Wednesday, 9 July 2008

കില്‍ ദ ഡേര്‍ട്ടി ബിച്ച്

ഒടുക്കത്തെ ചൂടും പൊള്ളുന്ന വേവും ആണ് നഗരത്തില്‍. വാഹനങ്ങള്‍ ഒഴുകിപ്പോകുന്ന നഗരപാതയക്കരികിലൂടെ തിരക്കിട്ടു നീങ്ങുന്ന അപരിചിതരുടെ ഇടയിലൂടെ നടക്കുമ്പോള്‍ ഒരു വീഡിയോ ഗെയിമിലേക്ക് ചെന്നുകയറിയ പ്രതീതിയാണ്.

ടണലിനു* തൊട്ടുമുന്നില്‍ തൊണ്ണൂറു ഡിഗ്രിയില്‍ ഒരു വളവ്. ഗെയിമിനു പറ്റിയ സെറ്റിംഗ്.

ആറുവഴികളിലേക്ക് തിരിയാന്‍ ട്രാഫിക് തിരിച്ചുവിടുമ്പോള്‍ വഴിമുറിച്ചുനടന്നുവരുന്നവരെ നിയന്ത്രിക്കാന്‍ നടുറോഡില്‍ ഒരു ഐലന്‍ഡ്. ബെസ്റ്റ് സ്പോട്ട്. അവിടെയാണ് ഞാനിപ്പോള്‍.

തൊണ്ണൂറുഡിഗ്രിയുടെ മറവിനപ്പുറം അമ്പയറുടെ വെടിപൊട്ടാന്‍ കാത്തുനില്‍ക്കുന്ന അത്‌ലറ്റുകളെ പോലെ ഇരച്ചുനില്‍ക്കുന്ന വാഹനങ്ങള്‍.

മുന്‍പില്‍ വഴി ശൂന്യമാണെങ്കിലും റ്റണലിനു മുകളിലെ കുന്നിറങ്ങി വരുന്ന വാഹനങ്ങള്‍ തിരിഞ്ഞുപോകാനുള്ള സമയം തീരുന്നതുവരെ അവ കാത്തുകിടന്നേ പറ്റൂ...

വേഗത്തിനുമുന്നേയുള്ള അക്ഷമ.. കൊടുങ്കാറ്റിനു മുന്നേയുണ്ടാകുന്ന ചുഴലി.

എന്നാലൊന്നു ഭാഗ്യം പരീക്ഷിക്കാം എന്നു നോക്കാനൊരു കാല്‍ മുന്നോട്ടുവച്ചതും പിന്നില്‍ നിന്നൊരു ബൈക്ക് അലറിത്തിരിഞ്ഞു ദേഹത്തുരുമ്മിപ്പോയി. കടിച്ചാല്‍ പൊട്ടാത്ത തെറി ഹെല്‍മറ്റിനുള്ളിലൂടെ ചിതറിവന്നു.

കയറി നിന്നു. വേണ്ട. കൊടും ചൂടത്തും ഈ വേഗം നോക്കി നില്‍ക്കുന്നതും ഒരു രസം.

അപ്പുറത്തെ പള്ളിയുടെ ഭാഗത്തുനിന്ന് ഒരു വൃദ്ധ പ്രാഞ്ചിപ്രാഞ്ചി നടന്നുവരുന്നു. പ്രായം കൊണ്ട് വേയ്ക്കുന്നെങ്കിലും നല്ല പ്രസരിപ്പുള്ള മുഖം. ഉടനെയൊന്നും ചാവില്ല എന്ന് വിളിച്ചുപറയുന്നതു പോലെ.

ഈ നശിച്ച നാടാകെ കിഴട്ടുജന്മങ്ങളാണ്. ത്രസിപ്പിക്കുന്ന വേഗത്തിനിടെ ഇടറിക്കിതച്ചുവരുന്ന പഴമയുടെ അവശിഷ്ടങ്ങളെ കാണുമ്പോള്‍ അറപ്പാണ് തോന്നുക.

ഹിറ്റ്ലര്‍ നേരത്തെ ചത്തുപോയി. അല്ലെങ്കില്‍ ഇതില്‍ കുറെയെണ്ണത്തിനെയെങ്കിലും അയാള്‍ ശരിയാക്കിയേനേ.

കഴിഞ്ഞ ആഴ്ച്ച സൈക്കോളജിക്ലാസ്സില്‍ പ്രൊഫസ്സര്‍ പറഞ്ഞത് ഓര്‍മ വന്നു. “നിങ്ങള്‍ക്കെതിരെ റോഡ് മുറിച്ചുകടക്കാന്‍ നില്‍ക്കുന്ന വൃദ്ധരെ ശ്രദ്ധിച്ചിട്ടുണ്ടോ? അവര്‍ സിഗ്നല്‍ ലൈറ്റിലേക്കല്ല നോക്കുന്നത്. നിങ്ങളുടെ മുഖത്തേക്കാണ്. നിങ്ങള്‍ റോഡ് മുറിക്കാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ വാഹനങ്ങള്‍ വരുന്നോ സിഗ്നല്‍ മാറിയോ എന്നൊന്നും നോക്കാതെ യാന്ത്രികമായി വഴികടക്കാന്‍ നോക്കുന്നു. വൃദ്ധര്‍ മെക്കാനിക്കല്‍ സന്ദേശങ്ങളെക്കാള്‍ ഹൃദയസംവാദങ്ങളെ വിശ്വസിക്കുന്നു..”

ഹൃദയസംവാദം. മത്തങ്ങയുടെ കുരു. അയാള്‍ പറഞ്ഞത് പക്ഷെ ശരിയാണെന്ന് തോന്നുന്നു. ആ കിഴവിയുടെ കണ്ണുകള്‍ എന്റ് മുഖത്തേക്ക് തന്നെ.

