല്ലുകളുടെ കൂടിന്റെ ഉയര്‍ച്ചയില്‍ ചുവപ്പിന്റെ ഉറവ പൊട്ടി. വെടിയൊച്ചയില്‍ അമര്‍ത്തിയ ഒരു ഞരക്കം മാഞ്ഞുപോയി. പിന്നിലേക്ക് നീട്ടിയകയ്യില്‍ നിന്നും വഴിയിലേതോ കാട്ടത്തിയില്‍ നിന്ന് പറിച്ചെടുത്ത പഴങ്ങള്‍ താഴെ വീണു.

അധികം ഉയരാതെ വായുവില്‍ തത്തിനില്‍ക്കുന്ന പട്ടത്തിന്റെ നടുവില്‍ കത്തികൊണ്ട് ഒരു കീറു കീറിയാല്‍ മെല്ലെയൊന്നുലഞ്ഞ് ആടി താഴേക്ക് വീഴും.


§ 5. ടാര്‍ഗറ്റ്

യുദ്ധമുന്നണിയില്‍ സംശയമുള്ള ഒരുത്തനെ കൊല്ലുന്നത് പുതിയകാര്യമൊന്നുമല്ല. പറഞ്ഞാല്‍ കേള്‍ക്കാത്ത നായിന്റെമക്കളെ ചിലപ്പോള്‍ വെടിവച്ചുതള്ളേണ്ടി വരും . കണക്ക് പരീക്ഷക്കു കയറുന്ന പത്തുവയസ്സുകാരന്‍ ഗുണനപ്പട്ടിക ആവര്‍ത്തിക്കുന്നതുപോലെ തന്നോടുതന്നെ ആധിയില്‍ പറഞ്ഞുകൊണ്ട് അയാള്‍ ആ ദേഹം മുഴുവന്‍ പരതി.

ഒരു കൈ ബോംബ്. ഒരു കുഞ്ഞു തോക്കെങ്കിലും.... നായിന്റെ മോനേ മലകയറുമ്പോള്‍ കാട്ടുപന്നി നിന്റെ പണ്ടമെടുക്കാതിരിക്കാന്‍ ഒരു പടക്കമെങ്കിലും വച്ചേക്കാമായിരുന്നില്ലേ... അയാള്‍ കരഞ്ഞു. ഗൊര്‍ഗന്‍സോള മുറിക്കാനുള്ള ഒരു കുഞ്ഞു കത്തിയല്ലാതെ ഒന്നും ഉണ്ടായിരുന്നില്ല.

പതിനാലു വയസേ കാണൂ. കെടുതികള്‍ വായിച്ചെടുക്കാവുന്ന വിളറിയ മുഖം. അരികിലെ സഞ്ചിയില്‍ മലകയറുമ്പോള്‍ പറിച്ചെടുത്ത പഴങ്ങള്‍ .

കൈനിറയെ കാട്ടു ബെറികള്‍ വാരിയെടുത്ത് അവന്റെ മുഖത്തിനുനേരേ പിടിച്ച് അയാള്‍ സര്‍വബലവുമെടുത്ത് മുഷ്ടിചുരുട്ടി പിഴിഞ്ഞു. ചോരനിറമുള്ള പഴച്ചാര്‍ കണ്‍‌തടങ്ങളും ചുണ്ടുകളും നനച്ചിട്ടും നേരിയ ശ്വാസമല്ലാതെ ഒരനക്കവും കണ്ടില്ല. ബലമായി അവന്റെ വായ വലിച്ചു തുറന്ന് അയാള്‍ കയ്യിലൊതുങ്ങുന്നത്ര പഴങ്ങള്‍ അവിടേയ്ക്ക് തിരുകി. താടി ചേര്‍ത്ത് പിടിച്ച് വായടച്ചു. തിന്ന് ..നായിന്റെ മോനേ തിന്ന്. നിന്റെ വിശപ്പുകള്‍ അവസാനിക്കട്ടെ...

അവന്റെ മിടിപ്പൊതുങ്ങിതുടങ്ങിയ ഹൃദയത്തിനു മീതേ കൈവച്ച് അയാള്‍ ആകാശത്തേക്ക് നോക്കി. ആ നേരം ഒരു ദിവ്യാത്ഭുതത്തില്‍ വീണുകിടക്കുന്നവന്‍ തന്റെ കൈതട്ടി മാറുമെന്നും ഉറക്കെ ചിരിച്ച് കുതറിയോടുമെന്നും അയാള്‍ പ്രതീക്ഷിച്ചിരുന്നെന്ന്‍ തോന്നുമായിരുന്നു-

അപ്പോള്‍ അകലെനിന്ന് വിമാനങ്ങള്‍ മുരള്‍ച്ചയോടെ അയാള്‍ നില്‍ക്കുന്ന കുന്നിനുനേരേ ചീറി വന്നു. താനിപ്പോള്‍ നില്‍ക്കുന്നത് ശത്രുക്കളുടെ മണ്ണിലാണെന്നും സ്വന്തം സൈന്യത്തിലുള്ളവര്‍ പോലും തന്നെ വെടിവച്ചുവീഴ്ത്തിയേക്കാം എന്നും അയാള്‍ ഓര്‍ത്തു. അയാള്‍ക്ക് ഭയം തോന്നിയില്ല. അതിവേഗത്തില്‍ ചാടിയെഴുന്നേറ്റ് മരിച്ചുകിടക്കുന്നവന്റെ തോളില്‍ സര്‍വ കലിയോടും ആഞ്ഞു തൊഴിച്ച് അയാള്‍ തോക്ക് ഉയര്‍ത്തി.

വിമാനങ്ങളില്‍ ഒരുപക്ഷേ ഇപ്പോള്‍ തെളിഞ്ഞുകാണാവുന്ന അടയാളങ്ങള്‍ ഏതു സൈന്യത്തിന്റേതെന്ന് നോക്കാനുണ്ടെന്ന് അയാള്‍ക്ക് തോന്നിയില്ല. ഞാന്‍ ഇവിടെയുണ്ട്. ജീവന്‍ റാഞ്ചാനായി പറക്കുന്ന മുരളുന്ന അഹങ്കാരങ്ങളേ ഞാന്‍ നിങ്ങള്‍ക്കായി കാത്തു നില്‍ക്കുന്നു. സോണോ ക്വീ‍.. ഞാനിവിടെയുണ്ട്. സോണോ പ്രോന്തോ... ഞാന്‍ തയ്യാറാണ്.. ഇഹ് ബിന്‍ ഹീയര്‍ ഇഹ് ബിന്‍ ബെറൈറ്റ്... എന്ന് ഉച്ചത്തില്‍ അലറിക്കൊണ്ട് താണുവരുന്ന വിമാനങ്ങള്‍ക്കുനേരേ തുരുതുരാ നിറയൊഴിക്കാന്‍ തുടങ്ങി.

