കുന്നിന്‍ ചരിവിലെ പാറക്കെട്ടില്‍ നിന്ന് ചൂളംവിളി. ഷിബുവാണ്. വന്നിട്ടുണ്ട് എന്ന അടയാളമാണ്. അമ്മ ചന്തയില്‍ നിന്ന് വരാന്‍ സമയമെടുക്കും. നന്നായി. ഷിബുവിന്റെ കൂടെ കൂടുന്നത് അമ്മയ്ക്കിഷ്ടമല്ല. വായിനോക്കിച്ചെറുക്കന്‍ എന്നാണ് അവന്റെ കാര്യം പറയുന്നതുതന്നെ.
ഷിബുവിനു സങ്കേതങ്ങള്‍ കണ്ടുപിടിക്കാന്‍ നല്ല കഴിവാണ്. ആറ്റരികിലെ ഇല്ലിക്കൂട്ടത്തിനുകീഴില്‍ നുഴഞ്ഞുകയറിയാല്‍ ഒരുകൂടാരം പോലെ ചൂണ്ടയിട്ടിരിക്കാന്‍ പറ്റിയസ്ഥലമുണ്ടെന്ന് കണ്ടുപിടിച്ചത് അവനല്ലേ. മുളംകെട്ടിനിടക്കുകൂടെ സൂക്ഷിച്ചുനോക്കിയാല്‍ അടുത്തകടവില്‍ കുളിക്കാന്‍ വരുന്ന പെണ്ണുങ്ങള്‍ തുണിമാറുന്ന നീര്‍മരുതിയുടെ ചുവടും കാണാമത്രെ. മീന്‍ പിടിക്കാന്‍ അതിലും നല്ല്ല സ്ഥലം കിട്ടുമോ? അമ്മയറിയാതെ അവിടെയൊന്നു പോകണം.
പാറക്കെട്ടും ഇല്ലിക്കെട്ടുപോലെ തകര്‍പ്പന്‍ സങ്കേതമാണ്. പൂക്കാതെയും കായ്ക്കാതെയും പരന്നുപടര്‍ന്നു നില്‍ക്കുന്ന വയസ്സന്‍ പറങ്കിമാവിന്റെ തണലില്‍ പകല്‍ മുഴുവന്‍ ഒരു കാറ്റ് വെയില്‍കൊള്ളാതെ കറങ്ങി നില്‍ക്കും. പറങ്കിമാവിനുതാഴെ പാറകള്‍ കൂടിച്ചേരുന്നിടത്ത് ഗുഹപോലെയൊരിടമുണ്ട്. അവിടെ ഇരിക്കുന്നവരെ മറ്റാരും ശ്രദ്ധിക്കില്ല. പക്ഷെ താഴെ ആറ്റരികുവരെ കുന്നിഞ്ചരിവില്‍ നടക്കുന്നതെല്ലാം അവിടെയിരുന്നാല്‍ കാണാം.
അമ്മ വരുന്നതു കണ്ടാല്‍ പാറക്കെട്ടില്‍ നിന്നു നുഴഞ്ഞിറങ്ങി റബര്‍ തൈകള്‍ക്കിടയിലൂടെയോ നാട്ടുവഴിയിലൂടെയോ ഓടി, അമ്മ സാരിമാറാനെടുക്കുന്ന നേരംകൊണ്ട് മുറ്റത്തെത്താം.
ഇല്ലിക്കാടും പാറക്കെട്ടും പോലെയാണ് ഒരുകണക്കില്‍ ഷിബുവും. മുതിര്‍ന്നവര്‍ക്ക് അവനെ ഇഷ്ടമല്ല. പിള്ളേര്‍ക്ക് അവനെ പേടിയാണ്. പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ക്ക്. പക്ഷേ ആണ്‍കുട്ടികള്‍ രഹസ്യമായി അവന്റെ ആരാധകരാണ്. മുതിര്‍ന്നവര്‍ വീട്ടില്‍ ഇല്ലാത്തപ്പോള്‍ അവര്‍ അവന്റെ സങ്കേതങ്ങള്‍ അന്വേഷിച്ചുചെല്ലുന്നു.
