ഇടുങ്ങിയ സ്റ്റെയര്‍ കെയ്സിലൂടെ ധട പട ...ധട പട എന്ന് മുഴങ്ങുകയാണ് ഓരോ കാല്‍വെയ്പ്പും. ധൃതിയില്‍ മുകളിലേക്ക് കയറുമ്പോള്‍ താഴെ നിന്ന് നഗരം മുഴുവന്‍ പിന്നാലെ കയറിവരുന്നതുപോലെ തോന്നും.
ഈ ദൂരം എന്നും ഓടിത്തീര്‍ക്കാന്‍ ഇഷ്ടപ്പെടുന്നത് അതുകൊണ്ടാണ്. മൂന്നാം നിലയിലെ മൂലക്കുള്ള മുറിയില്‍ കയറി കതകടയ്ക്കുന്നതുവരെയും പിന്നാലെ കുതിച്ചുവരുന്നവര്‍ക്ക് പിടികൊടുക്കരുത്.
നാല് മൂന്ന് രണ്ട് ഒന്ന്..... ഒന്നു വേഗം എന്റെ താക്കോലേ താഴേ... ഇണയാനും തിരിയാനും ഇത്രയും അമാന്തമരുത്.
ഹോ ..മുറിയിലേക്ക് കാലെടുത്തു വയ്ക്കാന്‍ കാത്തിരിക്കുകയായിരുന്നോ ടെലഫോണ്‍. കോളര്‍ ഐഡി വച്ചത് നന്നായി. മുഖമറിയാത്ത ആരോ പതിയിരിക്കുന്ന നിശബ്ദത ആദ്യവാക്കിനു മുന്‍പുള്ള ഒരു യുഗം അവസാനിക്കും വരെ ചെവിയോരത്തിഴഞ്ഞ് ഭയപ്പെടുത്തുകയില്ല..
വീട്ടില്‍ നിന്നാണ്. അവളായിരിക്കും. പുന്നാരം പറയാനാണ്. നല്ല നേരം. പുന്നാരം ക്ഷമിക്കാം. രണ്ടുവാക്ക് പറയുന്നതിനു മുന്നേ അടുത്തെവിടെയെങ്കിലും മധുവിന്റെ ശബ്ദം കേള്‍ക്കാം. ഏടത്തീ ഏട്ടനോട് അക്കാര്യം പറ... ഇക്കാര്യം പറ.. അല്ലെങ്കില്‍ മോള് ഒച്ചയെടുക്കുന്നുണ്ടാവും.. അമ്മേ ഈ ചെറിയച്ഛന്‍.....
അവിടെയിരുന്നടിക്കട്ടെ. റ്റി വിയില്‍ ന്യൂസ് ടൈം ആണ്. ഇന്നെന്തൊക്കെ ദുരന്തങ്ങള്‍ ഉണ്ടായെന്ന് വെറുതെ കേട്ടിരിക്കാം....
യാ.. ബീയിംഗ് ഹിയര്‍ അറ്റ് ദിസ് മൊമെന്റ് ഈസ് ഡൌണ്‍ റൈറ്റ് ഹൊറിബീള്‍ , ജീന്‍.... വീ ആര്‍ അഫ്രൈഡ് ഇഫ് ദെയര്‍ ഈസ് എനി അദര്‍ പേഴ്സണ്‍ ഡെഡ് ഓര്‍ ഇന്‍ജ്വേഡ് ലൈയിംഗ് അണ്‍നോട്ടീസ്ഡ് അമിഡ്സ്റ്റ് ദ കണ്‍ഫ്യൂഷന്‍.. മീന്‍ വൈല്‍ ദ സര്‍വൈവിംഗ് ചില്‍ഡ്രെന്‍....
താഴെ ചുമന്ന ബാനറില്‍ തുള്ളിപ്പോകുന്ന അക്ഷരങ്ങള്‍ . അണ്‍ ഐഡന്റിഫൈഡ് ഗണ്മാന്‍ ഫയേഴ്സ് അറ്റ് സ്കൂള്‍ ചില്‍ഡ്രെന്‍. അറ്റ് ലീസ്റ്റ് ഫൈവ് കന്‍ഫേംഡ്.....
ഓഫ് . ഓഫ്. ഓ.........ഫ്. മടുത്തു. എന്നും ദുരന്തങ്ങള്‍ മാത്രമേയുള്ളൂ. ആര് ആരെ കൊന്നു എന്നതിന്റെ കണക്കുകള്‍ മാത്രം ആണ് വാര്‍ത്തകള്‍.