ഒന്നു ചിരിച്ചു. മറുവശത്ത് കിഴട്ടു പ്രസാദം. ശവം.

ഇതു ഹൃദയസംവാദമല്ല കിഴവീ. വേഗങ്ങളുടെ ഗെയിം. അതാണ് നഗരജീ‍വിതം.

ഹഹഹ. ഒരു ഗെയിമിനുള്ള സമയമായെങ്കിലോ. പുതിയ ഗെയിം. “കില്‍ ദ ഡേര്‍ട്ടി ബിച്ച്”.

നിങ്ങള്‍ വഴിയുടെ വലതുവശത്തുനിന്ന് ക്രോസ് ചെയ്യാന്‍ ശ്രമിക്കുന്നു .ക്രോസിംഗില്‍ നിങ്ങള്‍ക്കെതിരെ ഒരു വൃദ്ധ. ചുവന്ന ലൈറ്റ് വരുന്ന സമയം കണക്കാക്കി ക്രോസ് ചെയ്യുക. നിങ്ങള്‍ ക്രോസ് ചെയ്യുന്ന സമയത്ത് നിങ്ങളെ നോക്കി വൃദ്ധ ക്രോസ് ചെയ്തു തുടങ്ങും. വളവു തിരിഞ്ഞുവരുന്ന വണ്ടികള്‍ നിങ്ങള്‍ റോഡ് മുറിക്കുന്നിടത്തെത്തുമ്പോഴേക്കും നിങ്ങള്‍ റോഡിന്റെ വലതുവശം** കഴിഞ്ഞിരിക്കും. എതിരെ നിങ്ങളെ നോക്കി ക്രോസ് ചെയ്യുന്ന വൃദ്ധയ്ക്ക് അന്നേരത്തേക്ക് അവിടെ എത്താന്‍ കഴിയുമോ എന്നതിനെ ആശ്രയിച്ചിരിക്കും പോയിന്റ്.

1. നിങ്ങള്‍ ക്രോസ് ചെയ്യുന്നു. വൃദ്ധ വലതുവശത്തെത്തുന്നതിനു മുന്നേ വണ്ടികള്‍ ഇരച്ചുവരുന്നു അവര്‍ രക്ഷപെടുന്നു. ഗെയിം സമനില. യൂ റ്റേക്ക് അനദര്‍ ചാന്‍സ്.

2. നിങ്ങള്‍ ക്രോസ് ചെയ്യുന്നു. വളവ് കടന്നുവരുന്ന ഒരു വണ്ടി റ്റാര്‍ഗറ്റ് കണ്ടെത്തുന്നു. യൂ വിന്‍.

3. നിങ്ങള്‍ ക്രോസ് ചെയ്യാന്‍ ശ്രമിക്കുന്നു. വളവ് തിരിഞ്ഞുവരുന്ന വണ്ടി നിങ്ങളുടെ കണക്കുകള്‍ തെറ്റിക്കുന്നു. ഗുഡ് ബൈ.

വളവില്‍ വണ്ടികള്‍ക്കുള്ള ലൈറ്റ് ചുവപ്പില്‍ നിന്ന് ഓറഞ്ചിലേക്ക് മാറുന്നു. കിഴവീ ഗെയിം ഓണ്‍.

സുന്ദരമായ ചിരി. വണ്‍ ... ടൂ.... ത്രീ......

::::::::::::::::::::::::::::::::::::::::::::::::::::::

*റ്റൈബറിനരികിലെ തിരക്കൊഴിയാത്തവഴി എയര്‍പോര്‍ട്ടിലേക്കും വടക്കന്‍ നഗരങ്ങളിലേക്കും പകര്‍ന്നൊഴുകുന്നത് ജനിക്കൊളോ കുന്നിനു കീഴിലെ ടണലിലൂടെയാണ്.

** റൈറ്റ് ഹാന്‍ഡ് ഡ്രൈവ്.


(ബൌദ്ധികമായ അസഹിഷ്ണുതയ്ക്ക് ഒരു അടിക്കുറിപ്പ്.. അത്രമാത്രമേയുള്ളൂ ഇതിനെക്കുറിച്ച് പറയാന്‍)

40 comments:

സിമി said...

ആ മിനി പടമായോ?

പ്രിയ said...

3. നിങ്ങള്‍ ക്രോസ് ചെയ്യാന്‍ ശ്രമിക്കുന്നു. വളവ് തിരിഞ്ഞുവരുന്ന വണ്ടി നിങ്ങളുടെ കണക്കുകള്‍ തെറ്റിക്കുന്നു. ഗുഡ് ബൈ.


:( pedippikkathee

കാന്താരിക്കുട്ടി said...

വേഗത്തിനുമുന്നേയുള്ള അക്ഷമ.. കൊടുങ്കാറ്റിനു മുന്നേയുണ്ടാകുന്ന ചുഴലി.

എന്നാലൊന്നു ഭാഗ്യം പരീക്ഷിക്കാം എന്നു നോക്കാനൊരു കാല്‍ മുന്നോട്ടുവച്ചതും പിന്നില്‍ നിന്നൊരു ബൈക്ക് അലറിത്തിരിഞ്ഞു ദേഹത്തുരുമ്മിപ്പോയി.

വല്ല കാര്യവും ഉണ്ടോ..വായു ഗുളിക വാങ്ങാന്‍ പോകുന്നതൊന്നും അല്ലല്ലോ.ഇപ്പോളത്തെ ചെറുപ്പക്കാര്‍ക്ക് ഒരു ശ്രദ്ധയും ഇല്ല..വേഗത്തില്‍ ലക്ഷ്യ സ്ഥാനത്തെത്താനുള്ള തിടുക്കത്തില്‍ ഭാഗ്യം ഉണ്ടെങ്കില്‍ .......

