Saturday, 23 February 2008

ഫയര്‍ഡാന്‍സ് ഇഷ്ടമില്ലാത്ത കുട്ടി

ഒരു നഗരത്തില്‍ ദീപു എന്നൊരു കുട്ടി ഉണ്ടായിരുന്നു. നാലു വശത്തു നിന്നും വണ്ടികള്‍ തിരക്കിട്ടോടുന്ന ഒരു കവലയുടെ മൂലക്കുള്ള ഉയര്‍ന്ന കെട്ടിടത്തിലായിരുന്നു ദീപു താമസിച്ചിരുന്നത്.

ദീപുവിന് അവന്റെ അച്ഛനെ വലിയ ഇഷ്ടമായിരുന്നു. അവനെ സ്കൂളില്‍ കൊണ്ടു വിടുന്നതും സ്കൂളില്‍ നിന്ന് തിരികെ കൊണ്ടുവരുന്നതും അവന്റെ അച്ഛനായിരുന്നു.

അവധി ദിവസങ്ങളില്‍ അച്ഛന്‍ ജോലി കഴിഞ്ഞു വരുന്നത് കാത്ത് ദീപു മൂന്നാം നിലയിലെ ഇടുങ്ങിയ ബാല്‍ക്കണിയില്‍ നില്‍ക്കും. എന്നിട്ട് താഴെ കവലയില്‍ കാണുന്ന കാര്യങ്ങളെക്കുറിച്ച് അവന്റെ അമ്മയോട് വിളിച്ചുപറഞ്ഞുകൊണ്ടിരിക്കും.

ഒരു ദിവസം, എന്നുവച്ചാല്‍ ദീപുവിനു സ്കൂളില്‍ അവധിയായിരുന്ന ദിവസം, ദീപു അങ്ങനെ അച്ഛനെക്കാത്തു നില്‍ക്കുകയായിരുന്നു. അമ്മേ ദാ ഫയര്‍ഡാന്‍സ് കളിക്കുന്ന അങ്കിള്‍ എന്ന് ദീപു ബാല്‍ക്കണിയില്‍ നിന്ന് വിളിച്ചു പറഞ്ഞു.

ചില അമ്മമാര്‍ ചില നേരത്ത് ചിലതൊന്നും കേള്‍ക്കുകയില്ല. ചെക്കനെ സ്കൂളില്‍ വിടണ്ടാത്ത ദിവസം വണ്ടിയെടുക്കാന്‍ മടിച്ച് കൂട്ടുകാരന്റെ ബൈക്കിനുപുറകില്‍ യാത്രചെയ്യുന്നതകൊണ്ടല്ലേ രാജേഷ് വരാന്‍ വൈകുന്നത് എന്ന് പരിഭവിച്ചോ ഇതിലൊക്കെ എന്തിരിക്കുന്നു കൂട്ടുകാരുടെ കൂടെ കറങ്ങി സമയം കളയുന്ന ഒരു വായിനോക്കിയല്ലല്ലോ എന്റെ ഭര്‍ത്താവ് എന്നോര്‍ത്ത് സ്വയം ഒന്നും പുഞ്ചിരിച്ചോ അവര്‍ എണ്ണപുരണ്ട പാത്രത്തിലെ പതയുന്ന സോപ്പില്‍ കയ്യിട്ട് അമര്‍ത്തി തിരുമ്മിക്കൊണ്ടിരിക്കും.

ഇന്നു വൈകിട്ട് ഫയര്‍ ഡാന്‍സ് ഉണ്ടല്ലോ എന്നുപറഞ്ഞ് ദീപു കയ്യടിച്ച് തുള്ളിച്ചാടാന്‍ തുടങ്ങി. കവലയില്‍ ഫയര്‍ഡാന്‍സ് ഉള്ള ദിവസം ദീപുവിന്റെ അച്ഛന്‍ ദീപുവിനെ ഫയര്‍ഡാന്‍സ് കാണാന്‍ കൊണ്ടുപോകുമായിരുന്നു. ദീപുവിന് ഫയര്‍ ഡാന്‍സ് കാണാന്‍ ഇഷ്ടമായിരുന്നു.

ഫയര്‍ ഡാന്‍സിനെക്കുറിച്ച് ഓര്‍ത്ത് സന്തോഷിക്കുന്ന കുട്ടികള്‍ പരിസരങ്ങള്‍ നന്നായി നിരീക്ഷിക്കാറില്ല. അതുകൊണ്ട് വീടിനു തൊട്ടപ്പുറം കവലയില്‍ അതു വരെയും ബസ് കാത്തു നില്‍ക്കുകയായിരുന്ന ചുരിദാറിന്റെ ഷോള്‍ തലവഴിമൂടിയ ചെറുപ്പക്കാരി പെട്ടെന്ന് സെല്‍ഫോണ്‍ ചെവിയിലേക്ക് ചേര്‍ത്തുവയ്ക്കുകയും ബസ് കാത്തു നില്‍ക്കുന്ന മറ്റുള്ളവരുടെ ഇടയില്‍ നിന്ന്‍ നാലുവശത്തുനിന്നുമുള്ള വണ്ടികള്‍ പാഞ്ഞുവരുന്ന റോഡുകള്‍ ചേരുന്ന ഇടത്തേക്ക് അതിവേഗത്തില്‍ നടക്കുകയും ചെയ്യുന്നത് ദീപു കണ്ടതേയില്ല.

അഥവാ ദീപു അവളെ കണ്ടെന്നിരിക്കട്ടെ. എങ്കിലും സെല്‍‌ഫോണിലൂടെ അവള്‍ എന്താണ് കേള്‍‍ക്കുന്നതെന്ന് ദീപുവിന് കേള്‍ക്കാന്‍ ആകുമായിരുന്നില്ല.

