Saturday, 12 April 2008

ഉപകാരം

ബോറ്. 5


അര്‍നോള്‍ഡ് കിവിന്‍ഡ ഞാന്‍ താമസിക്കുന്ന വീടിന്റെ താഴെ നിലയില്‍ താമസിക്കുന്ന ഒരു ആഫ്രിക്കക്കാരനാണ്.

രണ്ടുവര്‍ഷം മുന്‍പ് അയാളുടെ മകള്‍ ഗുരുതരമായ ഒരു രോഗത്തോടെ ആശുപത്രിയില്‍ ആയി. നാട്ടില്‍ പോകാനുള്ള പണം കിട്ടാതെ അയാള്‍ വിഷമിച്ചു. ഞങ്ങള്‍ കുറച്ചുപേര്‍ മറ്റുചിലരുടെ സഹായത്തോടെ 1200 യൂറോ സംഘടിപ്പിച്ച് അയാളെ നാട്ടിലേക്കയച്ചു.

ഒരുമാസം കഴിഞ്ഞ് മകളുടെ ശവസംസ്കാരവും കഴിഞ്ഞ് കിവിന്‍ഡ തിരിച്ചുവന്നു.

പിന്നീട് വഴിയില്‍ കാണുമ്പോഴൊക്കെ അയാള്‍ വിനീതമായ ഒരു ചിരിയോടെ എന്നെ അഭിവാദനം ചെയ്യും. അയാളെ വഴിയില്‍ കണ്ടാല്‍ ഞാന്‍ ഒഴിഞ്ഞുമാറാന്‍ തുടങ്ങിയത് അങ്ങനെയാണ്.

അങ്ങനെയിരിക്കെ ആണ് ഞാന്‍ എന്റെ ബാത്ത്റൂമിലെ ചൂടുവെള്ളം വരുന്ന ടാപ്പിന്റെ മുകള്‍ഭാഗം മൊത്തമായി ഊരിയെടുത്തത്. മുറിയിലേക്ക് വെള്ളം ഇരച്ചുവരാന്‍ തുടങ്ങി. ഞാന്‍ പുറത്തേക്കോടി, ആരെയെങ്കിലും വിളിക്കാന്‍.

ആദ്യംകണ്ടത് കിവിന്‍ഡയെ ആണ്. അയാള്‍ ഉടനടി ഒരു ടൂള്‍ ബോക്സുമായി എന്റെ മുറിയില്‍ വന്ന് അത് നിമിഷനേരം കൊണ്ട് ശരിയാക്കിത്തന്നു. ഞാന്‍ അയാള്‍ക്ക് നന്ദിപറഞ്ഞിട്ട് മുറി വൃത്തിയാക്കാന്‍ തുടങ്ങി.

പിന്നീട് വഴിയില്‍ കാണുംമ്പോഴും കിവിന്‍ഡ പഴയതുപോലെ വിനീതനായിരുന്നു.

എങ്കിലും അഭിവാദ്യം ചെയ്തുകഴിഞ്ഞ് പതിവായി ‘പൈപ്പിനു കുഴപ്പമൊന്നുമില്ലല്ലോ സര്‍?' എന്നു ചോദിക്കാന്‍ തുടങ്ങിയത് എന്തിനെന്ന് എനിക്ക് മനസ്സിലാവുന്നില്ല

Thursday, 10 April 2008

അമ്മ

ബോറ് . 3

ഉറക്കം മടിച്ചു നില്‍ക്കുന്നു. അയാള്‍ തിരിഞ്ഞു കിടന്നു. തലയിണയില്‍ ചിതറിക്കിടക്കുകയാണ് അവളുടെ മുടി. അറപ്പ് തോന്നി. കൈ കൊണ്ട് വരഞ്ഞ് മാറ്റിയിട്ടു.

പുറം തിരിഞ്ഞു കിടക്കുകയാണവള്‍. നിറം പോയ മാക്സി പഴയ തുണിക്കെട്ടു പോലെ. ജോലി കഴിഞ്ഞു വന്നുള്ള കിടപ്പാ‍ണ്. ചത്ത ഉറക്കം.

പെണ്ണുകെട്ടിയാലുള്ള മെച്ചം ഉറക്ക ഗുളികവേണ്ടെന്നതാണ്. ഉറങ്ങാന്‍ കുറേക്കൂടെ നല്ല വഴി ഉണ്ടല്ലോ. അയാള്‍ ഇരുട്ടില്‍ ചിരിച്ചു.

വിരലുകള്‍ കൊണ്ട് മാക്സി മുകളിലേക്കു വലിച്ചു നീക്കി ഉറക്കത്തിന്റെ അലസതയില്‍ അകന്നതുടകള്‍ക്കിടയിലൂടെ അയാള്‍ അവളിലേക്ക് പ്രവേശിച്ചു.