Wednesday, 17 December 2008

പാഴ്

ബോറ് 13
മനസ്സിലായില്ലേ.. ഗംഗയാണ്.

എന്തുകഷ്ടപ്പെട്ടാണെന്നറിയോ പാട്ടും ഡാന്‍സും പഠിച്ചത്!.

ആ കോന്തന്‍ സണ്ണി എവിടെന്നെങ്ങാണ്ടുവന്ന് സുഖപ്പെടുത്തിക്കളഞ്ഞു.

എന്തൊക്കെ മനക്കോട്ട കണ്ടതാരുന്നു ഈശ്വരാ...

Wednesday, 3 December 2008

ഇമ്പം എന്ന തലക്കെട്ടില്‍ പറഞ്ഞുതീരാത്ത ഒരു കഥ

കണ്ണടയുടെ ഫ്രെയിമിനുമുകളിലൂടെ പുരികങ്ങള്‍ വളച്ച് ശ്രീമതി രാധാ ധനപാലന്‍ അഭിയെ നോക്കി. അവന്‍ സൂവിലെത്തിയ കുട്ടിയുടെ കൌതുകത്തോടെ പുസ്തകഷെല്‍ഫുകളില്‍ കൂട്ടിലിട്ട മൃഗങ്ങളെ പരതിനോക്കിയിരിക്കുന്നു. നല്ല വായനയുണ്ടാവും ചെക്കന്.

കഥ വായിക്കാന്‍ കൊള്ളാം. നല്ല കയ്യക്ഷരം. എ ഫോറ് പേപ്പറില്‍ ബ്രൈറ്റ് നീല മഷി. ചില്ലക്ഷരങ്ങളുടെ മുകളിലെ ചുനിപ്പിനും സ്വസ്ഥം എന്ന വാക്കിലെ 'ഥ' യുടെ തുടക്കത്തിനും അവന്റെ നെറ്റിയിലേക്ക് വീണുകിടക്കുന്ന മുടികളുടെ പോലെ സുന്ദരമായ ഒടിവ്.

അവനെ ഒളികണ്ണിട്ടു നോക്കിക്കൊണ്ട് വായിച്ചുകൊണ്ടിരുന്ന പേജിലെ അവസാന വരികള്‍ അലസമായി ശ്രദ്ധിക്കുമ്പോഴാണ് ഒരു നടുക്കത്തിലൂടെ കഥ രാധാ ധനപാലനെ വീണ്ടും പിടിച്ചെടുത്തത്.

അപ്പാര്‍ട്ട്‌മെന്റുകള്‍ക്കു താഴെ ബൈക്ക് ഒതുക്കിവയ്ക്കുമ്പോള്‍ പരിചയക്കാരനായ സെക്യൂരിറ്റി ഗാഡ് അയാളെ നോക്കി ചിരിച്ചു. എന്താ രാമേട്ടാ സുഖമല്ലേ? എന്ന് അയാള്‍ കുശലം ചോദിച്ചു. മെയിന്‍ എന്‍‌ട്രന്‍സിനു വലതുവശത്തേക്ക് തിരിഞ്ഞുള്ള മുന്നുലിഫ്റ്റുകളിലെ നടുവിലത്തേത് താഴേക്ക് വരുന്നുണ്ട്. കാത്തുനില്‍ക്കുമ്പോള്‍ അയാള്‍ ഒരു പാട്ട് ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു.

-- ഉം? പിന്നില്‍ അവള്‍
‌‌-- ങുങ്ങും. അയാള്‍ തലവെട്ടിച്ചു
നീയെന്താ താഴെ എന്ന് അയാളുടെ കണ്ണുകള്‍ അവളോട് ചോദിച്ചു.
-- കണ്ണനിന്ന് ഉച്ചവരെയേ ക്ലാസുള്ളൂ. അവനെ വിളിക്കാന്‍ നേരത്തേ പോകണം എനിക്ക്. എവിടായിരുന്നു നീ ഇതുവരെ? അവള്‍ കലഹിച്ചു.

മുന്നില്‍ തുറന്ന ഇടുങ്ങിയ വഴിയിലേക്ക് അവര്‍ ഒരേസമയം ഞെരുങ്ങിക്കയറി. ഏഴ് എന്നെഴുതിയ സ്വിച്ചില്‍ രണ്ട് ചൂണ്ടുവിരലുകള്‍ ചെന്നു കുത്തി.
അവളെ തൊട്ടുതൊട്ടില്ല എന്ന മട്ടില്‍ ചേര്‍ന്നു നിന്ന് അയാള്‍ ഹമേ തുംസെ പ്യാര്‍ കിത്‌നാ എന്നു മൂളാന്‍ തുടങ്ങി.

അയാള്‍, അയാള്‍, അയാള്‍! രാധാ ധനപാ‍ലന്‍ വരികളിലൂടെ താഴേക്ക് കണ്ണോടിച്ചു. അയാളുകളുടെ ഒരു നീണ്ടനിര അവരെ നിരാശപ്പെടുത്തി.

-- അഭീ ഈ അയാള്‍ എന്നു പറഞ്ഞിരിക്കുന്നത് ബാലചന്ദ്രനെ തന്നെ ആണോ?
-- ഹ്.. ഹ്.. ഹല്ല.. അതെ മാം. അഭി സ്വപ്നത്തില്‍ നിന്ന് വെളിപ്പെട്ടു

പൊട്ടുചെക്കന്‍. നല്ലഭംഗിയുണ്ട് അവന്റെ അമ്പരപ്പും ഭയവും കാണാന്‍.
-- അതെയെന്നോ അല്ലെയെന്നോ? മയമില്ലാത്ത അധ്യാപികയെപ്പോലെ രാധാ ധനപാലന്‍ ചോദിച്ചു.
-- അത് ... അതു രണ്ടും ഒരു ആള്‍ തന്നെയാണ് മാം.

അവനെ കര്‍ക്കശമായി ഒന്നു നോക്കിയിട്ട് രാധാ ധനപാലന്‍ വീണ്ടും വായിക്കാന്‍ തുടങ്ങി.

