§ 1. സതീശന്‍
മരക്കൊമ്പില്‍ ഒരുവശം കൊണ്ടുഞാന്ന് തലതിരിച്ചു ചിറഞ്ഞുനോക്കുന്ന കടവാതിലിനെപ്പോലെ ബസിന്റെ ചവിട്ട് പടിക്കുമുകളിലെ കമ്പിയുടെ മുകളറ്റത്തു തൂങ്ങി ഒരുകാല്‍ പടിയില്‍ ചവിട്ടി മറുകാല്‍ വായുവില്‍ തുഴഞ്ഞ് സതീശന്‍ ദൈന്യമായ മുഖത്തോടെ എന്നെ നോക്കി. ഇറങ്ങണോ വേണ്ടയോ എന്ന് അവന്‍ ആകുലപ്പെടുന്നതുപോലെ തോന്നി. ‘ഇറങ്ങ്.. വേഗം ഇറങ്ങ്.. മനുഷ്യനെ മെനക്കെടുത്താത്താതെ’ ബെല്ലിന്റെ വള്ളി അക്ഷമയോടെ വെട്ടിച്ച് കണ്ടക്റ്റര്‍ അവന്റെ പിന്നില്‍ ദുര്‍മുഖം കാട്ടി. ഭയന്ന കടവാതിലിനെപ്പോലെ ചിറകുകുടഞ്ഞ് സതീശന്‍ പുറത്തുചാടി.
ബേക്കര്‍ ജംഗ്ഷനില്‍ നിന്ന് ശാസ്തമംഗലത്തേക്ക് ഓട്ടോയില്‍ ഇരിക്കുമ്പോള്‍ ഞങ്ങള്‍ക്കിടയില്‍ എങ്ങനെയോ ഒരു അപരിചിതത്വം പുകഞ്ഞു. കയറ്റം കയറി ട്രാഫിക് ഐലന്‍ഡിനടുത്തെത്തുന്നതിനു മുന്‍പ് സതീശന്‍ എന്തോ പറയാനെന്നപോലെ കൈപൊക്കി. വര്‍ഷങ്ങളായി ഉള്ളില്‍ കുരുങ്ങിക്കിടന്നതുപോലെ ഒരു കുശലം എന്റെ ഉള്ളില്‍ നിന്ന് പുറത്തുചാടി. ‘എന്തടാ മൂത്രമൊഴിക്കണോ?’
ഓട്ടോയുടെ റിയര്‍ഗ്ലാസ്സില്‍ ഡ്രൈവറുടെ മഞ്ഞപ്പല്ലുകള്‍ ഞങ്ങളുടെ സൌഹൃദത്തിന് സിഗ്നല്‍ കാട്ടുന്നതുപോലെ തെളിഞ്ഞു. ഞാനും സതീശനും അറച്ചറച്ച് പരസ്പരം നോക്കിയൊന്നു ചിരിച്ചു.
പതിനാലുവര്‍ഷമപ്പുറത്തെ ബാല്യത്തില്‍ നിന്ന് അന്നേരം ഇറങ്ങിവന്നതുപോലെ സതീശന്‍ എന്റെ കൈ പിടിച്ചു.
ഉച്ചകളില്‍ ഇളം മഞ്ഞനിറമുള്ള വെയില്‍ ഇടറിനില്‍ക്കുന്ന മൊട്ടക്കുന്നിന്റെ ചരിവിലെ ക്ലാസ്മുറിയില്‍ ഉറക്കം ഒരു കോട്ടുവായുടെ വേഷത്തില്‍ മുഖങ്ങളില്‍ നിന്ന് മുഖങ്ങളിലേക്ക് കറങ്ങിനടക്കുന്ന നേരത്ത് പിന്നിലെ ജനലിന്റെ തെളിഞ്ഞചതുരത്തിനു കുറുകേ അറച്ചറച്ച് ഒരു കൈ പൊമ്മ്ങ്ങിവരും. മേരിക്കുട്ടി റ്റീച്ചര്‍ കണക്കോ സയന്‍സോ വറുത്തും കരിച്ചും മടുത്ത വീട്ടമ്മയുടെ പുകഞ്ഞമുഖഭാവം മാറ്റി കുസൃതിയോടെ ചിരിക്കും. ‘എന്താ സതീശാ പോണോ?’
കുനിഞ്ഞമുഖങ്ങള്‍ പലകോണുകളില്‍ പിന്‍ ബഞ്ചിലേക്ക് കള്ളച്ചിരിയോടെ തിരിയുമ്പോള്‍ ഉറക്കം മന്ദതബാധിച്ച ഒരു കാറ്റായി ജനലിനു പുറത്തേക്ക് പോവും. വരിയായിട്ട ബഞ്ചുകളിലെ അടക്കിയ ചിരികള്‍ക്കിടയിലൂടെ സതീശന്‍ ആണ്‍കുട്ടിയെപ്പോലെ നടന്ന് ക്ലാസ്സിനുപുറത്തേക്ക് പോവും.
ഇടയ്ക്കിടെ കയറിവരുന്ന ഈ മൂത്രമൊഴിപ്പുകൊണ്ടാണ് ഞാന്‍ സതീശനെ ശ്രദ്ധിച്ചുതുടങ്ങിയത്. പതുക്കെ അതൊരു കൂട്ടായപ്പോള്‍ ഞാന്‍ അവനോട് ചോദിച്ചു. ‘നിനക്ക് നാണമാവൂല്ലേ?’
‘നാണിക്കാന്‍ ഞാന്‍ പെണ്ണല്ലല്ലോ’ എന്നായിരുന്നു അവന്റെ മറുപടി.
ശരിയായിരുന്നു ആ മറുപടി. കുന്നിന്‍ ചരിവിലെ സ്കൂളില്‍ മൂത്രപ്പുരയുണ്ടായിരുന്നത് പെണ്‍കുട്ടികള്‍ക്കും ലേഡി റ്റീച്ചേഴ്സിനും മാത്രമാണ്. സ്കൂളിനോട് ചേര്‍ന്നുള്ള തോട്ടത്തിലെ ഏതു മരത്തിന്റെ ചുവട്ടിലും ആണ്മൂത്രത്തിന്റെ ചൂരും നനവും പ്രതീക്ഷിക്കാം.
എങ്കിലും ഞങ്ങള്‍ ആണ്‍കുട്ടികള്‍ ഇഷ്ടപ്പെട്ടിരുന്നത് കുന്നിടിച്ചുണ്ടാക്കിയ പ്ലേഗ്രൌണ്ടിനു തൊട്ടുമുകളില്‍ ഉള്ള പുളിമരത്തിന്റെ ചുവട്ടില്‍ മൂത്രമൊഴിക്കാനാണ്. ഇടവേളകളില്‍ തിടിലിന്മേല്‍ നിരന്നുനിന്ന് മൂത്രമൊഴിച്ചാല്‍ ജലധാരപോലെ മൂത്രം താഴെ ഗ്രൌണ്ടിന്റെ പുല്ലുപിടിച്ച അരികിലേക്ക് പോകുന്നത് കാണാം. താഴെ കവലയിലെ ചായക്കടയും അതുവഴി കടന്നുപോകുന്നവരെയും കാണാം.
