രേണുകേ ഈ വൃത്തികെട്ട കോട്ടണ്‍ ഗൌണുമിട്ട് നെറം പോയ ഷീറ്റും പൊതച്ച് നീയിങ്ങനെ ഒറങ്ങിക്കെടക്കുമ്പം നിന്റെ മൂക്കും പകുതിതൊറന്ന വായും ചേര്‍ത്ത് ഈ പഴേ തലേണയൊന്നമര്‍ത്തിയാ, വെറും മൂന്നുമിനിട്ട്, അത്രപോലും വേണ്ട രണ്ടുകയ്യുംകൊണ്ട് എന്റെ കയ്യീ മുറുകെപ്പിടിച്ച്, രണ്ടുകണ്ണും തുറിച്ച് എന്നെ മാത്രം നോക്കി, നീ പെടഞ്ഞുപെടഞ്ഞു ചാവും.
നമ്മടെ അംബികേടെ അബോര്‍ഷന്‍ നടത്തിയ മോഹനന്‍ ഒണ്ടല്ലോ അവനും ഞാനും കൂടി ഇന്നലെ അപ്സരേന്ന് വെള്ളമടിച്ചതേയുള്ളൂ. നിന്റെ ആ എടക്കെടക്കുവരുന്ന കൊണപ്പെടാത്ത ഗാസ്ട്രബിളൊണ്ടല്ലോ അത് ഹൃദ്രോഗത്തിന്റെ ആരംഭമാരുന്നെന്നും ഒറക്കത്തിലെങ്ങാണ്ട് കാലന്‍ വന്ന് നിന്നെ കെട്ടിവലിച്ചോണ്ട്പോയെന്നും അവന്‍ സുന്ദരമായിട്ട് ചീട്ടെഴുതിത്തരും.
എനിക്കറിയാം രേണുകേ നിനക്കൊരു വിചാരമൊണ്ട് നിനക്കെന്തെങ്കിലും പറ്റിയാല് പിള്ളേരെ ആരുനോക്കും എന്നൊക്കെ. കാലം പുരോഗമിച്ചു രേണുകേ. മൊലകുടിക്കുന്ന പ്രായം കഴിഞ്ഞാല്‍ അമ്മമാരെക്കോണ്ട് പിള്ളേര്‍ക്ക് പ്രത്യേകിച്ചു പ്രയോജനം ഒന്നുമില്ല.
പഠിപ്പിക്കാന്‍ ഇപ്പോള്‍ നല്ലത് ബോഡിംഗ് സ്കൂളുകളാ. അവധിക്കെങ്ങാനും വന്നാല്‍ തറവാട്ടീപോയി നില്‍ക്കാം. അമ്മയില്ലാത്ത കുട്ടികളെന്നു പറഞ്ഞ് എല്ലാരും നന്നായിട്ടു നോക്കിക്കോളും.
എനിക്കു ബാങ്കീന്നു കിട്ടുന്നതൊക്കെ മതി അതുങ്ങളെ പഠിപ്പിക്കാന്‍. നിന്റെ ജാഡകളും അധികച്ചെലവും ഇല്ലെങ്കി എനിക്കെന്താ പ്രത്യേകിച്ചു ചെലവ്?
എന്നുവച്ചാ നിന്റെയീ ഒടുക്കത്തെ സര്‍ക്കാരുദ്യോഗമുണ്ടല്ലോ അതുകൊണ്ട് പ്രത്യേകിച്ചു കൊണമൊന്നും ഇല്ല. നിനക്ക് രാവിലെ വീട്ടില്‍ നിന്നു പോകാനും വൈകിക്കേറിവരാനും ഒരു ഞായം. പെങ്കൊച്ചിനെന്നു പറഞ്ഞു സൊര്‍ണവും മാസത്തിനുമാസം സാരിയും വാങ്ങിച്ചു ഞെളിയാനൊരു വഴി. പിന്നെ ചേട്ടന്റെ ശമ്പളമൊക്കെ കണക്കാ.. ഞാന്‍ ഊറ്റിയും ഉറിഞ്ചിയും ഒണ്ടാക്കുന്നതുകൊണ്ട് ജീവിച്ചുപോന്നു എന്ന് കൂട്ടുകാരികളോടും ബന്ധുക്കളോടും ഒതുക്കത്തീ വീമ്പ് പറയാം.
എനിക്കറിയാം, കിട്ടാവുന്ന പ്രമോഷന്‍ പോലും തട്ടിക്കളഞ്ഞ് ട്രാന്‍സ്ഫര്‍ വേണ്ടാന്നുപറഞ്ഞ് എന്തിനാ നീ സിറ്റി ഓഫീസില്‍ തന്നെ കടിച്ചുതൂങ്ങുന്നേന്ന്. അവിടെ നീ വലിയ മിടുക്കിയാന്നു വിചാരിക്കുന്ന കൊറെയെണ്ണം ഒണ്ട്.