തല ഷോള്‍കൊണ്ടുമൂടിയ പെണ്‍കുട്ടി അപ്പോള്‍ അകലെ ഒരു വീട്ടില്‍ ഇരുണ്ട ഒരു മുറിയില്‍ ഇരിക്കുന്ന കറുത്തമുഖത്ത് കാക്കപ്പുള്ളിയുള്ള ഒരു ചെറുപ്പക്കാരനോട് സംസാരിക്കുകയായിരുന്നു. സിനിമകളില്‍ പ്രതിമകള്‍ ജീവന്‍ വച്ചു സംസാരിക്കുന്നതുപോലെയുള്ള മരവിച്ച ശബ്ദത്തില്‍ ആ ചെറുപ്പക്കാരന്‍ ഫോണില്‍ ഇങ്ങനെ പറഞ്ഞു. ' ഞാനാണ്.. നീ എത്തിയില്ലേ.'

ഒരു നിമിഷം കഴിഞ്ഞ് അയാള്‍ ഇങ്ങനെ തുടര്‍ന്നു. 'ഉം അവിടെ തന്നെ നില്‍ക്കൂ. അവര്‍ തിരിച്ചു ഇപ്പോള്‍. രക്ഷപെടാന്‍ പോവുകയാണെന്നാണ് അവരുടെ പ്രതീക്ഷ. കറുത്ത ജാക്കറ്റ് ഇട്ട് ഹെല്‍മറ്റും വച്ച് ഒരു ബൈക്ക് നോക്കിക്കോളൂ. അതേ വേഷത്തില്‍ ഞങ്ങള്‍ തൊട്ടുപിന്നാലെയുണ്ടാവും. നിന്നോട് അവന്‍ ചെയ്ത ദ്രോഹത്തിന് നിന്റെ കണ്‍മുന്നില്‍ വച്ചുതന്നെ അവനു ശിക്ഷകൊടുക്കും ഞങ്ങള്‍. കാത്തു നില്‍ക്കൂ.'

തലമൂടിയ പെണ്‍കുട്ടി ഫോണ്‍ മടക്കി സ്വപ്നത്തിലെന്ന പോലെ തിരക്കുള്ള വഴിയിലേക്ക് സിഗ്നല്‍ തെറ്റിച്ച് വഴിമുറിച്ചുകടക്കുന്ന പലരും ചെയ്യുന്നപോലെ തിടുക്കത്തില്‍ ഒരു കാലെടുത്തുവയ്ക്കുകയും പെട്ടെന്ന് കാലു പിന്‍ വലിച്ച് അവിടെത്തന്നെ പ്രതിമപോലെ നില്‍ക്കുകയും ചെയ്തു. അവള്‍ അങ്ങനെ ചെയ്യുന്ന നിമിഷത്തിലാണ് ദീപു അവളെ കണ്ടത്.

അമ്മേ ദാ ഒരു ചേച്ചി സിഗ്നല്‍ തെറ്റിച്ച് റോഡ് മുറിച്ചുകടക്കാന്‍ നോക്കുന്നു എന്ന വാചകം പകുതിയായപ്പോഴേക്കും പെണ്‍കുട്ടി പ്രതിമപോലെ നില്‍ക്കുകയും ദീപു പറയാന്‍ വന്നത് നിറുത്ത് എങ്ങനെ തുടരണം എന്നോര്‍ത്ത് തുറന്ന വായോടെ ചുറ്റും നോക്കുകയും ചെയ്തു.

ഫയര്‍ ഡാന്‍സ് കളിക്കുന്ന അങ്കിള്‍ അന്നേരം തോളിലുണ്ടായിരുന്ന വലിയ സഞ്ചി ഇറക്കി വച്ച് കവലയിലെ ബേക്കറിയുടെ ഇടതുവശത്തെ ഒഴിഞ്ഞ സ്ഥലം വട്ടത്തില്‍ തെളിച്ചെടുക്കുകയായിരുന്നു. രണ്ടുമണിക്കൂര്‍ കഴിഞ്ഞ് ഇരുട്ടാകുമ്പോള്‍ അയാള്‍ അതിനു നടുവില്‍ വലിയ ആഴികൂട്ടുകയും ഇരുകയ്യിലും പന്തം തെളിയിച്ച് 'ഹോ.......യ് ' എന്നു നീട്ടി വിളിച്ചുകൊണ്ട് പന്തങ്ങള്‍ ചുഴറ്റി വട്ടത്തില്‍ ഓടുകയും ചെയ്യും.

അതോര്‍ക്കുമ്പോള്‍ ദീപുവിനും അങ്ങനെ ചെയ്യണം എന്ന് തോന്നും. യഥാര്‍ത്ഥത്തില്‍ ഫയര്‍ഡാന്‍സിന്റെ തുടക്കത്തിലെ ആ ഭാഗം മാത്രമാണ് അവന്‍ ചിരിയോടെ കണ്ടുനില്‍ക്കാറുള്ളത്. പഴയകോളാമ്പിമൈക്കില്‍ സംഗീതം വച്ച് പോകുംതോറും മുറുകിവരുന്ന താളത്തില്‍ പന്തങ്ങള്‍ ചുഴറ്റി അങ്കിള്‍ നൃത്തം തുടരുമ്പോള്‍ ദീപു ഒട്ടൊരുഭയത്തോടെ അച്ഛന്റെ കാലുകളോ‍ട് ചേര്‍ന്നൊതുങ്ങി വിരലുകളില്‍ മുറുകെപ്പിടിച്ചുനില്‍ക്കും. ഒടുവില്‍ ദേഹം മുഴുവന്‍ പൊതിഞ്ഞുവരുന്നതീയിലേക്ക് അയാള്‍ മറഞ്ഞുപോകുമ്പോള്‍ അരുതാത്തതെന്തോ കാണാന്‍ മടിച്ച് അവന്‍ അച്ചന്റെ വയറ്റിലേക്ക് മുഖമണച്ചു നില്‍ക്കും. ചുറ്റും കയ്യടി കേള്‍ക്കുമ്പോള്‍ തീയെല്ലാം അണഞ്ഞ് മുഖത്തെ ചിരിയുടെ തെളിച്ചവുമായി എല്ലാവരെയും കുമ്പിടുന്ന അങ്കിളിനെ നോക്കി അവനും വിടര്‍ന്ന ചിരിയോടെ കയ്യടിക്കും.