-- ഇന്നെന്തേ പതിവില്ലാത്ത സംഗീതം? ഫ്ലാറ്റിന്റെ വാതിലടയ്ക്കുമ്പോള്‍ അവള്‍ ചോദിച്ചു. അയാള്‍ മറുപടി പറയാതെ ചിരിച്ചു.
-- പാട്, അതു മുഴുവന്‍ പാട്! അയാളെ വിരല്‍ പിടിച്ച് അകത്തേക്ക് നടത്തിക്കൊണ്ട് അവള്‍ ആവശ്യപ്പെട്ടു.
‌-- ഹേയ്!എനിക്കറിയില്ല. ഇഷ്ടമുള്ള വരികള്‍ വെറുതെ മൂളുന്നതിനപ്പുറം സംഗീതവാസന തനിക്കുണ്ടെന്ന് അയാള്‍ക്ക് തോന്നിയിരുന്നില്ല.
അയാളെ ഒരു കസേരയില്‍ ഇരുത്തി അവള്‍ അരികില്‍ നിലത്ത് പടിഞ്ഞിരുന്നു. -- അറിയാവുന്നതുപോലെ പാട് കേള്‍ക്കട്ടെ
‌‌-- ശ്യോ എന്താടാ ഇത്? അയാള്‍ പരിഭവിച്ചു. പക്ഷെ അവള്‍ അവളാണ്. നിര്‍ബന്ധങ്ങള്‍ നിര്‍ബന്ധങ്ങളും. അവളുടെ മുടിയിഴകളില്‍ക്കൂടി വിരലോടിച്ച് പാടാന്‍ തുടങ്ങി.
ഹമേ തുംസേ പ്യാര്‍ കിത്‌നാ യേ ഹം നഹീ ജാന്‌തേ..
മഗര്‍ ജീ നഹീ സക്‍തേ തുംഹാരേ ബിനാ...

മോശമില്ലെന്ന് അയാള്‍ക്കുതന്നെ തോന്നി. തനിക്കറിയാത്ത ഏതൊക്കെ വഴിയിലാണ് അവള്‍ തന്നെ നടത്തുന്നതെന്ന് അയാള്‍ എന്നും അത്ഭുതപ്പെട്ടിരുന്നു. ചിന്നൂട്ടിക്ക് രണ്ടുവയസ്സുള്ളപ്പോഴാണ് എല്‍.ഐ.സി ആവശ്യവുമായി അയാള്‍ ആ ഫ്ലാറ്റില്‍ ആദ്യം വന്നത്. എന്നാണ് തമ്മില്‍ പ്രണയമായതെന്ന് ചോദിച്ചാല്‍ അവള്‍ ആ ഡേറ്റാണ് പറയാറുള്ളത്. ആദ്യദര്‍ശനാനുരാഗം.

ഇത്രയുമായപ്പോള്‍ രാധാ ധനപാലന്‍ അസ്വസ്ഥയായി അഭിയെ നോക്കി. അവന്‍ ജനലിനുപുറത്തെ ചെമ്പരത്തിക്കൊമ്പിലേക്ക് കണ്ണുനട്ടിരിക്കുന്നു. മീശമുളച്ചിട്ടില്ലാത്ത കൌതുകം. പേജുകള്‍ പിന്നിലേക്ക് മറിച്ച് രാധാ ധനപാലന്‍ ആദ്യപേജിന്റെ മൂന്നാമത്തെ ഖണ്ഡിക വീണ്ടും വായിച്ചു.

ബാലചന്ദ്രന്‍ രാവിലെ കുളിച്ചുവരുമ്പോഴേക്കും സീതാലക്ഷ്മി കാപ്പി എടുത്തുവച്ചിരുന്നു. ദോശ. ചമ്മന്തി. സാമ്പാറ്‍. പഴം. ചായ. പോറ്റി ഹോട്ടല്‍ . മേശയുടെ അറ്റത്തെ കസേരയില്‍ വലിഞ്ഞുകുത്തിയിരുന്ന് ചിന്നൂട്ടി ദോശ പിച്ചിപ്പറിച്ച് ...

-- ലച്ചൂ നിന്റെ മോള്‍ ദാ ദോശ കൊണ്ട് പൂക്കളം ഉണ്ടാക്കുന്നു..

സീതാലക്ഷ്മി എന്തുപറയുന്നു എന്ന് കേള്‍ക്കാന്‍ നില്‍ക്കാതെ ബാലചന്ദ്രന്‍ അകത്തേക്ക് പോയി. അകത്തെ മുറിയില്‍ കണ്ണാടിയുടെ മുന്നില്‍ നിന്ന് ബാലചന്ദ്രന്‍ മുടിചീകി. ഷര്‍ട്ടിട്ടു. ദേവ ദുന്ദുഭീ സാന്ദ്രലയം എന്നു മൂളിപ്പാട്ടു പാടി. മൂളല്‍ ഞരക്കമായപ്പോള്‍ നിറുത്തി. കണ്ണാടിയില്‍ നോക്കി പോടാ കഴുതേ എന്നു പല്ലിളിച്ചു.

സീതാലക്ഷ്മി അടുക്കളയില്‍ നിന്ന് എന്റെ ചിന്നൂട്ടി.. പിന്നേ.. ഞാന്‍ തറവാട്ടീന്ന് കൊണ്ടന്നതല്ലേ! എന്ന് പിറുപിറുത്തും, ഈ തെമ്മാടിപ്പെണ്ണിന് തല്ലുകൊള്ളാത്തതിന്റെ കുഴപ്പമാണെന്ന് കലഹിച്ചും, കയ്യില്‍ തയ്യാറാക്കിക്കൊണ്ടുവന്ന ടിഫിന്‍ ബോക്സുകള്‍ മേശപ്പുറത്തേക്കിടിച്ചു വച്ച് ചിന്നൂട്ടിയുടെ നേരെ കണ്ണുരുട്ടി നോക്കിയിട്ട് രണ്ടു ദോശ പാത്രത്തിലെടുത്ത് കറിയൊഴിച്ച് അത് കയ്യില്പിടിച്ച് മേശക്കരികില്‍ ഒരു കസേരയിലേക്ക് വശം തിരിഞ്ഞിരുന്ന് തിടുക്കത്തില്‍ കഴിക്കാന്‍ തുടങ്ങി.

ഷര്‍ട്ടിട്ട് ബാലചന്ദ്രന്‍ പുറത്തു വന്നു. മേശക്കരികില്‍ പിണങ്ങിയ മട്ടില്‍ ഇരിക്കുന്ന സീതാലക്ഷ്മിയുടെ പിന്നില്‍ വന്നു. കൈ കൊണ്ട് കളിയായി തോളില്‍ അമര്‍ത്തി. ചിരിച്ചുകൊണ്ട് ബാലചന്ദ്രന്‍ സീതാലക്ഷ്മിയുടെ ടിഫിന്‍ ബോക്സ് തുറന്നു.
-- യ്യൊ ഇതെന്താ ഇങ്ങനെ?
-- മോള്‍ക്കുണ്ടാക്കിയപ്പോഴേക്ക് സമയം കഴിഞ്ഞു. ഇപ്പത്തന്നെ വൈകീല്ലേ?