ബീപ്..ബീപ്... ഫ്രിഡ്ജ് തുറന്നുകിടക്കുകയാണല്ലോ... പുറത്തു പോയിരുന്ന നേരത്ത് ആരെങ്കിലും അകത്തു കയറിയോ ആവോ. ഇതാദ്യമല്ല. ഇനി ഭക്ഷണം വേറേ ഉണ്ടാക്കണം. ആളില്ലാത്ത സമയത്ത് വീട്ടില്‍ കയറി ഫ്രിഡ്ജ് തുറക്കുന്നവരെ വിശ്വസിച്ച് അവര്‍ ബാക്കി വച്ചുപോയതൊന്നും കഴിക്കാന്‍ പറ്റില്ലല്ലോ.
പിഞ്ചുകുഞ്ഞുങ്ങളെ പോലും വെടിവച്ചുകൊല്ലുന്ന ദുഷ്ടന്മാരാണ് എല്ലായിടത്തും.
ഈ നശിച്ച നഗരത്തില്‍ നിന്ന് താമസം മാറണം. ഒരു സമാധാനവും ഇല്ല. ഇന്നു തന്നെ ഭാഗ്യത്തിനാണ് ജീവന്‍ രക്ഷപെട്ടു കിട്ടിയത്.
രാമകൃഷണനെ വിളിക്കണം. അവന്റെ അടുത്ത് ഒരു ജോലി ശരിയാക്കി തരാന്‍ പറയണം.
അവന്റെ പരിചയത്തില്‍ തന്നെയാണ് ആദ്യത്തെ ജോലി തരപ്പെട്ടത്. നാലുവര്‍ഷം. പലിശയും പലിശയ്ക്കു പലിശയുമായി കുന്നുകൂടിയ കടമെല്ലാം തീര്‍ന്നു.
വീട്ടില്‍ നിന്ന് വന്ന ഫോണുകളില്‍ ആധിയും ആവലാതിയും കുറഞ്ഞ് വന്നതാണ്. ഇടക്ക് ഒന്ന് നാട്ടില്‍ പോയി വന്നതാണ്. മടക്കയാത്രയുടെ ഓര്‍മയാണ് മോള്‍. അവളെ ഒന്നു കണ്ടിട്ടുകൂടി ഇല്ല.
എന്തുചെയ്യാനാണ്. കുഞ്ഞുണ്ടായ വര്‍ഷം തന്നെ കമ്പനി പൊളിഞ്ഞു. ഒപ്പമുണ്ടായിരുന്ന അരവിന്ദന്റെ കാരുണ്യത്തില്‍ കിട്ടിയ ഈ ജോലിക്കാകട്ടെ ശമ്പളം വല്ലപ്പോഴും കിട്ടും. കരാറിന്റെ ആറിലൊന്ന്.
‘സാരമില്ലേട്ടാ..കിട്ടിയ ജോലി കളയണ്ട. അവര്‍ ശമ്പളം തരുമായിരിക്കും .’ അവള്‍.
കാത്തു. ആറുമാസം.
‘സാരമില്ല മോനേ.. മധുവിനു ജോലിയൊണ്ടല്ലോ. അവന്‍ നോക്കുന്നൊണ്ട് എല്ലാം നല്ലതുപോലെ...’, അമ്മ.
ഭാഗ്യം. അവരുടെ കാര്യം അവന്‍ നോക്കിക്കൊള്ളുമല്ലോ... മധു ഉണ്ടല്ലോ... അവനു ജോലിയുണ്ടല്ലോ....
അരവിന്ദന്‍ ചതിയനാണെന്ന് പറഞ്ഞുതന്നത് സൈനുദ്ദീന്‍ . സ്പോണ്‍സറെ നഷ്ടപ്പെട്ടവരെ കരാറിനു പിടിച്ചുകൊടുത്താല്‍ അവനു കമ്മീഷന്‍ കിട്ടുമത്രേ. ‘എത്ര ശതമാനമാടാ പട്ടീ നിനക്ക്..’ അവന്റെ കഴുത്തിനുപിടിച്ചു. ഉത്തരം പറയാതെ അവന്‍ മിഴിച്ചു നോക്കി.
പിറ്റേന്ന് വീട്ടില്‍ നിന്ന് അവളുടെ ഫോണ്‍ . ‘ഏട്ടനെന്തിനാ വെറുതെ ആള്‍ക്കാരോട് വഴക്കിനു പോണേ...’ നീയെങ്ങനെ അറിഞ്ഞൂന്ന് ചോദിച്ചില്ല.
കഴിഞ്ഞതവണ നാട്ടില്‍ പോയിട്ടു വന്നപ്പോള്‍ അരവിന്ദന്‍പറഞ്ഞിരുന്നു അവള്‍ വച്ച മീന്‍ കറിയുടെ രുചി. തെണ്ടി.
അവളുടെ കാര്യങ്ങള്‍ നോക്കാന്‍ മധുവുണ്ടല്ലോ...