ദീപു വൈകുന്നേരത്ത് നടക്കാനുള്ള ഫയര്‍ ഡാന്‍സിനെക്കുറിച്ച് പലതും ഓര്‍ത്തുനില്‍ക്കുമ്പോഴാണ് ട്രാഫിക് ലൈറ്റുകള്‍ ചുമക്കുകയും വീടിനു മുന്നിലൂടെയുള്ള വഴി നിശ്ചലമാവുകയും വശത്തു കൂടെയുള്ള വഴി ഒഴുകിത്തുടങ്ങുകയും ചെയ്തത്. ഒരു ബൈക്കില്‍ കറുത്തജാക്കറ്റിട്ട ഹെല്‍മെറ്റ് വച്ച രണ്ടുപേരെ ദീപു കണ്ടു. അമ്മേ അച്ഛനും ശശിയങ്കിളും വരുന്നു എന്ന് പറയാന്‍ ദീ‍പു വായ് തുറക്കുമ്പൊഴേക്കും അതേപോലെ മറ്റൊരു ബൈക്ക് ആ ബൈക്കിന്റെ തൊട്ടു പിന്നില്‍ വന്നു നിന്നു. ഏതു വണ്ടിയിലാണ് അച്ഛനും ശശിയങ്കിളും എന്നറിയാതെ ദീപു ഒരു നിമിഷം കുഴങ്ങിയപ്പോഴേക്കും എതിരെ ലൈറ്റുകള്‍ നിറം മാറുകയും വീടിന്റെ വശത്തുകൂടെയുള്ള വഴി ഉറഞ്ഞുപോവുകയും ചെയ്തു.

ഒരു കവലയില്‍ ട്രാഫിക് സിഗ്നല്‍ മാറുകയും മുന്‍‌നിരയിലുള്ള ഒരു ബൈക്ക് അനങ്ങിത്തുടങ്ങുമ്പോഴേക്കും തൊട്ടുപിന്നിലെ ബൈക്ക് മുന്നോട്ടു കുതിക്കുകയും രണ്ടാമത്തെ ബൈക്കിലെ പിന്നിലിരിക്കുന്ന യാത്രക്കാരന്‍ കൈ നീട്ടി ആദ്യത്തെ ബൈക്കില്‍ പിന്നിലിരിക്കുന്ന യാത്രക്കാരന്റെ തോളെല്ലിന് താഴെ അതിവിദഗ്ദമായി കത്തികുത്തിയിറക്കുകയും കുത്തിന്റെ ശക്തിയില്‍ ഉലഞ്ഞുപോകുന്ന രണ്ടാമത്തെ ബൈക്ക് ബാലന്‍സ് ശരിയാക്കി മുന്നിലെ ഒഴിഞ്ഞ വഴിയിലൂടെപാഞ്ഞുപോവുകയും ചെയ്താല്‍ കവലയുടെ മൂലയുടെ മൂന്നാം നിലയില്‍ നില്‍ക്കുന്ന നാ‍ലരവയസ്സുകാരന് എന്താണുണ്ടായതെന്ന് ആദ്യകാഴ്ചയില്‍ ശരിക്ക് മനസ്സിലാവണമെന്നില്ല്ല.

അതുകൊണ്ടാണ് ആദ്യത്തെ ബൈക്കിലെ പിന്നിലിരുന്നവന്‍ അലര്‍ച്ചയുടെ ആദ്യപടിയില്‍ ഉറഞ്ഞുപോയ മുഖവുമായി മുന്നിലിരുന്നവനെ വട്ടംചുറ്റിപ്പിടിക്കുകയും മുന്നിലിരുന്നയാള്‍ വെട്ടിത്തിരിയുകയും ബാലന്‍സ് തെറ്റി വണ്ടിയോടൊപ്പം വീഴുകയും പിന്നെ ചാടിയെഴുന്നേറ്റ് മുതുകില്‍ തറഞ്ഞ കത്തിയുമായി വശത്തേക്ക് കമഴ്ന്ന് വീണുകിടന്ന കൂട്ടുകാരനു ചുറ്റും ഒരു കൈ ആകാശത്തേക്കും മറുകൈ ഒഴുകിപ്പരക്കുന്ന ചോരക്കുനേരെയും നീട്ടി 'ഹാ...' എന്ന ഒരു അലര്‍ച്ചയോടെ വട്ടത്തില്‍ ഓടുകയും ചെയ്തപ്പോള്‍ ദീപുവിന് ഒരു നിമിഷത്തേക്ക് ഫയര്‍ഡാന്‍സിന്റെ തുടക്കം ഓര്‍മവന്നത്.

പിന്നെ അവന്‍ തുറന്ന വായും മിഴിച്ചകണ്ണുമായി ഒരു നിമിഷം ഉറഞ്ഞുനില്‍ക്കുകയും ബാല്‍ക്കണിയുടെ തുറന്നുകിടന്ന വാതിലിലൂടെ 'ഹാ..' എന്നലറിക്കൊണ്ട് ഫ്ലാറ്റിന്റെ മുന്‍‌വാതിലിലേക്ക് ഓടുകയും ചെയ്തു. അങ്ങനെ അതിവേഗത്തില്‍ ഓടുന്ന കുട്ടികള്‍ അടഞ്ഞ വാതില്‍ തുറക്കാതെ ഓടിക്കടക്കാന്‍ ശ്രമിക്കാറുണ്ട്.

