Friday, 4 January 2008

അദ് തന്നെ !!

വേലുക്കുട്ടിക്കണിയാരുടെ മൂത്തമകന്‍ രവീന്ദ്രന്‍ പതിവുപോലെ ചൂണ്ടക്കലെ ഷാജിയുടെ മാടത്തില്‍ നിന്ന് ബാറ്ററിയിട്ട് വാറ്റിയതും കുടിച്ച്,

കവലയില്‍ വന്ന് അമ്മായിയുടെ മകള്‍ സരോജയെ വരത്തനെക്കെട്ടി എന്ന കുറ്റത്തിനു ചെകിട്ടത്തുതല്ലി, വേച്ചുവീഴാന്‍ പോയതക്കത്തിനു നാട്ടുകാര്‍ കാണെ അവളുടെ സ്വകാര്യസ്വത്തുക്കളുടെ മുഴുപ്പും തൂക്കവും അളന്ന്,

തടസ്സം പിടിക്കാന്‍ എവിടെനിന്നോ ഓടിവന്ന വേലുക്കുട്ടിക്കണിയാരുടെ അടിനാഭിക്ക് തൊഴിച്ച്,

നാട്ടുകാര്‍ തല്ലും എന്നായപ്പോള്‍ പിന്‍‌വലിഞ്ഞ് കവലയുടെ മൂലക്ക് വന്ന് എല്ലാരെയും തുണിപൊക്കിക്കാട്ടി ചീത്തവിളിച്ച്,

കനാലിന്റെ കലുങ്കിറങ്ങി മൂലക്ക് നത്തുമാത്തപ്പന്റെ കയ്യില്‍ നിന്ന് കഞ്ചാവും വാ‍ങ്ങി,

ആറാമത്തെ പറ്റുപടിക്കാരി വത്സലയുടെ വീട്ടില്‍ കയറി വത്സലപിഴച്ചുപെറ്റ നാലുവയസ്സുകാരന്‍ സ്വന്തപുത്രനെ മുളംചില്ലികൊണ്ടു തല്ലി തുടപൊട്ടിച്ച്, വത്സലയുടെ കഞ്ഞിയും കലവും പൊട്ടിച്ച് നാടുമുഴക്കെ പൊലയാ‍ട്ടുവിളിച്ചു പടിയിറങ്ങി,

വയല്‍ മുറിച്ച് കാവില്‍ വന്നു ആല്‍ത്തറയില്‍ കിടക്കുമ്പോള്‍ വീട്ടില്‍ പട്ടിണികിടക്കുന്ന മാതാപിതാക്കളെയും ഭാര്യയെയും ജന്മനാ ദീനക്കാ‍രിയായ രണ്ടുവയസ്സുകാരി മകളെയും ഓര്‍മവരികയും, രാവുമുഴുവന്‍ കരയുകയും, കുടിനിറുത്തി ജോലി ചെയ്തു കുടുംബം നോക്കാന്‍ തീരുമാനിച്ചു മടിക്കുത്തിലെ കഞ്ചാവ് എറിഞ്ഞുകളഞ്ഞ്,

നേരം പുലരാന്‍ നേരം വീട്ടിലേക്ക് തിരിക്കുമ്പോല്‍ വഴിയില്‍ വച്ച് മൂര്‍ഖന്‍പാമ്പ് കടിച്ച്, മരിക്കും മുമ്പ് വീട്ടിലെത്തി മകളെയെങ്കിലും കാണാനുള്ള തിടുക്കത്തില്‍ ഓടി കാലുതിരിഞ്ഞ് കനാലില്‍ വീണ് .....

വൈകുന്നേരം ആല്‍ത്തറയില്‍ വിളക്കു വയ്ക്കും മുന്‍പ് ചോരപോലെ ചെമപ്പു തുപ്പി കല്ല്യാണിയമ്മ പറഞ്ഞു: ഗുരുത്വദോഷി... അവനങ്ങനെതന്നെ വരണം! മൊകളിലൊരാളിരിപ്പില്ല്യോ...