Showing posts with label ബോറ്. Show all posts
Showing posts with label ബോറ്. Show all posts

Sunday, 15 February 2009

പാദുക പാര

(സംഗതി ഭാവനയില്‍ കാണാന്‍ ഒരു സിനിമാസ്കോപ് രംഗനിര്‍ദ്ദേശം

ഇതിഹാസചിത്രത്തിന്റെ സെറ്റപ്പില്‍ പഴയ അമ്മനടി മീനയുടെ മുഖമുള്ള കൈകേയി അന്തപ്പുരത്തില്‍ ആരെയോ പ്രതീക്ഷിക്കുന്ന ഭാവത്തില്‍ ഉലാത്തുന്നു. മുഖത്താകെ ഉത്സാഹം ആവേശം.

അധികം വൈകാതെ ഹിസ് ഹൈനസ് അബ്ദുള്ളയില്‍ മോഹന്‍ലാലിനെ പാട്ടുമത്സരത്തില്‍ കുടുക്കി എന്നു വിചാരിച്ച് സന്തോഷിച്ചുവരുന്ന ജഗദീഷിന്റെ മുഖത്തോടെ പ്രവേശിക്കുന്ന ഭരതന്‍ .

ഭരതന്‍ അമ്മയെ വണങ്ങുന്നു. കൈകേയി മകന്റെ തോളില്‍ പിടിച്ച് സന്തോഷത്തോടെ ചിരിക്കുന്നു)


ബോറ് 15


കൈകേയി : സന്തോഷമായില്ലേ കുട്ടാ.. ഇനി നീയാണ് അയോധ്യയിലെ രാജാവ്

ഭരതന്‍ : ഓ..പതിനാലു വര്‍ഷം എന്നൊക്കെ പറയുന്നത് ദാ..ന്നങ്ങ് പോവും

കൈകേയി: അതേടാ മോനേ.. കാടെന്നു പറഞ്ഞാല്‍ നരീം പുലീം ഒക്കെ ഒള്ള കൊടും കാടല്ലേ.. അവന്‍ തിരികെ വരാനൊന്നും പോണില്ല.

ഭരതന്‍: പിന്നെ അമ്മക്കറിയാമ്പാടില്ലാഞ്ഞിട്ടാ.. ഏട്ടന്‍ നല്ല കിടു അമ്പെയ്ത്തല്യോ.. നരീം പുലീം ഒക്കെ ഊ.. ഉജ്ജ്വലപ്രകടനം നടത്തണ്ടിവരും...

കൈകേയി: നീയൊന്നു ചുമ്മായിരി ചെക്കാ. കാട്ടില്‍ പോയാലേ ചാവാന്‍ നരീം പുലീം ഒന്നും പിടിക്കണ്ടാ.. ഒന്നുമില്ലേലും കാട്ടീക്കൂടെ നടക്കണ്ടായോ. പാമ്പുകടിച്ചോ കൃമിയോ വെരയോ പിടിച്ചോ തട്ടിപ്പൊയ്ക്കോളും.

ഭരതന്‍ : ഉവ്വ ഉവ്വ. ഏട്ടന്‍ രാജഗുരുവിന്റെ വിധിപ്രകാരം നല്ല കിടുക്കന്‍ ചെരുപ്പുണ്ടാക്കിക്കൊണ്ടാ പോയേക്കുന്നേ..

കൈകേയി: അതേയോ... അതെന്തായാലും വേണ്ടായിരുന്നു. ഇനീപ്പം എന്താ ചെയ്യാ..

******************
അങ്ങനെയാണ് പാദുകപൂജ എന്ന ആശയം ഉണ്ടായത്......

Wednesday, 17 December 2008

പാഴ്

ബോറ് 13
മനസ്സിലായില്ലേ.. ഗംഗയാണ്.

എന്തുകഷ്ടപ്പെട്ടാണെന്നറിയോ പാട്ടും ഡാന്‍സും പഠിച്ചത്!.

ആ കോന്തന്‍ സണ്ണി എവിടെന്നെങ്ങാണ്ടുവന്ന് സുഖപ്പെടുത്തിക്കളഞ്ഞു.

എന്തൊക്കെ മനക്കോട്ട കണ്ടതാരുന്നു ഈശ്വരാ...

