കണ്ണുകള്‍ തുറക്കാതെ ചേര്‍ന്നടയാത്ത ഇമകള്‍ക്കിടയിലൂടെ നോക്കിയാല്‍ നിഴലുകളുടെ ചലനത്തിലൂടെ കവലയ്ക്ക് ജീവന്‍ വയ്ക്കുന്നതറിയാം. വെയില്‍ താഴ്ന്നുതുടങ്ങിയിരിക്കുന്നു.
മുകളില്‍ പടര്‍ന്നുനില്‍ക്കുന്ന ആലിന്റെ കൊമ്പുകള്‍ ഉലച്ചുവളച്ച് കാറ്റെന്തോ എഴുതുന്നുണ്ട്. വായിക്കാന്‍ കൌതുകത്തോട് കണ്ണുതുറന്നു. ചിറകുകള്‍ ഉലഞ്ഞുണരുന്ന ശബ്ദം. പിന്നെ കാ കാ എന്ന പരിഹാസം. നെറ്റിയിലൂടെ ഒഴുകിവീണ ചൂടുള്ള ദുര്‍ഗന്ധം കയ്യില്‍ തടഞ്ഞ പഴുത്തിലകൊണ്ട് തുടച്ച് ചാമിയപ്പന്‍ സ്വസ്ഥമായി ചിരിച്ചു.
“അങ്ങോട്ടു നോക്കണ്ടടീ..” ആല്‍ത്തറയ്ക്കരികിലൂടെ നടന്നുപോകുന്ന രണ്ടുപെണ്‍കുട്ടികളിലൊരാള്‍ മറ്റെയാളോട് അടക്കം പറയുന്നു. “പ്രാന്തനാ..”
ചാമിയപ്പന്‍ ചിരി മായാതെ അവളെ നോക്കി. കണ്ടു. തിരക്കുള്ള ആശുപത്രി വരാന്ത. സംസാരിക്കുകയാണവള്‍. വെളുത്തവസ്ത്രം. കഴുത്തില്‍ വളഞ്ഞൊതുങ്ങി കിടക്കുന്ന ഉപകരണം. മുന്നില്‍ തൊഴുകൈയ്യോടെ നിന്നുകേള്‍ക്കുന്നുണ്ട് ഒരു സാധുസ്ത്രീ. “സാരമില്ല ചേച്ചീ. മരുന്നുകള്‍ കുറിച്ചിട്ടുണ്ട്. അതുതെറ്റാതെ കൊടുക്കൂ. മൂന്നാമത്തെ ദിവസം കുറവുണ്ടാവും. ധൈര്യമായി പോവൂ”. കരുണ. സഹതാപം. അന്തസ്സ്.
'നല്ലാ ഇര്', ചാമിയപ്പന്‍ ശബ്ദമൊതുക്കി പറഞ്ഞു. 'നീ നല്ലാ ഇര് അമ്മാ...കടവുള്‍ ഉന്നെ കാപ്പാത്തട്ടും'
പെണ്‍കുട്ടികള്‍ ചിരിമായാത്ത ചലിക്കുന്ന ചുണ്ടുകളിലേക്ക് ഭയത്തോടെ നോക്കിയിട്ട് ഓടിപ്പോയി.
ചാമിയപ്പന്റെ ദിവസങ്ങള്‍ അങ്ങനെയാണ്. വെളുപ്പിന് അഞ്ചേമുക്കാലിന് നഗരത്തിലേക്കുള്ള വണ്ടിയില്‍ പൂക്കളും മാലകളും നിറച്ച കൂടകയറ്റിവച്ച് കണ്ണമ്മ പോകും. കുട്ട്യാരുടെ കടയില്‍ നിന്ന് ഒരു കട്ടന്‍ ചായ കുടിച്ച് ചാമിയപ്പന്‍ ആല്‍ത്തറയിലിരിക്കും. കണ്ണമ്മ തിരികെ വരുവോളം. വര്‍ഷങ്ങളായുള്ള പതിവ്.
അതിനും വളരെ മുന്‍പ് നാലുവയസ്സോളം പ്രായമുള്ള ഒരു പെണ്‍കുട്ടിയുടെ കൈപിടിച്ച് അയാള്‍ ഗ്രാമത്തിലേക്ക് വരുമ്പോള്‍ അയാള്‍ക്ക് പേരുണ്ടായിരുന്നില്ല. ഗ്രാമത്തിന്റെ ഉള്‍വഴിയില്‍ വിളക്കും വയ്പ്പുമില്ലതെ ഒഴിഞ്ഞുകിടന്ന കാവിനരികില്‍ കുടില്‍ കെട്ടി അയാള്‍ താമസമായപ്പോള്‍ ആരും എതിര്‍ത്തില്ല. കുട്ടിയെയും കൊണ്ട് അയാള്‍ രാവിലെ ആല്‍ത്തറയില്‍ വരും. എല്ലാവരെയും നോക്കി ചിരിച്ച് അവിടെ ഇരിക്കും. ദയവു തോന്നി ആരൊക്കെയോ പണവും ഭക്ഷണവും കൊടുത്തു.
കുട്ടിയെ അയാള്‍ കണ്ണേ എന്നു വിളിക്കുന്നത് കേട്ടിട്ട് അവളെ നാട്ടുകാര്‍ കണ്ണമ്മ എന്നു വിളിച്ചു. ഒരിക്കല്‍ കയ്യില്‍ ഒരു എട്ടണയുമായി പഴം വാങ്ങാന്‍ വന്ന കണ്ണമ്മയോട് കുട്ട്യാര് ചോദിച്ചു: ‘നിന്റപ്പന്‍ ചാമിക്ക് ജോലി ചെയ്യാന്‍ പാടില്ലേ കുട്ടീ?'
