Saturday, 12 April 2008

ഉപകാരം

ബോറ്. 5


അര്‍നോള്‍ഡ് കിവിന്‍ഡ ഞാന്‍ താമസിക്കുന്ന വീടിന്റെ താഴെ നിലയില്‍ താമസിക്കുന്ന ഒരു ആഫ്രിക്കക്കാരനാണ്.

രണ്ടുവര്‍ഷം മുന്‍പ് അയാളുടെ മകള്‍ ഗുരുതരമായ ഒരു രോഗത്തോടെ ആശുപത്രിയില്‍ ആയി. നാട്ടില്‍ പോകാനുള്ള പണം കിട്ടാതെ അയാള്‍ വിഷമിച്ചു. ഞങ്ങള്‍ കുറച്ചുപേര്‍ മറ്റുചിലരുടെ സഹായത്തോടെ 1200 യൂറോ സംഘടിപ്പിച്ച് അയാളെ നാട്ടിലേക്കയച്ചു.

ഒരുമാസം കഴിഞ്ഞ് മകളുടെ ശവസംസ്കാരവും കഴിഞ്ഞ് കിവിന്‍ഡ തിരിച്ചുവന്നു.

പിന്നീട് വഴിയില്‍ കാണുമ്പോഴൊക്കെ അയാള്‍ വിനീതമായ ഒരു ചിരിയോടെ എന്നെ അഭിവാദനം ചെയ്യും. അയാളെ വഴിയില്‍ കണ്ടാല്‍ ഞാന്‍ ഒഴിഞ്ഞുമാറാന്‍ തുടങ്ങിയത് അങ്ങനെയാണ്.

അങ്ങനെയിരിക്കെ ആണ് ഞാന്‍ എന്റെ ബാത്ത്റൂമിലെ ചൂടുവെള്ളം വരുന്ന ടാപ്പിന്റെ മുകള്‍ഭാഗം മൊത്തമായി ഊരിയെടുത്തത്. മുറിയിലേക്ക് വെള്ളം ഇരച്ചുവരാന്‍ തുടങ്ങി. ഞാന്‍ പുറത്തേക്കോടി, ആരെയെങ്കിലും വിളിക്കാന്‍.

ആദ്യംകണ്ടത് കിവിന്‍ഡയെ ആണ്. അയാള്‍ ഉടനടി ഒരു ടൂള്‍ ബോക്സുമായി എന്റെ മുറിയില്‍ വന്ന് അത് നിമിഷനേരം കൊണ്ട് ശരിയാക്കിത്തന്നു. ഞാന്‍ അയാള്‍ക്ക് നന്ദിപറഞ്ഞിട്ട് മുറി വൃത്തിയാക്കാന്‍ തുടങ്ങി.

പിന്നീട് വഴിയില്‍ കാണുംമ്പോഴും കിവിന്‍ഡ പഴയതുപോലെ വിനീതനായിരുന്നു.

എങ്കിലും അഭിവാദ്യം ചെയ്തുകഴിഞ്ഞ് പതിവായി ‘പൈപ്പിനു കുഴപ്പമൊന്നുമില്ലല്ലോ സര്‍?' എന്നു ചോദിക്കാന്‍ തുടങ്ങിയത് എന്തിനെന്ന് എനിക്ക് മനസ്സിലാവുന്നില്ല

28 comments:

ഗുപ്തന്‍ said...

ജാമ്യം: ഞാന്‍ ഞാനല്ല. ഇത് ആത്മകഥയും അല്ല :)

vadavosky said...

ഇപ്പോള്‍ പൈപ്പിനു കുഴപ്പമൊന്നുമില്ലല്ലോ സര്‍?

സ്വപ്നാടകന്‍ said...

ഗുപ്തന്‍ മാഷേ - “കഥ” നന്നായിരിക്കുന്നു. കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്നു കേട്ടിട്ടുണ്ട്. “നന്മകള്‍ ചെയ്യൂ, നന്മകള്‍ കൊയ്യൂ...”

ആശംസകള്‍!

vadavosky said...