അടുക്കളയില്‍ വശത്തു തുറന്നുകിടക്കുന്ന റ്റാപ്പിനുകീഴില്‍ അഴുക്കുപാത്രങ്ങള്‍ ഇട്ടിട്ട് സോപ്പുവെള്ളമിറ്റുന്ന കൈകളോടെ ചായതിളക്കുന്ന അടുപ്പിനുമുന്നില്‍ കുനിഞ്ഞുനില്‍ക്കുന്ന അമ്മക്ക് കവലയിലെ വാഹനങ്ങള്‍ ഹോണുകള്‍ മുഴക്കുന്നതോ ജനക്കൂട്ടം അലമുറയിടുന്നതോ തലകുനിച്ച് നടന്നുപോകുന്ന ഒരു പെണ്‍കുട്ടി കാറിത്തുപ്പുന്നതോ കേള്‍ക്കാനാവില്ല. എന്നാലും ബാല്‍ക്കണിയില്‍ നില്‍ക്കുന്ന കുട്ടി അലറിവിളിച്ചുകൊണ്ടോടിയാല്‍ തിളക്കുന്ന പാലും തുറന്ന റ്റാപ്പും ഒക്കെ അവര്‍ മറന്നുപോകുന്നു. അതുകൊണ്ട് അടഞ്ഞമുന്‍വാതിലിലൂടെ പറന്നു പോകാന്‍ ശ്രമിച്ച ദീപു പിന്നിലേക്ക് മലച്ചുവീണത് എന്തിനെന്നറിയാതെ പിന്നാലെ പാഞ്ഞുചെന്ന ശൈലജയുടെ കൈകളിലേക്കാണ്.

മുന്മുറിയിലെ സെറ്റിയില്‍ മുഖത്തുചിതറിവീണ വെള്ളത്തുള്ളികള്‍ക്കിടയിലൂടെ ദീപു കണ്ണുതുറക്കുമ്പോള്‍ ശൈലജ ആധിയോടെ രാജേഷിനു ഫോണ്‍ ചെയ്യുകയായിരുന്നു. തളര്‍ന്ന കൈ നീട്ടി അമ്മയുടെ വിരലില്‍ പിടിച്ച് ദീപു പറഞ്ഞു 'അച്ഛനെ അവര്‍ കൊന്നു... കുത്തിക്കൊന്നു...'.

കയ്യില്‍ ഹെല്‍മറ്റ് ഊരിപ്പിടിച്ച് മൂന്നാം നിലയിലേക്കുള്ള പടികയറുമ്പോഴാണ് രാജേഷിന്റെ പോക്കറ്റിലെ സെല്‍ഫോണ്‍ അടിച്ചത്. ഇങ്ങനെയും ആധിപിടിക്കുന്ന ഒരു പെണ്ണ് എന്ന് പരിഭവിച്ച് ഫോണ്‍ ഓണ്‍ചെയ്യാന്‍ ശ്രമിക്കാതെ ഫ്ലാറ്റിന്റെ വാതില്‍ തുറന്ന് രാജേഷ് അകത്തേക്കു കയറി. പ്രേതത്തേക്കണ്ടതുപോലെ ദീപു ഒന്നു നിലവിളിച്ചു. പിന്നെ മുന്‍പത്തെപ്പോലെ ഓടിപ്പാഞ്ഞ് രാജേഷിന്റെ ദേഹത്തേക്ക് പൊത്തിപ്പിടിച്ചു വീണു.

കാര്യമെന്തെന്നറിയാതെ മുട്ടുകുത്തിയിരുന്ന രാജേഷിനെ അവന്‍ മുഷ്ടിചുരുട്ടി നെഞ്ചത്തും മുഖത്തും ഇടിച്ചു. അച്ഛന്‍ ആ അങ്കിളിനെ കൊന്നു എന്ന് അവന്‍ വിളിച്ചുകൂവുന്നുണ്ടായിരുന്നു.

അന്നു മുതലാണ് ദീപുവിന് ഫയര്‍ഡാന്‍സ് കാണാന്‍ ഇഷ്ടമില്ലാതായത്.



***********************
അടി(തട)ക്കുറിപ്പ്: വടവോസ്കിയുടെ നിസഹായത ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ എന്ന കഥ വായിച്ചപ്പോള്‍ ആ ത്രെഡിന്റെ രാഷ്ട്രീയമായ സാധ്യതകള്‍ പൊളിച്ചെഴുതിനോക്കണംഎന്ന് തോന്നി. ആ കഥയുടെ സ്ത്രീപക്ഷസാധ്യത ശരിയല്ലാത്തതുകൊണ്ടല്ല; ഒരു ചോരപ്പാടുകൊണ്ട് ഉള്ളില്‍ അശരണത്തം പടരാന്‍ ഇരയുടെ രാഷ്ട്രീയമായ സ്ഥാനമോ വ്യക്തിത്വമോ പ്രശ്നമല്ല എന്നുമാത്രം പറയണമെന്നുണ്ടായിരുന്നു. അങ്ങനെയാണ് ഈ വികൃതി ഉണ്ടായത്. വടവോസ്കിയുടെ കഥയുടെ ഇത്തിരി നീണ്ടുപോയ ഒരു അടിക്കുറിപ്പായി കൂട്ടിയാല്‍ മതി :)

കാഴ്ചക്കാരന്റെ /കാരിയുടെ രാഷ്ട്രീയം സിജിയും വിഷയമാക്കിയിരുന്നു പിന്നീട് ഇവിടെ.

നിലപാടുകള്‍ക്ക് മുന്‍പുള്ള കാഴ്ച്ചയുടെ വിഭ്രമത്തിലേക്ക് പോകാന്‍ മാത്രം ഒരു ശ്രമം.

24 comments:

ഗുപ്തന്‍ said...

പുതിയ പോസ്റ്റ് :)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

എന്റെ വക തേങ്ങ (((ഠേ)))

ഹൊ, എത്ര നാളായി ഒരു തേണ്‍ഗ്ങേമ്ം കയ്യീപ്പിടിച്ച് നടക്കുന്നു.


ദീപുവിന്റെ കഥ നന്നയിരിക്കുന്നു

റോബി said...