പതിയെപ്പതിയെ ചാമിയും കണ്ണമ്മയും ഗ്രാമത്തിന്റെയും കവലയുടെയും ഭാഗമായി.
ആല്‍ത്തറയ്ക്കരികെ പൂ വില്‍ക്കുമായിരുന്ന പാറൂട്ട്യമ്മ കണ്ണമ്മയെ കൂടെക്കൂട്ടി. പൂവിറുക്കാനും കെട്ടാനും കണ്ണമ്മ പഠിച്ചു. മാലകെട്ടി അമ്പലത്തിനരികെ പോയിനിന്ന് വിലപറഞ്ഞു വിറ്റു. ചാമി ദിവസം മുഴുവന്‍ വെറുതെയിരുന്നതേയുള്ളൂ.
ഒരിക്കല്‍ മകളുടെ പിറന്നാളിനു വച്ച പായസം കണ്ണമ്മയ്ക്ക് കൊടുക്കാന്‍ വന്ന മേക്കോട്ടെ ശോഭയോട് ചാമി പറഞ്ഞു. "ഉന്‍ പുരുഷന്‍ വരുവാന്‍". ശോഭ ഞെട്ടി. ചാമി വീണ്ടും പറഞ്ഞു : "നാളൈയ്ക്ക് ഉന്‍ പുരുഷന്‍ വരുവാന്‍".
ആറുവര്‍ഷം മുന്‍പ് പുറപ്പെട്ടുപോയതാണ് ഗോപാലന്‍. അയാളെക്കുറിച്ച് എല്ലാവരും മറന്നു തുടങ്ങിയിരുന്നു. ഗോപാലനെക്കുറിച്ചുതന്നെയാണോ ചാമി പറഞ്ഞതെന്ന് ചോദിക്കാന്‍ ശോഭക്ക് തോന്നിയില്ല.
പിറ്റേന്ന് വൈകിട്ട് ഗ്രാമത്തിലൂടെ കടന്നുപോയ ഒരു ലോറിയുടെ പിന്നില്‍ നിന്ന് വലിയ പെട്ടികള്‍ വലിച്ചിറക്കി “ഒരു നാരങ്ങാവെള്ളമെടുക്ക് കുട്ട്യാരേ” എന്ന് ചിരപരിചിതനെപ്പോലെ ചിരിച്ച ഗോപാലനെ കുട്ട്യാര് തിരിച്ചറിഞ്ഞതുതന്നെ പണിപ്പെട്ടാണ്.
അങ്ങനെയാണ് തുടക്കം. അപ്പന്‍ ചാമി ചാമിയപ്പനായി. ചാമിയാരപ്പനായി. പ്രവചനങ്ങള്‍ കേള്‍ക്കാന്‍ സ്ത്രീജനങ്ങള്‍ ‘ലക്ഷണ’യുമായി വരവായി. ചാമിയപ്പന്റെ ജീവിതത്തില്‍ പക്ഷെ മാറ്റമൊന്നും വന്നില്ല.
കണ്ണമ്മ വളര്‍ന്നപ്പോള്‍ അവള്‍ കുടിലിനു ചുറ്റും കാവിന്റെ കുറെസ്ഥലം തെളിച്ചു. കനകാംബരവും ചെമ്പരുത്തിയും കുറ്റിമുല്ലയും നട്ടു. പാറൂട്ട്യമ്മ മരിച്ചപ്പോള്‍ അവള്‍ തനിയെ പൂവില്‍ക്കാന്‍ തുടങ്ങി. പകലന്തിയോളം ചാമിയപ്പന്‍ പ്രവചനങ്ങള്‍ക്ക് കാതോര്‍ത്ത് ആല്‍മരച്ചുവട്ടില്‍ മയങ്ങി.
ചാമിയപ്പന്‍ പ്രവചനങ്ങള്‍ നിറുത്തിയത് കണ്ണമ്മയ്ക്ക് പതിനാറുവയസ്സുള്ളപ്പോഴാണ്. ആറ്റിറമ്പിലെ ആശാന്‍ മകള്‍ കവിതയെ നഗരത്തിലെ സ്കൂളില്‍ ചേര്‍ക്കാന്‍ കൊണ്ടു വന്നതാണ്. കണ്ണടച്ചിരിക്കുന്ന ചാമിയപ്പന്റെ മുന്നില്‍ കുട്ടിയെ നിറുത്തി ആശാന്‍ പറഞ്ഞു: ‘ലക്ഷണ കൊടുമോളെ.’ ചാമിയപ്പന്‍ കണ്ണു തുറന്ന് കുട്ടിയെ നോക്കി. വീണ്ടും കണ്ണടച്ചു. മുന്നിലെ തോര്‍ത്തില്‍ ദക്ഷിണവച്ച പത്തുരൂപ കുറേ നേരം അനാഥമായിക്കിടന്നു.
മുന്നാം നാള്‍ നഗരത്തിലെ റോഡ് മുറിച്ചുകടക്കെ ആറ്റിറമ്പിലെ ആശാന്റെ മകള്‍ കവിത ബസിടിച്ച് മരിച്ചു. ആല്‍ത്തറയോട് ആളുകള്‍ക്ക് ഭയം തോന്നിത്തുടങ്ങിയത് അക്കാലത്താണ്.