ചിരിച്ചുകൊണ്ടുതന്നെ ബാലചന്ദ്രന്‍ റ്റിഫിന്‍ ബോക്സിലുണ്ടായിരുന്നത് തന്റെ പ്ലേറ്റിലേക്ക് കുടഞ്ഞിട്ടു. തിരിഞ്ഞുനോക്കിയ സീതാലക്ഷ്മിയെ നോക്കി കണ്ണിറുക്കി. സീതാലക്ഷ്മി ചിരിച്ചുകൊണ്ട് മുഖം കുനിച്ചു. ഇന്നുച്ചക്ക് സ്കൂളില്‍ നിന്ന് ഭര്‍ത്താവിനൊപ്പം കറക്കം. ചാന്ദ്നി റെസ്റ്റോറന്റില്‍ നിന്ന് ഊണ്.

വിവാഹനാള്‍ മുതല്‍ അവരുടെ പിണക്കങ്ങള്‍ക്ക് അത്ര നീളമേ ഉണ്ടായിരുന്നുള്ളൂ. ഭാര്യയെ പൊന്നുപോലെ നോക്കുക എന്നാല്‍ ...

ഇമ്പം എന്ന തലക്കെട്ടില്‍ ദാമ്പത്യത്തെക്കുറിച്ച് ഒരു കഥ. ഈണവും താളവും ഉണ്ടായിരുന്നു 'അയാള്‍' ആ ഫ്ലാറ്റിനു താഴെ എത്തുന്നതുവരെ. അതുകഴിഞ്ഞ് എല്ലാം നശിപ്പിച്ചുവച്ചിരിക്കുകയാണ് പോക്കിരിച്ചെക്കന്‍. പ്രായം അതല്ലേ!

രാധാ ധനപാലന്‍ ഒരു കുസൃതിച്ചിരി മറച്ച്, മുന്‍പു വായിച്ചുനിറുത്തിയ ഇടത്തേക്ക് തിരിച്ചുപോയി.

-- നോക്ക്, നീ ഇതുവരെ ചെയ്യാത്തതുപലതും ചെയ്തുതുടങ്ങുന്നു. ഇതുവരെ ആസ്വദിക്കാത്തതുപലതും ആസ്വദിച്ചു തുടങ്ങുന്നു അല്ലേ ? അയാളുടെ മടിയില്‍ മുഖമണച്ചുവച്ച് അവള്‍ ചോദിച്ചു.

-- എന്തെന്നറിയിയുമോ, എന്താന്നറിയുമോ നിനക്ക്? അവളുടെ പ്രണയവ്യാഖ്യാനങ്ങള്‍ക്കുമുന്നില്‍ എന്നും വെറും വിദ്യാര്‍ത്ഥിയായിരുന്നു.
-- മതിയാവുന്നില്ലെടാ എനിക്ക്. നിന്റ്റെയുള്ളില്‍ നീപോലുമറിയാതെ മറഞ്ഞിരിക്കുന്നതെല്ലാം എനിക്ക് വേണം, അവള്‍ പറഞ്ഞു.ക്രൂരമായ ബലത്തോടെ അയാള്‍ അവളുടെ മുഖം പിടിച്ചുയര്‍ത്തി ചുംബിച്ചു. അടിയറവ്. ഗുരുദക്ഷിണ.

രാധാ ധനപാലന് എന്തിനെന്നറിയാതെ കഠിനമായ കോപം വന്നു. ഫ്ലാറ്റിലെ പ്രണയസല്ലാപങ്ങളെ അവഗണിച്ച് അവര്‍ അടുത്തപേജിലേക്ക് കയറി.

ചാന്ദ്‌നി റെസ്റ്റോറന്റില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ചിറങ്ങുമ്പോള്‍ സീതാലക്ഷ്മി പറഞ്ഞു: ഏട്ടാ ഇന്നു വൈകിട്ടു മോളെ ഏട്ടന്‍ വിളിക്കുമോ? ഞാനും രോഹിണിയുംകൂടി ഒരിടം വരെ പോവുന്നു.
വെയിലിനുനേരേ മുഖം ചുളിച്ച് ബാലചന്ദ്രന്‍ ചിരിച്ചു: ഷോപ്പിംഗ്? എന്താണ്?
-- അതെന്തിനാ അറിയുന്നേ?
-- ഓക്കേ. ഒത്തിരി വൈകരുത്. എനിക്ക് വൈകിട്ട് ഒരാളെ കാണാന്‍ ഇറങ്ങേണ്ടിവരും

പിറ്റേ ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഏഴാം നിലയിലെ ഫ്ലാറ്റില്‍ ഉഷ്ണം വലിച്ചുതള്ളുന്ന പങ്കയ്ക്കുകീഴെ കര്‍ക്കിടകമഴയായി പെയ്തുവീണ് തന്നെ പൊതിഞ്ഞൊഴുകുന്ന അവളെ ചുറ്റിപ്പിടിച്ചു മയങ്ങുമ്പോള്‍, അവളുടെ വിരലുകള്‍ തന്റെ നെഞ്ചിലെ പുതിയ മാലയില്‍ കോര്‍ക്കുന്നതറിഞ്ഞ് അയാള്‍ ഉണര്‍ന്നു.
-- എന്റെ ലച്ചുവിന്റെ സമ്മാനമാണ് -
-- ഓ ഗ്രേറ്റ്! എന്തുപറ്റി നിന്റെ ലച്ചുവിന് ?

എന്താണത് എന്ന് അയാള്‍ ഓര്‍ക്കാന്‍ ശ്രമിച്ചു. അലവന്‍സ് കുടിശികയായി കയ്യിലെത്തിയ പണമല്ല. മറ്റെന്തോ. ഉള്ളിലെ കൊച്ചുകൊച്ചു സന്തോഷങ്ങളില്‍ പരസ്പരം തൊടാന്‍ കൊതിതോന്നിക്കുന്ന എന്തോ ഒന്ന്. ഒരു പുതിയ കാഴ്ച. ഈ മാല ആ കാഴ്ചയുടേതാണ്.

