Friday, 4 January 2008

അദ് തന്നെ !!

വേലുക്കുട്ടിക്കണിയാരുടെ മൂത്തമകന്‍ രവീന്ദ്രന്‍ പതിവുപോലെ ചൂണ്ടക്കലെ ഷാജിയുടെ മാടത്തില്‍ നിന്ന് ബാറ്ററിയിട്ട് വാറ്റിയതും കുടിച്ച്,

കവലയില്‍ വന്ന് അമ്മായിയുടെ മകള്‍ സരോജയെ വരത്തനെക്കെട്ടി എന്ന കുറ്റത്തിനു ചെകിട്ടത്തുതല്ലി, വേച്ചുവീഴാന്‍ പോയതക്കത്തിനു നാട്ടുകാര്‍ കാണെ അവളുടെ സ്വകാര്യസ്വത്തുക്കളുടെ മുഴുപ്പും തൂക്കവും അളന്ന്,

തടസ്സം പിടിക്കാന്‍ എവിടെനിന്നോ ഓടിവന്ന വേലുക്കുട്ടിക്കണിയാരുടെ അടിനാഭിക്ക് തൊഴിച്ച്,

നാട്ടുകാര്‍ തല്ലും എന്നായപ്പോള്‍ പിന്‍‌വലിഞ്ഞ് കവലയുടെ മൂലക്ക് വന്ന് എല്ലാരെയും തുണിപൊക്കിക്കാട്ടി ചീത്തവിളിച്ച്,

കനാലിന്റെ കലുങ്കിറങ്ങി മൂലക്ക് നത്തുമാത്തപ്പന്റെ കയ്യില്‍ നിന്ന് കഞ്ചാവും വാ‍ങ്ങി,

ആറാമത്തെ പറ്റുപടിക്കാരി വത്സലയുടെ വീട്ടില്‍ കയറി വത്സലപിഴച്ചുപെറ്റ നാലുവയസ്സുകാരന്‍ സ്വന്തപുത്രനെ മുളംചില്ലികൊണ്ടു തല്ലി തുടപൊട്ടിച്ച്, വത്സലയുടെ കഞ്ഞിയും കലവും പൊട്ടിച്ച് നാടുമുഴക്കെ പൊലയാ‍ട്ടുവിളിച്ചു പടിയിറങ്ങി,

വയല്‍ മുറിച്ച് കാവില്‍ വന്നു ആല്‍ത്തറയില്‍ കിടക്കുമ്പോള്‍ വീട്ടില്‍ പട്ടിണികിടക്കുന്ന മാതാപിതാക്കളെയും ഭാര്യയെയും ജന്മനാ ദീനക്കാ‍രിയായ രണ്ടുവയസ്സുകാരി മകളെയും ഓര്‍മവരികയും, രാവുമുഴുവന്‍ കരയുകയും, കുടിനിറുത്തി ജോലി ചെയ്തു കുടുംബം നോക്കാന്‍ തീരുമാനിച്ചു മടിക്കുത്തിലെ കഞ്ചാവ് എറിഞ്ഞുകളഞ്ഞ്,

നേരം പുലരാന്‍ നേരം വീട്ടിലേക്ക് തിരിക്കുമ്പോല്‍ വഴിയില്‍ വച്ച് മൂര്‍ഖന്‍പാമ്പ് കടിച്ച്, മരിക്കും മുമ്പ് വീട്ടിലെത്തി മകളെയെങ്കിലും കാണാനുള്ള തിടുക്കത്തില്‍ ഓടി കാലുതിരിഞ്ഞ് കനാലില്‍ വീണ് .....

വൈകുന്നേരം ആല്‍ത്തറയില്‍ വിളക്കു വയ്ക്കും മുന്‍പ് ചോരപോലെ ചെമപ്പു തുപ്പി കല്ല്യാണിയമ്മ പറഞ്ഞു: ഗുരുത്വദോഷി... അവനങ്ങനെതന്നെ വരണം! മൊകളിലൊരാളിരിപ്പില്ല്യോ...

39 comments:

ഗുപ്തന്‍ said...

അദ് തന്നെ !!


ഒരുപാടുപേര്‍ പറഞ്ഞ് ഏറെക്കേട്ട ഒരു കഥ ഒറ്റശ്വാ‍സത്തില്‍ ഒന്നു പറഞ്ഞുനോക്ക്യതാ... വെറ്‌തെ...