അധികനാള്‍ കഴിയുന്നതിനുമുന്നേ പുതുതായി തുടങ്ങിയ പുലര്‍ച്ചയിലെ ബസില്‍ കണ്ണമ്മ ആദ്യമായി പൂക്കൂടയുമായി നഗരത്തിലേക്ക് പോയി. കുട്ട്യാരുടെ ഒരു അളിയനാണ് അമ്പലത്തിനരികെ ഒരു പെട്ടിക്കടയോടു ചേര്‍ന്നുള്ള തണല്‍ സംഘടിപ്പിച്ചുകൊടുത്തത്. പുലര്‍ച്ചെ പൂ വിറ്റും ഇടക്ക് കടയില്‍ സഹായിച്ചും നിന്ന് വൈകിട്ട് കെട്ടാന്‍ കുറേ പൂവും കൊളുന്തും വാങ്ങി കണ്ണമ്മ തിരികെവരും. ആല്‍മരച്ചുവട്ടില്‍ ചാമിയപ്പന്‍ കാത്തിരിക്കും.
ചാമിയപ്പന്‍ പ്രവചനങ്ങള്‍ പറയാതായെങ്കിലും ദക്ഷിണ കാര്യമായി കുറഞ്ഞില്ല. ഒരിക്കല്‍ മാത്രം കണ്ണമ്മ തിരികെ വരുന്നതിനു മുന്നേ ചാമിയപ്പന്‍ വീട്ടില്‍ പോയ ദിവസമാണ് കവലയില്‍ കത്തിക്കുത്ത് നടന്നത്. ആളുകള്‍ അത് കൃത്യമായി ശ്രദ്ധിക്കുകയും അടക്കം പറയുകയും ചെയ്തു.
ചാമിയപ്പന്‍ കാത്തിരിക്കുകയാണ്. കണ്ണമ്മ വരാന്‍ ഇനിയും വൈകും. അയാളുടെ കാത്തിരിപ്പിന് ഒരിക്കലും തെളിച്ചമില്ല എന്ന സത്യം അയാള്‍ മായാത്ത ചിരിയില്‍ മറച്ചു. വണ്ടി വരാന്‍ അഞ്ചുമിനിറ്റെങ്കിലും വൈകിയാല്‍ അയാള്‍ അസ്വസ്ഥനാകാറുണ്ട്.
വണ്ടിയില്‍ നിന്ന് കൂട വലിച്ചെടുത്ത് കുട്ട്യാരോട് എന്തെങ്കിലും വിശേഷം പറഞ്ഞ് കവല കുറുകെ കടന്ന് അവള്‍ അടുത്തെത്തുമ്പോഴേക്കും അവളുടെ മുഖത്തേക്ക് ഉറ്റുനോക്കി അവളുടെ ആ ദിവസം എങ്ങനെ ആയിരുന്നു എന്നുകണ്ടുപിടിക്കാന്‍ ചാമിയപ്പന്‍ പാടുപെടും.
"ഇന്നയ്ക്ക് എപ്പടി ഇരുന്തത് കണ്ണാ" എന്ന ചാമിയുടെ ചോദ്യത്തിന് "എല്ലാം നല്ല പടിയാ ഇരുന്തിച്ച് അപ്പാ" എന്ന പതിവ് ഉത്തരത്തിനപ്പുറം അവള്‍ ഒന്നും പറഞ്ഞിട്ടില്ല ഇതുവരെ.
എങ്കിലും ആ ഉത്തരത്തിന്റെ ലാളിത്യത്തില്‍ ഒതുങ്ങാത്ത എന്തൊക്കെയോ അവള്‍ക്ക് സംഭവിക്കുന്നു എന്ന ആകുലതയോടെ ചാമി വിറച്ചെഴുന്നേല്‍ക്കും. പൂക്കൂട തലയില്‍ വച്ച് മകള്‍ മുന്നിലും അപ്പന്‍ പിന്നിലും ആയി നടക്കുമ്പോള്‍ ഇരുവരും അധികം സംസാരിക്കാറില്ല.
എന്തു ദുര്‍വിധിയാണ് തന്റെ കണ്ണില്‍ നിന്ന് അവളെ മറച്ചുകളയുന്നതെന്ന് അയാള്‍ ആകുലപ്പെട്ടിരുന്നു. അവളുടെ ഏറിവരുന്ന മൌനം അയാളെ ഭയപ്പെടുത്തിയിരുന്നു.
വീട്ടിലെത്തിയാല്‍ കണ്ണമ്മ ചെടികള്‍ നനക്കും; പൂവ് പറിക്കും; പിന്നെ തിടുക്കത്തില്‍ കുളികഴിഞ്ഞ് പൂവ് കെട്ടാനിരിക്കും. അത്താഴത്തിനുള്ള അടുപ്പില്‍ തീ കത്തുന്നുണ്ടാവും.
നാളെ വിരിയാനുള്ള പൂക്കളെയും നാളെ വാടാനുള്ള ചെടികളെയും തിരിച്ചറിയാന്‍ ഒരു പാഴ്‌ശ്രമം നടത്തി ചാമിയപ്പന്‍ വരാന്തയില്‍ ചാരിയിരിക്കും.