ഹാരിസ് said...

ഗംഭീരം

പ്രിയ ഉണ്ണികൃഷ്ണന്‍ said...

യ്യോ

ഭൂമിപുത്രി said...

ഒരു വിരല്‍ ചൂണ്ടിയതു കാണാതെ പോകാതിരിയ്ക്കട്ടെ
വായനക്കാറ്.
വൃദ്ധയും പ്ലേയറും പരസ്പരം ഇടം മാറുന്ന ഒരോപ്ഷന്‍
കൂടി ചിന്തിയ്ക്കാം.
(പുതിയ ഗേം വിവരിച്ചതു മലയാളത്തിലായത്
ഒരാശ്വാസാ‍മായി.ആല്ലെങ്കില്‍ നാളെ സാധനം മാറ്ക്കെറ്റിലിറങ്ങിയേനെ.)

ധ്വനി | Dhwani said...

കിളവിയെന്നു പറയരുത്. ഞാന്‍ ഇപ്പോഴേ ഹൃദയ സംവാദങ്ങളെ വിശ്വസ്സിച്ചു തുടങ്ങി! എന്റെ കാര്യം തീരാറായോ?

നല്ല ഭാക്ഷ. നന്നായാസ്വദിച്ചു!

ശ്രീവല്ലഭന്‍. said...

ഹൊ! കഥ വളരെ ഇഷ്ടപ്പെട്ടു.

പാമരന്‍ said...

"ത്രസിപ്പിക്കുന്ന വേഗത്തിനിടെ ഇടറിക്കിതച്ചുവരുന്ന പഴമയുടെ അവശിഷ്ടങ്ങളെ കാണുമ്പോള്‍ അറപ്പാണ് തോന്നുക."

Inji Pennu said...

ബൌദ്ധികമായ അസഹിഷ്ണുതയാണോ ഇന്റെലെക്ചുവല്‍ ഫനാറ്റിസം?

കുഞ്ഞന്‍ said...

ഗുപ്തന്‍ മാഷെ..

ജീവിതത്തേക്കാള്‍ ഞാനിത് ഇന്ത്യന്‍ രാഷ്ട്രീയമായി നോക്കിക്കാണുമ്പോള്‍..

വൃദ്ധയെ ആരായിക്കാണമെന്ന് ഒരു ഗണ്‍ഫൂഷ്യന്‍..!

ആഗ്നേയ said...

നല്ല ഭാഷ...

ഇട്ടിമാളു said...

അപ്പൊ അത് ഈ കളിയായിരുന്നല്ലെ...

ഇത്രയും കാലം ഇതിന്റെ കേരളാ വെര്‍ഷന്‍ കളിച്ചിട്ടും എനിക്കറിയില്ലാരുന്നു..

ഓഫ്: ഇപ്പൊഴും ഒളിവില്‍ തന്നെയാണോ....:)

Rare Rose said...

വല്ലാത്ത എഴുത്ത്.....വേഗത്തിനു പുറമെ പായുന്ന അസഹിഷ്ണുതയാര്‍ന്ന മനസ്സിന്റെ വിചാരഗതികള്‍....പഴയതെന്തും തുടച്ചു മാറ്റാനുള്ള വെമ്പല്‍...ഗംഭീരം ഈ ചിന്തകള്‍..

ഹരിത് said...

വാസ്തവത്തില്‍ ആ കിഴവിയാണു കണ്ണുകളില്‍ നോക്കിക്കൊണ്ട്, ഹൃദയസംവാദത്തിലുടെ വീടിയോ ഗെയിം കളിച്ചതു്, സഹിഷ്ണുതയോടെ, മന്ദഹാസത്തോടെ. ഒരേ ഒരു സംശയം വണ്ടിയിടിച്ചതിനു ശേഷം ഗുപ്തനെങ്ങനെ ഈ കഥയെഴുതി?

ദൈവമേ ഇനിയിപ്പോ......

CHANTHU said...

നല്ല രചന.

അരുണ്‍ കായംകുളം said...

നന്നായിരിക്കുന്നു.
സൂപ്പര്‍

ഡാലി said...