പെണ്‍കുട്ടികള്‍ക്ക് മാത്രമേ മൂത്രമൊഴിക്കാന്‍ നാണിക്കേണ്ടതുള്ളൂ. ആണ്‍കുട്ടിക്ക് കവലയുടെ തുറിച്ചകണ്ണിലേക്കും മൂത്രമൊഴിക്കാം.
സതീശനോടൊപ്പം സ്കൂളിനുപിന്നിലെ കുന്നുകയറുന്ന വേളകളിലാണ് മൂത്രമൊഴിപ്പിന്റെ നിഗൂഢകലകള്‍ എനിക്ക് തിരിച്ചറിയാനായത്.
പാറക്കെട്ടുപോലെ പൊക്കമുള്ളിടത്ത് കയറിനിന്ന് അന്തരീക്ഷത്തിലൂടെ പിടയുന്ന ചാട്ടവാറായി മൂത്രമൊഴിക്കുക എന്ന കലാവിദ്യയാണ് ആദ്യം വെളിപ്പെട്ടത്.
‘ലോകത്തേതെങ്കിലും പെണ്ണിനുപറ്റുമോടാ ഇങ്ങനെ പെടുക്കാന്‍?’ എന്ന് അവന്‍ വെല്ലുവിളിക്കും.
സ്കൂളിന്റെ മതിലില്‍ വെപ്പുകാരി അമ്മുക്കുട്ടിയമ്മയെയും പ്യൂണ് തോമാച്ചനെയും ചേര്‍ത്ത് തെറി എഴുതിവച്ചതിന് ഹെഡ്മിസ്ട്രസ് തല്ലിയ ദിവസം ആ ചാട്ടവാറടി ഒന്നു കാണണ്ടത് തന്നെയായിരുന്നു.
അവന്റെ അരിശം ഹെഡ്മിസ്ട്രസ്നോടായിരുന്നില്ല അമ്മുക്കുട്ടിയമ്മയോടായിരുന്നു. ‘ആ തള്ളേടെ മോങ്ങല്‍ കാരണമാടാ എല്ലാം. ആ തോമാച്ചനെ നോക്ക്. അയാളുചിരിച്ചതേയുള്ളൂ. അയാളാടാ ആണ്.’ പിടഞ്ഞുവീണ ചാട്ടവാറിന്റെ നീറ്റലില്‍ മരക്കുറ്റിക്കുതാഴെ കുനിഞ്ഞിരുന്നു നിലവിളിക്കുന്ന അമ്മുക്കുട്ടിയമ്മയെ കണ്ട് എനിക്ക് ഭയം തോന്നി.
മൂത്രം കൊണ്ട് അക്ഷരമെഴുതുക വരിയായിപ്പോകുന്ന ഉറുമ്പുകളെ വരിയുടെ പിന്നാലെ മൂത്രമൊഴിച്ച് പ്രളയത്തില്‍ മുക്കിക്കൊല്ലുക രണ്ടുവശത്തെ പാറകളില്‍ കയറിനിന്ന് മൂത്രവാള്‍ കൊണ്ട് പടവെട്ടുക തുടങ്ങി ഒരുപാടുകലാവിദ്യകള്‍ അവനെന്നെ പഠിപ്പിച്ചു.
ഏഴാംക്ലാസ്സില്‍ വച്ച് കണിശക്കാരനായ അമ്മാവന്റെ വീട്ടില്‍ കയറി അയാളുടെ കിടക്കയില്‍ മൂത്രമൊഴിച്ചതിന് കുടുംബവഴക്കുണ്ടായതോടെയാണ് സതീശനുമായുള്ള കൂട്ടിന് വിലക്കുകള്‍ വന്നത്.
അടുത്തവര്‍ഷം ഞങ്ങള്‍ രണ്ടുപേരും രണ്ടുസ്കൂളിലായി. തമ്മില്‍ കാണല്‍ ചുരുക്കമായി. കണ്ടാല്‍തന്നെ മിണ്ടാന്‍ നേരമില്ലാതായി. കഴിഞ്ഞ ആഴ്ചയില്‍ ഫോണില്‍ അവന്റെ ശബ്ദം തിരിച്ചറിയാന്‍ പോലും പാടുപെട്ടു.
തിരുവനന്തപുരത്തേക്ക് വരുന്നു. രണ്ടാഴ്ച താമസിക്കണം. എന്റെ മുറിയില്‍ ഒരാളെ താമസിപ്പിക്കാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നില്ല. മാനേജരോട് ഒന്നു ചോദിക്കുകയേ വേണ്ടൂ. അങ്ങനെയാണ് അവനിപ്പോള്‍ എത്തിയിരിക്കുന്നത്.
§ 2. നഗരം
‘എവിടെയായിരുന്നു നീ?’ ഞാന്‍ ചോദിച്ചു. ഉറപ്പില്ലാത്ത ഉത്തരങ്ങളിലൂടെ അവന്‍ തപ്പിത്തടഞ്ഞു. പിന്നെ റോഡിലെ തിരക്കിലേക്ക് നോക്കി നിസ്സഹായനെപ്പോലെ ചിരിച്ചു.
നഗരം അവനെ ഭയപ്പെടുത്തിയിരിക്കുന്നു. സ്വാഭാവികം.
ബി ഏയ്ക്ക് ചേരാന്‍ തിരുവനന്തപുരത്ത് ആദ്യമെത്തിയപ്പോള്‍ സിനിമസ്ക്രീനിലേക്ക് ചെന്നുകയറിയതുപോലെ തോന്നി. വേഗം. തിരക്ക്. തിളക്കം.
പക്ഷെ ശരിക്കും വിഷമിപ്പിച്ചത് സിനിമയിലെന്ന പോലെ നിറയെ പെണ്ണുങ്ങള്‍ നഗരത്തിലും ഉണ്ടന്നതാണ്. നാട്ടിലെപ്പോലെ നിഴലുകളില്‍ ഒതുങ്ങിനടക്കുന്ന പെണ്ണുങ്ങളല്ല. വണ്ടിയോടിക്കുന്ന പെണ്ണുങ്ങള്‍, ഓഫീസ് നടത്തുന്ന പെണ്ണുങ്ങള്‍, എന്തിന് ചെക്കന്മാരെ കമന്റടിക്കുന്ന പരിഷ്കാരിപ്പെണ്‍കുട്ടികള്‍ വരെ എല്ലാം സിനിമയിലെപ്പോലെ.
വലിയ വീതിക്ക് നിറയെ റോഡുകളുണ്ടായിട്ടെന്തുകാര്യം. സ്വസ്ഥമായി നിന്ന് ഒന്നു മൂത്രമൊഴിക്കാവുന്ന ഒരു മൂലയില്ല. എല്ലായിടവും മൂത്രത്തിന്റെ ക്രിയാത്മകതയെ നിഷേധിക്കുന്ന പെണ്ണുടലിന്റെ കടന്നുകയറ്റമാണ്. ദുഷിച്ചവായു തങ്ങിനില്‍ക്കുന്ന ഇടുങ്ങിയ മുറികളും ഭിത്തികളിലൂടെ ഒളിഞ്ഞിഴയുന്ന തടിച്ചകുഴലുകളും കൊണ്ട് നഗരം മൂത്രത്തിന്റെ ലിഖിതങ്ങളെ തമസ്കരിക്കുന്നു. ആണും പെണ്ണും തമ്മിലുള്ള വ്യത്യാസം അപ്രസക്തമാവുന്നു.