ജോലി പോകും എന്ന് വിചാരിച്ചു. പോയില്ല. അവനു പരാതിയില്ലാത്രേ. മാസം തോറും കമ്മീഷന്‍ കിട്ടുന്നതല്ലേ.
അവന്‍ പ്രതികാരം ചെയ്യാതിരുന്നില്ല. കമ്പനിയില്‍ സ്വസ്ഥത ഇല്ലാതായി. തിരിയുന്നിടത്തെല്ലാം അവന്റെ കൂട്ടുകാര്‍. പിന്നില്‍ നിന്ന് പരിഹാസം. കുശുകുശുപ്പ്. ചെയ്യുന്നതില്‍ എല്ലാം എന്തെങ്കിലും കുഴപ്പം. എന്നും അധികാരികളുടെ ഭീഷണി. മറ്റു മാര്‍ഗമൊന്നും ഇല്ലാത്തതുകൊണ്ട് പിടിച്ചു നിന്നു.
രാമകൃഷ്ണനെ വിളിക്കണം. ഇന്നു തന്നെ ഇവിടുന്നു പോകണം. ഫോണിന്റെ മെമറിയില്‍ അവന്റെ നമ്പര്‍ ... ഹൊ അതെവിടെ...? ദാ ആര്‍ കെ. അതു തന്നെ. ആര്‍കെ. ആര്‍ക്കെയാര്‍ക്കെ.... കിണുകിണുകിണുകിണിനോം.... കിണിനോം നീണ്ടുപോവുകയാണല്ലോ.... വിളിക്കുന്ന നമ്പര്‍ നിലവിലില. ഇല്ല. അങ്ങനെ വരാന്‍ പറ്റില്ല. ഒന്നുകൂടെ.. ..വീണ്ടും ഒന്നു കൂടെ.... ഇല്ല. നിലവിലില്ല. ...ടാ രാമകൃഷ്ണാ നീയും ചതിച്ചോ?
അരവിന്ദന്‍ തന്നെയാണ് ഇതിന്റെയും പിന്നില്‍. അവന്റെ ആള്‍ക്കാരാണ് ഇവിടെ മുഴുവന്‍. ചായകുടിക്കാന്‍ ഒന്നു പുറത്തിറങ്ങിയാല്‍ പമ്മിപ്പതുമ്മി ആരെങ്കിലും വരും പിന്നാലെ. വീടുപൂട്ടി പുറത്തുപോയാല്‍ കയറി തുറന്നു നോക്കും.
ശല്യം സഹിക്കാതെ പോലീസ്‌സ്റ്റേഷനില്‍ ചെന്നു. കാര്യം പറഞ്ഞപ്പോള്‍ പൊലീസുകാരനു കളിയും ചിരിയും. അരവിന്ദന്‍ കമ്മീഷനില്‍ പങ്ക് കൊടുക്കുന്നുണ്ടാവും.
കഞ്ചാവു കടത്തിവില്‍ക്കുന്നവനാണെങ്കിലും ആ ഹനി നല്ലവനാണ്. പാക്കിസ്ഥാനിയാണെങ്കിലും ജീവിക്കാനറിയാം. നമ്പരുതെന്ന് മാത്രം. അല്ലെങ്കില്‍ തന്നെ കള്ളനെ ആരു നമ്പുന്നു!
ചരടു ജപിച്ചു തരുന്ന കിളവന്റെ കാര്യം ഹനി ആണ് പറഞ്ഞത്. പോയി. ശത്രുക്കളുടെ ഉപദ്രവത്തില്‍ നിന്ന് രക്ഷ കിട്ടുമത്രേ. അവിടെ വരെ ചെല്ലേണ്ടി വന്നില്ല. വീടു ചോദിച്ചു വഴിയില്‍ നില്‍ക്കുമ്പോള്‍ വരുന്നു അരവിന്ദനും അവന്റെ ശിങ്കിടി സര്‍ദാര്‍ജിയും. സര്‍ദാര്‍ജിക്ക് കിളവന്റെ വീട് പറഞ്ഞുകൊടുത്തതും ഹനി.
കിഴവനെ കാണാതെ മടങ്ങി. തിരികെ വന്നപ്പോള്‍ വീട് തുറന്നു കിടക്കുന്നു. വെറുതെ അകത്ത് കയറി ഇരുന്നു. എതിര്‍ വശത്തെ ആഫ്രിക്കക്കാരന്‍ തുറിച്ചു നോക്കുന്നു വല്ലാതെ. അത്താഴത്തിനു പുറത്ത് പോയി വന്നപ്പോള്‍ അവന്‍ സ്റ്റെയര്‍ കെയ്സിനു കീഴില്‍ പതുങ്ങി നില്‍ക്കുന്നു. കണ്ണുകളില്‍ പൂച്ചയുടെ കണ്ണു പോലെ തിളക്കം.