Tuesday, 25 November 2008

ഇല്ലാത്ത വാക്ക്

ബോറ് 11

-- എന്താ കുട്ടീ ഇത് നിന്റെ അച്ഛന്‍ വീട്ടച്ഛനാണെന്നോ?
-- ങ് ... ഹ്...ഹതേ മാം
-- അങ്ങനെയൊരു വാക്കില്ല. നിന്റെ അച്ഛനെന്താ ജോലി?
-- പ്രത്യേകിച്ചു ജോലിയൊന്നും ഇല്ല മാം.
-- നിങ്ങള്‍ക്ക് പറമ്പില്ലേ? അവിടെ കൃഷിയില്ലേ ?
-- യെസ് മാം. ഉണ്ട്
-- എങ്കില്‍ അച്ഛന്‍ കൃഷിക്കാരന്‍ എന്ന് എഴുതൂ
-- മാം അത് .. ഏഴു സെന്റ് സ്ഥലമാണ് ..കുറച്ചു പയറും മലക്കറിയും. അച്ഛനും അമ്മയും കൂടിയാണ് ചെയ്യുന്നത്..
-- അച്ഛന്‍ മറ്റെന്തു ചെയ്യും?
-- അമ്മ രണ്ടു ഷിഫ്റ്റും ജോലിചെയ്യുന്നതുകൊണ്ട് അച്ഛന്‍ വീട്ടിലെ കാര്യങ്ങള്‍..
-- ഹൊ അതല്ലെന്റെ കൊച്ചേ.. അച്ഛന്‍ വീടിനു പുറത്ത് മറ്റൊന്നും ചെയ്യുന്നില്ലേ?
-- എല്‍ ഐ സിയുടെ കളക്ഷനും ഒക്കെ...
-- അപ്പോള്‍ എല്‍ ഐ സി ഏജന്റ്റാണ്
‌-- ഏജന്‍സി അമ്മയുടെ അനുജത്തിയുടെ പേരിലാണ് മാം. അച്ഛന്‍ നടത്തുന്നു എന്നേയുള്ളൂ
-- നിന്റെ അച്ഛന്‍ എന്തായിരുന്നു ചെയ്തിരുന്നത് ?
-- അച്ഛന്‍ മാലിയില്‍ ആയിരുന്നു മാം. അവിടെ നിന്ന്‍ കമ്പനി പൊളിഞ്ഞു വന്നതാണ്..കുറെക്കാലമായി..
-- അപ്പോള്‍ നിന്റെ അച്ഛനു ജോലിയൊന്നുമില്ല.. അദ്ദേഹം ഒരു തൊഴില്‍ രഹിതനാണ്
-- അച്ഛനാണ് മാം വീട്ടിലെ എല്ലാക്കാര്യവും നോ...
-- യൂ ഗോ ആന്‍ഡ് ഡൂ വാട്ട് ഐ സേ
-- ഹുഹ്! യെസ് മാം
-- ഗോ ആന്‍ഡ് കറക്റ്റിറ്റ്. നിന്റെ അച്ഛന്‍ തൊഴില്‍രഹിതനാണ്.
-- യെ.. യെസ് മാം..

Monday, 21 July 2008

തവളയും രാജകുമാരിയും : ഒരു മോഡേണ്‍ പഴങ്കഥ

അങ്ങനെ കണ്ണടച്ച് കഴുത്തോളം തികട്ടി വന്ന മനം‌പുരട്ടല്‍ മറച്ചുവച്ച് രാ‍ജകുമാരി തവളയെ ചുംബിച്ചു.

സത്യം പറഞ്ഞാല്‍ രാജകുമാരിക്ക് തവളകളെ അറപ്പായിരുന്നു, എല്ലാവരെയും പോലെ.

എല്ലാ പൂന്തോട്ടത്തിലെയും പോലെ കൊട്ടാരത്തിലെ പൂന്തോട്ടത്തിലും ചെറിയകുളവും എല്ലാ കുളത്തിലെയും പോലെ ആ കുളത്തിലെ വെള്ളത്തിലും തവളകളും ഉണ്ടായിരുന്നു.

എങ്കിലും ഒരിക്കല്‍ പൂന്തോട്ടത്തില്‍ കളിച്ചുക്ഷീണിച്ച് തിരികെ വരുമ്പോള്‍ അമ്മയുടെ മുറിയില്‍ നിന്ന് ഒരു തവള ചാടിപ്പോകുമ്പോഴാണ് രാജകുമാരി ആദ്യമായി തവളയെക്കണ്ട് പേടിച്ചത്.

‘തവളയോ എവിടെ?' അമ്മ റാണി ഞെട്ടിക്കൊണ്ട് ചോദിച്ചു. അവരുടെ മുഖത്തെ പരിഭ്രമം കണ്ടപ്പോള്‍ തവള ഒരു ഭീകര ജന്തുവാണെന്ന് രാജകുമാരിക്ക് മനസ്സിലായി.

പിന്നെ തവളകള്‍ ചൊറിയുണ്ടാക്കുന്ന ഭീകരജീവികളാണെന്നും അവകിടക്കുന്ന വെള്ളം പോലും തൊടരുതെന്നും തവളകളെക്കണ്ടാല്‍ തിരിഞ്ഞുനോക്കരുതെന്നും ഉറക്കത്തിലെങ്ങാനും തവള ഉള്ളില്‍ പോയാല്‍ വയറുതുരന്ന് പുറത്തുവരും എന്നും അമ്മറാണി രാജകുമാരിയെ പഠിപ്പിച്ചു.

എന്നാലും ഒരുദിവസം സ്കൂളില്‍ പോയപ്പോള്‍ കൂട്ടുകാരി കുപ്പിക്കുള്ളില്‍ അടച്ച് പുന്നാരിച്ചുവളര്‍ത്തുന്ന തവളയെ രാജകുമാരി കണ്ടു.

തവളയെ കൈകൊണ്ടെടുത്താലും തൊട്ടാലും കുഴപ്പമൊന്നുമില്ല എന്ന് കൂട്ടുകാരി രാജകുമാരിയോട് പറഞ്ഞു.

എന്നാല്‍ നിന്റെ തവളയെ ഞാന്‍ ഒന്നു തൊട്ടോട്ടെ എന്ന് രാജകുമാരി കൂട്ടുകാരിയോട് ചോദിച്ചു. പക്ഷേ കുപ്പിതുറന്നാല്‍ തവള ചാടിപ്പോകും എന്ന് കൂട്ടുകാരി പറഞ്ഞു.