കവലയില്‍ നിന്നകലെ വളവില്‍ ഒരു വണ്ടി ഹോണ്‍ മുഴക്കി. ചാമിയപ്പന്‍ ആല്‍മരത്തിന്റെ കടയില്‍നിന്നും തലയുയര്‍ത്തി ആകാംക്ഷയോടെ നോക്കി. കണ്ണമ്മ വരുന്ന ബസ് എത്താന്‍ സമയമായിട്ടില്ലെന്ന് അയാള്‍ക്ക് പക്ഷെ ഉറപ്പുണ്ടായിരുന്നു.
പിന്നില്‍ പദചലനം. ഒതുങ്ങിയ സംസാരം. തിരിയുമ്പോള്‍ കണ്ടുപരിചയമുള്ള മുഖമാണൊന്ന്. ലക്ഷ്മിയമ്മ ചാമിയപ്പന് ഇടയ്ക്കൊക്കെ ഭക്ഷണം കൊടുത്തിരുന്നു.
“മകളാണ്” ലക്ഷ്മിയമ്മ ചിരിച്ചു. ചാമിയപ്പന്‍ അവരുടെ കൂടെയുണ്ടായിരുന്ന കൊലുന്നനെയുള്ള കുട്ടിയെ നോക്കി. അവള്‍ നാണിച്ച് തലചെരിച്ചു നിന്നു.
“വ്യാഴാഴ്ച അവളുടെ കല്യാണമാണ് ചാമിയാരപ്പാ” ലക്ഷ്മിയമ്മ മകളുടെ കൈതൊട്ട് കൈയ്യിലുള്ളത് ചാമിയപ്പന് കൊടുക്കാന്‍ ആഗ്യം കാണിച്ചു. അവള്‍ അറച്ചറച്ച് കൈ നീട്ടി.
“അനുഗ്രഹിക്കണം”. ലക്ഷ്മിയമ്മ പറഞ്ഞു. ചാമിയപ്പന്‍ പെണ്‍കുട്ടിയുടെ മുഖത്തേക്കുതന്നെ സൂക്ഷിച്ചു നോക്കി.
നഗരത്തില്‍ നിന്ന് ഗ്രാമത്തിലെത്തുന്നതിനു മുന്നിലെ കയറ്റമാണ്. അയാള്‍ക്ക് തിടുക്കമുണ്ട്. സ്കൂട്ടര്‍ പതിയെ വളച്ച് മുന്നില്‍ കയറാന്‍ സ്ഥലമുണ്ടോ എന്നു നോക്കി പതിയെ പിന്‍വാങ്ങി. ലോറിയുടെ തൊട്ടു പിന്നില്‍ കയറ്റം കയറാന്‍ മടിച്ച് അയാള്‍ സ്കൂട്ടര്‍ നിറുത്തി. അസ്വസ്ഥനായി കാലുകള്‍ നിലത്തുരച്ച് അയാള്‍ ലോറിയിലേക്ക് ശ്രദ്ധിച്ചു.
എങ്കിലും കയറ്റം കയറിത്തുടങ്ങിയ ലോറിയില്‍ നിന്ന് കെട്ടഴിഞ്ഞ് താഴെക്കുവന്ന ഭാരമുള്ള വീപ്പകളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. വീപ്പകളിലൊന്ന് അയാളെയും വണ്ടിയെയും കയറ്റം തുടങ്ങുന്നതിനു താഴെയുള്ള കുഴിയിലേക്ക് തെറിപ്പിച്ചു. പിന്നെ അയാളുടെ നെഞ്ചിനുകുറുകെ വീണു.
സ്കൂട്ടറിനരികില്‍ പിറ്റേന്ന് മകളുടെ വിവാഹത്തിനായി വാങ്ങിയ പൂക്കളും ഹാരങ്ങളും ചിതറിക്കിടന്നു.
ദക്ഷിണ നീട്ടിനില്‍ക്കുന്ന പെണ്‍കുട്ടിയുടെ മുഖം നോക്കിയിരുന്ന് ചാമിയപ്പന്‍ ഉരുകി. പിന്നെ കണ്ണടച്ച് ആല്‍ത്തറയിലേക്ക് ചാരി.
“കൊട്, കൊടുത്തിട്ട് വാ” ലക്ഷ്മിയമ്മ ഭയന്ന ശബ്ദത്തില്‍ പറഞ്ഞു.
പദചലനങ്ങള്‍ അകന്നുപോകുന്നത് ചാമിയപ്പന്‍ കേട്ടു. “അല്ലെങ്കിലും അയാളീയിടെ അങ്ങനെയാ കൊച്ചേ” അമ്മ മകളെ ആശ്വസിപ്പിക്കുന്നു. ചാമിയപ്പന് നിലവിളിക്കണം എന്നു തോന്നി.
ആറ്റിനക്കരെയുള്ള അടുത്ത ചെറുപട്ടണത്തിലേക്ക് ഭാരം കയറ്റിയ ലോറികള്‍ ഗ്രാമത്തിലൂടെയാണ് കടന്നു പോകുന്നത്. അതില്‍ മണ്ണെണ്ണ കയറ്റിയ ഒരു ലോറി കവലയില്‍ വന്നു പൊട്ടിത്തെറിക്കുന്നതും കുട്ട്യാരുടെ കടമുതല്‍ താനിരിക്കുന്ന ആല്‍ത്തറ വരെ ഒറ്റ തീഗോളമാവുന്നതും ചാമിയപ്പന്റെ ഉച്ചമയക്കങ്ങളില്‍ സ്വപ്നമായി വരാന്‍ തുടങ്ങിയിട്ട് കുറേക്കാലമായിരുന്നു. എങ്കിലും സ്വപ്നങ്ങളെ മുന്നറിവുകളായി ചാമിയപ്പന്‍ ഒരിക്കലും കരുതിയിരുന്നില്ല.