മിന്നാമിനുങ്ങുകള്‍ //സജി.!! said...

അപ്പോള്‍ അതാണ് സംഗതി അല്ലെ..?
ഒറ്റ ശ്വാസത്തിലാണൊ മാഷെ പറഞ്ഞുതീര്‍ത്തെ..?

കൂട്ടുകാരന്‍ said...

ഞാന്‍ ഒന്ന് ഒറ്റശ്വാസത്തില്‍ പറയാന്‍ നോക്കി..നടന്നില്ല..:)

വെള്ളെഴുത്ത് said...

സോളമന്‍ ഗ്രണ്ടിയുടെ (നേഴ്സറിപ്പാട്ട്) ജീവിതം പോലെ ഋജുവും ലളിതവുമായ മറ്റൊരു ജീവിതം. പരത്തിയെടുത്താല്‍ നന്നാവുമായിരുന്ന കുണ്ടുംകുഴികളുമുള്ള അക്രമാസക്തമായ ഒരൊറ്റ വാക്യം.

മുച്ചീട്ടുകളിക്കാരന്‍ said...

ഇതാണ് ഗുപ്താ കഥ.
ഒറ്റശ്വാസത്തിലായാലും അല്ലേലും
ഇദ് തന്നെ!!
അത്
ഏത്?

വേണു venu said...

ശങ്കര്‍‍ മഹാദേവന്‍റെ പാട്ടു പോലെ ഞാനിതുമൊന്നു നോക്കി.ഒറ്റ ശ്വാസത്തില്‍‍ വായിച്ചു.പറ്റിയില്ല. ഇടയ്ക്കൊക്കെ എനിക്കു് ദീര്‍ഘനിശ്വാസം പോലെ എന്തോ.? വെള്ളെഴുത്തു പറഞ്ഞതു് എനിക്കും തോന്നുന്നു...

സിമി said...

അദ് ന്തായാലും കലക്കീട്ടൊണ്ട്

നല്ല കഥ!

കിനാവ് said...

സിമിയും പണ്ടിതുപോലെരെണ്ണം കുത്തിടാതെ എഴുതീര്‍ന്നു. അതിനെന്തോ ഒരു പേര് പറഞ്ഞല്ലാ, എന്താദ്...?

വാല്‍മീകി said...

അതെനിക്ക് ക്ഷ പിടിച്ചു.
ഇങ്ങനെയും ടെക്നിക് ഉണ്ട് അല്ലേ?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ശ്വാസം വിട്ടോ മാഷേ.കലക്കീട്ടുണ്ട്

Sebin Abraham Jacob said...

കൊള്ളാം. ചില പഴയ സദാചാര പുസ്തകങ്ങളിലും മറ്റും ഇതേപോലെ വിരാമില്ലാതെ എഴുതിപ്പോകുന്ന കഥകള്‍ കണ്ടിട്ടുണ്ടു്.

ദസ്തക്കിര്‍ said...

മാര്‍ക്കേസിന്റെ ചില വരികള്‍ ഇങ്ങനെ വായിച്ചതോര്‍മയുണ്ട്..

കുട്ടന്‍മേനൊന്‍ said...

വിട്ടോളൂ.. വിട്ടോളൂ.. ശ്വാസം.
നന്നായിട്ടുണ്ട്.

ഏറനാടന്‍ said...

ഗുപ്‌‌തന്‍‌ജീ,

വായിച്ചപ്പോള്‍ എന്റെ ശ്വാസവും പോയി.. ഹൂ... എന്നാ കഥൈ! കണ്‍ നിറഞ്ഞു.

ഓ.ടോ:- കഥ വായിച്ച് പ്രൊഫൈലില്‍ നോക്കിയപ്പോ നടുങ്ങിപോയ്‌. സാക്ഷാല്‍ ചിത്രഗുപ്‌‌തന്‍ ആണോ എന്നുതോന്നും.. ഭീകരപടം ഇട്ടാല്‍ പിള്ളേരൊന്നും ഈ വഴിവരൂല്ല കേട്ടോ.. :)

Pramod.KM said...

എന്തൊരു കഥയായിപ്പോയി ഇത്:)

സനാതനന് ‍| sanathanan said...