അവളെ മെല്ലെ വകഞ്ഞുമാറ്റി അയാള്‍ കിടക്കയില്‍ എഴുന്നേറ്റിരുന്നു. -- നോക്കൂ ലച്ചുവിനുമാത്രമല്ല. എനിക്കും കൂടിയാണ്. ഞാന്‍ നിന്നെ കണ്ടതിനുശേഷമാണ് ഞങ്ങള്‍ക്ക് പരസ്പരം മനസ്സിലാകാന്‍ തുടങ്ങിയത്.
കണ്ണടച്ച് ചിരിച്ച് അവള്‍ അയാളുടെ വിരലുകളില്‍ പിടിച്ചു. -- ലവ് ഇസ് കണ്ടേജിയസ്

അവളുടെ മീതേ ചാഞ്ഞ് അയാള്‍ അവളുടെ മുടിയിഴകള്‍ കോതിയൊതുക്കി. -- എനിക്കിതു മനസ്സിലാവുന്നില്ല. ഇറ്റ്സ് സോ സ്ടേഞ്ച്..
--ശ്‌ശ്‌ശ്.. അവള്‍ ചുണ്ടില്‍ വിരല്‍ വച്ചു; എന്നെ കണ്ടതിനു ശേഷം നിങ്ങളുടെ കുടുംബജീവിതം ഒരുപാടു മെച്ചപ്പെട്ടു എന്ന്, അതല്ലേ?
-- ഉം... പിന്നെയും പിന്നെയും പറയുന്നത്..
-- എനിക്കത് വിശ്വാസമായോ എന്നുറപ്പില്ലാത്തതുകൊണ്ട് എന്നല്ലേ?
-- ഹൊ തോറ്റു ഞാന്‍, അയാള്‍ അവളുടെ നെറ്റിയില്‍ ചുംബിച്ച് അരികിലേക്ക് ചാഞ്ഞുകിടന്നു. --നമ്മളെന്താടാ ഇങ്ങനെ ?
-- അത്.. ഈ ലൈലയും മജ്നുവും... അവര്‍ രണ്ടുപേരും ഓരോ കല്യാണം കഴിച്ചുകഴിഞ്ഞിട്ടാണ് ആദ്യമായി തമ്മില്‍ കണ്ടതെന്ന് വിചാരിക്ക്. അവര്‍ക്ക് തമ്മില്‍ സ്നേഹിക്കാതിരിക്കാന്‍ പറ്റുമോ?
-- ഇല്ല. അയാള്‍ അവളെ ചേര്‍ത്തുപിടിച്ചു.
-- അവര്‍ തമ്മില്‍ സ്നേഹിക്കുന്നതുകൊണ്ട് അവര്‍ക്ക് അവരെ സ്നേഹിക്കുന്ന പ്രിയപ്പെട്ടവരെ സ്നേഹിക്കാതിരിക്കാന്‍ പറ്റുമോ?
-- എന്റെ ലൈലേ
-- എന്റെ മജ്നൂ
-- എന്റെ രാധേ
-- എന്റെ കണ്ണാ
-- എന്റെ ചന്ദ്രികേ
-- കൊല്ലും ഞാന്‍ കൊരങ്ങേ

അയാളുടെ ഫോണ്‍ ബെഡ്ഡിനരികിലെ ടീപ്പോയിലിരുന്നു ചിലച്ചു
-- എന്റെ ഞുളു ഞുളൂ... അവള്‍ ഫോണെടുത്തു
-- എന്റെ പെപ്പെപ്പേ ... അയാള്‍ ഫോണ്‍ വാങ്ങി ചെവിയില്‍ വച്ചു.

രണ്ടുമിനിറ്റ് കഴിഞ്ഞ് ആധിയോടെ ഫ്ലാറ്റിനു പുറത്തേക്ക് പായുമ്പോള്‍ അവള്‍ പിന്നില്‍ നിന്ന് അയാളുടെ കൈ പിടിച്ചു വലിച്ചു
--‌ ടാ സത്യം പറ. നിന്റെ കയ്യില്‍ അത്യാവശ്യത്തിന് പൈസ ഉണ്ടോ?
-- ഉണ്ടെന്നേ... ആവശ്യം ഉണ്ടെങ്കില്‍ പറയാം ഞാന്‍. സത്യം.
-- ഉം. വിവരം അറിഞ്ഞിട്ട് വിളിക്കണം. ഞാന്‍ നോക്കിയിരിക്കും.
ലിഫ്റ്റിന്റെ ചേര്‍ന്നടയുന്ന വാതിലിനപ്പുറം അവളുടെ കണ്ണുകള്‍ എല്ലാം ശരിയാവും എന്ന് സന്ദേശം കുറിച്ചു.

തലചുറ്റി വീണതായിരുന്നു സീതാലക്ഷ്മി. വൈറ്റമിന്‍ ഡെഫിഷ്യന്‍സി.
-- കുഴപ്പമൊന്നുമില്ല. കുറച്ചു ടോണിക്. പിന്നെ ഡയറ്റുനോക്കണം. അയാള്‍ ഫോണില്‍ പറഞ്ഞു
-- താങ്ക് ഗോഡ്. നീയിനി കുറച്ചു ദിവസം അവളെ ജോലിക്ക് വിടണ്ട.
-- പറഞ്ഞുനോക്കാം. ഞാന്‍ ഡോക്റ്ററുടെ അടുത്തേക്ക് കയറുവാ. പിന്നെ വിളിക്കാം.

രാധാ ധനപാലന്‍ ദേഷ്യത്തോടെ പേജുകള്‍ വേഗത്തില്‍ മറിച്ചു. എവിടെയാണ് ഈ കപടനാടകം പൊളിഞ്ഞുവീഴുന്നത്? എവിടെയാണ് പാവം സീതാലക്ഷ്മി ഈ ചതിയില്‍ നിന്ന് മോചിതയാകുന്നത്? എവിടെ, എങ്ങനെയാണ് വിഭജിക്കപ്പെട്ട ഹൃദയവും ജീവിതവും ബാലചന്ദ്രന്റെ സ്വസ്ഥത കെടുത്തുന്നത്?

അല്ല, കുറ്റം ബാലചന്ദ്രന്റേതല്ല. അവളാണ്, അവളാണ് എല്ലാറ്റിന്റെയും തുടക്കം.
-- എന്റെ കണ്ണാ, എന്റെ മുത്തേ, എനിക്കെല്ലാം വേണം. എല്ലാം മുഴുവനായും വേണം. നിന്നെ വേണം. നിന്റെ ലച്ചൂനെയും ചിന്നൂനേയും വേണം. എന്റെ പാവം വക്കീലിനെയും കണ്ണനെയും വേണം.
-- ഓര്‍മയുണ്ടോ നിനക്ക്, എന്തായിരുന്നു തുടക്കം എന്ന്?
-- ഉം. ഉള്ളില്‍ തൊടുന്ന നിന്റെ വാക്ക്‍. നിന്റെ ചിരി. നിന്റെ ലച്ചുവിനോട് നിനക്കുള്ള സ്നേഹം.