രാത്രിയില്‍ നഗരത്തിലിറങ്ങി നടക്കാന്‍ തുടങ്ങിയതോടെയാണ് ആ ശ്വാസംമുട്ടല്‍ മാറിയത്. പകലിന്റെ മോടികളഴിച്ചുവച്ചാല്‍ നഗരം നാട്ടിന്‍പുറത്തെ പോലെ ഒതുങ്ങും. ഓരോ പെണ്ണിന്റെയും പിന്നില്‍ ഒരാണിന്റെ നിഴലുണ്ടാവും. വഴി തിരിയുന്നമൂലകളിലും അടഞ്ഞകടകളുടെ മറവുകളിലും ഒക്കെ ഉടുമുണ്ടുയര്‍ത്തിനിന്ന് മൂത്രമൊഴിക്കുന്ന പുരുഷന്മാരുണ്ടാവും.
നഗരം വേഷം മാറിയ ഒരു ഗ്രാമം മാത്രമാണ് സതീശാ. ഞാന്‍ മനസ്സില്‍ പറഞ്ഞു. നിനക്കെല്ലാം മനസ്സിലാവും. രാത്രിയില്‍ മുഖം മൂടിയില്ലാതെ ഒന്നു കാണുകയേ വേണ്ടൂ.
കാമ്പസ് പരിചയപ്പെട്ടു വരുന്നകാലത്ത് ദുഃസ്വപങ്ങള്‍ കാണാന്‍ തുടങ്ങിയിരുന്നു. ആവര്‍ത്തിച്ചു കണ്ടത് ഇന്‍ഡോര്‍ ബാസ്കറ്റ് കോര്‍ട്ടാണ്. കളിച്ചുകൊണ്ടിരിക്കുമ്പോള്‍ കൂട്ടുകാരെ കാണാതാകുന്നു. പന്ത് ബൌണ്‍സ് ചെയ്യുന്ന ചടുലതാളത്തിന്റെ അകമ്പടിയോടെ ഒരു പെണ്‍പട പത്തോ ഇരുപതോ അല്ല ഒരുപാടൊരുപാട് പേര്‍ ഗ്രൌണ്ട് കീഴടക്കുന്നു. സെന്‍ട്രല്‍ സര്‍ക്കിളില്‍ പകച്ചുവീണുപോയ ഇരക്കുചുറ്റും അവര്‍ വലതുകയ്യില്‍ കുതിച്ചു ചാടുന്ന പന്തുമായി വട്ടമിടുന്നു. പിന്നെ പന്തുമായുള്ള നൃത്തവും പെണ്‍പടയും പോയി കോര്‍ട്ട് വലിയൊരു വലയായും കളിക്കാര്‍ നീണ്ടവലിയകാലുകളില്‍ അമര്‍ന്നും ഉയര്‍ന്നും ഉന്മാദനൃത്തം ചെയ്യുന്ന ചിലന്തികളായും രൂപം മാറുന്നു. നടുവില്‍ ഇരയായി സ്വയമറിഞ്ഞ് ഉറക്കം മുറിഞ്ഞ് വിളിച്ചുകൂവിയുണരുന്നു..
ശരിക്കും ഭയന്നത് പെണ്‍പടയുടെ മുന്‍നിരയില്‍ ധ്വനിയെ തിരിച്ചറിഞ്ഞ ദിവസമാണ്. ഫുള്‍പാവാടയുടുത്ത് ഒതുങ്ങിയ കുസൃതികളുമായി നടക്കുന്ന പാവം പെണ്ണ് മിനിസ്കെര്‍ട്ടുമിട്ട് അശ്ലീലനൃത്തം പോലെ....
രാവിലെ എഴുന്നേറ്റ് ഹോസ്റ്റലിനു പുറത്തെത്തി അമ്മാവന്റെ വീട്ടിലേക്ക് വിളിച്ചു. അവളെ കിട്ടുന്നതുവരെ ആധിയായി.
‘നീ പ്രിഡിഗ്രി കഴിഞ്ഞാല്‍ എവിടെയാ ചേരുന്നെ..നാട്ടില്‍ തന്നെ പഠിച്ചാല്‍ മതി. വീട്ടില്‍ നിന്നുതന്നെ പോകാമല്ലോ’ യാദൃശ്ചികമെന്നോണം പറഞ്ഞു.
‘ഉണ്യേട്ടനെന്താ വട്ടായോ ഇപ്പോ ഇതൊക്കെ ചിന്തിക്കാന് ?’ അവള്‍ ചിരിച്ചു.
ആദ്യവര്‍ഷം കഴിയുന്നതിനു മുന്നേ കാമ്പസിന്റെ ഇരുണ്ടമൂലകളില്‍ വന്‍ ചിലന്തികളുണ്ടെന്ന ഭയം എങ്ങനെയോ ഒതുങ്ങി. ആണ്‍പൂമ്പാറ്റകളും പെണ്‍പൂമ്പാറ്റകളും ചിറകുരുമ്മിപ്പറക്കുന്ന കാഴ്ചകള്‍ മാത്രം. കാഴ്ച ഭയങ്ങളെ ഉച്ചാടനം ചെയ്യുന്ന മാന്ത്രികനാണ്.
§ 3. പ്രളയം
‘ഇവിടെയല്ലേ സാര്‍?’ ഡ്രൈവര്‍ വണ്ടിയൊതുക്കുകയാണ്. ഞങ്ങളിറങ്ങി. പൈസ കൊടുത്തുതിരിയുമ്പോള്‍ സതീശന്‍ വാനം നോക്കി നില്‍ക്കുന്നു.
‘ഇവിടെ ഇവിടെയാണോ നീ താമസിക്കുന്നത്?’ അവന് അതിശയം.
‘അതേ അവിടെ ഏറ്റവും മുകളിലെ നിലയില്‍’ ഞാന്‍ പറഞ്ഞു. അഞ്ചാമത്തെ നിലയാണ്. ടെറസിന്റെ അലോസരപ്പെടുത്തുന്ന ചൂടുണ്ടങ്കിലും സന്ധ്യകളില്‍ ജനലിനുപുറത്തേയ്ക്ക് നോക്കിനിന്നാല്‍ നഗരം വേഷം മാറുന്നത് കാണാം.
‘അപ്പോള്‍ റ്റെറസിലൊക്കെ കയറാമോ?’ അവന്റെ ആവേശം കണ്ടപ്പോള്‍ ചിരി വന്നു. കൊച്ചുകുട്ടികളെപ്പോലെ.
‘കയറാമെടാ വെയിലൊന്നു താഴട്ടെ. ഇപ്പം നീ വാ. നമുക്ക് വല്ലതും കഴിക്കാം’ പടികയറുമ്പോള്‍ അവന് ആവേശം കൂടുകയായിരുന്നു. മുന്നുനാലുതവണ നഗരത്തില്‍ വന്നു പോയിട്ടുണ്ടെങ്കിലും താമസിച്ചിട്ടില്ല. അഞ്ചുനിലയ്ക്ക് മുകളിലുള്ള റ്റെറസില്‍ കയറിയിട്ടില്ല.
അതിശയം തോന്നിയില്ല. ആദ്യാനുഭവങ്ങള്‍ അങ്ങനെയാണ്.