ഒറ്റ ഷോട്ടില്‍ ഒരു ചലച്ചിത്രം എന്നു കേട്ടിട്ടൊണ്ട്.
ആളുകളെ ശ്വാസം മുട്ടിച്ചുകൊല്ലുവോ!!!

കുതിരവട്ടന്‍ | kuthiravattan said...

കഥ കൊള്ളാം.

എം മെര്‍കുഷിയോ I M Mercutio said...

വേലുക്കുട്ടികണിയാരുടെ മൂത്ത മകന്‍ രവീന്ദ്രന്‍ അത് ഞമ്മളല്ലേന്നു ചോദിച്ച് ഇപ്പോ എത്തും എം കെ ഹരികുമാറ് മുത്തപ്പ (മുത്തപ്പ> നാട്ടിലെ എല്ലാ ഗര്‍ഭങ്ങളും ഏറ്റെടുക്കുന്ന ബഷീറിന്റെ കഥാപാത്രം). അടുത്ത റൌണ്ട് തെറി ബ്ലോഗര്‍മാര്‍ കാത്തിരിക്കുക. നിങ്ങള്‍ ഗറില്ലയോ വെട്ടികിളിയോ ആകാം.
പി. എസ്. നല്ല കഥ

ഗുപ്തന്‍ said...

യ്യൊ... ഇദ് വേറേയാണേ വിഷയം. ആ സാറിനു കൊടുക്കാനുള്ളത് ഞാന്‍ നേരത്തെ കൊടുത്താരുന്നു. കടം വച്ചിട്ടില്ല.

Seema said...

ഒറ്റ ശ്വാസത്തില്‍ വായിച്ചു ഞാനും കിതച്ചു പോയി...

നിലാവര്‍ നിസ said...

തടഞ്ഞു വീഴുമെന്നു പേടിച്ചു
വീണില്ല
പേടികള്‍ അപ്രസക്തമായ സ്ഥിതിക്ക്
കമന്റിടാ‍ന്‍ പേടിക്കണ്ടല്ലോ..

നല്ല വായന..

ഗുപ്തന്‍ said...

എന്തൂട്ട്!??

കൊച്ചുത്രേസ്യ said...

ഗുപ്താ എന്തിനിത്ര പിശുക്കുന്നു. രണ്ടുമൂന്നു കുത്ത്‌ അവിടേം ഇവിടെമൊക്കെ ഇട്ടൂടേ.ഇല്ലെങ്കില്‌ വായനക്കാര്‌ അന്ത്യശ്വാസം വലിച്ചുപോകും.:-)

ഗുപ്തന്‍ said...

Solomon Grundy,
Born on a Monday,
Christened on Tuesday,
Married on Wednesday,
Took ill on Thursday,
Grew worse on Friday,
Died on Saturday,
Buried on Sunday.
That was the end of
Solomon Grundy.

വെള്ളെഴുത്തുമാഷ് പറഞ്ഞ സോങ് ഇത്.

ഡിവൈന്‍ ഇന്റര്‍‌വെന്‍ഷന്‍ എന്ന സങ്കല്‍പ്പത്തെക്കുറിച്ച് പൊതുവെയുള്ള ധാരണകളിലെ ലോജിക് ഇല്ലായ്മ ഒന്നു വരച്ചിടണം എന്നേ വിചാരിച്ചുള്ളൂ. അതിനു പറ്റിയ ബ്രിസ്ക് ആയ ഒരു രീതി സെബിന്‍ പറഞ്ഞ പഴമ്പുരാണങ്ങളുടേതും കണ്ടന്റ് ഒരു ക്ലീഷേ പോലെ സര്‍വ സാധാരണവും ആയിരിക്കണം എന്ന് തോന്നി. അതാണ് കഥക്ക് പിന്നിലെ കഥ.

ഇതിനെക്കുറിച്ചോര്‍ക്കാന്‍ അവസരം തന്നത് വണ്‍ സ്വാളോ ആണ്. റിട്രിബ്യൂഷനെ സംബന്ധിച്ച രണ്ടുപോസ്റ്റുകള്‍ സമീപകാലത്ത് അദ്ദേഹം വലിപ്പുതുറന്ന് കാണിച്ചിരുന്നു.

വായിച്ചവര്‍ക്കും കമന്റിയ്‌വര്‍ക്കും നന്ദി. സ്വാളോക്കും.