Kevin Spacey, Helen Hunt, Haley Joel Osment എന്നിവര്‍ അഭിനയിച്ച Pay it Forward എന്ന സിനിമ കാണുക.നല്ല സിനിമയാണ്‌. When someone does you a big favour, dont pay it back.....Pay it forward.

ഹരിത് said...

വടവോസ്കിയുടെ കമന്‍റിനു താഴെ കയ്യൊപ്പ്

അതുല്യ said...

രാത്രി 1 മണിക്കാണു മൊബൈല്‍ മണീ അടിച്ചത്, നോക്കിയപ്പോഴ്, ഗുപ്തന്റെ വിളിയാണു. ഭാര്യ എയര്‍പ്പോട്ടില്‍ വന്നത്രേ നാട്ടീന്ന്, അതും ഗുപതനോട് പറയാണ്ടേ! കൊണ്ട് വരാന്‍ പോണമെന്ന്. (വണ്ടിയില്ലെങ്കിലുള്ള പാടേയ്യ്). അങ്ങനെയാണു ഉറക്ക ചുവടോടെ വണ്ടി ഓടിച്ച്, ഗുപ്തന്റെ പെണ്ണിനെ കൊണ്ടോന്നത്, രാത്രി 3 മണിയായ്പ്പോഴ്.

പിന്നീടൊരിയ്ക്കല്‍ നട്ടുച്ചയ്ക്ക് എ.സി ഇട്ടപ്പോഴ് സ്വിച്ച് ബോര്‍ഡ് മുഴോനും കത്തിയെരിഞ് ചുറ്റും പുക വന്നപ്പോഴ്, വേവലാതീ പിടിച്ച് ഞാന്‍ പുറത്തിറങ്ങി. താഴെ മുസ്തഫയുടെ കടയില്‍ ചായ കുടിഞിരുന്ന ഗുപ്തനോട് പുക കാട്ടി പറഞൊപ്പിച്ചു ഞാന്‍. ലിഫ്റ്റ് ഒഴിവാക്കി ചാടി മുന്നാം നിലയിലെത്തി മെയിന്‍ സ്വിച്ച് ഒഫാക്കി, കത്തിയമരുന്ന സ്വിച്ചിലേയ്ക്കും വയറിലേയ്ക്കും കട്ടി കൂടിയ കര്‍ട്ടനിട്ട് പിടിച്ച് തീ അണച്ചോപ്പോഴ് ഇടയില്‍ കൈയ്യും പൊള്ളി ഗുപ്തന്റെ. അതിനടുത്തുണ്ടായിരുന്ന മരത്തട്ടില്‍ വച്ചിരുന്ന പാസ്പ്പോര്‍ട്ടുമായാണു തിരിച്ചെത്തീത് വരാന്തയില്‍ നിന്നിരുന്ന എന്റെ അടുത്തേയ്ക്ക്.

പിന്നീട് ഒരിയ്ക്കല്‍ ഈയ്യിടെ ഗ്രോസറിയില്‍ വച്ച് കണ്ടപ്പോഴ് ഗുപ്തന്‍ ചോദിയ്ക്കയുണ്ടായി, എ.സിയ്യ്ക്ക് പിന്നെ കുഴപ്പം ഒന്നും ഉണ്ടായില്ലല്ലോ അല്ലേ അതുല്യ?

(എനിക്ക് ഗുപ്തനെ കണ്ടിട്ടില്ല, പറഞറിവില്ല, ഇമെയിലില്ല, ചാറ്റിലൊട്ടുമില്ല, എന്റെ വീട്ടിലെ എസിയ്ക്ക് തീയ്യും പിടിച്ചിട്ടില്ല, എയര്‍പ്പൊട്ടില്‍ രാത്രി മൂന്ന് മണിയ്ക്ക് ആര്‍ക്ക് വേണ്ടീം പോയിട്ടുമില്ല) ബോറ്.

ഗുപ്തന്‍ said...

നമ്മള്‍ രണ്ടും പറഞ്ഞത് തമ്മില്‍ ഒരു ബന്ധവുമില്ലല്ലോ അതുല്യേച്ച്യേ :)

അതുല്യ said...