ലക്ഷ്മിയമ്മയുടെ ഭര്‍ത്താവിനെക്കുറിച്ച് കണ്ടതും കഥയില്ലാത്ത ഒരു സ്വപ്നമായിരുന്നെങ്കില്‍ എന്ന് ചാമിയപ്പന്‍ ആശിച്ചു.
വളവിനപ്പുറം വീണ്ടുമൊരു വണ്ടിയുടെ മുഴക്കം. ചാമിയപ്പന് എന്തെന്നില്ലാത്ത ഭയം തോന്നി. അത് മണ്ണെണ്ണ കയറ്റിയ ഒരുലോറി ആയാലോ? അതിനു പിന്നില്‍ നഗരത്തില്‍ നിന്ന് കണ്ണമ്മ വരുന്ന ബസ് പൊടിയില്‍ പമ്മി ഇഴഞ്ഞു വരുന്നുണ്ടെങ്കിലോ?
ആല്‍ത്തറയില്‍ നിന്ന് നിരങ്ങിയിറങ്ങി ചാമിയപ്പന്‍ കുട്ട്യാരുടെ കടയുടെ മുന്നിലെത്തി. ഒഴിഞ്ഞ ഒരു വലിയ ലോറി അക്കരെയുള്ള പട്ടണത്തിലേക്ക് പാഞ്ഞുപോയി.
“എന്താ ചാമിയപ്പാ പതിവില്ലാതെ?". കുട്ട്യാര് ചോദിച്ചു.
ചാമിയപ്പന്‍ കുട്ട്യാരുടെ മുഖത്തേയ്ക്കും നഗരത്തില്‍ നിന്നുള്ള വഴിയിലേക്കും മാറിമാറി നോക്കി.
“ഓ കണ്ണമ്മ” കുട്ട്യാര് ഭിത്തിയിലെ റ്റൈമ്പീസില്‍ നോക്കി. “അവളെത്താന്‍ നേരമായില്ല ചാമിയപ്പാ. കുറച്ചൂടെ പിടിക്കും.”
ചാമിയപ്പന് ലജ്ജ തോന്നി. അബദ്ധം മറയ്ക്കാനെന്നപോലെ അയാള്‍ കറപിടിച്ചപല്ലുകള്‍ പുറത്തു കാണിച്ച് ചിരിച്ചു.
ചാമിയപ്പന്‍ കടയുടെ ഒതുക്കിലേക്ക് ചേര്‍ന്നു നിന്നു. കവലയുടെ പല മൂലയില്‍ നിന്ന് മുഖങ്ങള്‍ ഒളികണ്ണിട്ടു നോക്കാന്‍ തുടങ്ങി. ചാമിയപ്പന് അസ്വസ്ഥത തോന്നി.
കടയുടെ വരാന്തയില്‍ ഒരു ഒഴിഞ്ഞ കൂട കിടന്നിരുന്നു. ചാമിയപ്പന്‍ അതു കുനിഞ്ഞെടുത്തിട്ട് കുട്ട്യാരെ നോക്കി. എന്തിനെന്ന് മനസ്സിലായില്ലെങ്കിലും കുട്ട്യാര് ആയ്ക്കോട്ടെ എന്ന് തലയാട്ടി.
ചാമിയപ്പന്‍ കടയ്ക്കപ്പുറത്തേക്ക് നടന്നു. ഒരു ചെറുമതിലിനപ്പുറത്ത് നിന്ന് ചെമ്പരുത്തിയും മുല്ലയും വഴിയരികിലേക്ക് പൂത്ത് ചാഞ്ഞുകിടന്നിരുന്നു.
വിരല്‍ ആദ്യം തൊട്ടത് ഒരു പൂവിലാണ്. രാവില്‍ ഇതു വാടും. ചാമിയപ്പന്‍ സ്വയം പറഞ്ഞു. പൂവിനെ ഒന്നു തലോടി ചാമിയപ്പന്‍ അതിനരികില്‍ നിന്ന് നിറഞ്ഞ ഒരു മൊട്ട് പറിച്ചെടുത്തു.
വിറയ്ക്കുന്ന വിരലുകളോട് ഇലകളും ദലങ്ങളും സംസാരിക്കുന്നത് ചാമിയപ്പനറിഞ്ഞു. കവലയിലെ പലയിടങ്ങളിലും നിന്ന് തന്നെത്തന്നെ നോക്കുന്ന കണ്ണുകളെ അവഗണിച്ച് ചാമിയപ്പന്‍ പൂവിറുക്കാന്‍ തുടങ്ങി.
കറുത്ത, കരുത്തനായ ഒരുചെറുപ്പക്കാരന്റെ കൈപൈടിച്ച് കണ്ണമ്മ വലിയൊരമ്പലത്തിന്റെ പടിയിറങ്ങിവരുന്നതും അയാള്‍ അവള്‍ക്കുള്ള പൂക്കൂട ഗ്രാമത്തിലേക്കുള്ള ബസില്‍ കയറ്റിക്കൊടുക്കുന്നതും ഒരു സ്വപ്നം പോലെ ചാമിയപ്പന്‍ കണ്ടു.
കണ്ണുകള്‍ ഇറുക്കിയടച്ച് കണ്ണുനീര്‍ തുടച്ചുകളഞ്ഞ് ചാമിയപ്പന്‍ വീണ്ടും പൂങ്കുലയിലേക്ക് വിരല്‍ നീട്ടി. അത് അവസാനത്തെ കാഴ്ചയാണെന്ന് അയാള്‍ക്ക് തീര്‍ച്ച തോന്നി.