വീടുപൂട്ടി നാട്ടുവഴിയിലേക്ക് കയറുമ്പോള്‍ തൈമരങ്ങളുടെ ചില്ലയ്ക്കുമീതെ പറന്നുപോകുന്ന കരിങ്കല്‍ചീളുകണ്ടു. പറക്കുംതളികപോലെ കറങ്ങി, മഴവില്ലുപോലെ വായുവിലേക്കു വളഞ്ഞുകയറി ഒരുമാത്ര തങ്ങിനിന്ന് മറുപകുതിയിലേക്ക് പറന്നിറങ്ങി പോകുന്ന കരിങ്കല്‍ ചീളുകള്‍ കല്ലുപുറപ്പെട്ട സ്ഥലത്ത് ഷിബുവുണ്ട് എന്നതിന്റെ തെറ്റാനാകാത്തസൂചനയാണ്.
തൊഴുത്തിലേക്ക് തിരിഞ്ഞിരുന്ന് അടുക്കളയിലേക്ക് നോക്കുന്ന കാക്കയെപ്പോലെ തല ചരിച്ചുപിടിച്ച്,കൈമുട്ട് മൂക്കിനുനേരെ വരാന്‍തക്കവിധം കൈവളച്ചുപിടിച്ച്, ഒരു കണ്ണില്‍ വിരല്‍തുമ്പിലെകല്ലും മറുകണ്ണില്‍ ഉന്നവും കണ്ട്, ഷിബു നില്‍ക്കുന്നതു കണ്ടാല്‍ തന്നെ അവന്‍ വെറുതെ കല്ലെറിയുന്ന ഒരു കുട്ടിയല്ല ഒരു കലാകാരനാണെന്ന് മനസ്സിലാകും.
എത്ര ഉയരമുള്ള പുളിമരത്തില്‍ നിന്നും പുളി എറിഞ്ഞിടാന്‍, ഏത് കണ്ണെത്താകൊമ്പില്‍ നിന്നും കണ്ണിമാങ്ങ എറിഞ്ഞുവീഴ്‌ത്താന്‍ അവനുള്ള കഴിവ് ഒന്നുവേറേ തന്നെയാണ്.
സാധാരണ വഴിയില്‍ അവനെക്കണ്ടാല്‍ പേടിച്ച് ‘ഉണ്ണ്യേട്ടാ ആ ഷിബു വരുന്നുണ്ട് ഒന്ന് വേഗം നടന്നോളൂ’ എന്നുപറഞ്ഞ് പിന്നിലൊളിക്കുന്ന രമ്യയാണ് ഞെട്ടിച്ചുകളഞ്ഞത്. രാഘവച്ചാന്നാരുടെ നാട്ടുമാവില്‍ നിന്ന് മാങ്ങ എറിഞ്ഞിടാന്‍ ശ്രമിച്ച് പരാജയപ്പെട്ട് നില്‍ക്കുമ്പോള്‍ കളിയാക്കിച്ചിരിച്ചു ഭയങ്കരി: ” ആ ഷിബുചേട്ടനാരുന്നെകില്‍ ഇപ്പോള്‍ എത്ര മാങ്ങകിട്ടീന്ന് ചോദിച്ചാല്‍ മതിയാരുന്നു…”. മാങ്ങയില്‍ കൊതിയുള്ള പെണ്‍പിള്ളേരെ വിശ്വസിക്കരുത്.
ഉന്നം ഒന്നും പ്രത്യേകിച്ചില്ലെങ്കില്‍ വായുവിലേക്ക് അര്‍ദ്ധവൃത്താകൃതിയില്‍ പറന്നുപോകുന്ന പറക്കും തളികകളായിട്ടോ, ആറ്റിലെ വെള്ളത്തില്‍ ഒട്ടൊന്നുതൊട്ടും പിന്നെ ഉയര്‍ന്നും പറന്നകലുന്ന നീര്‍ക്കിളിയായോ അവന്‍ കല്ലിനെ മാറ്റിയെടുക്കുന്നു.