പിന്നീട് കൂട്ടുകാരിപറഞ്ഞകാര്യമാണ് രാജകുമാരിയെ അത്ഭുതപ്പെടുത്തിയത്. ‘ രാജകുമാരീ ആരോടും പറയൂല്ലെങ്കില്‍ ഞാന്‍ ഒരു രഹസ്യം പറയാം’

കണ്ണുകള്‍ വിടര്‍ത്തി ചെവി കൂട്ടുകാരിയുടെ മുഖത്തോട് ചേര്‍ത്ത് രാജകുമാരി പറഞ്ഞു. ‘പറ.. ഞാന്‍ ആരോടും പറയൂല്ല’

‘സത്യം?'

‘സത്യം!’

‘വൈകിട്ടേ ഞാന്‍ കെടക്കാന്‍ പോവുമ്പം...ശോ നീയാരോടും പറയില്ലാല്ലോ’

‘പറയില്ലാടീ കഴുതേ നീ പറ!’

‘വൈകിട്ടേ ഞാന്‍ കെടക്കാന്‍പോവുമ്പം മുറിയുടെ കതകെല്ലാം അടച്ച് കുപ്പി തുറക്കും’

‘അന്നേരം?'

‘അന്നേരം... എന്റെ തവള പുറത്തിറങ്ങിവരും’

‘എന്നിട്ട്’

‘എന്നിട്ട് ഞാനുണ്ടല്ലോ... നോക്ക് നീ ആരോടും പറയല്ലും!’

‘ഇല്ലെടീ മണ്ടൂസേ..ഇത് നമ്മുടെ രഹസ്യല്ലേ!’

‘ഞാനെന്റെ തവളയ്ക്ക് ഒരുമ്മകൊടുക്കും’ കൂട്ടുകാരിയുടെ മുഖം ചുവന്നു.

‘യ്യേ!’ രാജകുമാരി മുഖം ചുളിച്ചു.

‘അപ്പഴേ..’ കൂട്ടുകാരിയുടെ കണ്ണില്‍ നക്ഷത്രം വിരിഞ്ഞു ‘തവള ഒരു രാജകുമാരനായി മാറും’.

‘യ്യോ..!’ രാ‍ജകുമാരി ഞെട്ടിത്തെറിച്ച് നോക്കിയപ്പോഴേക്കും കൂട്ടുകാരി കുപ്പിയിലെ തവളയെയും എടുത്ത് ഓടിക്കളഞ്ഞിരുന്നു.

പിന്നെ പലതവണ ചോദിച്ചെങ്കിലും കൂട്ടുകാരി തവളയെക്കുറിച്ചൊന്നും പറഞ്ഞില്ല. ‘ശ്യോ ഈ രാജകുമാരീടെ ഒരു കാര്യം’ എന്ന് നാണിച്ച് ഒഴിഞ്ഞുമാറി.

അങ്ങനെയാണ് രാജകുമാരി പുരാതന ചരിത്രങ്ങള്‍ തിരയാന്‍ ആരംഭിച്ചത്. എല്ലാ ചരിത്രപുസ്തകത്തിന്റെയും മൂന്നാം പാഠം തവളയെ ചുംബിച്ച രാജകുമാരിയുടേതായിരുന്നു എന്ന് രാജകുമാരി മനസ്സിലാക്കി.

(ഒന്നാമത്തെ പാഠം ഉറങ്ങുന്ന രാജകുമാരിയെ ചുംബിച്ച രാജകുമാരന്റേതും രണ്ടാമത്തേത് രാക്ഷസനെ സ്നേഹിച്ചുപോയ രാജകുമാരിയുടേതും ആയിരുന്നു. നൂറുവര്‍ഷം ഉറങ്ങിപ്പോകുന്നത് പരമബോറായതുകൊണ്ടും രാക്ഷസന്മാര്‍ തവളകളെക്കാള്‍ ഭയങ്കരന്മാരായതുകൊണ്ടും രാജകുമാരിക്ക് ആ പാഠങ്ങളോട് ഇഷ്ടം തോന്നീല്ല.)

വിമര്‍ശനാത്മക ബോധനശാസ്ത്രം അന്നത്തെയൊന്നും പാഠപുസ്തകത്തില്‍ ഇല്ലാത്തതില്‍ രാജകുമാരിക്ക് അതിശയവും ദേഷ്യവും തോന്നി.

നിങ്ങളുടെ ഏറ്റവും അടുത്തകുളത്തില്‍ എത്ര തവളകള്‍ ഉണ്ടെന്ന് പരിശോധിക്കുക മുതലായ ചോദ്യങ്ങള്‍ ചരിത്രപുസ്തകത്തില്‍ എഴുതിച്ചേര്‍ത്തിരുന്നെങ്കില്‍ എന്തെളുപ്പമായേനേ?

എങ്കിലും പരീക്ഷിക്കാന്‍ തന്നെ രാജകുമാരി തീരുമാനിച്ചു.

കൊട്ടാരത്തിലെ തവളയെ പിടിച്ചാല്‍ അമ്മ റാണി കാണും. വഴക്കുപറയും.

അങ്ങനെ നോക്കി നോക്കി നടന്ന് രാജകുമാരി ആറ്റരികിലെ തെളിഞ്ഞവെള്ളത്തില്‍ പൊങ്ങിക്കിടന്ന ഒരു തവളയുമായി ചങ്ങാത്തത്തിലായി.