33 comments:
കുറേ നാളത്തെ ഇടവേളയ്ക്കു ശേഷം കഥപോലെ എന്തോ ഒന്ന്.. ഒരു ഗ്രാമദൈവത്തിന്റെ കഥ.
നല്ല കഥ. തന്റെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചു എന്ന് പറയപ്പെടുന്ന ദൈവങ്ങള്‍ക്കൊരു മനസ്സുണ്ടെങ്കില്‍ അതിങ്ങനെ തന്നെയായിരിക്കണം.
ദൈവത്തിനേ അറിയൂ ദൈവത്തിന്റെ ബുദ്ധിമുട്ട് ...
പണ്ട് ഒരു തര്‍ജ്ജമ പോസ്റ്റില്‍ റെയ്മണ്ട് കാര്‍വറ്ക്ക് കൊടുത്ത കയ്യടക്കത്തിലെ മികവിന്റെ ആശംസ ഇവിടെ നല്‍കുന്നു. അസാധ്യകൈയ്യടക്കം/ശൈലി.. സമ്മതിച്ചിരിക്കുന്നു, നമിച്ചിരിക്കുന്നു :)
(പക്ഷേ കഥ... അത് ആദ്യകമെന്റിന്റെ മുങ്കൂര്‍ജാമ്യത്തിനാല്‍ ഡിങ്കന്‍ നിശബ്ദന്‍)
അവസാനം മനസ്സിന്ന് ഒരു അസ്വസ്ഥത... ചാമിയപ്പനെ പോലെ എനിക്കും അത് മനസ്സിലാകുമോ...
എല്ലാം അറിയുന്ന ദൈവത്തിന് മനുഷ്യന്റെ മനസ്സായിരുന്നെങ്കില്‍ എന്നേ ആത്മഹത്യ ചെയ്തുകാണും. സ്ഥിതപ്രജ്ഞഃനായ ഒരു സന്ന്യാസിയില്‍ ദൈവീകത കാണുന്നത് അതുകൊണ്ടാവാം.
മനുഷ്യന്‍ തന്റെ ഛായയില്‍ ദൈവത്തെ സൃഷ്ടിക്കുമ്പോള്‍ അവനും ഒരു മനസ്സു കോടുക്കുന്നതും ആവാം
മനുഷ്യനാവാന്‍ ശ്രമിക്കുന്നതല്ലെ ദൈവമാവുന്നതില്ലും നല്ലത്. ചാമിയപ്പനു പ്രവചനക്കാഴ്ച തിരികെ കിട്ടാതിരിക്കട്ടെ...
കഥ നന്നായി, മനു.
എനിക്കിഷ്ടമായി. കഥയായാലും കഥ പോലെ എന്തോ ആയാലും.
'വിരല്‍ ആദ്യം തൊട്ടത് ഒരു പൂവിലാണ്. രാവില്‍ ഇതു വാടും. ചാമിയപ്പന്‍ സ്വയം പറഞ്ഞു. പൂവിനെ ഒന്നു തലോടി ചാമിയപ്പന്‍ അതിനരികില്‍ നിന്ന് നിറഞ്ഞ ഒരു മൊട്ട് പറിച്ചെടുത്തു'.
ഈയടുത്തകാലത്തൊന്നും മനസ്സില്‍ തട്ടിയ കഥ വായിച്ചിട്ടില്ല..ഇതു വായിച്ചപ്പോള്‍ ആ പരാതി തീര്‍ന്നു..
നന്നായി ഹോം വര്‍ക്ക് ചെയ്തിട്ടാണ് പോസ്റ്റ് ചെയ്തത് അല്ലെ? അതിന്റെ ഗുണം കഥയില്‍ കാണുന്നുണ്ട്.
വാക്കുകളെ കടഞ്ഞെടുത്തിട്ടുണ്ട്.
ചാമിയപ്പന് ഒരു പ്രതീകം പോലെയും നമ്മളൊക്കെ ദൈവത്തെ കുടിയിരുത്തുന്ന
വിഗ്രഹമല്ലാത്ത ചിലതിന്റെ നിസ്സഹായമായ ചിരിയിലാഴ്ന്ന് കഥയെ അസാമാന്യമായ
ഒതുക്കത്തോടെ ചാലിച്ചെടുത്തത് തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു.
ഇന്ന് രാവില്‍ വാടേണ്ട പൂവിനെ വിട്ട്, നാളെ വിരിയേണ്ട മൊട്ടിനെ പറിച്ചെടുത്ത്, സ്വന്തം സ്വപ്നദര്‍ശനങ്ങളില്‍ നിസ്സഹായനായി ..ഗ്രാമത്തിന്റെ ദൈവം
മകളെ കുറിച്ചുള്ള വേവലാതികള്‍ അവസാനദിവസത്തെ ആ പൂവിറുക്കലില്‍
കഥ ഒരുപാടിഷ്ടമായി
അനുവദിപ്പിയ്ക്കപ്പെട്ടതിനപ്പുറത്തെയ്ക്ക് കണ്ണയച്ച് ചില പൊള്ളുന്ന കാഴ്ച്ചകളിലെരിയുന്ന ആള്‍ക്കാരെപ്പറ്റി കേട്ടിട്ടുണ്ട്.നമ്മുടെ ഭാവന്യ്ക്കുമൊക്കെ
അപ്പുറമാകും അവരുടെ ഉള്‍ച്ചൂട്.