ഇല്ല ഇങ്ങനെയൊരു സ്ത്രീയില്ല. ഉണ്ടാവാന്‍ പറ്റില്ല. ഒരു സ്ത്രീക്കും മറ്റൊരു പെണ്ണിനെ സ്നേഹിക്കുന്ന ഒരാളെ പ്രണയിക്കാനാവില്ല. പകുത്തെടുത്താല്‍ ഏതു പുരുഷഹൃദയവും മുറിഞ്ഞുതകര്‍ന്നു പോവും. അല്ല, അതുമല്ല ഇവന്‍ പറയുന്നത്.

-- നിന്റെ തീയില്‍, നിന്റെ മഴയില്‍.... അവളുടെ മുലകള്‍ക്കിടയില്‍ കുട്ടിയേപ്പോലെ മുഖമൊളിപ്പിച്ച് അയാള്‍ പറഞ്ഞു.
-- വരുന്നു അവന്റെ സ്യുഡോ പോയെട്രി. കഴുത! അവള്‍ ചിരിച്ചു
-- കേള്‍ക്കെടീ... നിന്നെ ഇങ്ങനെ തൊട്ടുകഴിഞ്ഞിട്ടാണ് എന്റെ ലച്ചുവിനെപ്പോലും ഒരു പെണ്ണായിട്ട് ഞാന്‍ തിരിച്ചറിഞ്ഞത്.
-- ഉം. അതിനി ആ പാവത്തിന്റെ കുറ്റമാണെന്നായിരിക്കും അടുത്തത്.
-- അല്ല. പേടിയായിരുന്നു എനിക്ക് എന്നെ തന്നെ. എന്റെ മോഹങ്ങളെ.
-- വല്‍സാ..നിന്റെ ഭയങ്ങളില്‍ നിന്ന് ഞാന്‍ നിന്നെ മോചിപ്പിച്ചിരിക്കുന്നു മകനേ. അവള്‍ അയാളുടെ മുടിയിഴകളിലൂടെ വിരലുടക്കി ഉറക്കെ ചിരിച്ചു.
-- നോക്ക് സീരിയസ്‌ലി... നിനക്കറിയില്ല നീ... അയാള്‍ കൈ കുത്തി പകുതി നിവര്‍ന്നു.
-- ശ്ശ്ശ്ശ്.... അവള്‍ അയാളുടെ വായ് പൊത്തി. -- എനിക്കറിയില്ല. ഒന്നറിയിച്ചുതാടാ ചുമ്മാ വാചകമടിച്ചു സമയം കളയാതെ!

അടുത്ത വാചകം കണ്ടും കാണാതെയും രാധാ ധനപാലന്‍ കടലാസിനു മുകളിലൂടെ അഭിയെ ശ്രദ്ധിച്ചു. അവന്‍ കൌതുകത്തോടെ അവരെത്തന്നെ നോക്കിയിരിക്കുകയായിരുന്നു. നെഞ്ചിനുകുറുകേ കിടന്ന സാരിത്തുമ്പ് ശ്രദ്ധിച്ച് പുതപ്പുപോലെ വലിച്ചുചുറ്റി അവര്‍ ഗൌരവത്തില്‍ ക്ലോക്കിലേക്ക് നോക്കി. പിന്നെ ഇഷ്ടക്കേട് മറച്ചുവയ്ക്കാന്‍ ശ്രമിക്കാതെ കുറേഭാഗം വിട്ട് അവസാനപുറം വായിക്കാന്‍ തുടങ്ങി.

ബാലചന്ദ്രന്‍ സീതാലക്ഷ്മിയുടെ പിന്നില്‍ നിന്ന് കഴുത്തില്‍ കൈ വളച്ചിട്ടു. ഇരുണ്ടു തുടങ്ങിയിട്ടേയുള്ളു. ഇളം ചൂട് ബാക്കിയുള്ള കാറ്റ് അവളുടെ ഈറന്‍ മുടിയില്‍ നിന്ന് ഈര്‍പ്പം ചികഞ്ഞു.
-- യ്യേ നാട്ടുകാരു കാണും. ഇത് ടെറസ്സാ. സീതാലക്ഷ്മി കുതറി.
-- ഉം. നാട്ടുകാരുമുഴുവന്‍ കാണട്ടെ നീന്നെയെനിക്ക് ജീവനാണെന്ന്. ബാലചന്ദ്രന്റെ മീശ സീതാലക്ഷ്മിയുടെ കവിളില്‍ ഉരഞ്ഞു.
-- ശ്യോ ഇങ്ങനെ ഒരു മനുഷ്യന്‍ ...

ബാലചന്ദ്രന്റെ പോക്കറ്റില്‍ സെല്‍ഫോണ്‍ വിറച്ചു.
--ഉം പറയൂ. അയാള്‍ ഒഴിവുള്ള കൈ കൊണ്ട് ഫോണ്‍ ചെവിയിലേക്ക് വച്ചു.
-- ടാ ഞാന്‍ ഒരു പാട്ടു പാടട്ടേ? അവള്‍ ചോദിച്ചു.
-- ഉം കേള്‍ക്കട്ടെ.

പതിഞ്ഞ മനോഹരമായ ശബ്ദത്തില്‍ അവള്‍ പഴയ ഒരു തമിഴ് സിനിമാ ഗാനം പാടാന്‍ തുടങ്ങി.
--ആരാ ഏട്ടാ ?
--എന്റെ ഒരു ഫ്രണ്ടാ

ഫോണ്‍ ചെവിയില്‍ ചേര്‍ത്തുപിടിച്ച് ബാലചന്ദ്രന്‍ സീതാലക്ഷ്മിയെ ചേര്‍ത്തുപിടിച്ച് ചുവടുവയ്ക്കാന്‍ തുടങ്ങി. ബാലചന്ദ്രന്റെ കയ്യില്‍ ഒരു കൈ‌ പിടിച്ച് സീതാലക്ഷ്മി ഒപ്പംകൂടി.
-- മ്യൂസിക് ഇസ് കണ്ടേജിയസ്. ബാലചന്ദ്രന്‍ മെല്ലെ സീതാലക്ഷ്മിയുടെ ചെവിയില്‍ പറഞ്ഞു

രാധാ ധനപാലന്‍ കഥ മേശപ്പുറത്തേക്ക് വച്ച് മേശയില്‍ പേപ്പറിനുമുകളില്‍ അരിശത്തോടെ ഇടിച്ചു. -- ലുക്ക് ദിസ് ഇസ് ഇമ്പോസിബിള്‍‌ ‍. ഈ കഥ ഇങ്ങനെ അവസാനിക്കാന്‍ പറ്റില്ല.