നാട്ടുവഴി കയറ്റം കയറിനിരപ്പാകുന്നിടത്താണ് പാറക്കെട്ടിന്റെ തുടക്കം. പറങ്കിമാവ് വലത്തുവശത്തെ ചരിവില്‍ അല്‍പ്പം താഴെയാണ്. പാറയിലേക്ക് കയറുമ്പോള്‍ വീണ്ടും ചൂളം വിളി. ഒറ്റക്കിരുന്നു മടുത്തുകാണും. ഇന്നു മറ്റാരും വന്നിട്ടുണ്ടാവില്ല.
മറ്റാരുമില്ലെങ്കില്‍ അവന്‍ നാട്ടിലെ പെണ്ണുങ്ങളുടെ ഒളിച്ചുകളികളുടെ കഥകള്‍ പറയും. മുഖമൊന്നു കോട്ടി കക്കാന്‍ മുതല്‍കണ്ട കാക്കയെപ്പോലെ കള്ളച്ചിരിചിരിച്ച് ഒരോരുത്തരുടെയും ചരിത്രവും ഭൂമിശാസ്ത്രവും അവന്‍ വിവരിക്കുന്നത് കേട്ടിരിക്കാന്‍ ഒരു പ്രത്യേക രസമാണ്. പെണ്ണുങ്ങള്‍ അസത്തുകളാണ്. ഒന്നിനെയും വിശ്വസിക്കാന്‍ കൊള്ളില്ല.
പറങ്കിമാവിന്റെ താഴ്‌ന്ന ചില്ലയില്‍പിടിച്ചുവേണം താഴത്തെ നിരയിലുള്ള പാറയില്‍ ഇറങ്ങാന്‍. അവിടെയാണ് ഗുഹ.
ഷിബുവിന്റെ മുഖത്തിനു തീരെ തെളിച്ചമില്ല. “എന്തുപറ്റിയെടാ അളിയാ?”
“അമ്മക്ക് പനിയാണ്”. അലസമായ മറുപടി. കള്ളമാണ്. കുന്നിന്റെ ഏറ്റവും മുകളിലുള്ള അവരുടെ വീട്ടില്‍ നിന്നും ഇന്നലെ രാവേറെചെന്നിട്ടും അവന്റെ അച്ഛന്റെ അട്ടഹാസവും അമ്മയുടെ നിലവിളിയും കേട്ടിരുന്നു.
“നിന്റെ അച്ഛന്‍ തിരികെപ്പോയോ?”. അയാള്‍ക്ക് ദൂരെയാണ് ജോലി. മാസത്തില്‍ രണ്ടോ മൂന്നോ തവണതിരിച്ചെത്തും. അന്നു കുന്നിന്മുകളിലെ ചെറിയ വീടുകളില്‍ വെളിച്ചമണയാന്‍ വൈകും.
ഷിബുവിന്റെ മരവിച്ച നോട്ടം കണ്ട് പേടിയാവുന്നു. “ഉം.. ഇനി വരില്ല.”
എന്തിനാണോ ആ പാവം രമണിയെ ഇങ്ങനെ തല്ലുന്നത്, അയാള്‍ക്ക് വേണ്ടെങ്കില്‍ കളഞ്ഞിട്ടുപൊയ്ക്കൂടെ എന്ന് ഇന്നലെയും അമ്മ അരിശം കൊള്ളുന്നതുകേട്ടിരുന്നു. പോയെങ്കില്‍ നന്നായി.