മുറിയിലെത്തിയതും അവന്‍ ജനാലയ്ക്കല്‍ പോയി കുറ്റിയടിച്ചതു പോലെ നിന്നു. വെയിലില്‍ വിജനമായ റ്റെറസുകള്‍ നഗരത്തെക്കുറിച്ചുള്ള ആധികള്‍ മാറ്റുന്ന ഒരു കാഴ്ചയാണ്. ഓരോ നഗരത്തിനും മീതെ കുറച്ചുപേര്‍ മാത്രമുള്ള തെളിവും ഒളിവുമുള്ള ഗ്രാമങ്ങള്‍ ഒളിച്ചിരുപ്പുണ്ട്.
വൈകുന്നേരം റ്റെറസില്‍ അവന്‍ മനസ്സു തുറന്നു. കുടുംബസ്വത്തിന് അമ്മാവനുമായി കേസ്, അച്ഛന്‍ മരിച്ച വകയില്‍ കമ്പനിയില്‍ നിന്ന് കിട്ടാനുള്ള ആനുകൂല്യങ്ങള്‍, അമ്മയ്ക്ക് സര്‍ക്കാരില്‍ നിന്ന് കിട്ടാനുള്ള ആനുകൂല്യങ്ങള്‍, അര്‍ഹതയുണ്ടായിട്ടും പെങ്ങള്‍ക്ക് കിട്ടാതെ പോകുന്ന ജോലി...
നേരം ഇരുണ്ടു. ‘നീ കേസ് കൊടുത്തില്ലേ സതീശാ.. കുറഞ്ഞത് വേണ്ടപ്പെട്ടവര്‍ക്ക് ഒരു പരാതിയെങ്കിലും കൊടുത്തോ നീ?’.
‘എനിക്കാരുടെയും കാലുപിടിക്കാന്‍ വയ്യ!’ അവന്‍ ദേഷ്യപ്പെട്ട് റ്റെറസിലെ അരമതിലിലേക്ക് നടന്നു. കഴിഞ്ഞ ഫോണ്‍കോളിനു ശേഷം വിളിച്ചപ്പോള്‍ അമ്മ പറഞ്ഞിരുന്നു: അമ്മാവനുമായി മത്സരിച്ചുവളര്‍ത്തിയ പകപ്പാമ്പുകളെപ്പറ്റി; ആത്മാഭിമാനവും ആദര്‍ശബോധവും കൂടി വ്യര്‍ത്ഥമാക്കിയ കാത്തിരിപ്പിന്റ്റെ കായ്ക്കാത്ത കൈതകളെപ്പറ്റി. അവരുടെ വീടിരിക്കുന്ന കുന്നുപോലെ കാടുകയറിയ ജീവിതത്തെപ്പറ്റി.
'ഈ നശിച്ച ജീവിതം’ അവന്‍ നിലത്ത് ആഞ്ഞു ചവിട്ടി പാന്റ്സിന്റെ സിപ്പ് അഴിക്കാന്‍ തുടങ്ങി.
‘ടാ’ ഞാന്‍ ഇരുന്നിടത്തുനിന്ന് പിടഞ്ഞെഴുന്നേറ്റു ‘വേണ്ടാ’ പാരപ്പെറ്റിനോടുചേര്‍ന്നുള്ള അരണ്ടവെളിച്ചത്തില്‍നിന്ന് ഇളം മഞ്ഞനിറത്തില്‍ മൂത്രം ചീറ്റിതാഴേക്ക് പോയി. അവനെ കയറിപ്പിടിക്കാന്‍ എനിക്ക് ആ സമയത്ത് ഭയം തോന്നി എന്നതാണ് സത്യം. പക്ഷെ താഴെ മുറ്റത്താരോ കാറുകയും തെറിവിളിക്കുകയും ചെയ്തപ്പോള്‍ ഞാന്‍ അവന്റെ കൈ പിടിച്ച് തിരിഞ്ഞു നോക്കാതെ ഓടി.
മുറിയില്‍ കയറി കതകടച്ച് രണ്ട്മിനിട്ട് കഴിഞ്ഞപ്പോള്‍ സ്റ്റെയര്‍വേയിലൂടെ ആരൊക്കെയോ ഒച്ചവച്ച് കയറിപ്പോകുന്നത് കേട്ടു. ലൈറ്റിടാതെ അവനെ മുറിയുടെ മൂലയിലെ കസേരയിലേക്ക് തള്ളിയിട്ട് ഞാന്‍ കട്ടിലില്‍ വീണു.
പുറത്തെ ബഹളങ്ങള്‍ അടങ്ങിയപ്പോള്‍ അവന്‍ കരയാന്‍ തുടങ്ങി. ‘നിനക്കറിയില്ല. പാവമെന്റെ അമ്മയും പെങ്ങളും..’ അതും കേട്ടിരുന്നു. മെക്കാനിക്കിന്റെ ദിവസശമ്പളത്തിന്റെ സുഭിക്ഷത അവന്. നാളെയെന്തെന്ന ആധി അവര്‍ക്ക്. അന്നന്നത്തേക്ക് ജീവിക്കുന്ന പുരുഷന്റെ തണലില്‍ പെണ്ണിന്റെ നാളെകള്‍ അനാഥമായിത്തുടങ്ങി. ആധിയാണിനി ബാക്കി. അവസാനത്തെ ശ്രമമാണ് ഇത്. നഗരത്തില്‍ ഒരു ജോലിസാധ്യതയുണ്ട്. അത് ശരിയായാല്‍...
നഗരത്തിലെ തിരക്കുകളില്‍ ഒഴുകിനീങ്ങുന്ന സ്ത്രീരൂപങ്ങള്‍ക്ക് അര്‍ത്ഥമുണ്ടെന്ന് തോന്നുകയാണ്. തണലുകളില്‍ ഇടറിനില്‍ക്കാതെ ഈ പൂമ്പാറ്റകള്‍ അവരുടെ പൂമ്പൊടിതിരയുന്നുണ്ടാവും. അര്‍ത്ഥശൂന്യതയില്‍ അമര്‍ഷം കൊള്ളുന്ന തണലുകളുടെ രോഷം ഇരുളില്‍ വായുവില്‍ ഒക്കെ പതുമ്മിപ്പറന്ന്....
ഉച്ചയുറക്കം നഷ്ടമായതുകൊണ്ടും പെട്ടെന്നുണ്ടായ ക്ഷോഭം കൊണ്ടും ഞാന്‍ ക്ഷീണിച്ചിരുന്നു. കണ്ണടഞ്ഞു പോകുന്നപോലെ.
‘നീയെന്താ ഉറക്കം തൂങ്ങുവാണോ.. വാടാ കയറ്.. ഒരു കാര്യം കാണിച്ചുതരാം.’ പൊത്തിപ്പിടിച്ചു കയറി. ഇരുണ്ടപാറയ്ക്കപ്പുറം സൂര്യോദയമാണ്. വെളിച്ചത്തില്‍ കുളിച്ചുനിന്ന് സതീശന്‍ കൈനീട്ടി.
ഇളം മഞ്ഞ വെയിലിനു താഴെ ഗ്രാമങ്ങള്‍ ഉറക്കം തൂങ്ങിക്കിടക്കുന്നു. പിന്നെ കാഴ്ച ഓരോ വീട്ടുമുറ്റത്തേക്കും വഴുതിവഴുതി വ്യക്തമായി വന്നു.