സ്നേഹത്തോടും സഹിഷ്ണതയോടും ചേര്‍ന്നു നില്‍ക്കുന്ന ഹൃദയസംവാദങ്ങളുടെ വൈകാരികതയെ ചീറിപ്പായുന്ന ഗെയിമുകളുടെ നേരത്തെങ്കിലും ധൈഷ്ണീകതയിലേയ്ക്കുയര്‍ത്താന്‍ പര്യാപ്തമാക്കാത്ത തരത്തില്‍ ഹരിതകത്തില്‍ നിന്നു സാഫ്രോണിലൂടെ ലാല്‍ നിറത്തിലേയ്ക്കുള്ള പരിണാമം സംവേദന ക്ഷമത കുറഞ്ഞരീതിയില്‍ ആക്കി സ്ഥാപിച്ചിരിക്കാന്‍ ഇടയുള്ള അദൃശ്യനായ ഒരു ‘സിഗ്നല്‍ ലൈറ്റ് നിര്‍മ്മിതാവിനെ‘ നിങ്ങള്‍ക്കിവിടെ കാണാന്‍ സാധിക്കാത്തന്തെന്തു കൊണ്ടാണ്? നാലു തവണ റോഡ് പുതുക്കി പണിയുമ്പോഴും തൊണ്ണൂറ് ഡിഗ്രിയില്‍ ആ വളവവിടെ ഉണ്ടായിരുന്നീട്ടും അത്രയും കാലമായി ആ വയസ്സിത്തള്ള അതു വഴി പോയിട്ടും സംഭവിക്കാതിരുന്നതോ തോന്നലുകള്‍ ഉള്ളവാക്കാതിരുന്നതോ ആയ ഒരു ഗെയിം ഇത്തവണ റോഡ് പുതുക്കി പണിതപ്പോള്‍ ത്വരിത ഗതിയില്‍ റോഡ് മുറിച്ചു കിടക്കാന്‍ അക്ഷമയോടെ സിഗ്നല്‍ ലൈറ്റ് നോക്കി നില്‍ക്കുന്നവരിലേയ്ക്ക് ഒരു തരം വൈകാരിക ജുഗുപ്സ ഉണര്‍ത്തുന്ന രീതിയില്‍ നിര്‍മ്മിക്കുന്നതിനായി ആ അദൃശ്യനായ സിഗ്നല്‍ ലൈറ്റ് നിര്‍മ്മിതാവ് എന്താണ് ചെയ്തിരിക്കുക?ഭൌതീകമായ സഹിഷ്ണുതയോടെ ഹൃദയ സംവാദത്തില്‍ ഏര്‍പ്പെടുന്ന വൃദ്ധയുടെയും ബൌദ്ധീകമായ അസഹിഷ്ണുതയോടെ അക്ഷമനായ ഗെയിംക്കളിക്കാരന്റേയും കൂടെ രണ്ട് പക്ഷമായി തിരിഞ്ഞ് സംവാദം നടത്തുന്നതിനിടയിലും സിഗ്നല്‍ ലൈറ്റ് നിര്‍മ്മിതാവിനെ കുറിച്ചുള്ള ജനാധിപത്യപരമായ മൂന്നാം‌പത്തിയുടെ ഉല്‍കണ്ഠ കാണാതെ പോകുന്നതെന്തു കൊണ്ട്?

വെള്ളെഴുത്ത് said...

കാണാതെ പോകുന്നതെന്തുകൊണ്ട്?
നില്‍ക്കുന്ന തട്ടകങ്ങള്‍ വേറെയായതുകൊണ്ട്. "മൂലധന“ത്തെയും ‘കില്‍ ദ ഡേര്‍ട്ടി ബിച്ചി‘നെയും ഭാഷാശാസ്ത്രപരമായും സൌന്ദര്യപരമായും സാമ്പത്തിക ശാസ്ത്രപരമായും ചരിത്രപരമായും പിന്നെയും പിന്നെയും വായിക്കാന്‍ കഴിയുമെന്നുള്ളതുകൊണ്ട്. അതു തിരിച്ചറിയാന്‍ നമ്മുടെ മനസ്സിലെ യാഥാസ്ഥിതികത്വത്തിന്റെ മഞ്ഞുമലകള്‍ ഉരുകാറില്ലാത്തതുകൊണ്ട്............നമ്മള്‍ (ഏകവചനം മതി!) കാരണമില്ലാതെ അസ്വസ്ഥരായതുകൊണ്ട്.......ഹാഹ് (കിതയ്ക്കുന്നു)

ഡാലി said...

മൂലധന“ത്തെയും ‘കില്‍ ദ ഡേര്‍ട്ടി ബിച്ചി‘നെയും ഭാഷാശാസ്ത്രപരമായും സൌന്ദര്യപരമായും സാമ്പത്തിക ശാസ്ത്രപരമായും ചരിത്രപരമായും പിന്നെയും പിന്നെയും വായിക്കാന്‍ കഴിയുമെന്നുള്ളതുകൊണ്ട്.

ശരിയാണ് മൂലധനത്തെ സാമ്പത്തികപരമായി മാത്രമല്ല, ഭാഷാശാ‍സ്ത്രപരമായും സൌന്ദര്യശാസ്ത്രപരമായും വായിക്കാം. ഷ്രോഡിഗറുടെ പൂച്ചയെ ശാസ്ത്രപരമായി മാത്രമല്ല കഥയെഴുതാനും ഉപയോഗിക്കാം . കേരളപാണിനിയം വ്യാകരണപരമായി മാത്രമല്ല അതിലെ കവിതകളുടെ സൌന്ദര്യാസ്വാദാനത്തിനും വായിക്കാം. റോമാനഗരം കത്തുമ്പോള്‍ അതു കെടുത്തം,വീണവായിക്കാം, റൊട്ടീയില്ലെങ്കില്‍ റൊട്ടിയുണ്ടാക്കാന്‍ ശ്രമിക്കാം, കേക്ക് തിന്നാന്‍ പറയാം. പൂരകത്തുമ്പോള്‍ തീയണക്കാം, കഴുക്കോലെങ്കിലും ഊരാം, വാഴവെട്ടാം. എല്ലാം ശരികള്‍. വര്‍ഗ്ഗങ്ങളെ പുനര്‍നിര്‍വചിച്ചുകൊണ്ട് പ്രബന്ധം അവതരിപ്പിക്കുന്ന സെമിനാറില്‍ മൂലധനത്തില്‍ എഴുതിയിരിക്കുന്ന വര്‍ഗ്ഗങ്ങളുടെ പ്രാസഭംഗിയെ കുറിച്ചുള്ള പ്രബന്ധവും, ക്വണ്ടം മെകാനിക്സിന്റെ ക്ലാസ്സില്‍ ഹരികുമാറിന്റെ ഷ്രോഡിംഗറുടെ പൂച്ചയെ കുറിച്ചുള്ള ആസ്വാദനവും, വ്യാകരണ ക്ലാസ്സില്‍ പാണിനി എഴുതിയ കവിതകളുടെ നിരൂപണവും കൂടുതല്‍ ശരികള്‍!!