ഷിബു കയ്യിലിരുന്ന കരിങ്കല്‍ ചീള് വാശിയോടെ പാറയിലുരക്കുകയാണ്. “വന്നാല്‍ ഞാന്‍..” പകച്ച കണ്ണുമായി അവന്‍ പരതുന്നതുകണ്ടപ്പോള്‍ അയാള്‍ അരികിലിലെവിടെയോ ഉണ്ടെന്ന് തോന്നി. “…. എറിഞ്ഞു കൊല്ലും.” ഇല്ലിയുടെ ചില്ലയില്‍ നിന്നൊരുപൊന്മാന്‍ വെള്ളത്തിലേക്ക് കൂപ്പുകുത്തുന്നതു പൊലെ കല്‍ച്ചീള് താഴെയൊരു റബറിന്റെ ചുവട്ടിലേക്ക് പാഞ്ഞുപോയി. ഒരു മരയോന്ത് രണ്ടായി മുറിഞ്ഞ് മണ്ണില്‍ വീണ് പിടയുന്നു.
പറക്കാനൊരുങ്ങുന്ന പ്രാവിനെയും കാക്കയെയും വരെ അവന്‍ എറിഞ്ഞുവീഴ്‌ത്താറുണ്ട്. വായുവിലൊന്നു പിടഞ്ഞ് നിലത്തുവീഴുന്ന കിളികളെ അടുത്തുചെന്ന് കാലുകൊണ്ടൊന്ന് ചവിട്ടി തിരിച്ചും മറിച്ചും നോക്കി ഇതിലൊക്കെ എന്തിരിക്കുന്നു എന്ന മട്ടില്‍ അവന്‍ ചിരിക്കും. പക്ഷെ ഇപ്പോള്‍ അവന്റെ മുഖം കണ്ടാല്‍ കരയുകയാണെന്നേ തോന്നൂ.
നീയിവിടിരിക്ക് ഞാന്‍ വരാം എന്ന് വേഗം പറഞ്ഞ് അവന്‍ എഴുന്നേല്‍ക്കുന്നത് കരയുന്നത് കാണാതിരിക്കാനാണോ? അല്ല. പാറയിറങ്ങി തോട്ടത്തിലേക്ക് അവന്‍ വേഗത്തില്‍ നടക്കുന്ന ദിശയില്‍ ആളനക്കമുണ്ട്. ചെറിയൊരു കല്‍കെട്ടിന്റെ മറവില്‍ ആരോ പുല്ല്ലുവാരിക്കെട്ടുന്നു.
മറിയേടത്തിയാണ്. അവശന്‍ തോമാച്ചന്റെ ഭാര്യ. അവര്‍ക്ക് ചില്ലറ സഹായം ഒക്കെ ചെയ്തുകൊടുക്കാറുണ്ട് ഷിബു. തട്ടാനും മുട്ടാനും ഒക്കെ നിന്നുകൊടുക്കുമത്രേ പെണ്ണുമ്പിള്ള. പെണ്ണല്ലേ. വിശ്വസിക്കാന്‍ പറ്റില്ല.
പാറയുടെ ഇരുണ്ടമൂലക്ക് എന്തൊക്കെയോ കൂട്ടിയിട്ടിട്ടുണ്ട്. ഗോലികള്‍. തോടുള്ള കശുവണ്ടി. കടിച്ചമാങ്ങ. ഒരു മാസിക. തുണിയഴിച്ച പെണ്ണുങ്ങളുടെ പടമുള്ള ചില പുസ്തകങ്ങള്‍ അവന്‍ കൊണ്ടുവരാറുണ്ട്. ഇതു പക്ഷേ വലിയ മാസികയാണ്. എടുത്തുനോക്കി. വനിത വാര്‍ഷികപ്പതിപ്പ്.