കട്ടില്‍ ഉലയുന്നതിന്റെ കുലുക്കത്തിലോ നെഞ്ചില്‍ അലയുന്ന കയ്യുടെ നോവുള്ള കാര്‍ക്കശ്യത്തിലോ ഉറക്കം പാതി മുറിഞ്ഞ പെണ്ണ് ഞരങ്ങി. പിന്നെ ഒരു ദീര്‍ഘനിശ്വാസത്തോടെ ഉറക്കത്തിലേക്ക് തിരിച്ചു പോയി.

ഗര്‍ഭനിരോധന ഗുളിക കഴിക്കുന്ന കാര്യം അവള്‍ മറന്നു പോയിരുന്നു.

Tuesday, 8 April 2008

11.05 ന്റെ വണ്ടി

ബോറ് . 2



മാഷിനെ ഞാന്‍ ആദ്യം കാണുന്നത് കടവത്തൂന്ന് വള്ളം കയറി സ്കൂളിലേക്ക് വരുമ്പഴാന്നെന്നേ... ഞാന്നന്നേരം കോളേജിലോട്ട് പോകാന്‍ എതിരേയുള്ള വള്ളത്തില്‍ വരുവാരുന്നു. എന്റീശോ... അതൊക്കെ ഒരു കാലം

അല്ലിയാമ്പല്‍ കടവിലന്നരക്കുവെള്ളം എന്നൊരു പാട്ടൊണ്ടല്ലോ... അത് ഞങ്ങളെക്കുറിച്ചാന്നല്യോ ഞാന്‍ വിചാരിച്ചേ. രാത്രീല് കെടന്നൊറങ്ങുമ്പോ പോലും മാഷിന്റെ കൂടെ വള്ളം തുഴയുന്ന സ്വപ്നന്മാരുന്നു മനസ്സില്‍.

രാവിലെയും വൈകിട്ടും വെള്ളത്തിന്റെ മീതേ ആടിയും ഒലഞ്ഞും ഒരു പോക്കും വരവും. അതുകാണാന്‍‌വേണ്ടി കോളേജീപ്പോണ്ടെങ്കിലും ഞാന്‍ വീട്ടീന്നെറങ്ങി വരുവാരുന്നു. ഒന്നുകണ്ടാലായി. ഒന്നു മിണ്ടിയാലായി. അതെങ്ങനെ കല്യാണാലോചനവരെ പോയീന്നൊന്നും എനിക്കറിയത്തില്ല.

കല്യാണാലോചന നടക്കുമ്പഴാ മാഷിന് ഇവിടെ ഈ നരകത്തിലോട്ട് ട്രാന്‍സ്ഫര്‍ വന്നത്. റെയില്‍‌വേ സ്റ്റേഷനടുത്തുനിന്ന് കഷ്ടിച്ച് ഒരു കിലോമീറ്റര്‍.

ഒള്ളതൊക്കെ വാരിക്കെട്ടി ട്രെയിനിലാ കൊണ്ടുവന്നതുപോലും.

വന്നിട്ടോ..

ട്രെയിനിലാ മാഷിന്റെ വരവും പോക്കും. ഒരു സ്ടേഷനപ്പുറത്തല്യോ ജോലി. രാവിലെ ഒരോട്ടം. വൈകിട്ടൊരോട്ടം.

മുന്‍പിലും പിന്‍പിലും ചായേടെകൂട്ടത്തില്‍ ഒരു നോട്ടം. ബാക്കിയെല്ലാം ക്ഷീണവും ജോലിയുമാ അങ്ങേര്‍ക്ക്.

എല്ലാം സഹിക്കാം. വൈകിട്ട് ഉണ്ടതും ഉണ്ടാക്കിയതുമെല്ലാം കഴുകിപ്പെറുക്കി ക്ഷീണിച്ച് വന്ന് ബെഡേലോട്ടൊന്നു കിടക്കുമ്പം ട്രെയിനിന്റെ അനക്കം തൊടങ്ങും.

11.05 ന്റെ വണ്ടി

കണ്ണില്‍ മയക്കം പിടിക്കുമ്പോള്‍ അതിന്റെ ഒരു എളക്കോം അനക്കോം. പിന്നെ ഒരു ഭൂമികുലുക്കമല്യോ.. രണ്ടുമിനിറ്റ്. രണ്ടുമിനിറ്റേയൊള്ളൂ. കണ്ണേലോട്ട് പിടിച്ച ഒറക്കം പോയിക്കിട്ടും.

ഇതിയാനതൊന്നും അറിയാത്തമട്ടില്‍ തിരിഞ്ഞുകിടക്കും. പിന്നെ കൂര്‍ക്കം വലിയേ കേള്‍ക്കൂ.

ബോറ്...