വടവോസ്കിയുടെ കഥ വായിച്ചില്ലായിരുന്നു. ഇതാണ് ആദ്യം വായിച്ചത്. പക്ഷെ അതില്‍ മുഴുവന്‍ കഥയും ആ അമ്മച്ചിയുടെ വീക്ഷണകോണിലൂടെയായിരുന്നു. ഗുപ്തന്റെ കഥയില്‍ അഖ്യാതാവ് കുറെകൂടി മുകളിലാണ്. വീക്ഷണകോണുകള്‍ മാറിമറിയുന്നതു കണ്ടപ്പോള്‍ ഒരു കൌതുകം തോന്നി, കഥയുടെ ആദ്യ ഭാഗത്ത്. പിന്നീട് അത് ദീപുവിലേക്കായി ഒതുങ്ങുന്നു.

കാഴ്ചക്കാരന്റെ അവസ്ഥയാണു വിഷയം എന്ന് അടിക്കുറിപ്പ്. എന്തോ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക്...മനപൂര്‍വമാണോ..:)

ആഗ്നേയ said...

ദീപുവിന്റെ കാഴ്ചകള്‍ നന്നായി...

മൂര്‍ത്തി said...

ഒറ്റക്കുത്തിലൂടെ ഒറ്റവെട്ടിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാം എന്ന ചിന്താഗതി, അത് നടപ്പിലാക്കുന്നവര്‍ ഉദ്ദേശിക്കാത്തയിടങ്ങളില്‍ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട് എന്നും, വേട്ടക്കാരന്‍ അടുത്ത ഘട്ടത്തില്‍ ‘ഇരയായി‘ മാറുമ്പോള്‍ ‘പ്രശ്നപരിഹാരകന്‍” വേട്ടക്കാരന്റെ സ്ഥാനത്തെത്തുകയും അത് വഴി ശരിയായ വേട്ടക്കാരന്‍ സംശയത്തിന്റെ ആനുകൂല്യത്തില്‍ രക്ഷപ്പെടുകയോ സഹതാപാര്‍ഹനാവുകയോ ചെയ്യുന്നു. നിരപരാധികള്‍ ശിക്ഷിക്കപ്പെടുകയും കാഴ്ച്ചക്കാരന്‍ കണ്‍ഫ്യൂസ്ഡ് ആവുകയും ചെയ്യുന്നു.

ഇത് വായിച്ചപ്പോള്‍ എനിക്ക് തോന്നിയത്.

vadavosky said...

ഗുപ്തരേ,
വളരെ തിരക്കിട്ട്‌ എഴുതിയതുപോലെ തോന്നി. കഥയുടെ തുടക്കത്തിലെ ആഖ്യാനരീതി,ഗുപ്തന്റെ സാധാരണ എഴുത്ത്‌ രീതികളില്‍ നിന്ന് വളരെ മാറിയതുപോലെ.

എന്നാല്‍ പോലും ഞാന്‍ കിണറിന്‌ എഴുതിയ കമന്റില്‍ പറഞ്ഞ പോലെ വായനക്കാരന്‌ ഒരു ചോയ്സ്‌ ഈ കഥയിലും കൊടുക്കുന്നുണ്ട്‌. ഒന്നുകില്‍ ദീപുവിന്റെ കൂടെ ചേര്‍ന്ന് വായനക്കാരന്‌ അച്ഛനാണ്‌ കൊലയാളി എന്ന് കരുതാം. അല്ലെങ്കില്‍ മറിച്ച്‌ ഒരു കുട്ടിയുടെ വിഭ്രമാകാത്മകമായ തോന്നലായി കരുതാം. രാഷ്ട്രീയമായ സാധ്യതകള്‍ കണക്കിലെടുക്കാതെ തന്നെ.

രാഷ്ട്രീയമായ സാധ്യതകള്‍ വച്ച്‌ കഥയെഴുതാന്‍ ധാരാളം ത്രഡുകള്‍ ഉണ്ടായിട്ടും ഞാന്‍ ഒഴിവാക്കിയതാണ്‌. ഞാന്‍ കൈകാര്യം ചെയ്യുന്ന മൂന്ന് political murder caseകളില്‍ കൊലപാതകം നടക്കുന്നത്‌ കൊല്ലപ്പെടുന്നവന്റെ അടുത്ത ബന്ധുക്കളുടെ കണ്മുന്‍പില്‍ വച്ചാണ്‌. അമ്മ, ഭാര്യ, മക്കള്‍. കൊല്ലപ്പെടുന്നവന്റെയോ കാണുന്നവന്റെയോ,കൊല്ലുന്നവന്റെയോ മനസ്സിലൂടെ സഞ്ചരിക്കാന്‍ എനിക്കാവില്ല. എന്റെ തൊഴില്‍ അത്‌ അനുവദിക്കുന്നില്ല. ഒരു കേസിന്റെ വസ്തുതകളിലൂടെ മാത്രമേ ഞാന്‍ സഞ്ചരിക്കേണ്ടതുള്ളു. എഴുത്തുകാരന്റെ നിലപാട്‌ എഴുത്തിന്റെ നിലയെ ബാധിക്കുന്നില്ലെങ്കില്‍ പോലും.

പറ്റുമെങ്കില്‍ ഈ മൂന്ന് ആങ്കിളിലൂടെ ഗുപ്തന്‌ മൂന്ന് രീതിയില്‍ ഒരു കഥ പറയാം. ഒരു നോവെല്ല. മെറ്റീരിയല്‍സ്‌ ഞാന്‍ തരാം.

എനിക്ക്‌ അസൂയയുണ്ടാക്കുന്ന ആ ആഖ്യാനരീതി ഇനിയും വരട്ടെ.

എതിരന്‍ കതിരവന്‍ said...

പണ്ട് മനു എന്ന പേരില്‍ എഴുതിയിട്ട് പേരുമാറ്റിയത് കഥയെഴുത്തിന്റെ ഗുട്ടന്‍സൊക്കെ കൂടുതല്‍ പിടികിട്ടിയതുകൊണ്ടായിരിക്കണം.


ആദ്യം തുടങ്ങിയ സ്റ്റൈലില്‍ കഥ മുഴുവനും നിറുത്തിയിരുന്നെങ്കില്‍! അങ്ങനെ തോന്നുന്നില്ലേ?