താഴെ ഷിബു മറിയേടത്തിക്ക് പുല്ലുകെട്ട് പിടിച്ച് തലയില്‍ വച്ചുകൊടുക്കുന്നു. പാവം മറിയേടത്തിക്ക്ഗാസ് കേറി വിലങ്ങിയെന്ന് തോന്നുന്നു. ഷിബു ചെറുതായി നെഞ്ച് തടവിക്കൊടുക്കുന്നുണ്ട്. മറിയാച്ചേട്ടത്തിയുടെ മുഖത്ത് ഗാസിന്റെ വേദനയും ചമ്മലുമുള്ള ചിരി. നാണംകെട്ട സ്ത്രീ. റോഡില്‍ വച്ചെങ്ങാനും ഷിബുവിനെ കണ്ടാല്‍ പരിചയം പോലും കാണിക്കില്ല.
വനിത വെറുതെ മറിച്ചുനോക്കിയിരുന്നു. ഷിബു കയറിവരുന്നുണ്ട്. മുഖത്ത് പെണ്‍വിശേഷങ്ങള്‍ പറയുമ്പോള്‍ പതിവുള്ള കാക്കച്ചിരി. ഇനിയിപ്പോള്‍ മറിയേടത്തിയുടെ നെഞ്ചിടിപ്പിന്റെ വിശേഷങ്ങള്‍ കേള്‍ക്കാം.
വനിതയുടെ അവസാനതാളിലെ ഒരു സമ്മാനക്കൂപ്പണ്‍ കീറിയെടുത്തിരിക്കുന്നു. വെറുതെയല്ല ഒരു പരിചയം തോന്നിയത്. ഇത് വീട്ടില്‍കിടന്നതാണല്ലോ. ഇതെങ്ങനെ ഇവിടെ വന്നു?
“ഇന്നലെ നിന്റെ അമ്മ തന്നതാണ്.” പറങ്കിമാവില്‍ ചാരിനിന്ന് ഷിബു പരിസരവീക്ഷണം നടത്തുന്നു. മുഖത്തെ ചോദ്യം കണ്ടിട്ടെന്ന പോലെ അവന്‍ കൂട്ടിച്ചേര്‍ത്തു. “മീന്‍കറിക്ക് മാങ്ങ പറിക്കാന്‍ ഇന്നലെ നിന്റമ്മ വിളിച്ചാരുന്നു”.
മാങ്ങപറിച്ചിട്ട് കേറിവന്നപ്പോള്‍ മാസിക കണ്ടിട്ട് ഇതെടുത്തോട്ടേ ചേച്ചീന്ന് ചോദിച്ചുകാണും. വായിച്ചു കഴിഞ്ഞതായതുകൊണ്ട് കൊണ്ടുപൊയ്ക്കൊള്ളാന്‍ പറഞ്ഞുകാണും അമ്മ. അതിന് അവനെന്തിനാണ് കാക്കച്ചിരി ചിരിക്കുന്നത്?
നിറയെ ഉറുമ്പുള്ള കിളിച്ചുണ്ടന്‍ മാവില്‍നിന്ന് മാങ്ങ എറിഞ്ഞുവേണം പറിക്കാന്‍. ഇവന്‍ ഏറിന്റെ ആശാനാണെന്ന് അമ്മയോട് ആരുപറഞ്ഞോ ആവോ.
“നീ വരുന്നോ ഇല്ലിച്ചോട്ടില്‍ ചൂണ്ടയിടാന്‍..” പോകണമെന്ന് വിചാരിച്ചിരുന്നതാണ്. നീര്‍മരുതിയുടെ ചുവടൊന്നു കാണാമല്ലോ. ഇപ്പോള്‍ വേണ്ടെന്ന് തോന്നുന്നു.
“ഇല്ല. അമ്മയെങ്ങാനം അറിഞ്ഞാല്‍ ശരിയാവത്തില്ലെടാ..” അമ്മയറിയാനും ന്യായമുണ്ട്. കിണറ്റില്‍ വെള്ളംകുറവായതുകൊണ്ട് തുണിയലക്കാന്‍ ചിലപ്പോള്‍ കടവില്‍ പോകും. കിണര്‍ ആഴം കൂട്ടാന്‍ ആളിനെ വിളിക്കണമെന്ന് പറഞ്ഞിട്ട് രണ്ടുദിവസമായി. മടികാരണം പോയില്ല. ഇന്ന് പോകണം. കിണറ്റില്‍ വെള്ളമായാല്‍ പിന്നെ അമ്മ ആറ്റില്‍ പോകില്ല.