അന്നുറങ്ങിയില്ല. കണ്ണടച്ചാല്‍ വീടിന്റെ ജനലിനരികില്‍ ഒരു കറുത്തപൂച്ച പതുങ്ങി വരുന്നതറിയാം.
കിഴവന്റെ ആഭിചാരമാണ്.
വീണ്ടും ഹനി. വാടക കുടിശ്ശിക കൊടുക്കാന്‍ വച്ചിരുന്ന പണം അവനു കൊടുക്കേണ്ടി വന്നു. എങ്കിലും അവന്‍ കാര്യം ശരിയാക്കിത്തന്നു. നാലുമാസത്തെ ശമ്പളത്തിന്റെ വിലയുള്ള സുരക്ഷയില്‍ രണ്ടുദിവസം മുറിക്കുള്ളില്‍ സ്വസ്ഥമായി കഴിഞ്ഞു.
എന്നാല്‍ ഇനി ഒന്നു പുറത്തിറങ്ങാം എന്ന് വിചാരിച്ചതാണ്. നൂറുമീറ്റര്‍ നടന്നില്ല പിന്നില്‍ പോലീസ് വണ്ടിയുടെ സൈറണ്‍. അരവിന്ദന്‍ എല്ലാം ശട്ടം കെട്ടിക്കാണണം.
എന്തുസംഭവിച്ചാലും പോലീസ് കേസുണ്ടായാല്‍ ഉത്തരവാദിത്വം തനിയേ ഏല്‍ക്കണം എന്നായിരുന്നു ഹനിയുമായുള്ള കരാര്‍.
ഓടി. വണ്ടി പിന്നില്‍ വന്നു. വളഞ്ഞു തിരിഞ്ഞ് മറ്റൊരു വഴിയില്‍ ഇറങ്ങി. രക്ഷ്പെട്ടെന്ന് വിചാരിക്കുമ്പോഴാണ് ഒരു മഞ്ഞ വണ്ടി നേരേ മുന്നില്‍.
വാര്‍ത്ത എന്തായോ? ശ്ചപ്പ്.
എ മാസ്സീവ് മാന്‍ഹണ്ട് ഈസ് ഓണ്‍ ഫൊര്‍ ദ അസ്സാസ്സിന്‍ ഹു ഫയേഡ് അറ്റ് ദ സ്കൂള്‍ ചില്‍ഡ്രന്‍ ദിസ് മോണിംഗ്. പൊലീസ് സോഴ്സസ് റിവീല്‍ ദാറ്റ് ദേ ഹാഡ് റിലയബിള്‍ ഇന്‍ഫൊര്‍മേഷന്‍ റിഗാഡിംഗ് ദ ഐഡന്റിറ്റി ഓഫ് ദ കില്ലര്‍...
ഹോ! ഈ ഹെലിക്കോപ്റ്ററുകള്‍ എല്ലാം എവിടെയാണിരമ്പുന്നത്? താഴെ വഴിയില്‍ നിന്ന് മുകളിലേക്ക് തടിയുടെ സ്റ്റെയര്‍ കെയ്സിലൂടെ നഗരം ഇരച്ചുകയറി വരുന്നതെന്താണ്?
നാശം പിടിക്കാന്‍. ഹനി തന്ന തോക്കില്‍ ഉണ്ട തീര്‍ന്നുകാണണം. അതുകയ്യിലുണ്ടായിരുന്നതു കൊണ്ടല്ലേ രക്ഷപെടാന്‍ പറ്റിയത്...
മഞ്ഞ വണ്ടിയില്‍ വന്നതാരെന്ന് പറഞ്ഞാല്‍ അവളും അമ്മയും പോലും വിശ്വസിക്കില്ല. വണ്ടി നിറുത്തിയതും ചാടിയിറങ്ങുകയല്ലായിരുന്നോ വെള്ളയുടുപ്പിട്ട കറുത്ത പൂച്ചകള്‍.
കിഴവന്റെ ആഭിചാരം ഭയങ്കരം തന്നെ. തിളങ്ങുന്ന കണ്ണുള്ള കറുത്തപൂച്ചത്തലകള്‍ കണ്ണില്‍ പെടാതെപോയാല്‍ സ്കൂളില്‍ പോകാന്‍ ഒരുങ്ങിവന്ന കുട്ടികളാണെന്നേ ആരും പറയൂ.
വാതിലിനു പുറത്ത് പടികയറി വന്ന നഗരമിരമ്പുന്നു. ജനാലയോട് ചേര്‍ന്ന് ഹെലിക്കോപ്റ്റര്‍ അലറുന്നു.
തിരയെവിടെ? വിരലുകളേ ഇപ്പോള്‍ ഇങ്ങനെ വിറയ്ക്കരുത്.... എന്റെ കൈകളെ അനാഥരാക്കരുത്....