പിന്നെ നിന്റെ പൊറകെ വെള്ളമൊലിപ്പിച്ചു നടക്കുന്ന ആ ക്ലാര്‍ക്കൊണ്ടല്ലോ ആ മരങ്ങോടന്‍ സുകു. അവന്‍ നിനക്ക് ലൈബ്രറീന്നു പുസ്തകം തന്നും മഴയൊള്ളപ്പം കൊട തന്നും വണ്ടിയില്ലാത്തപ്പം ലിഫ്റ്റ് തന്നും സഹായിക്കുന്നതെന്തിനാന്നറിയാമോ? നിനക്ക് മറ്റെന്തെങ്കിലും കൊറവൊണ്ടെങ്കി അതും തീര്‍ക്കാന്‍ അവന്‍ തയ്യാറാന്നറിയിക്കാനാ.
നീ വിചാരിക്കും എനിക്കവനോട് അസൂയയാണെന്ന്. സത്യമായിട്ടും ഇല്ല. നിന്നെയും അവനെയും കൂടി എവിടെയെങ്കിലും വച്ച് ഒന്നു പിടികൂടാന്ന് എന്തുമാത്രം പ്രതീക്ഷിച്ചിട്ടൊണ്ടെന്നറിയാമോ. ഒരു ദെവസം ബാങ്ക് ആവശ്യത്തിന് അടുത്തുവരെ വന്നപ്പം കയറിയതാണെന്ന മട്ടില് നിന്റെ ഓഫീസില്‍ കേറിയതും നിനക്ക് അവധിയുള്ള ഒരു ദെവസം അറിയിക്കാതെ ഹാഫ് ലീവെടുത്ത് തിരികെ വന്നതും ഒക്കെ ചുമ്മാതെ അങ്ങു സംഭവിച്ചതാന്നു വിചാരിച്ചു നീ.
നിനക്ക് ബുദ്ധിയേയില്ല രേണുകേ. അല്ലെങ്കി ചെലപ്പം രാത്രീല് ബോറടി മാറ്റാന്‍ ഞാനെന്തെങ്കിലും പറയുകേം ചെയ്യുകേം ചെയ്യുന്നതൊക്കെ വച്ച് എനിക്കിപ്പോഴും നിന്നോട് പ്രേമമാന്ന് നീ കണക്കുകൂട്ടുകേലാരുന്നല്ലോ.
ഞാനിങ്ങനൊക്കെ വിചാരിക്കുന്നത് നീയിങ്ങനെ വീട്ടിലുള്ളതുകൊണ്ട് എനിക്കെന്തെങ്കിലും പ്രശ്നമൊണ്ടായതുകൊണ്ടൊന്നും അല്ല രേണുകേ. വൈകുന്നേരം അപ്സരേലൊന്നു കൂടാനോ ഉച്ചക്ക് ബാങ്കീന്നു മുങ്ങി ആ അന്നാമാഡത്തിന്റെ കിളുന്നുപെണ്‍പിള്ളേരുടെ കൂടെ രണ്ടുമണിക്കൂര്‍ കളയാനോ നീ ഇവിടൊള്ളത് എനിക്കൊരു പ്രശ്നമേയല്ല.
നീയൊണ്ടേലും ഇല്ലേലും എന്റെ ജീവിതം ഒരുവഴിക്കൊക്കെ അങ്ങുപോവും. നിന്നോടെനിക്ക് ദേഷ്യോമില്ല. ഒള്ളതുപറഞ്ഞാല് എന്നെ ഒന്നു അരിശപ്പെടുത്താന്‍ പോലും പറ്റാത്ത മണുക്കൂസായിപ്പോയല്ലോ നീയെന്നോര്‍ക്കുമ്പഴാ എനിക്കരിശം.
നിനക്കെന്നോട് വെറുതെ വഴക്കടിച്ചൂടേ? രാവിലെ പിള്ളേരുണര്‍ന്ന് വഴക്കുതൊടങ്ങുമ്പം രണ്ടിനും നല്ല തല്ലുകൊടുത്ത് കരയിച്ച് സ്കൂളില്‍ വിട്ടൂടെ? ഓഫീസില്‍ ഒഴിവുകിട്ടുന്ന നേരം ആ സുകുവിന്റെ അടുത്തു ചുറ്റിപറ്റിനിന്നൂടെ? വെള്ളമടിച്ച് ബോധം കെട്ടു വരുമ്പോഴെങ്കിലും നിനക്കിട്ടു രണ്ടുതല്ലാന്‍ ഒരു കാരണം ഒണ്ടാക്കിക്കൂടേ?
ഇതിനൊന്നും വയ്യെങ്കി രേണുകേ, പാറ്റയെ കൊല്ലാന്‍ നല്ല വീര്യം കൂടിയ മരുന്ന് ഞാനല്ലേ വാങ്ങിക്കൊണ്ടുവന്നതും പിള്ളേരൊന്നും തൊടാതെ അതു സൂക്ഷിച്ചുവയ്ക്കണം എന്നു പറഞ്ഞതും? രാവിലെ ഈ വീട്ടീ ചായ മൊതല് വൈകുന്നേരത്തെ കഞ്ഞി വെരെ എല്ലാം ഒണ്ടാക്കുന്നത് നീതന്നല്ലേ? അതിലെനിക്കും പിള്ളേര്‍ക്കുമൊള്ള പങ്കെടുത്തു മാറ്റി അതീ മരുന്നൊഴിച്ചു നിനക്ക് കഴിച്ചൂടേ?
വെറുതെയെന്തിന് എന്റെ കൈ മെനക്കെടുത്തണം. ഹോ ഒറക്കം വരുന്നു.