ഗുപ്തന്‍ said...

അതെ. ഷ്രോഡിംഗറുടെ പൂച്ചയാണ് പലപ്പോഴും വിഷയം. എപ്പോഴാണ് ആശയപരമായ ഗ്യാസ്ട്രബിള്‍ ഏമ്പക്കമല്ല അധോവായുവായാണ് പുറത്തുപോകേണ്ടതെന്ന് തീരുമാനിക്കുക? ആ തീരുമാനത്തില്‍ വയര്‍ എത്തുന്നതുവരെ അത് രണ്ടിനും സാധ്യതയുള്ള വായുവാണ്.

രോഗത്തിന് ചികിത്സിക്കാനറിയുന്ന ഡോക്റ്റര്‍ക്ക് പക്ഷെ അത് വായു ആണെന്ന് മാത്രം അറിഞ്ഞാല്‍ മതി. കാരണം വായു ഏതുവഴിക്ക് പോകുന്നു എന്നത് അദ്ദേഹത്തിന്റെ വിഷയമല്ല. ഷ്രോഡിംഗര്‍ ക്രൈസിസ് അനുഭവിക്കുന്നവര്‍ക്ക് ഒന്നുകില്‍ സിസ്റ്റം ചികഞ്ഞ് പരിശോധിക്കേണ്ടിവരും. അല്ലെങ്കില്‍ റിസല്‍റ്റ് ഒബ്സെര്‍വ് ചെയ്യണ്ടിവരും. :)

വാല്‍. സൂപര്‍പൊസിഷനുകളുടെ കോണ്‍ഫ്ലിക്റ്റ് അവസാനിപ്പിക്കാന്‍ ഒബ്സെര്‍വേഷന്‍ മതി എന്ന് കോപ്പന്‍‌ഹേഗന്‍ കാര്‍ക്ക് വാശിപിടിക്കുകയും ആവാം. :) ഭൂകമ്പത്തില്‍ മരിച്ചവരെ മതം തിരിച്ചെണ്ണിയാല്‍ മരിച്ചവരെല്ലാം ജീവിക്കുമെങ്കില്‍ വളരെ നന്നായേനേ.

സനാതനന് ‍| sanathanan said...

മനൂ,ഈ കളിയില്‍ നീ ജയിച്ചിരിക്കുന്നു.സ്ട്രക്ചറില്‍ ഇത്ര സൂക്ഷ്മമായ പരീക്ഷണം നടത്തിക്കൊണ്ട് കഥയെ ഹൃദയത്തില്‍ എയ്തു തറയ്ക്കുന്ന മറ്റൊന്ന്‌ ബ്ലോഗില്‍ ഞാന്‍ കണ്ടിട്ടില്ല.എന്റെ കയ്യടികള്‍..സൂപെര്‍ബ്.
ഇതില്‍ എന്താണുള്ളതെന്ന് ഞാന്‍ ചിന്തിക്കുന്നില്ല.ഇത് എന്നെ എവിടെയാണ് എത്തിച്ചതെന്ന് മാത്രം...സൂപെര്‍ബ്..വീണ്ടും

ഡാലി said...

അസംഭവ്യതയുടെ സംഭവ്യതയും സംഭവ്യതയുടെ അസംഭവ്യതയും തമ്മിലുള്ള പ്രിഫെറന്‍സ് വ്യത്യാസം മനസ്സിലാകാത്തതു വരെ ഒബ്സര്‍വേഷനെ കുറിച്ചും കോപ്പന്‍ ‌ഹേഗനെ കുറിച്ചും വാശിപ്പിടിക്കാതെ ഷ്രോഡിഗറുടെ പൂച്ച പെട്ടിക്കുള്ളില്‍ തന്നെയിരീക്കും.
സ്റ്റാറ്റിസ്റ്റിക്സും പ്രോബബിലിറ്റിയും മാജിക്കല്ല എന്ന് മനസ്സിലാക്കിക്കാന്‍ ഷ്രോഡിഗര്‍മാര്‍ക്ക് പുനര്‍ജനിക്കുകയുമാവാം.

ഗുപ്തന്‍ said...

ഡാലി, പൂച്ച എന്റെ പൂച്ച ആണെങ്കില്‍ ചത്തതോ ജീവിച്ചതോ എന്നത് സെക്കന്‍ഡറി ആണ്. സ്റ്റാറ്റിറ്റിക്സിനും പ്രോബബിലിറ്റിക്കും അപ്പുറമാണ് ഹൃദയം. പൂച്ച... പൂച്ചയാണ് വിഷയം. ലാബിലെ മെറ്റഫര്‍ ജീവിതത്തില്‍ വിലപ്പോവില്ല എന്നു തന്നെയാണുദ്ദേശിച്ചത്.

പൂച്ച ഉണ്ടോ ഇല്ലയോ എന്നുള്ളത് ഒബ്സെര്‍വേഷനെ ആശ്രയിച്ചിരിക്കുന്ന വിഷയമല്ലെന്ന് ഐന്‍സ്റ്റൈന്‍ പോലും പറഞ്ഞിട്ടുണ്ടെന്നാണോര്‍മ്മ.

ഡാലി said...

തമാശ തന്നെ! എന്റെ പൂച്ചയാണെങ്കില്‍ രണ്ടാമത്തേതു സംഭവിക്കണേ എന്നല്ലോ ‘ഹൃദയമുള്ള’വര്‍ ചിന്തിക്കുക. പിന്നെ അവിടെ സാധ്യതയ്ക്കും സ്റ്റാറ്റിസ്റ്റിക്സിനും സാധ്യത എന്തു?