മുഖം പൊക്കുന്ന സൂര്യകാന്തിച്ചുവട്ടില്‍, ഇതള്‍പൊട്ടുന്ന മുളകുകൊടിയുടെ വേരില്‍, കറയിറ്റുനില്‍ക്കുന്ന റബറിന്റെ, കായ്ഫലമുള്ള തെങ്ങിന്റെയൊക്കെ ചുവട്ടില്‍, പുരുഷന്മാര്‍ മുണ്ടുപൊക്കി നിന്ന് മൂത്രമൊഴിക്കുകയാണ്. ഇളം മഞ്ഞയായ ദ്രവസ്വര്‍ണം വേരില്‍ നിന്ന് ചെടിയിലേക്ക് കയറി പൂവായ് കായായ് കറയായ്...
അവയ്ക്കുതാഴെ സ്ത്രൈണമായ ഒളിവിടങ്ങള്‍ അപ്പോഴും ഉറക്കത്തിലാണ്ടുകിടന്നു.
‘നോക്ക്.. അതു നോക്ക്’ അവന്റെ വിരല്‍ തുമ്പുകള്‍ നീങ്ങുന്ന ഇടങ്ങളില്‍ ഉറുമ്പുകളായി നിഴലുകളായി ആള്‍രൂപങ്ങളായി ചെറുപ്പക്കാര്‍ പുരുഷന്മാര്‍ മലകറുന്നുണ്ടായിരുന്നു. അവരങ്ങനെ നിരയായി വലിയൊരു ചങ്ങലയായി കിഴക്കന്‍ മലകളില്‍ നിരന്നു നിന്നു. പിന്നെ അവരെല്ലാവരും മൂത്രമൊഴിക്കാന്‍ തുടങ്ങി.
മലകളില്‍ നിന്ന് കുന്നുകളില്‍ നിന്ന് ഇളംമഞ്ഞ തോടായും അരുവിയായും ഒഴുകി. നെയ്യാറും കിള്ളിയാറും കരമനയാറും നിറഞ്ഞുവന്നു. മലയോരങ്ങളിലെ ജലാശയങ്ങളില്‍ ഇളം മഞ്ഞയുടെ തിരയുണര്‍ന്നു. തീക്ഷ്ണമായ ഗന്ധമുള്ള പൌരുഷമായ ഒരു കാറ്റ് ഞങ്ങളെ പിടിച്ചുലച്ചു.
‘നോക്ക് നിന്റെ തിരുവനന്തപുരം ഇതൊന്നും അറിയുന്നില്ല’ സതീശന്‍ പരിഹസിച്ചു. തിരിഞ്ഞുനോക്കി. അവിടെ തിരുവനന്തപുരം ഉറക്കമുണരുകയാണ്. നീളമുള്ള നിഴലുകള്‍ നീങ്ങുന്ന നഗരപാതകള്‍. പിന്നെ നിഴലുകള്‍ മാഞ്ഞു. പലവര്‍ണങ്ങളിലുള്ള ചിത്രശലഭങ്ങള്‍ - തെരുവുകളും വഴികളും മുറ്റങ്ങളും മരച്ചുവടുകളും അവയെക്കൊണ്ട് നിറഞ്ഞു.
പീരങ്കിവെടിപോലെ ഇളം മഞ്ഞയുടെ ഒരു ധാര എന്റെ അരികില്‍ നിന്ന് ചീറിത്തെറിച്ചു. ‘നിന്റെ നശിച്ച നഗരം ഇതോടെ തീരും.’ സതീശന്‍ അട്ടഹസിച്ചു. പിന്നെ.. അവനൊരാള്‍ വിചാരിച്ചാല്‍ എന്നോര്‍ത്ത് ഞാന്‍ തിരിയുമ്പോള്‍ പിന്നില്‍ ഒരു ആര്‍ത്തലയ്ക്കുന്ന മഞ്ഞ. ഇത് നഗരത്തിലെത്തിയാല്‍... ഓ ദൈവമേ.. ഇരുണ്ടുകിടക്കുന്ന തെരുവുകളില്‍ നിന്ന് ഓടകളില്‍ നിന്ന് അഴുക്ക്തോടുകളില്‍ നിന്ന് മഞ്ഞയുടെ അലകള്‍ ഉയര്‍ന്ന് നിറയുകയാണ്. തമ്പാനൂരില്‍: ചെങ്കല്‍ചൂളയില്‍ കിഴക്കേക്കോട്ടയില്‍...
വിജയം ആഘോഷിക്കുന്നതുപോലെ സതീശന്‍ ആര്‍ത്തുവിളിച്ചു. ‘ടാ നിര്‍ത്ത്.’ ഞാന്‍ അലറി. ‘നിര്‍ത്തടാ...’
ഇരുട്ട്. ലൈറ്റിന്റെ സ്വിച്ചിനു പരതി. മുറിയില്‍ സതീശനില്ല. ആരുമില്ല. സ്വപ്നത്തിന്റെ അവശിഷ്ടം പോലെ അവന്റെ ബാഗ് കസേരക്കരികില്‍ മലര്‍ക്കെത്തുറന്നിരുന്നു.
ആ രാത്രിയില്‍ ഒറ്റയ്ക്ക് അവന്‍ എങ്ങൊട്ടാണ് പോയതെന്ന് എനിക്ക് ഊഹിക്കാനേ സാധിക്കുമായിരുന്നില്ല. ഞാന്‍ മുറിയില്‍ നിന്നിറങ്ങി താഴേക്ക് പോയി.
‘സെക്കന്‍ഡ് ഷോയ്ക്ക് പോവുകയാണെന്നു പറഞ്ഞു സര്‍’ ഗേറ്റിലെ സെക്യൂരിറ്റി എന്നോട് പറഞ്ഞു. ‘വൈകി വന്നാല്‍ തിരികെ കയറ്റണം എന്നും പറഞ്ഞു.’
തിരികെ കയറിപ്പോയി പന്ത്രണ്ടുമണിവരെ ആധിയില്‍ ഉണര്‍ന്നുകിടന്നു. അന്നേരം ഫോണ്‍ അടിച്ചു. പോലീസ് സ്റ്റേഷന്‍.
§ 4. ശലഭം
‘ന്നാലും നീയെന്തിനാടാ അതു ചെയ്തത്?' ആശുപത്രിയിലെ നാറുന്ന കിടക്കയില്‍ ജനലിനുപുറത്തേക്ക് കണ്ണുനട്ടുകിടക്കുന്ന സതീശനോട് ഞാന്‍ ചോദിച്ചു.
‘നിനക്കറിയില്ല ഒന്നും’ എന്നു പിറുപിറുത്ത് അവന്‍ റ്റവല്‍ വലിച്ചിട്ട് മുഖം മൂടി.