The Prophet Of Frivolity said...

Hey Guptan,

Thank you...
I have a made a reply to your comment on my comment(confusion..eh?). I deleted my original comment anyway. All this is off-topic. Sorry. You see..I hate making errors..
Cheers.
latheef,abdul.

Eccentric said...

ഗുപ്തേട്ടാ, അത്യുഗ്രന്‍. വാക്കുകള്‍ കിട്ടുന്നില്ല എന്നൊക്കെ പറയാന്‍ വരുന്നു :)
ഞാന്‍ ഒരു ലിങ്ക് എടുക്കുവാണേ....

ശ്രീ said...

ഗുപ്തന്‍‌ ജീ...

അതു കലക്കീ...
ഹൊ... എന്നാലും ഒറ്റ ശ്വാസത്തില്‍‌ വായിച്ചെത്തിയ്ക്കാന്‍‌ ബുദ്ധിമുട്ടാണ്‍‌ട്ടോ.

:)

ഗീത് said...

പുനര്‍ജ്ജന്മമുണ്ടോന്ന് അറിയില്ല, ആസ്ഥിതിക്കു് കൈയില്‍ കിട്ടിയ ജന്മം ഉപകാരപ്രദവും, ഉപയോഗപ്രദവുമാക്കാതെ, ഇതുപോലെ പഴാക്കിക്കളയുന്ന ഒരു ടിപ്പിക്കല്‍ നാട്ടിന്‍പുറത്തുകാരന്റെ ഛായചിത്രം, ഒറ്റശ്വാസത്തില്‍ വരച്ചിട്ടത് മനോഹരം.....

ഗുപ്തന്‍ said...

Eccentric :)

ശ്രീ :)

ഗീതാഗീതികള്‍ :)

നന്ദി

Teena C George said...

എത്താന്‍ താമസിച്ചു...
കഥ നന്നായിട്ടുണ്ട്...

പിന്നെ ഇതേ കഥയെത്തന്നെ Divine Intervention ന്റെ നല്ല ഉദാഹരണമായും വ്യാഖ്യാനിച്ചുകൂടെ? വിഷച്ചാരായം അടിച്ചോ, വല്ലവന്റേയും കുത്തുകൊണ്ടോ, ഇനി ഒരുപക്ഷേ മൂര്‍ഖന്‍ കടിച്ചോ അതുമല്ലെങ്കില്‍ കനാലില്‍ വീണോ പണ്ടേയ്ക്കു പണ്ടേ വീരമൃത്യു അകേണ്ടവനായിരുന്നില്ലേ രവീന്ദ്രന്‍...
അങ്ങനൊന്നും ആകാതെ, ഈ ഒരു നിമിഷത്തിനു വേണ്ടി കാത്തുവച്ചത് എന്തിനായിരുന്നു എന്നൊരു മറുചോദ്യം ഉയര്‍ന്നേക്കാം!

മുരളി മേനോന്‍ (Murali K Menon) said...

കമന്റില്‍ നിന്നും കമന്റിലേക്ക്... ഇവിടെ വന്നത് മുതലായി.
ഇഷ്ടപ്പെട്ടു..

അപ്പു said...

യോദ്ധാ സിനിമയിലെ “പടകാളി...” എന്നു തുടങ്ങുന്ന പാട്ടുകേട്ടപോലെ തോന്നി ഗുപ്താ. ഈ ഗുപ്തനെ കാണാന്‍ ആദ്യമായാ ഈ വഴി വരുന്നത്. വായിച്ചു. വാഴനാരും വായിച്ചു. അപ്പോ ആളെ മനസിലായി. നന്ദി. ഇനിയും വരാട്ടോ.

എതിരന്‍ കതിരവന്‍ said...

ബ്രെത്ലെസ്സ് കഥ എന്ന പുതിയ ആവിഷ്കരണ രീതി വന്നു ഭവിച്ചിരിക്കുന്നു. എം. പി അപ്പനും ആഷാ മേനോനും ഒന്നും ഇതു കാണുന്നില്ലെ?

നല്ല കഥ ഗുപ്താ.