പെട്ടിക്കുള്ളിലിരിക്കുന്ന പൂച്ച!!ഉണ്ടായാലെന്ത്? ഉണ്ടായില്ലെങ്കിലെന്ത്? ഹൃദയത്തിന്റെ കാര്യം മുന്നേ പറഞ്ഞീട്ടുണ്ട്. അതുപോരെങ്കില്‍ പൂച്ചയ്ക്ക് പകരം പെട്ടിയിലടച്ചു കൊള്ളുക. ഷ്രോഡിഗറുടെ ഹൃദയം - കഥയ്ക്കും വകുപ്പുണ്ട്.

suraj::സൂരജ് said...

കിളവി,
ഗെയിം പ്ലേയര്‍,
സിഗ്നല്‍,
പൂച്ച,
പെട്ടി,
വെടിയുണ്ട....
ഇത്രയും ക്ലാസിക്കല്‍ ലോകത്താണ്.... പ്രോബബിലിസ്റ്റിക്കോ സൂപ്പര്‍ പൊസിഷനോ അനുഭവിക്കാനുള്ള ദുര്‍ഗതിയില്ലാത്തവര്‍.

വലിച്ചു നിര്‍ത്തിയ കാഞ്ചിയെ സ്വതന്ത്രമാക്കുന്ന ഇലക്ട്രോണ്‍ നോണ്‍ ക്ലാസിക്കലും...

ഇതിനിടയില്‍ ഇന്റര്‍പ്രെട്ടേഷനുകള്‍ തേടിയലയുന്ന വായനക്കാരന്‍ വാ പൊളിക്കുന്നു.

കഥ(?) ഇഷ്ടമായി, അര്‍ത്ഥാന്തരങ്ങള്‍ അടക്കം :)

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

വൃദ്ധരുടെ റോഡ്‌ ക്രോസ്സിങ്ങിന്‍റെ പ്രായോഗിക മനശാസ്ത്രം അതാണോ? വേഗം അവര്‍ക്കപരിചിതമായ ലോകമാണ്‌. അതിനാല്‍ അവര്‍ക്ക്‌ അവരുടെ 'ഡിസിഷന്‍ മേക്കിംഗ്‌ കപ്പബിലിറ്റിയില്‍' അത്ര വിശ്വാസം പോരാ. അതുകൊണ്ടാണ്‌ അവര്‍ കൂടെ മറ്റാരെങ്കിലും ഉണ്ടോ എന്ന്‌ നോക്കുന്നത്‌. ഇല്ലെന്നു കാണുമ്പോള്‍ മാത്രമേ അവര്‍ എതിര്‍വശത്തേക്കു നോക്കൂ. ചിലപ്പോള്‍ അവരുടെ തീരുമാനത്തെ പിന്തുടരും. (ക്രിക്കറ്റ്‌ കളിയില്‍ റണ്ണ്‌ എടുക്കുമ്പോഴും ഈ മനശാസ്ത്രം അപ്ളിക്കബില്‍ ആവുന്നുണ്ട്‌. അവിടെ ഇതു കൂടുതല്‍ ലൊജിക്കല്‍ ആണെന്നു മാത്രം. എക്സപ്ഷന്‍ - ക്യാപ്ടനു വേണ്ടി വിക്കറ്റു ബോധപൂര്‍വം വിക്കറ്റു തുലയ്ക്കുന്നത്‌. ചിലര്‍ പന്തു നോക്കിയും ചിലര്‍ പാര്‍ട്ട്ണറെ വിശ്വസിച്ചു ഓടും.) മനശാസ്ത്രവും പ്രോബബിലിറ്റിയില്‍ മുങ്ങിക്കിടക്കുന്ന ഒരു സാധനമാണ്‌ എന്ന് അറിഞ്ഞുകൊണ്ടു തന്നെ.

പല റോഡുകളും മുറിച്ച്‌ കടക്കേണ്ടി വരും. അല്ലെങ്കില്‍ ഒരു റോഡു തന്നെ പലതവണ. അപ്പോഴൊരിക്കല്‍ കാണാം നിങ്ങളെ തീരെ ശ്രദ്ധിക്കാതെ എതിരെനിന്നും റോഡു മുറിച്ചു നടന്നടുക്കുന്ന ഒരു ചെറുപ്പക്കാരനെ. ഒരു നിമിഷം നിങ്ങളുടെ കാലുകള്‍ റോഡിലേക്കായും. പിന്നെയാണ്‌ കണ്ണുകള്‍ വാഹനങ്ങളിലേക്കു പായുക. ഫ്രാക്ഷ്ന്‍ ഒഫ്‌ സെക്കണ്റ്റ്‌ നിങ്ങള്‍ പതറും. അത്‌ നിങ്ങള്‍ക്കെതിരെ റോഡ്‌ മുറിച്ചു നടക്കുന്ന വൃദ്ധന്‍ ഒരുവേള റോഡിന്‍റെ മധ്യത്തില്‍ വെച്ച്‌ നിങ്ങളേ കടന്നു കഴിയുമ്പോള്‍ ഉണ്ടാകുന്ന പതറലിനു തുല്യമാകും. (അയാള്‍ക്കു നിങ്ങളുടെ ഡിസിഷന്‍ തുണയാകാതെ വരുന്ന പാതിയിലേറെ ക്രോസിംഗ്‌). അവിടെ നിങ്ങള്‍ വൃദ്ധനാവാന്‍ തുടങ്ങുന്നു. തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാത്ത പ്രൊഡ്ക്റ്റീവ്‌ അല്ലാത്ത വാര്‍ദ്ധക്യ്ത്തിലേക്കുള്ള തൊണ്ണൂറു ഡിഗ്രി വളവ്‌ അവിടെ തുടങ്ങും. ഓരോ ജീവിതത്തിലും. ഇതിനെ സാധൂകരിക്കുന്ന രീതിയിലാണ്‌ പലതും കഥയില്‍ വന്നിരിക്കുന്നത്‌. അതൊന്നും ബോധപൂര്‍വം ചെയ്തതല്ലെങ്കില്‍ പോലും. വാഹനങ്ങളുടെ ഒഴുക്ക്‌ കഥയില്‍ ജീവിതം പോലെ, കാലം പോലെ മുഴുനീളം കാണാം. പച്ചയും ചുവപ്പുമായ അടയാളങ്ങള്‍. ഒരു ഹിറ്റ്‌, ഒഴിവാക്കാനാവാത്തത്‌. ഒടുവില്‍ സ്ക്കോറ്‍ പരിശോധന. സാമ്പത്തികമായും മറ്റു രീതികളിലും സിംബൊളൈസ്‌ ചെയ്യുന്നതിനേക്കാല്‍ ഈ രീതിയില്‍ കഥ കൂടുതല്‍ ആസ്വാദിക്കാനാവുമെന്ന് എനിക്കെങ്കിലും തോന്നി. കഥാകൃത്ത്‌ അങ്ങിനെ ഉദ്ദേശിച്ചിട്ടില്ലെന്നും. കഥയിലെ കഥ നന്നായിട്ടുണ്ട്‌. ട്രീറ്റ്‌ മെണ്റ്റിലും പുതുമയുമുണ്ട്‌. ( കഥയെ എന്‍റെ രീതിയില്‍ വ്യാഖ്യാനിച്ചത്‌ ക്ഷമിക്കുമല്ലോ?)