ഹരിത് said...

വഡവോസ്കിയുടെ കഥ നേരത്തേ വായിച്ചതാണു. ഈ രീതിയും ശൈലിയും ഇഷ്ടമ്മായി.

ശ്രീ said...

കഥ പറച്ചിലിന്റെ പുതിയ രീതി നന്നായി, ഗുപ്തന്‍‌ജീ... കഥാവസാനം ഏതു രീതിയില്‍ ചീന്തിയ്ക്കണം എന്ന കണ്‍ഫ്യൂഷനില്‍ കൊണ്ടു ചെന്നെത്തിച്ചു.
:)

നിഷ്ക്കളങ്കന്‍ said...

മ‌നൂ
ഈ രച‌നാരീതിക‌ളൊക്കെ എനിക്ക് അത്ഭുത‌മുണ്ടാക്കാറുണ്ട്. എല്ലാവരും കാണുന്ന കാഴ്ചക‌ള്‍ എല്ലാവ‌ര്‍ക്കും പറ‌യാന്‍ പറ്റാത്ത രീതിയില്‍ ... എന്നൊക്കെ പറയാന്‍ തോന്നുന്നു.
സൂപ്പ‌ര്‍ കഥ.
ഈയ്യിടെ ന‌ല്ല ഫോമിലാണ‌ല്ലോ. പോര‌ട്ടെ.

annie said...

മുകുന്ദന്‍ ദെല്‍ഹി എഴുതിയില്ലയിരുന്നെങ്കില്‍ എനിക്കു വടവോസ്കി യുടെ കഥ ഇഷ്ടമായേനെ.. മനുവിന്റെ കഥ വ്യത്യസ്തമാണു.. കഥയില്‍ റിയാലിറ്റി എന്തെന്നു പറയാത്തതും കുഞ്ഞിന്റെ മനസിലുണ്ടക്കുന്ന ഇമ്പാക്റ്റ്‌ വിഷയമായി വരുന്നതും കഥയെ വേറിട്ടു നിര്‍ത്തുന്നു.. എഴുത്തു വളരെ ഇഷ്ടമായി..

ഗുപ്തന്‍ said...

വായിച്ചവര്‍ക്കും കമന്റിയവര്‍ക്കും നന്ദി

പ്രിയ :) ആ തേങ്ങക്ക് അങ്ങനെയെങ്കിലും ഒരു പ്രയോജനം ഉണ്ടായല്ലോ. ഞാന്‍ ധന്യനായി.

റോബി :) ഈ പോസ്റ്റ് കൊണ്ട് വടവോയുടെ പോസ്റ്റ് വായിക്കാന്‍ പറ്റി എന്ന പ്രയോജനം എങ്കിലും ഉണ്ടായല്ലാ.. വീണ്ടും ധന്യനായി :) കാഴ്ച്ചക്കാരന്റെ രാഷ്ട്രീയം അല്ല- കാഴ്ചക്ക് നോവിക്കാന്‍ രാഷ്ട്രീയം ആവശ്യമില്ലെന്നതായിരുന്നു പോയിന്റ്.

ആഗ്നേയ :)

അതേ മൂര്‍ത്തി :) ഓരോ വേട്ടയും -അതിന്റെ രാഷ്ട്രീ‍യം എന്താണെങ്കിലും പാര്‍ശ്വത്തില്‍ നിരപരാധികളായ ഇരകളെ സൃഷ്ടിക്കുന്നുണ്ട്...

വടവോ.. ഞാന്‍ രചനയുടെ സാങ്കേതിക കസര്‍ത്തുകള്‍ ഒന്നും ശീലിച്ചിട്ടില്ല. പകരം കസര്‍ത്ത് കാ‍ണിക്കുന്നത് ഭാഷയിലാണ്. ഓരോ കഥക്കും ഒരുപക്ഷേ കഥക്കുള്ളില്‍ തന്നെ റ്റെം‌പോക്കും അനുസരിച്ചുള്ള വാക്കുകളും വാക്യഘടനയും മനഃപൂര്‍വം ഉപയോഗിക്കും. വളരെ കാഷ്വല്‍ ഒരു നാടോടിക്കഥയുടെ സ്പീഡിലും മോഡിലും തുടങ്ങിയതും ഗൂഡാലോചന തുടങ്ങുന്നതുമുതല്‍ കൊലപാതകം നടക്കുന്നതുവരെ വാക്യഘടന അട്ടിമറിച്ചതും മനഃപൂര്‍വമാണ്. അതിനു മുന്നും പിന്നും ഒരു സാധാരണകുടുംബവും അതിന്റെ സന്തോഷങ്ങളും സന്താപങ്ങളും ബാക്കി. അതല്ലേ ഒരു ജാലകക്കാഴ്ചയുടെ സ്വഭാവം :)

രാഷ്ട്രീയം എന്നത് ഉദ്ദേശിച്ചത് കാഴ്ചക്ക് വിഷയം ആകുന്ന വേട്ടയില്‍ ഇരയും വേട്ടക്കാരനും തമ്മില്‍ ഉള്ള അധികാരവിന്യാസം കാഴ്ചക്കാരനില്‍ ഉണ്ടാക്കുന്ന ഇം‌പാക്റ്റ് ആണ്.

എതിരന്‍ ചേട്ടാ എന്തരെന്‍ ചേട്ടാ.. :) കഥ എഴുതുന്നതുപോയിട്ട് വായിക്കുന്ന ഗുട്ടന്‍സ് എനിക്കിതുവരെ പിടികിട്ടീട്ടില്ല. ചോദ്യത്തിന്റെ ഉത്തരം മുകളില്‍.

ഹരിത് :)


ശ്രീ :)

നിഷ്കളങ്കന്‍ :)

ആനിയേ :) കുറേ നാളായല്ലോ ഈ വഴി കണ്ടിട്ട്. വായനാശീലമുള്ളവരെ ഇങ്ങനെ ഇടക്ക് കാണാതാവുന്നത് വിഷമം. :(

annie said...