തൊട്ടും തടവിയും ഇക്കിളിയിട്ടും തവളക്കുള്ളില്‍ ഒരു രാജകുമാരന്‍ ഉണ്ടോ എന്ന് രാജകുമാരി നോക്കി. എന്നിട്ടൊന്നും ഉറപ്പായില്ല.

എല്ലാ ദിവസവും രാജകുമാരിയോട് കിന്നാരം പറഞ്ഞ് അവന്‍ ആറ്റിലെ തെളിവെള്ളത്തിലേക്ക് തിരികെച്ചാടി പൊങ്ങിക്കിടന്നു.

ആദ്യമൊക്കെ കൊട്ടാരത്തില്‍ തിരിച്ചുവന്ന രാജകുമാരി അമ്മകാണാതെ കൈ സോപ്പിട്ട് കഴുകി. പിന്നെപ്പിന്നെ തവളയെ ഓര്‍ക്കുമ്പോള്‍ കൈ കഴുകുന്നത് എന്തോ അപരാധമാണെന്ന് രാജകുമാരിക്ക് തോന്നി. പക്ഷെ.......

ചുരുക്കിപ്പറഞ്ഞാല്‍ അങ്ങനെയാണ് രാജകുമാരി തവളയെ ചുംബിക്കാന്‍ തീരുമാനിച്ചത്.

രാജകുമാരിയുടെ ചുംബനം കിട്ടിയ തവള കണ്ണുമിഴിച്ച് അവളെ നോക്കി. പിന്നെ സന്തോഷം കൊണ്ട് അവളുടെ കയ്യില്‍ നിന്നു തുള്ളിയ ശേഷം തിരിച്ച് വെള്ളത്തിലേക്ക് ചാടി. പതിവുപോലെ അന്നവന്‍ പൊന്തിവന്നില്ല.

രാജകുമാരി ചുറ്റും പരതി പരതി നോക്കി. പാഠത്തില്‍ പറയുന്നതുപോലെ രാജകുമാരനും കുതിരയും വന്നില്ല. കാത്തുനിന്നിട്ടും കരഞ്ഞിട്ടും തവളപോലും പിന്നെ പൊന്തിവന്നില്ല.

ആറിന്റെ മറ്റൊരരികില്‍ ചാഞ്ഞമുളംചില്ലക്കുകീഴില്‍ തവളകള്‍ ആര്‍ത്താര്‍ത്തു ചിരിച്ചു.

‘ചിരിച്ചോടാ ..നായിന്റെ മോള്‍ടെ നശിച്ച വായ്നാറ്റം!’ രാജകുമാരിയുടെ തവള കാര്‍ക്കിച്ചുതുപ്പി.

‘ന്നാലും നീ കാര്യം സാധിച്ചില്ലേ..’ ഒരു കൂട്ടുതവള പറഞ്ഞു.

‘എന്ത് സാധിച്ചെന്ന്.. അവളോട് ഇവന്‍ രാജകുമാരനാണെന്ന് കള്ളം പറഞ്ഞാല്‍ അവളിവനെ ഇന്നു കൊട്ടാരത്തില്‍കൊണ്ട് പോയി കട്ടിലില്‍ കിടത്തി ജിംഗ്ജിഗാ..’ മറ്റൊരുത്തന്‍ സ്വപ്നത്തിലെന്നപോലെ കണ്ണുമിഴിച്ചു.

‘ഇതാപറയുന്നെ ഇവനു ബുദ്ധിയില്ലാന്ന്. കള്ളം പറയാതിരിക്കാനാ മോനേ മൊബൈലും ബ്ലൂറ്റൂത്തും.. ദാ നോക്ക്’ മറ്റൊറ്റു തവള പറഞ്ഞു. അവന്റെ മൊബൈലിന്റെ വൈഡ് സ്ക്രീനില്‍ രാജകുമാരി തവളയെ പ്രണയപൂര്‍വം ചുംബിക്കുന്നത് തെളിഞ്ഞു.

‘ഇനി അവള്‍ നമ്മള്‍ പറയുന്നിടത്താ... അല്ലെങ്കില്‍ ഈ ക്ലിപ്പ് വച്ച് നമ്മളൊരു കളി കളിക്കും.’

‘യ്യോ പാവം’ ഒരു തവള പറഞ്ഞു. മറ്റൊരുത്തന്‍ വെള്ളത്തിലൊഴുകിവന്ന ഒരു കൊമ്പിന്‍ കഷണം പിടിച്ചെടുത്ത് അവനെ എറിഞ്ഞു. ‘എന്തു പാവം. കണ്ടില്ലേ നായിന്റെ മോള്‍ടെ ചപ്പലും വലീം. അവളൊരു വെടിയാടാ..’

‘ഇനിവരുമ്പം പല്ലുതേച്ചാല്‍ മതിയായിരുന്നു’ ചുംബനം കിട്ടിയ തവള പറഞ്ഞു.

കഥയിലെ രാജകുമാരി അപ്പോള്‍ കൊട്ടാരത്തിലേക്കുള്ള വഴിയിയിലൂടെ കലുങ്ക് കടക്കുകയായിരുന്നു. കലുങ്കിലുരുന്ന ഒരു തവള തന്റെ മൊബൈലിലേക്ക് സൂക്ഷിച്ചുനോക്കിയിട്ട് രാജകുമാരിയെ നോക്കി മധുരമായി ചിരിച്ചു.