പപ്പൂസ് said...

കളികള്‍ ജയിച്ചു മടുക്കുമ്പോഴാണിങ്ങനെ!

മടുക്കുമ്പോള്‍ ഫൂട് പാത്തില്‍ നില്‍ക്കുന്ന വൃദ്ധയുടെ അടുത്തു വണ്ടി നിര്‍ത്തി കിന്നാരം തുടങ്ങാം. ചാറ്റ് ഒപ്ഷന്‍ ഓണ്‍.

"അമ്മച്ചീ, തല്ലു കൂടാനറിയാമോ?"

"കാന്‍ യൂ റീഫ്രേസ് ഇറ്റ്?"

"ഷുവര്‍"

സ്പേസ് ബാര്‍ അമുക്കിയിടിച്ചു. വൃദ്ധ ’ആഹ്’ എന്നു നിലവിളിച്ചു. രണ്ടാമത്തെയിടിക്ക് വൃദ്ധ താഴെക്കിടന്നു. സൈറണ്‍ മുഴക്കിക്കൊണ്ട് പോലീസ്.... പോലീസിനിട്ട് കണ്‍ട്രോള്‍ കീ വച്ചൊരു ചവിട്ട്.

തിരിഞ്ഞു നോക്കാതെ പായുന്നതിനിടെ ഒരേയൊരു സംശയം. ആരാണ് കുറേക്കാലമായി നമ്മളെയിട്ട് ഓടിക്കുന്നത്?

വയസ്സാവുന്നുണ്ട്! :-(

കഥ സൂപ്പര്‍! :-)

ഡാലി said...

പ്രൊബബിലിസ്റ്റികിനെ കുറിച്ചാണാല്ലോ അവസാനം പറഞ്ഞത്. അതുകൊണ്ട് ചില കാര്യങ്ങള്‍ മാത്രം കാണിച്ചാല്‍ മതി.

‘ഹരികുമാറിന്റെ ഷ്രോഡിംഗറുടെ പൂച്ചയെക്കുറിച്ചുള്ള ആസ്വാദന‘മല്ല, ഷ്രോഡിംഗറുടെ പൂച്ചയെക്കുറിച്ചുള്ള ഹരികുമാറിന്റെ ആസ്വാദനം“

ഷ്രോഡിങ്ങറുടെ പൂച്ച എഴുതിയത് - ഇ.ഹരികുമാര്‍ . വായിച്ചീട്ടില്ലെങ്കില്‍ ഇവിടെ വായിക്കുക. ഇ. ഹരികുമാറിനെ അറിയില്ലെങ്കില്‍ ഗുപ്തനോട് ചോദിക്കാം. ആസ്വാദനം ഹരികുമാര്‍ തന്നെ നടത്തണം എന്നില്ല. അതിനാണല്ലോ ‘നമ്മള്‍”

സിഗ്നല്‍ ലൈറ്റ് നിര്‍മ്മിതാവ് എന്നു തന്നെയാണ്‍ ഉദ്ദേശിച്ചത് - സിഗ്നല്‍ ലൈറ്റ് ഇടുന്നയാള്‍ക്ക് ‘ഹരിതകത്തില്‍ നിന്നു സാഫ്രോണിലൂടെ ലാല്‍ നിറത്തിലേയ്ക്കുള്ള പരിണാമം സംവേദന ക്ഷമത കുറഞ്ഞരീതിയില്‍ ആക്കി സ്ഥാപി‘ക്കാനുള്ള കഴിവില്ല.

ഗുപ്തന്‍ said...

ഓഫ്.“ഇ. ഹരികുമാറിനെ അറിയില്ലെങ്കില്‍ ഗുപ്തനോട് ചോദിക്കാം.“

ഡാലിയേ............

വെള്ളെഴുത്ത് said...