കമന്റ് കോളത്തിലു അതല്ലേ ഞാന്‍ ഇത് പറഞ് ബോറഡി തീര്‍ത്തത്?
(ഒന്ന് കൂടി വായിയ്ക്കോ :)

ഭൂമിപുത്രി said...

അര്‍നോള്‍ഡ് കിവിന്‍ഡയ്ക്ക് കുറച്ചുകാലമായി സുഖനിദ്ര കിട്ടുന്നുണ്ടെന്നു പറയ്യല്ലേ ഗുപ്താ?

ബഹുവ്രീഹി said...

ബോറ് 1 വായിച്ചിരുന്നു സര്‍

നന്നായിരുന്നു സര്‍

ബോറ് 2 ഉം വായിച്ചിരുന്നു സര്‍

ഇഷ്ടമായി സര്‍. അസ്സലായി

ബോറ്-3 ഉം കണ്ടിരുന്നു സര്‍

ബോറഡിച്ചില്ല സര്‍. അതും നന്നായി തോന്നി.

ബോറ് 4 ശ്രീയുടെ ബ്ലോഗില്‍ വായിച്ചു സര്‍,

അതും രസിച്ചു സര്‍

ബോറ് 5 ഇന്നാണ് വായിച്ചത്

ഇതും നന്നായിട്ടുണ്ട് സര്‍..


സാറിനെ ഞാന്‍ ബോറഡിപ്പിച്ചുവെന്ന വിശ്വാസത്തോടേ
:) ബഹുവ്രീഹി.

സുനീഷ് said...

501-ആം നമ്പര്‍ ബോറ് സോപ്പ് എന്നാ ഇറങ്ങുക ഗുപ്തരേ?

ഇത്തിരിവെട്ടം said...

മനസ്സിലാവുന്നു... ഇത് ഗുപ്തനല്ലന്ന്... അത്മകഥയും അല്ലെന്ന്. :)

Dinkan-ഡിങ്കന്‍ said...

അങ്ങനെയിരിക്കെ ആണ് ഞാന്‍ എന്റെ ബാത്ത്റൂമിലെ ചൂടുവെള്ളം വരുന്ന പൈപ്പിന്റെ മുകള്‍ഭാഗം മൊത്തമായി ഊരിയെടുത്തത്. മുറിയിലേക്ക് വെള്ളം ഇരച്ചുവരാന്‍ തുടങ്ങി. ഞാന്‍ പുറത്തേക്കോടി, ആരെയെങ്കിലും വിളിക്കാന്‍.

ഇത് മാത്രം ബോറടിപ്പിച്ചു പടച്ചവനേ
പൈപ്പ് യോജിപ്പിക്കുനിടത്തെ ജോയന്റ് ശരിയല്ല, അതാണ് ഊരിപ്പോന്നത്.

ഗുപ്തന്‍ said...

ഹഹഹ്.. ടാപ്പിന്റെയാ :) ‘പൈപ്പ്’ തുറന്ന് വെള്ളമെടുക്കുകയും മതിയാകുമ്പോള്‍ ‘പൈപ്പടക്കുകയും‘ ചെയ്യുന്ന ആവറേജ് മലയാളി ശീലം ..താങ്ക്സ്‌ട്ടാ

Dinkan-ഡിങ്കന്‍ said...

അതു മലയാളി ശീലം ആണെന്നറിയാം പക്ഷേ പ്രശ്നമതല്ല. പൊതുപൈപ്പിലല്ലെ ആ വക അഭ്യാസം ഒക്കെ നമ്മള്‍ കാണിക്കൂ. സ്വന്തം (ബാത്രൂമിലെ <- ഇത് ഇട്ടില്ലെങ്കില്‍ പ്രശ്നമാണ്) പൈപ്പിലും ഇത് അനുശീലനമാക്കിയോ?

അങ്ങനെയിരിക്കെ ആണ് ഞാന്‍ എന്റെ ബാത്ത്റൂമിലെ ചൂടുവെള്ളം വരുന്ന പൈപ്പിന്റെ മുകള്‍ഭാഗം മൊത്തമായി ഊരിയെടുത്തത്. മുറിയിലേക്ക് വെള്ളം ഇരച്ചുവരാന്‍ തുടങ്ങി. ഞാന്‍ പുറത്തേക്കോടി, ആരെയെങ്കിലും വിളിക്കാന്‍.