പതിനൊന്നരയ്ക്ക് തിരക്കൊഴിഞ്ഞ സ്റ്റാച്യൂ ജംഗ്ഷനിലെ ട്രാഫിക് ഐലന്‍ഡില്‍ വലിഞ്ഞുകയറി വട്ടത്തില്‍ മൂത്രമൊഴിക്കുമ്പോഴാണ് സതീശനെ പോലീസ് പിടിച്ചത്. അല്പം വീശി നിന്ന ഒരു പോലീസുകാരന്‍ കാല്‍മുട്ടുകൊണ്ട് കുറ്റകൃത്യത്തിന് ഉപയോഗിച്ച അവയവത്തില്‍ തന്നെ പെരുമാറി.
കത്തീറ്റര്‍ എടുക്കാന്‍ ഒരാഴ്ചയോളം വേണ്ടിവന്നു. ഇന്‍ഫെക്ഷന്‍ ബാക്കി. ഇടക്ക് പൊരിഞ്ഞപനിക്കിടെ കടും മഞ്ഞനിറത്തില്‍ റ്റ്യൂബില്‍കൂടി പൊയ്ക്കൊണ്ടിരുന്ന ദ്രാവകം വായുവില്‍ നിശ്ചലചിത്രമായി നിന്നത് പഴയൊരു ചാട്ടവാര്‍ ആരോ ഭിത്തിയില്‍ ആണയടിച്ചു തൂക്കിയതിനെ ഓര്‍മ്മിപ്പിച്ചു.
പനി ശമിച്ച ഒരു ഉച്ചയ്ക്കാണ് സതീശന്‍ പേനയും പേപ്പറും ആവശ്യപ്പെട്ടത്. കട്ടിലില്‍ ചരിഞ്ഞുകിടന്ന് വെയിലിനക്കരെ ചുമക്കുന്നതുവരെ അവന്‍ എന്തൊക്കെയോ കുത്തിക്കുറിച്ചു. ഒരു സ്കൂളില്‍ ഒരുമിച്ചുപഠിച്ചിട്ടും മൂത്രം കൊണ്ടല്ലാതെ അവന്‍ എന്തെങ്കിലുമെഴുതുന്നത് കണ്ടിട്ടുണ്ടോ എന്ന് ഉള്ളില്‍ തിരഞ്ഞു തിരഞ്ഞ് ഞാന്‍ തളര്‍ന്നു.
കാപ്പിവാങ്ങാന്‍ പടിയിറങ്ങുമ്പോള്‍ ആശുപത്രിയുടെ മഞ്ഞമതിലിലൂടെ വലിയകുഴലുകള്‍ അശ്ലീലമായ ശരീരം വലിച്ച് ഇഴഞ്ഞുപോകുന്നു. വായുവില്‍ ഓര്‍മയായി തൂങ്ങിനില്‍ക്കുന്ന പഴയ ചാട്ടയുടെ അറ്റത്ത് നിസ്സഹായനായിക്കിടന്ന സതീശനെ ഓര്‍ത്ത് ഞാന്‍ അവിടെത്തന്നെ ഒരുനിമിഷം നിന്നു.
ഭൂമിയിലെ ഇരുളറകളിലേക്ക് ആണ്ടുപോകുന്ന നിര്‍വീര്യമാക്കപ്പെട്ട മൂത്രത്തിന്റെ ഭീകരമായ ശൌര്യം ഒരിക്കല്‍ തിരയടിച്ചുയര്‍ന്നാല്‍...
‘കൂട്ടുകാരന് എങ്ങനെയുണ്ട്?‘ പടികയറിവന്ന സുന്ദരിയായ നേഴ്സ് കുശലം ചോദിച്ചു. കുടുംബത്തില്‍ പിറന്നപിള്ളേരൊന്നും ചെയ്യാത്തപണി എന്ന് അമ്മാവന്‍ പറഞ്ഞത് വെറുതെ ഓര്‍മ്മവന്നു. വായുവില്‍ പറക്കുന്ന ചിത്രശലഭം ഒരു നിമിഷമൊന്ന് നിന്ന് പിന്നെ പറന്നുപോകുന്നതുപോലെ നഴ്സ് ചിരിച്ചുകൊണ്ട് പടി കയറിപ്പോയി.
നോക്കൂ സ്നേഹിതാ നിങ്ങളൊരു നിശ്ചലചിത്രം കാണുകയാണ്. ഒരു സ്റ്റെയര്‍ കെയ്സ്. ഇറങ്ങിവരുന്ന ഒരാള്‍. അയാളെതൊട്ടുരുമ്മി മുകളിലേക്ക് പറന്നുപോകുന്ന ഒരു ചിത്രശലഭം. സ്റ്റെയര്‍കെയ്സിനുതാഴയുള്ള പൊട്ടിയ റ്റൈത്സിട്ട പഴയ തറയില്‍ നിന്ന് ഏതുനിമിഷവും ഒരു മഞ്ഞസമുദ്രം പൊട്ടിത്തെറിച്ചുവരാം. അതുകൊണ്ടാണ് ചിത്രശലഭം പരക്കുമ്പോള്‍ പോലും താഴേക്കിറങ്ങുന്നയാള്‍ ഉറഞ്ഞുനില്‍ക്കുന്നതും ഇത് ഒരു നിശ്ചലചിത്രമാവുന്നതും.
32 comments:
ചില നൊസ്റ്റാള്‍ജിയകള്‍ക്ക് മൂത്രത്തിന്റ് ഗന്ന്ധമുണ്ട്ടെന്ന് തോന്നി. വെറുതെ :)
മഞ്ഞ ഗന്ധത്തെയും താണ്ടി , സ്റ്റെയര്‍കേസിലൂടെ താഴോട്ടിറങ്ങിയപ്പോള്‍, ചിത്രശലഭം എന്നെയും തൊട്ടുരുമ്മി മുകളിലേയ്ക്കു പറന്നു കയറുന്നതു ഞാനും കണ്ടു.
നല്ലോരു വായാനാനുഭവം. ഒന്നുകൂടി വായിക്കട്ടെ.
"പഴയ ചാട്ടയുടെ അറ്റത്ത് നിസ്സഹായനായിക്കിടന്ന സതീശനെ ഓര്‍ത്ത് ഞാന്‍ അവിടെത്തന്നെ ഒരുനിമിഷം നിന്നു."
ഹെന്‍റമ്മോ.. ഇതിനു കമന്‍റിടാന്‍ മാത്രം വളര്‍ന്നിട്ടില്ല ഞാന്‍..
കാഴ്ച ഭയങ്ങളെ ഉച്ചാടനം ചെയ്യുന്ന മാന്ത്രികനാണ്.-
കേള്‍വിയിലൂടെ ഭയപ്പെട്ടിരുന്നതിനെ നേരിട്ട് കാണുമ്പോള്‍ ഭയം കൂടുകയല്ലെ സംഭവിക്കുന്നത്, കാഴ്ച്ചക്ക് ഭയത്തെ ഉച്ചാടനം ചെയ്യാന്‍ കഴിയുമോ?
വെറുതെ പറഞ്ഞതാണെ മാഷെ,
കൊള്ളാം വശ്യമായ എഴുത്ത്...
അനുമോദനങ്ങള്‍...
നല്ല പോസ്റ്റ്, മാഷേ, വേറെ ഒന്നും പറയാനറിയില്ല.
:)
മനം നിറഞ്ഞ വായന..
വേറെന്താ പറയാ മാഷേ...
നാലു കുറിപ്പുകളും ഏറെ ഹൃദ്യം...