തവള പറഞ്ഞു ‘ഹായ്!’

രാജകുമാരി അവനെ അമ്പരന്നു നോക്കി.

‘ഒരുമ്മ തര്വോ’ തവള ചോദിച്ചു. ചരിത്രത്തിലെ പാഠത്തില്‍ എവിടെയാണ് പിഴവുപറ്റിയതെന്നറിയാതെ രാജകുമാരി പൊതുവഴിയില്‍ അന്തം വിട്ടു നിന്നു.

കുപ്പിയിലടച്ച തവളകളും കുളത്തിലെതവളകളും ആറ്റിലെ തവളകളും തമ്മിലുള്ള വ്യത്യാസങ്ങളും പതിനാറാം നൂറ്റാണ്ടുമുതല്‍ ഇന്നോളം തവളകളും രാജകുമാരിമാരും തമ്മിലുള്ള ബന്ധത്തില്‍ വന്ന മാറ്റങ്ങളും വിഷയമാക്കി വിമര്‍ശനാത്മക ബോധനശാസ്ത്രം അനുസരിച്ചുണ്ടാക്കിയ റ്റെക്സ്റ്റ്‌ബുക്ക് ചര്‍ച്ചചെയ്യാന്‍ കൂടിയ കരിക്കുലം കമ്മറ്റി അന്നു വൈകുന്നേരത്തേക്ക് ചായകുടിച്ച് പിരിയുകയായിരുന്നു അന്നേരം.

Saturday, 12 April 2008

ഉപകാരം

ബോറ്. 5


അര്‍നോള്‍ഡ് കിവിന്‍ഡ ഞാന്‍ താമസിക്കുന്ന വീടിന്റെ താഴെ നിലയില്‍ താമസിക്കുന്ന ഒരു ആഫ്രിക്കക്കാരനാണ്.

രണ്ടുവര്‍ഷം മുന്‍പ് അയാളുടെ മകള്‍ ഗുരുതരമായ ഒരു രോഗത്തോടെ ആശുപത്രിയില്‍ ആയി. നാട്ടില്‍ പോകാനുള്ള പണം കിട്ടാതെ അയാള്‍ വിഷമിച്ചു. ഞങ്ങള്‍ കുറച്ചുപേര്‍ മറ്റുചിലരുടെ സഹായത്തോടെ 1200 യൂറോ സംഘടിപ്പിച്ച് അയാളെ നാട്ടിലേക്കയച്ചു.

ഒരുമാസം കഴിഞ്ഞ് മകളുടെ ശവസംസ്കാരവും കഴിഞ്ഞ് കിവിന്‍ഡ തിരിച്ചുവന്നു.

പിന്നീട് വഴിയില്‍ കാണുമ്പോഴൊക്കെ അയാള്‍ വിനീതമായ ഒരു ചിരിയോടെ എന്നെ അഭിവാദനം ചെയ്യും. അയാളെ വഴിയില്‍ കണ്ടാല്‍ ഞാന്‍ ഒഴിഞ്ഞുമാറാന്‍ തുടങ്ങിയത് അങ്ങനെയാണ്.

അങ്ങനെയിരിക്കെ ആണ് ഞാന്‍ എന്റെ ബാത്ത്റൂമിലെ ചൂടുവെള്ളം വരുന്ന ടാപ്പിന്റെ മുകള്‍ഭാഗം മൊത്തമായി ഊരിയെടുത്തത്. മുറിയിലേക്ക് വെള്ളം ഇരച്ചുവരാന്‍ തുടങ്ങി. ഞാന്‍ പുറത്തേക്കോടി, ആരെയെങ്കിലും വിളിക്കാന്‍.

ആദ്യംകണ്ടത് കിവിന്‍ഡയെ ആണ്. അയാള്‍ ഉടനടി ഒരു ടൂള്‍ ബോക്സുമായി എന്റെ മുറിയില്‍ വന്ന് അത് നിമിഷനേരം കൊണ്ട് ശരിയാക്കിത്തന്നു. ഞാന്‍ അയാള്‍ക്ക് നന്ദിപറഞ്ഞിട്ട് മുറി വൃത്തിയാക്കാന്‍ തുടങ്ങി.

പിന്നീട് വഴിയില്‍ കാണുംമ്പോഴും കിവിന്‍ഡ പഴയതുപോലെ വിനീതനായിരുന്നു.

എങ്കിലും അഭിവാദ്യം ചെയ്തുകഴിഞ്ഞ് പതിവായി ‘പൈപ്പിനു കുഴപ്പമൊന്നുമില്ലല്ലോ സര്‍?' എന്നു ചോദിക്കാന്‍ തുടങ്ങിയത് എന്തിനെന്ന് എനിക്ക് മനസ്സിലാവുന്നില്ല

Thursday, 10 April 2008

അമ്മ

ബോറ് . 3

ഉറക്കം മടിച്ചു നില്‍ക്കുന്നു. അയാള്‍ തിരിഞ്ഞു കിടന്നു. തലയിണയില്‍ ചിതറിക്കിടക്കുകയാണ് അവളുടെ മുടി. അറപ്പ് തോന്നി. കൈ കൊണ്ട് വരഞ്ഞ് മാറ്റിയിട്ടു.

പുറം തിരിഞ്ഞു കിടക്കുകയാണവള്‍. നിറം പോയ മാക്സി പഴയ തുണിക്കെട്ടു പോലെ. ജോലി കഴിഞ്ഞു വന്നുള്ള കിടപ്പാ‍ണ്. ചത്ത ഉറക്കം.