ഡാലി, അതു ഗുണബുദ്ധി.. അതു ഞാന്‍ രണ്ടു കൈയും നീട്ടി സ്വീകരിച്ചോളാം. അത്രയെങ്കിലുമില്ലെങ്കില്‍ മനുഷ്യന്‍ പരിപൂര്‍ണ്ണനായി സമാധിയടഞ്ഞു പോകില്ലേ? മിച്ചമെല്ലാം എന്തു ചെയ്യും.. ഇപ്പോള്‍ എഴുതിയതിനകത്തുള്‍ലതും ചേര്‍ത്ത്.. അത് ആരോട് പോയി ചോദിക്കും?

ഡാലി said...

നേരത്തെ ലിങ്ക് ഡിലീറ്റ് ചെയ്തിരുന്നു. വായിക്കേണ്ടവര്‍ക്ക്
http://www.geocities.com/harikumar_e/mal_stories.htm

ഗുപ്താ - ഞെട്ടിയില്ലല്ലോ. ഉണ്ടെങ്കില്‍ ക്ഷമി.

വെള്ളെഴുത്തേ -പ്രോബബിലിസ്റ്റിക് ആണെന്നു പറഞ്ഞല്ലോ‍. പിന്നെ ബാക്കീയെങ്ങനെ?

അനൂപ്‌ കോതനല്ലൂര്‍ said...

ഗുപതന്‍ മാഷെ നല്ല വായനാ സുഖം പകരുന്ന
എഴുത്ത് തന്നെ

latheesh mohan said...

ഷീ ഈസ് നൊട്ട് എ ബിച്ച് മാന്‍, ഷീ ഈസ് എ വിച്ച്. ഷി വില്‍ വിതര്‍ എവേ ബിഫോര്‍ യു...

:) ഗെയിം ഓണ്‍.

(പുര കത്തുമ്പോള്‍ വാഴവെട്ടുന്നതില്‍ ഒരു സാംസ്കാരിക പ്രവര്‍ത്തനം ഉണ്ട്. വാഴയില കൊണ്ട് അനന്തരം പലതും നടക്കുകയും ചെയ്യും)

ആം ലൌവിംഗ് ഇറ്റ് :)

Nachiketh said...

saw-എന്ന സിനിമയുടെ നാലുഭാഗങ്ങളും കണ്ടിരുന്നോ, അതു കണ്ട ഹാങ്ങോവറിലാണിപ്പോ.... ഇതും കൂടി
.....നന്നായിരിയ്കുന്നു

കിനാവ് said...

കളിയില്‍ തോറ്റുകൊടുക്കുന്നതും ഒരുതരം വിജയമാണെങ്കിലോ...

പുടയൂര്‍ said...

ഹ.. കലക്കി മഷെ.. കലകലക്കി. ബലേ...

അയല്‍ക്കാരന്‍ said...

റോഡ് ക്രോസ്സ് ചെയ്യുന്ന കാര്യത്തില്‍ വൃദ്ധരും യു പി സ്കൂള്‍ കുട്ടികളും ഒരുപോലാണ്. കിതപ്പിന്‍റെയും കുതിപ്പിന്‍റെയും ഇന്‍ഡിസിഷനുകള്‍. രണ്ടു കൂട്ടര്‍ക്കും വേണം ഒരു കൈത്താങ്ങ്.

നജൂസ് said...

തൊണ്ണൂറുഡിഗ്രിയുടെ മറവിനപ്പുറം അമ്പയറുടെ വെടിപൊട്ടാന്‍ കാത്തുനില്‍ക്കുന്ന അത്‌ലറ്റുകളെ പോലെ ഇരച്ചുനില്‍ക്കുന്ന...
കഥ വായിച്ചു. കിടിലന്‍. ഇതാണെഴുത്ത്‌.

ഗുപ്തന്‍ said...

വായനക്കാര്‍ക്കെല്ലാം നന്ദി.

രാഷ്ട്രീയം ആക്സിഡെന്റലായിട്ട് വന്നതാണ്. എഴുതിവന്നപ്പോള്‍ അതും പ്രധാനമാണെന്ന് തോന്നി എന്നേയുള്ളൂ. ബ്ലോഗിലെ സവിശേഷസാഹചര്യത്തില്‍ അങ്ങനെ ഒരു അടിക്കുറിപ്പ് ചേര്‍ത്തു എന്നേയുള്ളൂ. ചര്‍ച്ച ഒരുപാട് ആവഴിക്ക് പോകാത്തതും നന്നായി. :) ഡാലിക്കും വെള്ളെഴുത്തിനും നന്ദി.

ഇഞ്ചീ അതേ. സെറിബ്രല്‍ കോണ്‍സ്റ്റിപ്പേഷന്‍ എന്നും പറയും :)

മാള്വേ അതേ.. അത് വിധിയായിപ്പോയി :(

സനാ.. സഹയാത്ര :)

സൂരജ് അര്‍ഥാന്തരങ്ങളും ? സന്തോഷം :)

ജിതേന്ദ്ര.. വായന ഇഷ്ടായി. എഴുതിയിട്ടാല്‍ പിന്നെ ഇത് വായനക്കരന്റേതല്ലേ. നന്ദി. :)

പപ്പൂസേ.. അങ്ങനെയുമാവാം :)

ലതീഷ്.. എത്തുമെന്ന് പ്രതിക്ഷിച്ചിരുന്നു :) ഡിങ്കനെക്കൂടി..എവിടെയാണോ ആവോ.

അയല്‍ക്കാരാ..ശരിയാണ്. കുട്ടികളും :)

എല്ലാവര്‍ക്കും നന്ദി സ്നേഹം. എല്ലാവരുടെയും പേരെടുത്ത് പറഞ്ഞാല്‍ റിപ്ലെ നീണ്ട് പോവും. ക്ഷമ.

Post a Comment