ഞാന്‍ എപ്പഴും ഈ വഴിക്കൊക്കെ വരാറുണ്ട്‌.. മനുവിന്റെ എല്ലാ കഥകളും വായിച്ചിട്ടുമുണ്ട്‌.. കമന്റ്‌ ഒന്നും അധികം ഇട്ടിട്ടില്ല എന്നേ ഉളൂ.. ഞാന്‍ നോക്കുമ്പോ സിമിക്കും മനുവിനും ഒക്കെ ആരാധകരുടെ പൂരമല്ലേ.. :)

sree said...

“കാഴ്ചക്ക് നോവിക്കാന്‍ രാഷ്ട്രീയം ആവശ്യമില്ലെന്നതായിരുന്നു പോയിന്റ്.”
ആ പോയിന്റ് കറക്റ്റ്. പക്ഷെ അതു കഥയില്‍ രാഷ്ട്രീയത്തിനും അതീതമായ ഒരു വീക്ഷണപരിധിയില്‍ ആണു നില്‍ക്കുന്നത് [കുട്ടിയുടെ] വയസ്സു മൂന്നരയൊ നാലരയോ എന്നതല്ല പ്രശ്നം. innocence എന്ന ഘട്കത്തിന്റെ (അ)രാഷ്ട്രീയമാണ്. അതു വടവോസ്ക്കിയുടെ കഥയിലും അങ്ങിനെത്തന്നെ. 'mirror stage' കഴിഞ്ഞാല്‍ innocence ഇല്ല എന്നു ലക്കാന്‍ ചേട്ടന്‍ പറയുന്നു. അതു തൊണ്ട തൊടാതെ വിഴുങ്ങാന്‍ ഇച്ചിരി ബുദ്ധിമുട്ടുണ്ടെന്നു നമുക്കും പറഞ്ഞൂടെ ഗുപ്താ..? ഈ കഥക്കു പറയാന്‍ പറ്റിയോ?

നിലാവര്‍ നിസ said...

പേടിയാവുന്നു..

കുറുമാന്‍ said...

ദൈവമേ,

കമന്റുകള്‍ വായിക്കാതെ, ഒറ്റവായനയില്‍ മനുവിന്റെ ഒക്കെ കഥകളുടെ അര്‍ത്ഥം ഞാന്‍ മനസ്സിലാക്കുന്ന അന്ന് ഇവിടെ ചിലതെല്ലാം നടക്കും :)

മനുവേ ഈ കഥ വേറിട്ട് നില്‍ക്കുന്നു\

വൊഡോവ്സ്കിയുടേയും, ,സിജിയുടേയും കഥകള്‍കൂടി വായിക്കണം.

ഗുപ്തന്‍ said...

ശ്രീ... നന്ദി. എന്റെ കഥകള്‍ വായിച്ച് ചിലരെങ്കിലും ഫ്രോയിറ്റ് വരെ എത്തീട്ടുണ്ട്. ഷാക് ലകോങ്-ഇല്‍ വരുന്നത് ആദ്യം. ഇതു ഞാന്‍ ഒന്ന് ആഘോഷിക്കേണ്ടുന്ന കാര്യം. രക്ഷകേ!

സംഗതി ഓഫ് ആണെങ്കിലും മിറര്‍ സ്റ്റേജ് നഷ്ടപ്പെടുന്നു/മുഴുവനായി രൂപാന്തരപ്പെടുന്നു എന്ന കാഴ്ചപ്പാട് ലകോങ് തന്നെ തിരുത്തുന്നുണ്ടെന്നാണ് എന്റെ ഓര്‍മ. വ്യക്തിയുടെ തുടര്‍യാത്രയില്‍ അത് നിരന്തരമായ സാന്നിധ്യം ആകുന്നുണ്ട്. And the loss of innocence is the continuous complexiification of the subject/mirror as a result of interaction between body image (helplessness of the lady in vadavo's story is part of that) and the emotive self image (the activism of that lady) വടവോ ആ കോണ്‍ഫ്ലിക്റ്റ് നന്നായി കൊണ്ടുവരുന്നുണ്ട്. എന്റെ നായകന്‍ പ്രോ ആക്റ്റീവ് സ്ടേറ്റിനുമുന്‍പിലുള്ള ‘ചൈല്‍ഡ്’ (പ്രായം നാലോ നാല്പത്തൊന്‍പതോ ആവാം നൂറ്റിനാലും) ആണെന്നുള്ളതാണ് പ്രധാനം. ആ അടിക്കുറിപ്പില്‍ ഞാന്‍ എഴുതിയതുപോലെ നിലപാടുകള്‍ക്ക് മുന്‍പുള്ള റഫ് സബ്ജക്റ്റ്. അത് പേരന്റിനെ (നിലപാടിനെ) തേടുന്ന ഏത് സബ്ജക്റ്റിന്റെയും അവസ്ഥയാണ്. ഈ അന്വേഷണത്തിനിടയില്‍ വീഴുന്ന ചോരപ്പാട് പേരന്റുമായുള്ള സബ്ജക്റ്റിന്റെ ബന്ധം കീഴ്മേല്‍ മറിക്കും. അതാണ് എനിക്ക് പറയാനുള്ളത്. തിരുസ്വരൂപങ്ങളില്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. അക്റ്റീവായ എന്നാല്‍ ആക്റ്റിവിസ്റ്റല്ലാത്ത കഥാനായകന്‍ അനിതയുടെ നേരേ നടക്കുന്ന അക്രമത്തോടെ ആക്റ്റിവിസ്റ്റ് ആകുന്നുണ്ട്. പേരന്റുമായി(മതം ദൈവം ഐഡിയോളജി) ഹരിയുടെ സംവാദം കീഴ്മേല്‍ മറിയുകയാണ്. അത് ആരും ശ്രദ്ധിക്കാതെ വന്നപ്പോഴാണ് ഞാന്‍ വടവോയുടെ കഥക്ക് പണിഞ്ഞതും എന്റെ പാവം കുഞ്ഞുനായകന് അപ്പനില്‍ ഉള്ള വിശ്വാസത്തിന് പണി കൊടുത്തതും. :)