അതൊന്നറിയാണുള്ള ശ്രമം ഒട്ടൊക്കെ വിജയിച്ചെന്നാണ്‍ തോന്നീതു ഗുപ്താ.
പിന്നെ വായനാക്കാര്‍ക്ക് ഔചിത്യമില്ലാത്തോണ്ട്,അകത്തേയ്ക്കുള്ള ഈ യാത്ര തുടരണമെന്നുകൂടി പറഞ്ഞ്വെയ്ക്കുന്നു.
അഴകൊത്ത കഥ ഗുപ്തന്‍ജീ.. ആസ്വദിക്കാനേ അറിയൂ.. അതുകൊണ്ടു സുന്ദരം എന്നു മാത്രം പറയുന്നു.
gupth gupth..
kathha ishtamaayi maashe.
ഗുപ്തന്റെ മറ്റു കഥകളില്‍ നിന്ന് വേറിട്ടു നില്‍ക്കുന്ന ഭാഷയും ശൈലിയും. വളരെ സൂക്ഷമമായ പ്രയോഗങ്ങള്‍.ഒരു വാക്കുപോലും അധികമില്ല. കുറവുമില്ല. അഭിനന്ദനങ്ങള്‍.
കഥ പോലെ എന്തോ ഇങ്ങനെ ആണെങ്കില്‍ കഥ എങ്ങിനെയിരിക്കും...
ചിതല്‍ പറഞ്ഞപോലെ മനസ്സിന് ഒരു അസ്വസ്ഥത.. അതു മാറുമ്പൊഴെക്കും അടുത്ത കഥ വരുമോ അതോ കഥപോലെ എന്തോ വരുമൊ?
വളരെ ഇഷ്ടമായി ഈ കഥ (കഥപോലെ എന്തോ ഒന്ന് എന്ന് കഥാകാരന്‍ പറഞ്ഞാല്‍ കൂടി, കഥ കഥയല്ലാതാകുമോ?). മറ്റുള്ള കഥകളില്‍ ചിലതൊക്കെ വായിച്ചപ്പോള്‍ രണ്ടാമതൊരുവായനകൂടി വേണ്ടി വന്നിരുന്നു (എന്റെ തലയിലൊന്നും ഇല്ലാത്തതിന്റെ കുറവേ), ഇതിനതാവശ്യം വന്നില്ല (ചിലപ്പോള്‍ ഗള്‍ഫ് ഗേറ്റ് തലയില്‍ കയറിയതിനാലുമാവാം.)
നന്ദി.
നല്ല മനോഹരമായി അവതരിപ്പിച്ചു ഈ കഥ..
എനിക്കിഷ്ടമായി.. വെരി നൈസ്
ഓഫ്: ഈ ‘ഗുപ്തം’ എന്ന ബാനര്‍ ആര് ഡിസൈന്‍ ചെയ്തതാ? അതും അതിമനോഹരം തന്നെ..
എനിക്ക് കഴിയില്ലല്ലോ..ഇതുപോലെ ഒന്നു എഴുതാന്‍...അങ്ങനെ ഒരു കഴിവ് സത്യമായും ആഗ്രഹിച്ചു പോയി... നന്നായിട്ടുണ്ട്...
പതിഞ്ഞ താളത്തിലെ പറച്ചില്‍ നന്നായി. കൈയ്യടക്കത്തിന്റെ മിടുക്ക്.
ഒടുവില്‍ പറയുന്ന കരുത്തനായ ചെറുപ്പക്കാരന്റെ കളറെന്തിനാ കറുത്തതാക്കിയേ, ബാക്കിയാര്‍ക്കും നല്‍കാഞ്ഞ കളറടയാളം.
ഓ.വിയുടെ ഒരു കഥാപാത്രമില്ലേ ചാമിയാരപ്പന്‍...
ലഹളയില്ലാത്ത മനോഹരമായ ഭാഷ. വായന കഴിയുമ്പോള്‍ ഉള്ളിലൊരു ലഹള.
സംഘര്‍ഷങ്ങള്‍ സന്ദര്‍ഭങ്ങളിലൂടെ വിവരിച്ച ആ ശൈലി വളരെ ഇഷ്ടമായി. :-)
Vaiky!
മറ്റുകഥകളില്‍ നിന്നും വളരെ വ്യത്യസ്തമായ കഥ; അവതരണത്തില്‍, ആഖ്യാനത്തില്‍, എന്തിന് കഥയോടുള്ളമൊത്തം സമീപനത്തില്‍ത്തന്നെ മാറ്റമുണ്ട്. ചാമിയാരപ്പന്‍റേയുംമറ്റും ചിത്രങ്ങള്‍ക്കു നല്ല തിളക്കമുണ്ട്. ഉള്ളുലയ്ക്കുന്ന ഒരു കഥ.
"വളവിനപ്പുറം വീണ്ടുമൊരു വണ്ടിയുടെ മുഴക്കം. ചാമിയപ്പന് എന്തെന്നില്ലാത്ത ഭയം തോന്നി."