എന്തോ കുഴപ്പം ണ്ട്.. ണ്ട്ന്ന്..മ്മ്..

ഗുപ്തന്‍ said...

ഹഹഹ..ദുഷ്ടന്‍.. :)

യാരിദ്‌|~|Yarid said...

“എങ്കിലും അഭിവാദ്യം ചെയ്തുകഴിഞ്ഞ് പതിവായി ‘പൈപ്പിനു കുഴപ്പമൊന്നുമില്ലല്ലോ സര്‍?' എന്നു ചോദിക്കാന്‍ തുടങ്ങിയത് എന്തിനെന്ന് എനിക്ക് മനസ്സിലാവുന്നില്“

സാദാ മലയാളിക്കു പതിവില്ലാത്തതു വേറൊരാള്‍ ചോദിച്ചതുകൊണ്ടാ‍വും മാഷെ..

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

കഥയില്ലായ്മ കഥയുടെ കാതലാക്കാം. അതാണ്‌ മനുവിന്‍റെ കഥയുടെ കഥയില്ലായ്മ. വരുന്ന വഴി അതുലയുടെ കമണ്റ്റും വായിച്ചു. ഇരുപത്‌ വര്‍ഷം മുമ്പ്‌ നടന്ന സംഭവം ഒാര്‍ത്തുപോയി. ഞാന്‍ (ഈയുള്ളവന്‍ തന്നെ) കോളേജിലേക്കുബസ്സിറങ്ങി നടക്കുകയാണ്‌. (ബസ്‌ സ്റ്റോപ്പില്‍ നിന്നുനാനൂറോളം മീറ്റര്‍ ദൂരം കാണും കോളേജു വരെ). പെട്ടെന്നൊരു കൌതുകം. വശത്തെ ഉയരമുള്ള ഈ തിട്ടിനപ്പുറത്തെന്താവും? ഏറെ ഉയരമുള്ള തിട്ടയല്ലെങ്കിലും ആരും അതിനു മുകളിലേക്കു കയറാത്തതുകൊണ്ട്‌ അങ്ങോട്ടു ഒരു വഴിത്താര പോലുമില്ല. പാണ്റ്റ്‌ തിറുത്ത്‌വെച്ച്‌ ബദ്ധപ്പെട്ടു അതിന്‍റെ മുകളിലെത്തി. അപ്പുറത്ത്‌.... തെല്ലുനേരം ഞാന്‍ അവിടെ നിന്നു. പിന്നെ താഴെയിറങ്ങികോളേജിലേക്കു നടന്നു. മൂന്നു നാലു മണിക്കൂറ്‍ കഴിഞ്ഞ്‌ തിരിച്ചു വരുമ്പോള്‍ ഞാന്‍ കണ്ട കാഴ്ച എന്നെ ഞെട്ടിച്ചു!! തിട്ടയുടെ മുകളിലേക്ക്‌ കാട്ടുപൊന്തകള്‍ക്കിടയിലൂടെഒരു കാല്‍വഴി തെളിഞ്ഞിരിക്കുന്നു. ബസ്‌ വെയിറ്റിംഗ്‌ ഷെഡില്‍ തിട്ടയിലെ ചെമ്മണ്ണുകൊണ്ട്‌ഏറെ ചെരിപ്പുകള്‍ തീറ്‍ത്ത അസംഖ്യം മുദ്രകളും.

ഗുപ്തന്‍ said...

എല്ലാവരോടും നന്ദി :)

വടവോ ആ പടം കാണാന്‍ പറ്റിയില്ലെങ്കിലും ആശയം കിട്ടി. അതു നന്നായി..

സുനീഷേ നമ്മളൊക്കെയല്ലേ 501-ല്‍ നില്‍ക്കുമോ

ബഹൂ‍ൂ ..... :) ആ വിഷുപാട്ട് മൂക്കി അല്ലേ ദുഷ്ടന്‍

യാരിദ് :) അതല്ലല്ലാ പോയിന്റ്

ജിതേന്ദ്ര.. അതുല്യേച്ചി എന്റെ പിന്നാലെ വന്നൂന്ന് തോന്നിയോ..