ശിവ :))
പാമരന്റെ കമന്റിനു താഴെ എന്റേം കൂടെ ഒപ്പ് .. :)
ഈ യൂറിനൊസ്റ്റാള്ജിയാ നന്നായി സുഖിച്ചു..ഗുപ്താ.
ഗുപ്തിയേതുമില്ലാത്ത എഴുത്തു വായിച്ചു ശിവ എഴുതിയ കമന്റ്
വായിച്ചും സുഖിച്ചു..
നല്ല കഥ. ഇഷ്ടപ്പെട്ടു. :-)
ആദ്യം വായിച്ചതിനേക്കാൾ ശക്തമായ അനുഭവമായി രണ്ടാം വയന..എന്തുകൊണ്ടാണ് സാധാരണമനുഷ്യർ,ക്cഏരിയിലെ പട്ടിണിപ്പാവങ്ങൾ തൊട്ടതിനും പിടിച്ചതിനുമൊക്കെ തെറി വിളിക്കുന്നതെന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്...ഒരുത്തരം ഇവിടെയുണ്ട്..
ശക്തമായ കഥ
മറ്റൊന്നും കൂടി..ഈ കഥയുടെ ദൃശ്യസാധ്യതകൾ
സ്കൂളിന്റെ പരിസരങ്ങളിലെ ഓരോ തകരച്ചെടി ദത്തെടുത്തു് monogamy പോലെ അതിന്റെ ചോട്ടില്‍ മാത്രം മൂത്രിച്ചു് ഉണക്കുന്നതായിരുന്നു ഞങ്ങളുടെ ഹോബി. അങ്ങനെ, കാലത്തിന്റെയും മൂത്രത്തിന്റെയും അനുസ്യൂതമായ കുത്തിയൊഴുക്കില്‍ ഉണങ്ങിക്കരിഞ്ഞുപോയ എത്രയെത്ര തകരാനുരാഗങ്ങള്‍! ദിവ്യാനുരാഗങ്ങള്‍! :)
നല്ലൊരു വായനാസുഖത്തിനു് നന്ദി.
തലമുറകളുടെ മൂത്രം ഖനീഭവിച്ചുകിടക്കുന്ന സ്കൂള്‍ മൂത്രപ്പുരകളെപ്പറ്റിയെ മാധവന്‍ എഴുതിയുള്ളു. ഗുപ്തന്‍ മഞ്ഞച്ചാട്ടവാറിനാല്‍ വരയ്ക്കുന്നത് ചാപങ്ങളാണ്, രണ്ടാമത്തെ മഴവില്ല് പോലെ. പടവാളാകുകയും എറുമ്പിനെ മുക്കിക്കൊല്ലുകയും ചെയ്യുന്ന മൂത്രവഴികള്‍....
സ്കൂളിനടുത്തായി, നികത്തിയ പാടത്തിന്റെ ഓരത്ത് തൊട്ടാവാടിച്ചെടികള്‍ ഉണ്ടായിരുന്നു... അവറ്റയാണ് ഞങ്ങളുടെ മൂത്രാക്രമണത്തില്‍ കരിഞ്ഞ് പോകാറു്.
- കല്ല്.
ഓ.ടോ : ബൂലോകത്തെ സ്ത്രീജനങ്ങളില്‍ ആരും തന്നെ കമന്റിയിട്ടില്ല..
അല്ല, കണ്ടതു പറഞ്ഞെന്നു മാത്രം ... :)
ഏറ്!
"ഉള്ളില്‍ തിരഞ്ഞു തിരഞ്ഞ് ഞാന്‍ തളര്‍ന്നു"
ശക്തമായ ഒരു വായന അനുഭവമായിരുന്നു ഇത്.
ഇതിനു കമണ്ടിടാന്‍ മാത്രം ഞാനായിട്ടില്ല ഗുപ്തന്‍ മാഷെ. അതു കൊണ്ടാണ് പലവട്ടം വന്നുതിരിച്ചു പോയത്.
കരിങ്കല്ലിണ്ടെ കമണ്ടു കണ്ടു. ബ്ലോഗിനൊക്കെ മുന്‍പേ വായന തുടങ്ങിയവരാ കരിങ്കല്ലെ നമ്മളൊക്കെ. വ്യക്തമായ അഭിപ്രായവും ഉണ്ട്, അതു പറയാനുള്ള ധൈര്യവുമുണ്ട് :)
ഇഞ്ചി :))
ശരിയാണ്. ഒരു വേരില്‍ മുളച്ച രണ്ടെണ്ണമാണ് അതും ഇതും. പക്ഷെ കുറെ ദൂരമുണ്ട് തമ്മില്‍. ഒരിക്കല്‍ എഴുതാം ഇദെന്തായില്‍- നഗരങ്ങളെ ആരാണ് പേടിക്കുന്നത് എന്നതിനെക്കുറിച്ച്. കഥകൊണ്ടുമാത്രം പറഞ്ഞുതീരുമെന്ന് തോന്നുന്നില്ല :)
പുരുഷ ശൌര്യം പ്രകൃതിയിലേക്കു.... കൊള്ളാം. നന്നായിരിക്കുന്നു.
"അമ്മാവനുമായി മത്സരിച്ചുവളര്‍ത്തിയ പകപ്പാമ്പുകളെപ്പറ്റി; ആത്മാഭിമാനവും ആദര്‍ശബോധവും കൂടി വ്യര്‍ത്ഥമാക്കിയ കാത്തിരിപ്പിന്റ്റെ കായ്ക്കാത്ത കൈതകളെപ്പറ്റി. അവരുടെ വീടിരിക്കുന്ന കുന്നുപോലെ കാടുകയറിയ ജീവിതത്തെപ്പറ്റി..."
ഭാഷയില്‍ വരുത്തുന്ന മാറ്റങ്ങള്‍ നന്നാകുന്നുണ്ട്.
ഭാഷയും ആശയവും നന്നായി ഗുപ്താ. പല വായനയ്ക്ക് പറ്റിയ കഥ
മൂത്രസൂത്രം
പാത്രഗാത്രം
പ്രവര്‍ത്തനം
ചിത്രം.......!
വെല്‍ ഡണ്‍.
k...i...u
കാര്യമായിട്ടൊന്നും മനസ്സിലായില്ല :( പക്ഷേ ഇത് ക്വോട്ടാതെ ഞാന്‍ പോകില്ല: "ഇളം മഞ്ഞയായ ദ്രവസ്വര്‍ണം വേരില്‍ നിന്ന് ചെടിയിലേക്ക് കയറി പൂവായ് കായായ് കറയായ്..." വ്വൌ!
"വിക്രം" എന്ന തമിഴ് സിനിമയില്‍ ഒരു സീനുണ്ട്. പെണ്‍കുട്ടികള്‍ക്ക് ചെയ്യാന്‍ പറ്റാത്ത കാര്യമൊന്നുമില്ല എന്നു വാദിക്കുന്ന ലിസിയോട് മതിലില്‍ ഒരു വര വരച്ചിട്ട് അതിനു മുകളില്‍ മൂത്രമൊഴിക്കാമോ എന്ന് കമലഹാസന്‍ ചോദിക്കുന്നത്.