ഇവിടെ നിറ്‍ത്തിയിരുന്നെങ്കിലും കഥ പൂറ്‍ണ്ണമാകുമായിരുന്നു. ഒരുപക്ഷേ വായനക്കാരോട് കൂടുതല്‍ പലതും പറയാനും കഴിയുമായിരുന്നു. (എന്‍റെ ഉള്ളിലെ വായനക്കാരന്‍റെ ഒരു ടേസ്റ്റ്,അത്രമാത്രം.) എന്തായാലും നല്ലോരു ചേന്‍ജ് ആയി ഈ കഥ. very good
ചാമിയപ്പന്റെ മനസ്സിലേയ്ക്ക് അനുവാചകരെ ഇന്‍ഡ്യൂഷ്യനിലൂടെ കൂട്ടിക്കൊണ്ടുപോകുന്ന രീതി വളരെ ഇഷ്ടമായി.
നെറ്റിയിലൂടെ ഒഴുകിവീണ ചൂടുള്ള ദുര്‍ഗന്ധം കയ്യില്‍ തടഞ്ഞ പഴുത്തിലകൊണ്ട് തുടച്ച് ചാമിയപ്പന്‍ സ്വസ്ഥമായി ചിരിച്ചു.
കണ്ണുകള്‍ ഇറുക്കിയടച്ച് കണ്ണുനീര്‍ തുടച്ചുകളഞ്ഞ് ചാമിയപ്പന്‍ വീണ്ടും പൂങ്കുലയിലേക്ക് വിരല്‍ നീട്ടി. അത് അവസാനത്തെ കാഴ്ചയാണെന്ന് അയാള്‍ക്ക് തീര്‍ച്ച തോന്നി.
എനിക്കേറെ ഇഷ്ടപ്പെട്ട വരികള്‍. കഥ ഈ വരികള്‍ക്കിടയില്‍ വായിച്ചെടുക്കാം.
'കണ്ണുകള്‍ തുറക്കാതെ ചേര്‍ന്നടയാത്ത ഇമകള്‍ക്കിടയിലൂടെ നോക്കിയാല്‍.....'
എത്ര ശ്രമിച്ചിട്ടും ഈ മാതിരി ഒരു നോട്ടം നോക്കാന്‍ പറ്റണില്ലാ...
ഇമകള്‍ക്കിടയിലൂടെ കണ്ണുകള്‍ തുറക്കാതെ നോക്കാന്‍ എന്താണു ചെയ്യേണ്ടത്?....
katha ishtaayitto...
ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവില്‍
ഉണ്ടായൊരിണ്ടലുകള്‍ ചൊല്ലാവതല്ല ഗുപ്ത... :)
"ഏറി"ന്റെ കഥാകാരനെ തേടിയുള്ള യാത്രയ്ക്കിടെ ഇവിടെ എത്തിച്ചേര്‍ന്നു...
എല്ലാം ഒന്നു വാഅയിക്കട്ടെ.. :)
വാല്‍ :- മോഹിനി വര്‍മ എന്ന പേരില്‍ ഒരു ബ്ലോഗ് തുടങ്ങി ഗുപ്തന് കുറെ പ്രണയകവിതകള്‍ എഴുതിയാലോ എന്നാണിപ്പോള്‍ ആലോചന... :)
ഇപ്പോഴാണ് കണ്ടത്.
നല്ല ഒതുക്കം. അവസാനത്തെ വാചകം ഒന്നാന്തരം. അതാണല്ലൊ കഥ.
നല്ല കഥ.:)
kollaam
നല്ല കഥ.
(കഥ പോലെ..എന്നൊന്നും പറയല്ലേ...)
ചെറുതായി കത്തിക്കേറി, ഉള്ളിലൊരു പൊട്ടിത്തെറി നടന്ന പ്രതീതി.
ജിതേന്ദ്രകുമാര്‍ പറഞ്ഞതുപോലെ പറയേണ്ടതില്‍ കൂടുതല്‍ പറഞ്ഞോ എന്ന് ഒരുസംശയം തോന്നിയതുകൊണ്ടാണ് കഥ പോലെ എന്നൊരു ജാമ്യം എടുത്തത്. :)
എല്ലാവര്‍ക്കും നന്ദി.
ഹരീ ..തിര്യെയെത്തിയതില്‍ ഒരുപാട് സന്തോഷം. ദശാവതാരത്തിനുശേഷം കാര്യമായൊന്നും സംഭവിച്ചില്ലല്ലോ എന്ന് വിചാരിക്കുകയായിരുന്നു.
:)
പ്രശാന്ത് കളത്തില്‍ വിശദമായി ഒരു അഭിപ്രായം മെയില്‍ ചെയ്തിരുന്നു. ഒത്തിരി സന്തോഷം തോന്നി. പിന്നെ മറ്റുചിലരും.
എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി. :)
''നാളെ വിരിയാനുള്ള പൂക്കളെയും നാളെ വാടാനുള്ള ചെടികളെയും തിരിച്ചറിയാന്‍ ഒരു പാഴ്‌ശ്രമം നടത്തി ചാമിയപ്പന്‍''
ഒന്നും പറയാനില്ല മാഷേ.. എല്ലാം നിങ്ങള്‍ പറഞ്ഞിട്ടുണ്ട്.
ശാന്തിയുടെയും സമാധാനത്തിന്റെയും
സന്ദേശം മനസ്സില്‍ ഏറ്റി കൊണ്ട്
സന്തോഷം എല്ലാ മനസ്സിലും നിലനിര്‍ത്തി!
ഈ ക്രിസ്‌മസ്സ് ആഘോഷിക്കുവാന്‍ സാധിക്കട്ടെ.
എല്ലാവര്‍ക്കും നന്മ വരട്ടെ !
"ഹൃദയം നിറഞ്ഞ കൃസ്തുമസ് ആശംസകൾ":
☆☆☆മാണിക്യം☆☆☆
Post a Comment