ഈ കുറിപ്പ് കഥയല്ല. ഒരു കഥക്കുള്ള തേങ്ങ ഞാനെടുത്ത് വെറുതെ മതിലിന്റെ പുറത്ത് വച്ചതാണ്.

ഒരു തരത്തിലും വികസിപ്പിച്ചിട്ടില്ലാത്ത രണ്ട് കഥാപാത്രങ്ങള്‍ ഉണ്ടിതില്‍

1. ഒരാള്‍ക്ക് ഒരു ഗണ്യമായസഹായം ചെയ്തിട്ടും അയാളോട് കമ്യൂണിക്കേറ്റ് ചെയ്യാന്‍ പരാജയപ്പെടുന്ന ഒരാള്‍. അയാളുടെ പരാജയം കൊണ്ടാണ് മറ്റേയാള്‍ക്ക് ഇയാളോട് ഒരു സുഹൃത്തെന്നന്‍ നിലയില്‍ സംവദിക്കാന്‍ ആകാത്തത് എന്ന സാധ്യത വായിച്ചവര്‍ ആരും കണ്ടില്ല. (അയാള്‍ക്ക് ഐഡിയല്‍ ആയിരുന്നെങ്കില്‍ കിവിന്‍ഡ അയാളുടെ സുഹൃത്തായിക്കഴിഞ്ഞിരുന്നേനേ ആദ്യ പരിചയം കഴിഞ്ഞപ്പോഴേ. തുല്യ അവകാശം ഉള്ള സുഹൃത്ത്)

2. പ്രതിനന്ദി എന്ന സങ്കല്പത്തില്‍ കുരുങ്ങിപ്പോകുന്ന ഒരു സാധാരണക്കാരന്‍. അയാള്‍ വടവോ മാഷ് മുകളില്‍ ഇട്ട തത്വം അറിഞ്ഞിരിക്കേണ്ടതാണ്. പക്ഷെ എനിക്കയാളോട് സഹതാപമേയുള്ളൂ. അയാളെ ഞാന്‍ കുറ്റപ്പെടുത്തില്ല. His desire to feel somehow counted in the life of the other is a result of his situation. ആ സിറ്റുവേഷനിലായിരുന്നു എന്റെ കണ്ണ്.

ബോറന്‍ കിവിന്‍ഡയല്ല. കഥ പറയുന്നയാളാണ് :)

sree said...

രണ്ടു പേര്‍ തമ്മില്‍ മിണ്ടുന്നതും മിണ്ടാതിരിക്കുന്നതും, കാണുന്നതും കാണാതിരിക്കുന്നതും, ഓര്‍ക്കുന്നത്തും ഓര്‍ക്കാതിരിക്കുന്നതും എന്നു വേണ്ട...ഒക്കെ ബോറ്..എന്നാപിന്നെ ആരും ഇല്ലാതെ ഒറ്റക്കു വല്ല ഹിമാലയതിലും ചെന്നു നോക്കിയാലൊ ..ബോറടിക്കില്ലായിരിക്കും ല്ലെ?( ഈ ബോറ് ഒരു കമ്മ്യുണിക്കേഷണല്‍ ഡിസ്ഫങ്ങ്ഷന്‍ ആണോ? മോന്‍ പറയാറുണ്ട്...എനിക്കു ബോറടിക്കാന്‍ തോന്നുന്നു എന്ന്..എന്താ തോന്നുന്നതെന്ന് വ്യാഖ്യാനിക്കാന്‍ കഴിയാതെ വരുന്നു എന്നാണ് ഞാന്‍ അത് വായിച്ചെടുത്തിട്ടുള്ളത്.നമ്മുടെ നരേറ്റരുടേതും അതുപോലെ ഒരു അവസ്ഥയാവാം അല്ലെ..ഇങനെ ഒരു ഘട്ടത്തില്‍ മറ്റേ ആളോട് എന്താ തോന്നേണ്ടത്..നന്ദിയാണോ, സഹതാപമാണോ എന്നറിയാന്‍ വയ്യാത്ത അവസ്ഥ.)