പെണ്ണുകെട്ടിയാലുള്ള മെച്ചം ഉറക്ക ഗുളികവേണ്ടെന്നതാണ്. ഉറങ്ങാന്‍ കുറേക്കൂടെ നല്ല വഴി ഉണ്ടല്ലോ. അയാള്‍ ഇരുട്ടില്‍ ചിരിച്ചു.

വിരലുകള്‍ കൊണ്ട് മാക്സി മുകളിലേക്കു വലിച്ചു നീക്കി ഉറക്കത്തിന്റെ അലസതയില്‍ അകന്നതുടകള്‍ക്കിടയിലൂടെ അയാള്‍ അവളിലേക്ക് പ്രവേശിച്ചു.

കട്ടില്‍ ഉലയുന്നതിന്റെ കുലുക്കത്തിലോ നെഞ്ചില്‍ അലയുന്ന കയ്യുടെ നോവുള്ള കാര്‍ക്കശ്യത്തിലോ ഉറക്കം പാതി മുറിഞ്ഞ പെണ്ണ് ഞരങ്ങി. പിന്നെ ഒരു ദീര്‍ഘനിശ്വാസത്തോടെ ഉറക്കത്തിലേക്ക് തിരിച്ചു പോയി.

ഗര്‍ഭനിരോധന ഗുളിക കഴിക്കുന്ന കാര്യം അവള്‍ മറന്നു പോയിരുന്നു.

Tuesday, 8 April 2008

11.05 ന്റെ വണ്ടി

ബോറ് . 2



മാഷിനെ ഞാന്‍ ആദ്യം കാണുന്നത് കടവത്തൂന്ന് വള്ളം കയറി സ്കൂളിലേക്ക് വരുമ്പഴാന്നെന്നേ... ഞാന്നന്നേരം കോളേജിലോട്ട് പോകാന്‍ എതിരേയുള്ള വള്ളത്തില്‍ വരുവാരുന്നു. എന്റീശോ... അതൊക്കെ ഒരു കാലം

അല്ലിയാമ്പല്‍ കടവിലന്നരക്കുവെള്ളം എന്നൊരു പാട്ടൊണ്ടല്ലോ... അത് ഞങ്ങളെക്കുറിച്ചാന്നല്യോ ഞാന്‍ വിചാരിച്ചേ. രാത്രീല് കെടന്നൊറങ്ങുമ്പോ പോലും മാഷിന്റെ കൂടെ വള്ളം തുഴയുന്ന സ്വപ്നന്മാരുന്നു മനസ്സില്‍.

രാവിലെയും വൈകിട്ടും വെള്ളത്തിന്റെ മീതേ ആടിയും ഒലഞ്ഞും ഒരു പോക്കും വരവും. അതുകാണാന്‍‌വേണ്ടി കോളേജീപ്പോണ്ടെങ്കിലും ഞാന്‍ വീട്ടീന്നെറങ്ങി വരുവാരുന്നു. ഒന്നുകണ്ടാലായി. ഒന്നു മിണ്ടിയാലായി. അതെങ്ങനെ കല്യാണാലോചനവരെ പോയീന്നൊന്നും എനിക്കറിയത്തില്ല.

കല്യാണാലോചന നടക്കുമ്പഴാ മാഷിന് ഇവിടെ ഈ നരകത്തിലോട്ട് ട്രാന്‍സ്ഫര്‍ വന്നത്. റെയില്‍‌വേ സ്റ്റേഷനടുത്തുനിന്ന് കഷ്ടിച്ച് ഒരു കിലോമീറ്റര്‍.

ഒള്ളതൊക്കെ വാരിക്കെട്ടി ട്രെയിനിലാ കൊണ്ടുവന്നതുപോലും.

വന്നിട്ടോ..

ട്രെയിനിലാ മാഷിന്റെ വരവും പോക്കും. ഒരു സ്ടേഷനപ്പുറത്തല്യോ ജോലി. രാവിലെ ഒരോട്ടം. വൈകിട്ടൊരോട്ടം.

മുന്‍പിലും പിന്‍പിലും ചായേടെകൂട്ടത്തില്‍ ഒരു നോട്ടം. ബാക്കിയെല്ലാം ക്ഷീണവും ജോലിയുമാ അങ്ങേര്‍ക്ക്.

എല്ലാം സഹിക്കാം. വൈകിട്ട് ഉണ്ടതും ഉണ്ടാക്കിയതുമെല്ലാം കഴുകിപ്പെറുക്കി ക്ഷീണിച്ച് വന്ന് ബെഡേലോട്ടൊന്നു കിടക്കുമ്പം ട്രെയിനിന്റെ അനക്കം തൊടങ്ങും.

11.05 ന്റെ വണ്ടി

കണ്ണില്‍ മയക്കം പിടിക്കുമ്പോള്‍ അതിന്റെ ഒരു എളക്കോം അനക്കോം. പിന്നെ ഒരു ഭൂമികുലുക്കമല്യോ.. രണ്ടുമിനിറ്റ്. രണ്ടുമിനിറ്റേയൊള്ളൂ. കണ്ണേലോട്ട് പിടിച്ച ഒറക്കം പോയിക്കിട്ടും.