പക്ഷെ ഇവിടെ എന്നെ സംബന്ധിച്ചിടത്തോളം ഇരയുടെ പൊളിറ്റിക്കല്‍ പൊസിഷനില്‍ വരുത്തിയ മാറ്റത്തിന് നായകന്റെ അവസ്ഥയോളം പ്രാധാന്യമുണ്ട്. വടവോയുടെയും സിജിയുടെയും കഥയില്‍ ഇരയുടെ നിരപരാധിത്തത്തിന് നായികയുടെ നിസ്സഹയതയോളം പ്രാധാന്യമുണ്ട്. ആ ബാലന്‍സ് പൊളിച്ചുകളയാനാണ് ഞാന്‍ ഉദ്ദേശിച്ചത്. കൊല്ലപ്പെട്ടത് വീരപ്പനാണോ മഹാത്മാഗാന്ധിയാണോ എന്നൊന്നും അറിയാനില്ല. ചോരയുടെ നിറം ചുവപ്പുതന്നെ ..

നിസ :)

കുറുജീ :) അറ്റിക്കുറിപ്പുപോലും ഇല്ലാതെ കിട്ടുന്ന ഫീലിംഗ് ഉണ്ടല്ലോ അത് -അതുമാത്രം ആണ് വായന. ഇവിടെ ചേര്‍ക്കുന്ന വിശദീകരണങ്ങള്‍ ഒരോ ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ക്ക് വ്യക്തിപരമായി കൊടുക്കുന്നതാണ്. പൊതുവായ വായനക്കുള്ളതല്ല.

എല്ലാവര്‍ക്കും നന്ദി.

ഭൂമിപുത്രി said...

ദീപു cool ആയി, ഈക്കാഴ്ച്ച ഒരു camera phoneല്‍ പകര്‍ത്തുമോയെന്ന് ഭയന്നാണ് കഥതുടര്‍ന്നുവായിച്ചതു.
കുഞ്ഞിന്റെ കുട്ടിത്തം അട്ടിമറിച്ചില്ലെന്നുമാത്രമല്ല,
അവസാനവരികളിലെ ഭ്രമാത്മകത അതൊന്നുകൂടി
ഉറപ്പിയ്ക്കുകയും ചെയ്തു എന്നാണെന്റെ തോന്നല്‍.
കഥ തരുന്നദൃശ്യാനുഭവം എടുത്തുപറയാതെ പറ്റില്ല.
അഗ്നിനൃത്തം അന്നുമുതല്‍ ദീപുഇഷ്ട്ടപ്പെടാതെ ആയതിനെ പലതലങ്ങളില്‍വ്യാഖ്യാനിയ്ക്കാം.

ആഷ | Asha said...

ഗുപ്തമനു, കഥയുടെ അവസാനം ഞാന്‍ ഇത്തിരി കണ്‍ഫ്യൂഷനിലായി.
ഇനി സിജിയുടെ കഥ വായിച്ചു തുടങ്ങട്ടെ.

ഗുപ്തന്‍ said...

ഭൂമിപുത്രി നന്ദി :)


പപ്പരാസീ :) അനക്കങ്ങള്‍ ഒന്നും ഇല്ലല്ലാ അടുത്തെടയായിട്ട്..

എന്തെങ്കിലും ആശയം മനസ്സില്‍ വച്ചോണ്ട് കഥപറഞ്ഞാല്‍ കഥ വളച്ചോടിക്കെണ്ടി വരും എന്ന് മുത്തശ്ശി പറഞ്ഞുതന്നതാ.... എന്ത് ചെയ്യാന്‍ ..ചിലപ്പൊഴൊക്കെ മറന്നു പോവും :( അടുത്തതവണ വാ :)

സിജി said...

മനു,
എഴുത്തിലെ പുതുമ നന്ന്, പക്ഷെ ആശയത്തെ ഉള്ളിലേക്കു സംക്രമിപ്പിക്കുന്നതില്‍ കുറച്ച്‌ ഇടറിയിട്ടുണ്ട്‌. മുത്തശ്ശി പറഞ്ഞതു നേര്‌. :)

Sandeep PM said...

ഗുപ്തരെ , പേടിപ്പിച്ചു കളഞ്ഞല്ലോ

Seema said...

മനുവിന്റെ എഴുത്തിലെ മാറ്റം എന്നെ അതിശയിപ്പിക്കുന്നു... പണ്ടു വായിക്കുമ്പോള്‍ എന്തോ ഒരു കുറവ് അനുഭവപ്പെടാരുണ്ടായിരുന്നു...ഇപ്പൊ അത് തീര്‍ത്തും മാറി...ഈ മാറ്റം നന്നായി...കഥ യും ഇഷ്ടപ്പെട്ടു... ആഖ്യാന ശൈലിക്കാന് മുഴുവന്‍ മാര്‍ക്കും...കഥ ഒരു പാട് തലങ്ങളെ സ്പര്‍ശിക്കുന്നു ....

lakshmy said...

ചില ചോരപ്പാടുകള്‍ മനസ്സിലുണ്ടാക്കുന്ന അശരണത്വം ഒരു ജന്മം മുഴുവന്‍ നിലനില്‍ക്കാം. പ്രായഭേദമെന്യേ ആരും ആ അശരണത്വത്തിന് ഇരയായി തീരാം. അതൊരു കാഴ്ചയില്‍ നിന്നാകാം, അനുഭവത്തില്‍ നിന്നാകാം. സിജിയുടെയും വടവോസ്കിയുടെയും ഗുപ്തരുടേയും കഥപാത്രങ്ങള്‍ കാഴ്ചക്കാര്‍ മാത്രമാണ്. എന്നിട്ടും അതവരെ എങ്ങിനെ ബാധിക്കുന്നു എന്നതാണ് പ്രശ്നം. അങ്ങിനേയും ചിലര്‍

Post a Comment