ഇതു കൊള്ളാം ഗുപ്തൊ! ഇതിലു കാമ്പുണ്ട്.

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

പിന്നാലെ വരുന്ന കാര്യമായിരുന്നില്ല ഉദ്ദേശിച്ചത്‌. അങ്ങിനെ വരുന്നവര്‍ എവിടെയെത്തും എന്നാണ്‌. മനു നിലാവില്‍ പുഴലിറങ്ങി ഒന്നു കുളിച്ചു എന്നേകരുതിയുള്ളു. പക്ഷേ പ്രത്യക്ഷത്തിലുള്ള ആ`പപ്പടം' കണ്ടിട്ടാണെന്നു കരുതിയില്ല. (മണ്‍തിട്ടയ്ക്കപ്പുറത്ത്‌ വെറുമൊരു തരിശ്ശുനിലമായിരുന്നു. അവിടെ ഒരു കൊട്ടത്തേങ്ങക്കായി ഞാന്‍ തിരഞ്ഞില്ലായിരുന്നു അന്നും. )

അനൂപ്‌ കോതനല്ലൂര്‍ said...

അപ്പോ പൈപ്പു ഇപ്പോഴും പ്രശനത്തിലാണൊ ഗുപ്താ

G.manu said...

ഗുപ്തന്‍ ടച്ചുള്ള മറ്റൊരു പീസ്..
കൊടു കൈ

സിജി said...

അതു ശരി ഇവിടത്തെ ബോറടി ഇതുവരെ മാറിയിട്ടില്ല അല്ലെ..
എഴുതി വിടുന്ന സാധനങ്ങള്‍ കൊള്ളാം. :)

വെള്ളെഴുത്ത് said...

പതുക്കെ ആളുകളെ വെറുത്തു തുടങ്ങുന്നതിന്റെ, സോഷ്യബിള്‍ അല്ലാതായി മാറിക്കൊണ്ടിരിക്കുന്നതിന്റെ, ലക്ഷണമാണ് ഈ “ബോറ് 5.“

ഗുപ്തന്‍ said...

അതു കൃത്യമറിയാവുന്നതുകൊണ്ടല്ലേ ആത്മകഥ അല്ലാ‍ാന്ന് ഞാന്‍ മുന്നുനാലു ജാമ്യം എടുത്തത്

suraj::സൂരജ് said...

കുറച്ചുനേരം ഇരുന്ന് ആലോചിച്ചപ്പോള്‍ തോന്നി...ഇതൊരു ആത്മകഥ തന്നെയായിരുന്നെങ്കിലെന്ന്...വെറുതേ.

" ഞാന്‍ താമസിക്കുന്ന വീടിന്റെ താഴെ നിലയില്‍ താമസിക്കുന്ന..."

ആ മനുഷ്യന്റെ വിനയം “മുകളിലത്തെ നിലയിലേക്കുള്ള” കൌതുകമാര്‍ന്ന, ആശ്ചര്യപൂര്‍വ്വമായ ഒരു നോട്ടം കൂടിയാണ്. അല്ലേ ?

കുറച്ചുവാക്കുകളില്‍ ആയിരം അര്‍ത്ഥം ഒളിപ്പിക്കുന്ന കല അസൂയപ്പെടുത്തുന്നു:)

ചില നേരത്ത്.. said...

ഗുപ്തന്‍,

ഇതു പോലെ ഒരു ഫീലിംഗ് എനിക്ക് (‘എനിക്കും’ എന്നതൊഴിവാക്കാന്‍ ശരിക്കും തോന്നുന്നില്ല, നിങ്ങളല്ല ഇതിലെ നിങ്ങള്‍ എന്ന് പറഞ്ഞിട്ട് പോലും) തോന്നിയിരുന്നു. ഒരു തരം ജാള്യത, അന്നിങ്ങനെ, ഇവിടെ കുറിച്ചിട്ടു.
http://ibru.blogspot.com/2006/07/blog-post_22.html

ഇത് വായിച്ചപ്പോഴും അത് ഞാനോര്‍ത്തു.

Post a Comment