ഇതിയാനതൊന്നും അറിയാത്തമട്ടില്‍ തിരിഞ്ഞുകിടക്കും. പിന്നെ കൂര്‍ക്കം വലിയേ കേള്‍ക്കൂ.

ബോറ്...

Monday, 17 March 2008

ബോറ്

രേണുകേ ഈ വൃത്തികെട്ട കോട്ടണ്‍ ഗൌണുമിട്ട് നെറം പോയ ഷീറ്റും പൊതച്ച് നീ‍യിങ്ങനെ ഒറങ്ങിക്കെടക്കുമ്പം നിന്റെ മൂക്കും പകുതിതൊറന്ന വായും ചേര്‍ത്ത് ഈ പഴേ തലേണയൊന്നമര്‍ത്തിയാ, വെറും മൂന്നുമിനിട്ട്, അത്രപോലും വേണ്ട രണ്ടുകയ്യുംകൊണ്ട് എന്റെ കയ്യീ മുറുകെപ്പിടിച്ച്, രണ്ടുകണ്ണും തുറിച്ച് എന്നെ മാത്രം നോക്കി, നീ പെടഞ്ഞുപെടഞ്ഞു ചാവും.

നമ്മടെ അംബികേടെ അബോര്‍ഷന്‍ നടത്തിയ മോഹനന്‍ ഒണ്ടല്ലോ അവനും ഞാനും കൂടി ഇന്നലെ അപ്സരേന്ന് വെള്ളമടിച്ചതേയുള്ളൂ. നിന്റെ ആ എടക്കെടക്കുവരുന്ന കൊണപ്പെടാത്ത ഗാസ്ട്രബിളൊണ്ടല്ലോ അത് ഹൃദ്രോഗത്തിന്റെ ആരംഭമാരുന്നെന്നും ഒറക്കത്തിലെങ്ങാണ്ട് കാലന്‍ വന്ന് നിന്നെ കെട്ടിവലിച്ചോണ്ട്പോയെന്നും അവന്‍ സുന്ദരമായിട്ട് ചീട്ടെഴുതിത്തരും.

എനിക്കറിയാം രേണുകേ നിനക്കൊരു വിചാരമൊണ്ട് നിനക്കെന്തെങ്കിലും പറ്റിയാല് പിള്ളേരെ ആരുനോക്കും എന്നൊക്കെ. കാലം പുരോഗമിച്ചു രേണുകേ. മൊലകുടിക്കുന്ന പ്രായം കഴിഞ്ഞാല്‍ അമ്മമാരെക്കോണ്ട് പിള്ളേര്‍ക്ക് പ്രത്യേകിച്ചു പ്രയോജനം ഒന്നുമില്ല.

പഠിപ്പിക്കാന്‍ ഇപ്പോള്‍ നല്ലത് ബോഡിംഗ് സ്കൂളുകളാ. അവധിക്കെങ്ങാനും വന്നാല്‍ തറവാട്ടീപോയി നില്‍ക്കാം. അമ്മയില്ലാത്ത കുട്ടികളെന്നു പറഞ്ഞ് എല്ലാരും നന്നായിട്ടു നോക്കിക്കോളും.

എനിക്കു ബാങ്കീന്നു കിട്ടുന്നതൊക്കെ മതി അതുങ്ങളെ പഠിപ്പിക്കാന്‍. നിന്റെ ജാഡകളും അധികച്ചെലവും ഇല്ലെങ്കി എനിക്കെന്താ പ്രത്യേകിച്ചു ചെലവ്?

എന്നുവച്ചാ നിന്റെയീ ഒടുക്കത്തെ സര്‍ക്കാരുദ്യോഗമുണ്ടല്ലോ അതുകൊണ്ട് പ്രത്യേകിച്ചു കൊണമൊന്നും ഇല്ല. നിനക്ക് രാവിലെ വീ‍ട്ടില്‍ നിന്നു പോകാനും വൈകിക്കേറിവരാനും ഒരു ഞായം. പെങ്കൊച്ചിനെന്നു പറഞ്ഞു സൊര്‍ണവും മാസത്തിനുമാസം സാരിയും വാങ്ങിച്ചു ഞെളിയാനൊരു വഴി. പിന്നെ ചേട്ടന്റെ ശമ്പളമൊക്കെ കണക്കാ.. ഞാന്‍ ഊറ്റിയും ഉറിഞ്ചിയും ഒണ്ടാക്കുന്നതുകൊണ്ട് ജീവിച്ചുപോന്നു എന്ന് കൂട്ടുകാരികളോടും ബന്ധുക്കളോടും ഒതുക്കത്തീ വീമ്പ് പറയാം.

എനിക്കറിയാം, കിട്ടാവുന്ന പ്രമോഷന്‍ പോലും തട്ടിക്കളഞ്ഞ് ട്രാന്‍സ്ഫര്‍ വേണ്ടാന്നുപറഞ്ഞ് എന്തിനാ നീ സിറ്റി ഓഫീസില്‍ തന്നെ കടിച്ചുതൂങ്ങുന്നേന്ന്. അവിടെ നീ വലിയ മിടുക്കിയാന്നു വിചാരിക്കുന്ന കൊറെയെണ്ണം ഒണ്ട്.

