കണ്ണടയുടെ ഫ്രെയിമിനുമുകളിലൂടെ പുരികങ്ങള്‍ വളച്ച് ശ്രീമതി രാധാ ധനപാലന്‍ അഭിയെ നോക്കി. അവന്‍ സൂവിലെത്തിയ കുട്ടിയുടെ കൌതുകത്തോടെ പുസ്തകഷെല്‍ഫുകളില്‍ കൂട്ടിലിട്ട മൃഗങ്ങളെ പരതിനോക്കിയിരിക്കുന്നു. നല്ല വായനയുണ്ടാവും ചെക്കന്.
കഥ വായിക്കാന്‍ കൊള്ളാം. നല്ല കയ്യക്ഷരം. എ ഫോറ് പേപ്പറില്‍ ബ്രൈറ്റ് നീല മഷി. ചില്ലക്ഷരങ്ങളുടെ മുകളിലെ ചുനിപ്പിനും സ്വസ്ഥം എന്ന വാക്കിലെ 'ഥ' യുടെ തുടക്കത്തിനും അവന്റെ നെറ്റിയിലേക്ക് വീണുകിടക്കുന്ന മുടികളുടെ പോലെ സുന്ദരമായ ഒടിവ്.
അവനെ ഒളികണ്ണിട്ടു നോക്കിക്കൊണ്ട് വായിച്ചുകൊണ്ടിരുന്ന പേജിലെ അവസാന വരികള്‍ അലസമായി ശ്രദ്ധിക്കുമ്പോഴാണ് ഒരു നടുക്കത്തിലൂടെ കഥ രാധാ ധനപാലനെ വീണ്ടും പിടിച്ചെടുത്തത്.
അപ്പാര്‍ട്ട്‌മെന്റുകള്‍ക്കു താഴെ ബൈക്ക് ഒതുക്കിവയ്ക്കുമ്പോള്‍ പരിചയക്കാരനായ സെക്യൂരിറ്റി ഗാഡ് അയാളെ നോക്കി ചിരിച്ചു. എന്താ രാമേട്ടാ സുഖമല്ലേ? എന്ന് അയാള്‍ കുശലം ചോദിച്ചു. മെയിന്‍ എന്‍ട്രന്‍സിനു വലതുവശത്തേക്ക് തിരിഞ്ഞുള്ള മുന്നുലിഫ്റ്റുകളിലെ നടുവിലത്തേത് താഴേക്ക് വരുന്നുണ്ട്. കാത്തുനില്‍ക്കുമ്പോള്‍ അയാള്‍ ഒരു പാട്ട് ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു.
-- ഉം? പിന്നില്‍ അവള്‍
-- ങുങ്ങും. അയാള്‍ തലവെട്ടിച്ചു
നീയെന്താ താഴെ എന്ന് അയാളുടെ കണ്ണുകള്‍ അവളോട് ചോദിച്ചു.
-- കണ്ണനിന്ന് ഉച്ചവരെയേ ക്ലാസുള്ളൂ. അവനെ വിളിക്കാന്‍ നേരത്തേ പോകണം എനിക്ക്. എവിടായിരുന്നു നീ ഇതുവരെ? അവള്‍ കലഹിച്ചു.
മുന്നില്‍ തുറന്ന ഇടുങ്ങിയ വഴിയിലേക്ക് അവര്‍ ഒരേസമയം ഞെരുങ്ങിക്കയറി. ഏഴ് എന്നെഴുതിയ സ്വിച്ചില്‍ രണ്ട് ചൂണ്ടുവിരലുകള്‍ ചെന്നു കുത്തി.
അവളെ തൊട്ടുതൊട്ടില്ല എന്ന മട്ടില്‍ ചേര്‍ന്നു നിന്ന് അയാള്‍ ഹമേ തുംസെ പ്യാര്‍ കിത്‌നാ എന്നു മൂളാന്‍ തുടങ്ങി.
അയാള്‍, അയാള്‍, അയാള്‍! രാധാ ധനപാലന്‍ വരികളിലൂടെ താഴേക്ക് കണ്ണോടിച്ചു. അയാളുകളുടെ ഒരു നീണ്ടനിര അവരെ നിരാശപ്പെടുത്തി.
-- അഭീ ഈ അയാള്‍ എന്നു പറഞ്ഞിരിക്കുന്നത് ബാലചന്ദ്രനെ തന്നെ ആണോ?
-- ഹ്.. ഹ്.. ഹല്ല.. അതെ മാം. അഭി സ്വപ്നത്തില്‍ നിന്ന് വെളിപ്പെട്ടു
പൊട്ടുചെക്കന്‍. നല്ലഭംഗിയുണ്ട് അവന്റെ അമ്പരപ്പും ഭയവും കാണാന്‍.