സരോജയ്ക്കു അടി കിട്ടുമ്പോഴും വത്സലയുടെ നാലുവയസ്സുകാരന്‍ മകന് പീഡനമേല്‍ക്കുമ്പോഴും ഡിവൈന്‍ ഇന്റെര്‍വെന്‍ഷന്‍ നടക്കുകയില്ല എന്നതാണ്‍ അതിന്റെ ലോജിക്ക്(ഇല്ലായ്മ).

പ്രഹ്ലാദന്‍ അനുഭവിക്കേണ്ട വന്ന മഹാ ദുരിതങ്ങള്‍ (മലമുകളില്‍ നിന്നും വീഴേണ്ടി വരുക, തീയിലേക്ക് ചാടെണ്ടീ വരുക) സമയത്ത് അതിനെ ഒഴിവാക്കാതെ ഇതെല്ലാം കഴിഞ്ഞാണ് നരസിഹം അവതരിക്കുന്നത്.

ലേഖാവിജയ് said...

കോമകള്‍ ഉള്ളേടത്ത് നിര്‍ത്തി നിര്‍ത്തി വായിച്ചു.ആ നാട്ടിന്‍പുറത്ത് കാരന്‍ മദ്യപാനിയുടെ വാഗ്മയ ചിത്രം അസ്സലായിരിക്കുന്നു.ആശംസകള്‍ !

Sandeep PM said...

വായിച്ചപ്പോള്‍ ദസ്തെവിസ്കി യുടെ കുടിയനെ ഓര്മ്മ വന്നു.അവസാനം കലക്കി കേട്ടോ

അഭിലാഷങ്ങള്‍ said...

പന്ത്രണ്ട് കൊമ...

സീറോ ഫുള്‍‌സ്റ്റോപ്പ്...

പോസ്റ്റില്‍ ഒരു എക്സ്ക്ലമേഷന്‍..

എഡ്ഡിങ്ങില്‍ രണ്ട് എക്സ്ക്ലമേഷന്‍..

നല്ല കഥ...

അദ് തന്നെ..!!

:-)

ഗുപ്തന്‍ said...

teena :)

മുരളിയേട്ടാ :)

അപ്പുവേട്ടാ :)

കതിരവന്‍ മാഷേ :) വായനയ്ക്ക് നന്ദി.

ലേഖ :)

ദീപു :)

അഭീ :)

സന്ദര്‍ശനത്തിനും കമന്റിനും നന്ദി.

റോബി said...

കിടിലന്‍ ക്രാഫ്റ്റ്. ഹിച്കോക്കിന്റെയൊക്കെ ചില ഷോട്ടുകള്‍ പോലെ...

രവീന്ദ്രന്‍ എന്നെ സങ്കടപ്പെടുത്തി കേട്ടോ.

ആറേയാറു ഷോട്ടില്‍ ഒറ്റ സീക്വന്‍സില്‍‍ ഒരു ഹ്രസ്വചിത്രത്തിനുള്ള സ്കോപ്പുണ്ട്..:)

lakshmy said...

ആറാമ്പറ്റുപടിക്കാരി വത്സലയില്‍ പിറന്ന [സ്വന്തം]മകന്റെ തുട തല്ലിപ്പൊട്ടിക്കുമ്പോള്‍ തോന്നാത്ത ദൈന്യത [സ്വന്തം] ഭാര്യയില്‍ പിറന്ന മകളോട് തോന്നിയതെന്തേ എന്നൊരു സംശയം തൊന്നിയെങ്കിലും ‘നന്നാവാന്‍’ഒരവസരം കൊടുത്തില്ലല്ലൊ അയാള്‍ക്ക്. കഷ്ടം.

സംഭവിക്കാന്‍ സാധ്യതയില്ലാത്തത് സംഭവിക്കുമ്പോള്‍ ദാ കിടക്കുന്നു ആള്‍ കനാലില്‍
ഓ..ഡിവൈന്‍ ഇന്റര്‍വെന്‍ഷന്റെ ലോജിക് ഇലയ്മയാണല്ലൊ കഥആ‍ാകാരന്‍ പറയാന്‍ ഉദ്ദേശിച്ചത് അല്ലെ? കഥ ഇഷ്ടമായി. വലിച്ചു നീട്ടിയാല്‍ ഒരു നോവല്‍ ആക്കാനുള്ള കാര്യങ്ങള്‍ ഒറ്റശ്വാസത്തില്‍

Post a Comment