-- എന്താ മാം എന്തുപറ്റി? പാട്ടുകേള്‍ക്കുമ്പോള്‍ ചിലര്‍ ഡാന്‍സ് കളിച്ചുപോവില്ലേ? പരിസരമൊക്കെ മറന്ന്?
അവന്റെ ചോദ്യത്തിലെ നിഷ്കളങ്കത രാധാ ധനപാലനെ വീണ്ടും അരിശംകൊള്ളിച്ചു. -- അതിന്? അതിനെന്താണ്?
-- അതുപോലെയാണ് മാം പ്രണയവും. ഒരാള്‍ പാടിയാല്‍ ...
അവന്റെ സ്വരത്തിലെ ഉറപ്പ് രാധാ ധനപാലനെ അതിശയപ്പെടുത്തി. അവന്‍ പറയാന്‍ വന്നത് താന്‍ പറഞ്ഞുപോകുമോ എന്ന് അവര്‍ ഒരു ഞൊടിയിട ഭയന്നു.

-- അഭീ നിനക്കറിയില്ല. നിനക്കൊന്നും അറിയില്ല. ലോകത്ത് ഒരു പെണ്ണിനും നീയീ പറയുന്ന പേരില്ലാത്ത പെണ്ണിനെപ്പോലെ പെരുമാറാന്‍ കഴിയില്ല.

വിശ്വാസം വരാത്തതുപോലെ അഭി അവരെ നോക്കി. പറഞ്ഞത് ശരിയാണോ എന്ന് അവര്‍ക്കുതന്നെ സംശയം തോന്നി.

-- നോക്കൂ അഭീ. ദാമ്പത്യം ഇങ്ങനെ അല്ല. പ്രണയവും ഇങ്ങനെ സംഭവിക്കില്ല. ഇറ്റ്സ് ആന്‍ ഓള്‍ കണ്‍സയൂമിംഗ് ഫയര്‍ . എ ഡിവൈഡഡ് ഹാര്‍ട്ട് കാണ്ട് ലവ്. ഇറ്റ് വോണ്ട് റ്റേയ്ക്ക് ചാന്‍സസ് വിത്ത്...

അറിയാതെ അവര്‍ മേശപ്പുറത്തുനിന്ന് വലിച്ചെടുത്ത കടലാസുകളുടെ മുകളില്‍ ഭാരം വച്ചിരുന്ന ഓക്സ്ഫോഡ് ലേനേഷ്സ് ഡിക്ഷനറി വലിയൊരു ശബ്ദത്തോടെ നിലത്തേക്ക് വീണു.

ഡിക്ഷനറി കുനിഞ്ഞെടുത്തു നിവരുമ്പോള്‍ മുറിയില്‍ പൊടുന്നനെ വന്ന നിശബ്ദത തന്നെ ചതിച്ചു എന്ന് രാധാ ധനപാലന് തോന്നി. മുകളിലെ നിലയില്‍ കൗമാരക്കാരിയായ മകളുടെ മുറിയില്‍ നിന്ന് ജഗ്ജീത് സിംഗ് പാടുന്നു. ഹോഷ് വാലോം കോ ഖബര്‍ ക്യാ ...

അഭിയുടെ വിരലുകള്‍ പതുക്കെ മേശയുടെ അരികില്‍ താളം പിടിച്ച് തുടങ്ങുന്നോ എന്ന് അവര്‍ സംശയിച്ചു. ഇഷ്ക് കീജിയേ ഫിര്‍ സമജിയേ.. ഉവ്വ് മൃദുതാളത്തിലേക്ക് നീണ്ടവിരലുകള്‍ സ്വപ്നനൃത്തം ചെയ്ത് കയറുകയാണ്.... സിന്ദഗീ ക്യാ ചീസ് ഹേ...

മ്യൂസിക് ഇസ്.....

മുറിനിറഞ്ഞ മുഴക്കത്തോടെ രാധാ ധനപാലന്‍ ഡിക്ഷണറി മേശപ്പുറത്തേക്ക് ഇടിച്ചുവച്ചു.

-- ലുക്ക് നീയെന്നെ ശ്രദ്ധിക്കുന്നില്ല. നിനക്ക് ഇത്തരം ഒരു വിഷയം എഴുതാനുള്ള പക്വത വന്നിട്ടില്ല. പോ. പോയി മറ്റെന്തെങ്കിലും എഴുതിക്കൊണ്ട് വാ. ഇത് മാഗസിനില്‍ കൊടുക്കാന്‍ പറ്റില്ല.

-- മാം ഞാനിത്..
-- നോ അഭീ..ദാറ്റ്സ് മൈ ഫൈനല്‍ വേഡ്. നൗ ... എനിക്ക് അല്പം പണിയുണ്ട്.
അവന് പിന്നില്‍ വാതില്‍ വലിച്ചടച്ച് അവര്‍ മുകളില്‍ മകളുടെ മുറിയിലേക്ക് കോപം കനപ്പിച്ച കാലുകളോടെ കയറാന്‍ തുടങ്ങി.

Tuesday, 25 November 2008

ഇല്ലാത്ത വാക്ക്

ബോറ് 11

-- എന്താ കുട്ടീ ഇത് നിന്റെ അച്ഛന്‍ വീട്ടച്ഛനാണെന്നോ?
-- ങ് ... ഹ്...ഹതേ മാം
-- അങ്ങനെയൊരു വാക്കില്ല. നിന്റെ അച്ഛനെന്താ ജോലി?
-- പ്രത്യേകിച്ചു ജോലിയൊന്നും ഇല്ല മാം.
-- നിങ്ങള്‍ക്ക് പറമ്പില്ലേ? അവിടെ കൃഷിയില്ലേ ?
-- യെസ് മാം. ഉണ്ട്
-- എങ്കില്‍ അച്ഛന്‍ കൃഷിക്കാരന്‍ എന്ന് എഴുതൂ
-- മാം അത് .. ഏഴു സെന്റ് സ്ഥലമാണ് ..കുറച്ചു പയറും മലക്കറിയും. അച്ഛനും അമ്മയും കൂടിയാണ് ചെയ്യുന്നത്..
-- അച്ഛന്‍ മറ്റെന്തു ചെയ്യും?
-- അമ്മ രണ്ടു ഷിഫ്റ്റും ജോലിചെയ്യുന്നതുകൊണ്ട് അച്ഛന്‍ വീട്ടിലെ കാര്യങ്ങള്‍..
-- ഹൊ അതല്ലെന്റെ കൊച്ചേ.. അച്ഛന്‍ വീടിനു പുറത്ത് മറ്റൊന്നും ചെയ്യുന്നില്ലേ?
-- എല്‍ ഐ സിയുടെ കളക്ഷനും ഒക്കെ...
-- അപ്പോള്‍ എല്‍ ഐ സി ഏജന്റ്റാണ്
‌-- ഏജന്‍സി അമ്മയുടെ അനുജത്തിയുടെ പേരിലാണ് മാം. അച്ഛന്‍ നടത്തുന്നു എന്നേയുള്ളൂ
-- നിന്റെ അച്ഛന്‍ എന്തായിരുന്നു ചെയ്തിരുന്നത് ?
-- അച്ഛന്‍ മാലിയില്‍ ആയിരുന്നു മാം. അവിടെ നിന്ന്‍ കമ്പനി പൊളിഞ്ഞു വന്നതാണ്..കുറെക്കാലമായി..
-- അപ്പോള്‍ നിന്റെ അച്ഛനു ജോലിയൊന്നുമില്ല.. അദ്ദേഹം ഒരു തൊഴില്‍ രഹിതനാണ്
-- അച്ഛനാണ് മാം വീട്ടിലെ എല്ലാക്കാര്യവും നോ...
-- യൂ ഗോ ആന്‍ഡ് ഡൂ വാട്ട് ഐ സേ
-- ഹുഹ്! യെസ് മാം
-- ഗോ ആന്‍ഡ് കറക്റ്റിറ്റ്. നിന്റെ അച്ഛന്‍ തൊഴില്‍രഹിതനാണ്.
-- യെ.. യെസ് മാം..