പാറയിലിന്ന് വല്ലാത്ത ചൂട്. ഒരിക്കലും ഇല്ലാത്തപോലെ. ഇവിടെ പതുങ്ങിനില്‍ക്കാറുള്ള കാറ്റെവിടെപ്പോയി.
ഷിബു പറങ്കിമാവില്‍ കയറിയിരുന്നു കാലാട്ടി ചൂളം വിളിക്കുന്നു. അവന്റെ വിഷമമെല്ലാം പോയതുപോലെ. മറിയേടത്തിയെക്കണ്ടപ്പോള്‍ രമണിയേടത്തിയെ മറന്നുകാണും. ദുഷ്ടന്‍.
അകലെയെങ്ങോ ഓട്ടോയുടെ മുരള്‍ച്ച കേള്‍ക്കുന്നില്ലേ? അമ്മ വരുന്നുണ്ടാവും. വീട്ടില്‍ പോയി ഇരിക്കാം.
“നീയെന്താ പൊവാണോ” മരക്കൊമ്പിലിരുന്ന് അവന്‍ എവിടെയോ ഉന്നം പിടിക്കുകയാണ്. പറങ്കിമാവിന്റെ കട്ടിയുള്ള ഒരു പൊളി ചിറകുവച്ച് പറന്നുപോകുന്നു. ഇതത്ര പ്രയാസമുള്ള കാര്യമൊന്നുമല്ല. ഒരു പരന്ന കല്ല് തപ്പിയെടുത്ത് ഉന്നം പിടിച്ചു. ഷിബു പിടിക്കാറുള്ളതു പോലെ കല്ലുപിടിച്ച്, ഒന്നം പിടിച്ച് ഒറേറ്. വേണ്ടായിരുന്നു. ഉദ്ദേശിച്ചതിന്റെ പകുതിവഴിക്കെത്തിയുമില്ല, കറങ്ങിവേച്ചുപോയ കല്ല് ദിശതെറ്റി ഒരു റബറില്‍ ചെന്നു കൊണ്ട് റബര്‍ പൊട്ടി പാലൊഴുകുന്നു.
മരക്കൊമ്പില്‍ നിന്ന് ഷിബുവിന്റെ പൊട്ടിച്ചിരി. “ടാ ..ഇങ്ങനെയാ എറിയുന്നതെങ്കില്‍ നീ ആ ചെട്ടിയാരുടെ കൊച്ചുമോളേ സ്ത്രീധനമില്ല്ലാതെ കെട്ടേണ്ടിവരും… “
അയ്യട ഒരു ഏറുവിദഗ്ദ്ധന്‍… അവന്റെ മോന്തനോക്കിയൊരു ഏറുകൊടുക്കാന്‍ തോന്നി.
താഴെ ഓട്ടോ വന്നു നില്‍ക്കുന്നു. അമ്മയാണ്. ഭാഗ്യം. ഇവിടുന്നു രക്ഷപെടാമാല്ലോ. അയലത്തെ മണിയങ്കിളിന്റെ ഓട്ടോയാണ്. അമ്മയും മണിയങ്കിളും ചേര്‍ന്ന് സാധനങ്ങള്‍ ഇറക്കി വയ്ക്കുന്നു.
“ഇപ്പം അങ്ങോട്ട് ഓടിപ്പോണ്ടട ചെറുക്കാ…പണിയാവും” അവന്റെ മുടിഞ്ഞ ചൂളമടി. അമ്മ തിരിഞ്ഞുനോക്കിയാല്‍ ഇവിടെ വന്ന് നില്‍ക്കുന്നത് കാണും. പാറക്ക് മറഞ്ഞു നിന്ന് നോക്കി. അമ്മയും മണിയങ്കിളും സാധനങ്ങള്‍ നിറച്ച സഞ്ചിയുമായി വീട്ടിലേക്കിറങ്ങുന്നു.
