റബറുവെട്ടുകഴിഞ്ഞ് വരുന്ന മാധവനുകൊടുക്കാനല്ലേ രമണി പുട്ടും കടലക്കറിയും വച്ചു കാത്തിരുന്നത്?
സമയത്തിനു മാധവന്‍ വരാത്തതുകൊണ്ടല്ലേ അമ്മമ്മയ്ക്ക് വെള്ളം ചൂടാക്കാന്‍ പടിഞ്ഞാറ്റയ്ക്ക് പോകുന്നതിനു മുന്‍പ് ‘എന്നാലിനി കാത്തിരുന്നിട്ട് കഴിച്ചാല്‍ മതി’ എന്ന് കുറുമ്പ് വിചാരിച്ച് പുട്ടുവച്ചപാത്രം അലമാരയ്ക്കുള്ളില്‍ അടച്ചുവച്ച് വീടുചാരിപ്പോയത്?
ചാരിയിട്ട വീടിനുള്ളില്‍ ഒളിച്ചിരിക്കുമെന്ന് മനസ്സില്‍ കണ്ട് പരതിയിട്ടും കാണാത്ത പരിഭവത്തിനല്ലേ 'എന്നാലവളെ കാണിച്ചിട്ടേയുള്ളൂ' എന്ന് മനസ്സില്‍ പറഞ്ഞ് കണ്ണില്‍ പെട്ട പുട്ടും തിന്നാതെ മാധവന്‍ കടമുക്കിലേക്ക് പോയത്?
കൂട്ടുകാരന്റെ മുഖം വാടിയിരിക്കുന്നത് കണ്ട് സങ്കടം തോന്നീട്ടല്ലേ രാഘവന്‍ മാധവനോട് 'നീയിനി കാപ്പി കുടിക്കാന്‍ കടമുക്ക് വരേയും പോണ്ട്ര..ഷാപ്പീന്ന് കപ്പേം കറീം കഴിക്കാം' എന്ന് പറഞ്ഞത്?
കള്ളുകുടി നിറുത്തിയെന്ന് ശപഥമെടുത്തൂന്ന് പറഞ്ഞാല്‍ കൂട്ടുകാര്‍ പെണ്‍കോന്തനെന്ന് വിളിക്കുമെന്ന് ഭയന്നിട്ടല്ലേ മാധവന്‍ പുലരിക്കള്ള് കുടിച്ചത്?
'നിന്നാണെ കുടിക്കില്ലെടീ' എന്ന് മകളുടെതലയില്‍തൊട്ട് സത്യം ചെയ്തവന്‍ കള്ളിന്റെ മണവുമായി വരുന്നത് കണ്ടപ്പോള്‍ 'പാവം ചെക്കന്‍! എത്രനാളായി! വല്ലപ്പോഴുമിത്തിരി ഇളം കള്ള് കുടിച്ചാലെന്താപ്പം കൊഴപ്പം!!!' എന്ന് ഉള്ളില്‍ പറഞ്ഞിട്ടല്ലേ ശങ്കരമ്മാന്‍ മുഖം കടുപ്പിച്ച് 'എന്ത്രാ കഴുവറ്ടാ മോനേ പിന്നീം തെടങ്ങ്യോ കുടി?' എന്ന് ചോദിച്ചത്?
ഉള്ളില്‍ കിടന്ന കള്ളിന്റെ ധൈര്യത്തിലല്ലേ 'മിണ്ടാണ്ടെ പോ മൂപ്പീന്നേ' എന്ന് മാധവന്‍ മറുപടി പറഞ്ഞത്?
കാരണോരു തല്ലാന്‍ കയ്യോങ്ങിയത് കണ്ടപ്പോള്‍ ഉള്ളില്‍ സ്നേഹവും ബഹുമാനവും ഉള്ളതുകൊണ്ടല്ലേ മാധവന്‍ ഇടംവലം നോക്കാതെ വഴി മുറിച്ച് ചാടിയത്?
'പള്ളിക്കൂടത്തില്‍ കുട്ട്യോളെ വിടാന്‍ വൈകീല്ലോ ഭഗവതീ' എന്ന് ഉള്ള്‍ പിടഞ്ഞിട്ടല്ലേ മുന്നിലൊരുവളവുണ്ടായിട്ടും സ്കൂളിലേക്ക് റ്റാക്സിയോടിക്കുന്ന ചുണ്ടക്കാട്ടെ കുമാരേട്ടന്‍ വണ്ടീടെ സ്പീഡ് കുറയ്ക്കാതെ വന്നത്?
എന്നിട്ടും ...
എന്തിനാണ്,
'ഞാങ്കാരണമല്ലേ എല്ലാം' എന്ന്
കുറുമ്പ് കാണിച്ച രമണിയും
കൂട്ടുപോയ രാഘവനും
കളിപറഞ്ഞ കൂട്ടുകാരും
കാര്യം പറഞ്ഞ ശങ്കരമ്മാനും
കയ്യബദ്ധം പറ്റിയ കുമാരേട്ടനും
ചങ്കത്തടിച്ച് നിലവിളിക്കുന്നത് ?