പിന്നെ നിന്റെ പൊറകെ വെള്ളമൊലിപ്പിച്ചു നടക്കുന്ന ആ ക്ലാര്‍ക്കൊണ്ടല്ലോ ആ മരങ്ങോടന്‍ സുകു. അവന്‍ നിനക്ക് ലൈബ്രറീന്നു പുസ്തകം തന്നും മഴയൊള്ളപ്പം കൊട തന്നും വണ്ടിയില്ലാത്തപ്പം ലിഫ്റ്റ് തന്നും സഹായിക്കുന്നതെന്തിനാന്നറിയാമോ? നിനക്ക് മറ്റെന്തെങ്കിലും കൊറവൊണ്ടെങ്കി അതും തീര്‍ക്കാന്‍ അവന്‍ തയ്യാറാന്നറിയിക്കാനാ.

നീ വിചാരിക്കും എനിക്കവനോട് അസൂയയാണെന്ന്. സത്യമായിട്ടും ഇല്ല. നിന്നെയും അവനെയും കൂടി എവിടെയെങ്കിലും വച്ച് ഒന്നു പിടികൂടാന്ന് എന്തുമാത്രം പ്രതീക്ഷിച്ചിട്ടൊണ്ടെന്നറിയാമോ. ഒരു ദെവസം ബാങ്ക് ആവശ്യത്തിന് അടുത്തുവരെ വന്നപ്പം കയറിയതാണെന്ന മട്ടില് നിന്റെ ഓഫീസില്‍ കേറിയതും നിനക്ക് അവധിയുള്ള ഒരു ദെവസം അറിയിക്കാതെ ഹാഫ് ലീവെടുത്ത് തിരികെ വന്നതും ഒക്കെ ചുമ്മാതെ അങ്ങു സംഭവിച്ചതാന്നു വിചാരിച്ചു നീ.

നിനക്ക് ബുദ്ധിയേയില്ല രേണുകേ. അല്ലെങ്കി ചെലപ്പം രാത്രീല് ബോറടി മാറ്റാന്‍ ഞാനെന്തെങ്കിലും പറയുകേം ചെയ്യുകേം ചെയ്യുന്നതൊക്കെ വച്ച് എനിക്കിപ്പോഴും നിന്നോട് പ്രേമമാന്ന് നീ കണക്കുകൂട്ടുകേലാരുന്നല്ലോ.

ഞാനിങ്ങനൊക്കെ വിചാരിക്കുന്നത് നീയിങ്ങനെ വീട്ടിലുള്ളതുകൊണ്ട് എനിക്കെന്തെങ്കിലും പ്രശ്നമൊണ്ടായതുകൊണ്ടൊന്നും അല്ല രേണുകേ. വൈകുന്നേരം അപ്സരേലൊന്നു കൂടാനോ ഉച്ചക്ക് ബാങ്കീന്നു മുങ്ങി ആ അന്നാമാഡത്തിന്റെ കിളുന്നുപെണ്‍പിള്ളേരുടെ കൂടെ രണ്ടുമണിക്കൂര്‍ കളയാനോ നീ ഇവിടൊള്ളത് എനിക്കൊരു പ്രശ്നമേയല്ല.

നീയൊണ്ടേലും ഇല്ലേലും എന്റെ ജീവിതം ഒരുവഴിക്കൊക്കെ അങ്ങുപോവും. നിന്നോടെനിക്ക് ദേഷ്യോമില്ല. ഒള്ളതുപറഞ്ഞാല് എന്നെ ഒന്നു അരിശപ്പെടുത്താന്‍ പോലും പറ്റാത്ത മണുക്കൂസായിപ്പോയല്ലോ നീയെന്നോര്‍ക്കുമ്പഴാ എനിക്കരിശം.

നിനക്കെന്നോട് വെറുതെ വഴക്കടിച്ചൂടേ? രാവിലെ പിള്ളേരുണര്‍ന്ന് വഴക്കുതൊടങ്ങുമ്പം രണ്ടിനും നല്ല തല്ലുകൊടുത്ത് കരയിച്ച് സ്കൂളില്‍ വിട്ടൂടെ? ഓഫീസില്‍ ഒഴിവുകിട്ടുന്ന നേരം ആ സുകുവിന്റെ അടുത്തു ചുറ്റിപറ്റിനിന്നൂടെ? വെള്ളമടിച്ച് ബോധം കെട്ടു വരുമ്പോഴെങ്കിലും നിനക്കിട്ടു രണ്ടുതല്ലാന്‍ ഒരു കാരണം ഒണ്ടാക്കിക്കൂടേ?

ഇതിനൊന്നും വയ്യെങ്കി രേണുകേ, പാറ്റയെ കൊല്ലാന്‍ നല്ല വീര്യം കൂടിയ മരുന്ന് ഞാനല്ലേ വാങ്ങിക്കൊണ്ടുവന്നതും പിള്ളേരൊന്നും തൊടാതെ അതു സൂക്ഷിച്ചുവയ്ക്കണം എന്നു പറഞ്ഞതും? രാവിലെ ഈ വീട്ടീ ചായ മൊതല് വൈകുന്നേരത്തെ കഞ്ഞി വെരെ എല്ലാം ഒണ്ടാക്കുന്നത് നീതന്നല്ലേ? അതിലെനിക്കും പിള്ളേര്‍ക്കുമൊള്ള പങ്കെടുത്തു മാറ്റി അതീ മരുന്നൊഴിച്ചു നിനക്ക് കഴിച്ചൂടേ?

വെറുതെയെന്തിന് എന്റെ കൈ മെനക്കെടുത്തണം. ഹോ ഒറക്കം വരുന്നു.