ഷിബു വീട്ടിലേക്ക് കാക്കക്കണ്ണിട്ടു നോക്കി ചിരിക്കുകയാണ്. അവനെ എറിഞ്ഞുവീഴ്തണം എന്ന് വീണ്ടും തോന്നി. പാറയില്‍ നിന്ന് ഊര്‍ന്നിറങ്ങുമ്പോള്‍ വീണ്ടും പിന്നില്‍ നിന്നുവിളി. “ടാ..പോണ്ടട… നിന്റച്ചനോ ഗല്‍ഫില്‍ … അവരിച്ചിരി കാര്യമൊക്കെ പറഞ്ഞിരിക്കട്ടെ ശല്യപ്പെടുത്തണ്ട…”
രമണിയേടത്തിയെ പറഞ്ഞുവിടടാ എന്ന് പറയണമെന്നുണ്ടായിരുന്നു. പറഞ്ഞില്ല. റബറിനിടയിലൂടെ വേഗത്തില്‍ നടന്നു. അമ്മയെന്തിനാ ഇപ്പോള്‍ മണിയങ്കിളിനെ വീട്ടില്‍ കയറ്റുന്നത്.. ഓട്ടൊക്ക് കൂലികൊടുത്ത് പറഞ്ഞുവിട്ടാല്‍ പോരായിരുന്നോ?
പിന്നില്‍ നിന്ന് ചൂളം വിളി. കല്ലിന്റെ മുരള്‍ച്ച. ചെവിതൊട്ട് ഒരു കല്ലു പറന്നു പോയോ? തിരിഞ്ഞു നോക്കുമ്പോള്‍ ചൂളംവിളിയും പറങ്കിമാവിന്റെ ചില്ലയില്‍ നിന്ന് അവന്റെ കാക്കച്ചിരിയും. തലക്കു മുകളിലൂടെ മറ്റൊരു കല്‍പക്ഷി പറന്നു പോകുന്ന മുരള്‍ച്ച. ജനലിന്റെ ചില്ലുടയുന്ന ശബ്ദമല്ലെ കേട്ടത്?
ഈശ്വരാ അമ്മയുടെ മുറിയാണ് വഴിയുടെ നേരേതാഴെ. ആധിയെടുത്ത് ഓടുമ്പോള്‍ പിന്നാലെ പറന്നു വരുന്ന കല്ലിന്റെ മുരള്‍ച്ച ശ്രദ്ധിക്കണമെന്ന് തോന്നിയില്ല.
(2007 മെയ് മാസം പ്രസിദ്ധീകരിച്ചത്, മഴനിലാവ് എന്ന പഴയ ബ്ലോഗിൽ)
4 comments:
യാരിദ്ദ്!! അലൈവ്??
നല്ല ഇഷ്ടമായി...ഇനിയും എഴുതൂ.
അമ്മ വരുമ്പോൾ മകൻ അവിടെ ഉണ്ടായിരിക്കും എന്ന പ്രതീക്ഷയിലാണു അമ്മ പോയതെന്ന് കഥയുടെ ആദ്യ ഭാഗത്തു നിന്നും മനസിലാക്കി.
പിന്നെ അവസാന ഭാഗവുമായി പൊരുത്തപ്പെടുന്നില്ല.മണിയങ്കിൾ ചുമ്മാ വന്നതായിരിക്കും അല്ലെ??
കഥാാാാകാാാരോ ………………………(ഞാനിതു പിന്നേം വായിച്ചു.നടുക്കത്തെ കമന്റ് ഞാൻ ഡിലീറ്റ് ചെയ്തതായി അറിയിക്കുന്നു.)
Post a Comment