ഈ കഥ വായിച്ചിട്ട് ആ തറവളിപ്പ് ഓര്‍മ്മ വന്നതിനു ക്ഷമ. പക്ഷേ എന്റെ മനസ്സില്‍ ഇരുപത് വര്‍ഷം മുന്‍പ് കണ്ട ആ സിനിമ ബാക്കി വെക്കുന്നത് ആ തമാശയിലെ ക്രൂരത മാത്രമാണ്.
നല്ല കഥ ഗുപ്താ. നഗരത്തിലെ ചിത്രശലഭങ്ങള്‍ ഗ്രാമത്തിലും പാറി നടക്കട്ടേ. പൊട്ടിത്തെറിച്ചു വരുന്ന മൂത്രസമുദ്രങ്ങള്‍ നിശാശലഭങ്ങള്‍ക്കു കാരണമാവാതിരിക്കട്ടേ.
പൊന്നു സരിജേ... അങ്ങനെയൊന്നും ഉദ്ദേശിച്ച് പറഞ്ഞതല്ല...
സാധാരണ ഏതു ബ്ളോഗ് എടുത്താലും ആദ്യത്തെ 15 കമെന്റ് വരെ ഒന്നും പോകണ്ടി വരില്ല.... രണ്ടു കൂട്ടരുടെയും കമന്റുകള്‍ കാണാന്.
ഇതിന്റെ ഇതിവൃത്തം ഇത്തിരി വ്യത്യസ്തമായതിനാല്‍ ആയിരിക്കണം ഇങ്ങനെ എന്നു തോന്നി. എന്റെ ഒരു observation മാത്രം ആയിരുന്നു അത്. അല്ലാതെ വിധിയെഴുത്തല്ല.
ഇവിടെ കമന്റ് ചെയ്യാത്തതും അഭിപ്രായം പറയാനുള്ള ധൈര്യവും തമ്മില്‍ ഒരു ബന്ധം കാണാന്‍ എനിക്കു സാധിക്കുന്നില്ല. ഞാന്‍ അങ്ങനെയൊന്നും ഉദ്ദേശിച്ചും ഇല്ലാട്ടോ.. :)
ദയവു ചെയ്തു എഴുതാപ്പുറം വായിക്കല്ലേ... പ്ലീസ്. അപേക്ഷയാണേ..
കല്ല്.
P.S: ഇനി അങ്ങനെ ഒരു തോന്നല്‍ എന്റെ കമന്റ് ഉളവാക്കിയെങ്കില്... അതങ്ങു മറന്നേക്കൂന്നേ.. :)
ഞാന്‍ ഇനി മുതല്‍ ശ്രദ്ധ പതിപ്പിക്കാം .. :)
ഓരോ നഗരത്തിനും മീതെ കുറച്ചുപേര്‍ മാത്രമുള്ള തെളിവും ഒളിവുമുള്ള ഗ്രാമങ്ങള്‍ ഒളിച്ചിരുപ്പുണ്ട്
Very Good :)
മൂത്രം കൊണ്ട് territorial rights അടയാളപ്പെടുത്തുന്നത് ജന്തുസഹമല്ലെ? ഇവിടെ അത് അതില്‍ക്കൂടുതല്‍ പലതിനും സതീശന്‍ ഉപയോഗിക്കുന്നു. മൂത്രധര്‍മ്മത്തിന്റെ കാണാപ്പുറങ്ങള്‍.
ഒന്നാംതരം കഥ, ഗുപ്തന്‍.
നടന്ന കഥ:
പണ്ട് അച്ഛന് തിരുവനതപുരത്ത് പോകേണ്ടി വന്നു. ഉച്ച കഴിഞ്ഞപ്പോള്‍ കലശലായി മൂത്രമൊഴിക്കാന്‍ മുട്ടി. എവിടെ ഒഴിയ്ക്കും? പാളയം ഏരിയായില്‍ അച്ഛന്‍ അലഞ്ഞു. നിവൃത്തിയില്ലാതെ യൂണിവേഴ്സിറ്റി വളപ്പില്‍ ഒരു മരത്തിനു പുറകില്‍ കാര്യം സാധിച്ചീടുത്തു. തോട്ടക്കാരനുമായി കശപിശ ഉണ്ടായെങ്കിലും കാര്യം കഴിഞ്ഞു കിട്ടിയല്ലൊ! ഇനി മേലാല്‍ തിരുവനതപുരത്ത് പോകുകയില്ലെന്ന് തിരിച്ചു വന്ന് ഞങ്ങളോടു പറഞ്ഞു.
'War Between The Sexes Influences Evolution In Some Species'
കഥയുടെ നീളം കണ്ടപ്പോള്‍ വായനയും നീണ്ടു.
ഇന്നുവന്ന്,വായിച്ചു കഴിഞ്ഞപ്പോള്‍
War of the sexes ഗൂഗിള്‍ ചെയ്യാന്‍ തോന്നി.
അപ്പൊക്കിട്ടിയതാണീവാചകം.
നമുക്കീവെടിമരുന്നൊക്കെക്കൂടിയൊരു കുറ്റിയിലാക്കണ്ടേഗുപ്താ?
എന്നാ പുസ്തകമിറക്കുന്നേന്ന്!
ദൃശ്യ സാധ്യതകള്‍ വെല്ലുവിളിയോടെ പരീക്ഷിയ്ക്കാവുന്ന രചന...
"പഴയ ചാട്ടയുടെ അറ്റത്ത് നിസ്സഹായനായിക്കിടന്ന സതീശനെ ഓര്‍ത്ത് ഞാന്‍ അവിടെത്തന്നെ ഒരുനിമിഷം നിന്നു."
കുറിപ്പുകളെല്ലാം നന്നായിരുന്ന്നു.
മൂന്നു പ്രാവശ്യം വായിച്ചു. ഇത്രയും നല്ലൊരു വായനാനുഭവം തന്നതിനു നന്ദി.
ഒരു കുന്നും പുറത്തായിരുന്നു
ആ പ്രൈമറിസ്കൂള്‍ അവിടെ ആകെ ഒരു മുത്രപുരയേ ഉള്ളു അത് റ്റീച്ചറിന് ഇന്റര്‍വെല്ലിന്
ആണ്‍കുട്ടികള്‍ ഓടി വേലിയുടെ അരുവില്‍ നിന്ന്
മൂത്രമൊഴിക്കും പെണ്‍കുട്ടികള്‍ക്ക് സ്കൂള്‍ വരാന്തയില്‍ നിന്നാല്‍ കാണത്ത ദൂരത്ത് കൂറെ കുറ്റിചെടികള്‍ ആയിരുന്നു ശരണം ..
അന്ന് തമ്മില്‍ ചോദിച്ച് ഉത്തരം കിട്ടാത്ത ഒരു ചോദ്യമുണ്ട് എന്തുകൊണ്ടാ പെങ്കുട്ട്യോള്‍ക്ക്
നിന്ന് മുള്ളാന്‍ പാടില്ലാത്തത്?
സതീശന്റെ മുഖം വേറിട്ടതായി മനസ്സില്‍ തങ്ങുന്നു,
മനസിന്റെ പ്രതികരണങ്ങള്‍ എന്തെല്ലാം വിധത്തില്‍ ആണ്...
Siji Vyloppilly യൂടെ കമന്റ് മറുമൊഴിയില്‍ വന്നതു കൊണ്ട് ഇതു വായിക്കാന്‍ സാധിച്ചു...:)
Post a Comment