Tuesday, 30 September 2008

എന്നിട്ടും...

റബറുവെട്ടുകഴിഞ്ഞ് വരുന്ന മാധവനുകൊടുക്കാനല്ലേ രമണി പുട്ടും കടലക്കറിയും വച്ചു കാത്തിരുന്നത്?

സമയത്തിനു മാധവന്‍ വരാത്തതുകൊണ്ടല്ലേ അമ്മമ്മയ്ക്ക് വെള്ളം ചൂടാക്കാന്‍ പടിഞ്ഞാറ്റയ്ക്ക് പോകുന്നതിനു മുന്‍പ് ‘എന്നാലിനി കാത്തിരുന്നിട്ട് കഴിച്ചാല്‍ മതി’ എന്ന് കുറുമ്പ് വിചാരിച്ച് പുട്ടുവച്ചപാത്രം അലമാരയ്ക്കുള്ളില്‍ അടച്ചുവച്ച് വീടുചാരിപ്പോയത്?

ചാരിയിട്ട വീടിനുള്ളില്‍ ഒളിച്ചിരിക്കുമെന്ന് മനസ്സില്‍ കണ്ട് പരതിയിട്ടും കാണാത്ത പരിഭവത്തിനല്ലേ 'എന്നാലവളെ കാണിച്ചിട്ടേയുള്ളൂ' എന്ന് മനസ്സില്‍ പറഞ്ഞ് കണ്ണില്‍ പെട്ട പുട്ടും തിന്നാതെ മാധവന്‍ കടമുക്കിലേക്ക് പോയത്?

കൂട്ടുകാരന്റെ മുഖം വാടിയിരിക്കുന്നത് കണ്ട് സങ്കടം തോന്നീ‍ട്ടല്ലേ രാഘവന്‍ മാധവനോട് 'നീയിനി കാപ്പി കുടിക്കാന്‍ കടമുക്ക് വരേയും പോണ്ട്ര..ഷാപ്പീന്ന് കപ്പേം കറീം കഴിക്കാം' എന്ന് പറഞ്ഞത്?

കള്ളുകുടി നിറുത്തിയെന്ന് ശപഥമെടുത്തൂന്ന് പറഞ്ഞാല്‍ കൂട്ടുകാര്‍ പെണ്‍കോന്തനെന്ന് വിളിക്കുമെന്ന് ഭയന്നിട്ടല്ലേ മാധവന്‍ പുലരിക്കള്ള് കുടിച്ചത്?

'നിന്നാണെ കുടിക്കില്ലെടീ' എന്ന് മകളുടെതലയില്‍തൊട്ട് സത്യം ചെയ്തവന്‍ കള്ളിന്റെ മണവുമായി വരുന്നത് കണ്ടപ്പോള്‍ 'പാവം ചെക്കന്‍! എത്രനാളായി! വല്ലപ്പോഴുമിത്തിരി ഇളം കള്ള് കുടിച്ചാലെന്താപ്പം കൊഴപ്പം!!!' എന്ന് ഉള്ളില്‍ പറഞ്ഞിട്ടല്ലേ ശങ്കരമ്മാന്‍ മുഖം കടുപ്പിച്ച് 'എന്ത്രാ കഴുവറ്ടാ മോനേ പിന്നീം തെടങ്ങ്യോ കുടി?' എന്ന് ചോദിച്ചത്?

ഉള്ളില്‍ കിടന്ന കള്ളിന്റെ ധൈര്യത്തിലല്ലേ 'മിണ്ടാണ്ടെ പോ മൂപ്പീന്നേ' എന്ന് മാധവന്‍ മറുപടി പറഞ്ഞത്?

കാരണോരു തല്ലാന്‍ കയ്യോങ്ങിയത് കണ്ടപ്പോള്‍ ഉള്ളില്‍ സ്നേഹവും ബഹുമാനവും ഉള്ളതുകൊണ്ടല്ലേ മാധവന്‍ ഇടംവലം നോക്കാതെ വഴി മുറിച്ച് ചാടിയത്?

'പള്ളിക്കൂടത്തില്‍ കുട്ട്യോളെ വിടാന്‍ വൈകീല്ലോ ഭഗവതീ' എന്ന് ഉള്ള്‍ പിടഞ്ഞിട്ടല്ലേ മുന്നിലൊരുവളവുണ്ടായിട്ടും സ്കൂളിലേക്ക് റ്റാക്സിയോടിക്കുന്ന ചുണ്ടക്കാട്ടെ കുമാരേട്ടന്‍ വണ്ടീടെ സ്പീഡ് കുറയ്ക്കാതെ വന്നത്?

എന്നിട്ടും ...

എന്തിനാണ്,

'ഞാങ്കാരണമല്ലേ എല്ലാം' എന്ന്

കുറുമ്പ് കാണിച്ച രമണിയും

കൂട്ടുപോയ രാഘവനും

കളിപറഞ്ഞ കൂട്ടുകാരും

കാര്യം പറഞ്ഞ ശങ്കരമ്മാനും

കയ്യബദ്ധം പറ്റിയ കുമാരേട്ടനും


ചങ്കത്തടിച്ച് നിലവിളിക്കുന്നത് ?