-- അതെയെന്നോ അല്ലെയെന്നോ? മയമില്ലാത്ത അധ്യാപികയെപ്പോലെ രാധാ ധനപാലന്‍ ചോദിച്ചു.
-- അത് ... അതു രണ്ടും ഒരു ആള്‍ തന്നെയാണ് മാം.
അവനെ കര്‍ക്കശമായി ഒന്നു നോക്കിയിട്ട് രാധാ ധനപാലന്‍ വീണ്ടും വായിക്കാന്‍ തുടങ്ങി.
-- ഇന്നെന്തേ പതിവില്ലാത്ത സംഗീതം? ഫ്ലാറ്റിന്റെ വാതിലടയ്ക്കുമ്പോള്‍ അവള്‍ ചോദിച്ചു. അയാള്‍ മറുപടി പറയാതെ ചിരിച്ചു.
-- പാട്, അതു മുഴുവന്‍ പാട്! അയാളെ വിരല്‍ പിടിച്ച് അകത്തേക്ക് നടത്തിക്കൊണ്ട് അവള്‍ ആവശ്യപ്പെട്ടു.
-- ഹേയ്!എനിക്കറിയില്ല. ഇഷ്ടമുള്ള വരികള്‍ വെറുതെ മൂളുന്നതിനപ്പുറം സംഗീതവാസന തനിക്കുണ്ടെന്ന് അയാള്‍ക്ക് തോന്നിയിരുന്നില്ല.
അയാളെ ഒരു കസേരയില്‍ ഇരുത്തി അവള്‍ അരികില്‍ നിലത്ത് പടിഞ്ഞിരുന്നു. -- അറിയാവുന്നതുപോലെ പാട് കേള്‍ക്കട്ടെ
-- ശ്യോ എന്താടാ ഇത്? അയാള്‍ പരിഭവിച്ചു. പക്ഷെ അവള്‍ അവളാണ്. നിര്‍ബന്ധങ്ങള്‍ നിര്‍ബന്ധങ്ങളും. അവളുടെ മുടിയിഴകളില്‍ക്കൂടി വിരലോടിച്ച് പാടാന്‍ തുടങ്ങി.
ഹമേ തുംസേ പ്യാര്‍ കിത്‌നാ യേ ഹം നഹീ ജാന്‌തേ..
മഗര്‍ ജീ നഹീ സക്‍തേ തുംഹാരേ ബിനാ...
മോശമില്ലെന്ന് അയാള്‍ക്കുതന്നെ തോന്നി. തനിക്കറിയാത്ത ഏതൊക്കെ വഴിയിലാണ് അവള്‍ തന്നെ നടത്തുന്നതെന്ന് അയാള്‍ എന്നും അത്ഭുതപ്പെട്ടിരുന്നു. ചിന്നൂട്ടിക്ക് രണ്ടുവയസ്സുള്ളപ്പോഴാണ് എല്‍.ഐ.സി ആവശ്യവുമായി അയാള്‍ ആ ഫ്ലാറ്റില്‍ ആദ്യം വന്നത്. എന്നാണ് തമ്മില്‍ പ്രണയമായതെന്ന് ചോദിച്ചാല്‍ അവള്‍ ആ ഡേറ്റാണ് പറയാറുള്ളത്. ആദ്യദര്‍ശനാനുരാഗം.
ഇത്രയുമായപ്പോള്‍ രാധാ ധനപാലന്‍ അസ്വസ്ഥയായി അഭിയെ നോക്കി. അവന്‍ ജനലിനുപുറത്തെ ചെമ്പരത്തിക്കൊമ്പിലേക്ക് കണ്ണുനട്ടിരിക്കുന്നു. മീശമുളച്ചിട്ടില്ലാത്ത കൌതുകം. പേജുകള്‍ പിന്നിലേക്ക് മറിച്ച് രാധാ ധനപാലന്‍ ആദ്യപേജിന്റെ മൂന്നാമത്തെ ഖണ്ഡിക വീണ്ടും വായിച്ചു.
ബാലചന്ദ്രന്‍ രാവിലെ കുളിച്ചുവരുമ്പോഴേക്കും സീതാലക്ഷ്മി കാപ്പി എടുത്തുവച്ചിരുന്നു. ദോശ. ചമ്മന്തി. സാമ്പാറ്‍. പഴം. ചായ. പോറ്റി ഹോട്ടല്‍ . മേശയുടെ അറ്റത്തെ കസേരയില്‍ വലിഞ്ഞുകുത്തിയിരുന്ന് ചിന്നൂട്ടി ദോശ പിച്ചിപ്പറിച്ച് ...
-- ലച്ചൂ നിന്റെ മോള്‍ ദാ ദോശ കൊണ്ട് പൂക്കളം ഉണ്ടാക്കുന്നു..
സീതാലക്ഷ്മി എന്തുപറയുന്നു എന്ന് കേള്‍ക്കാന്‍ നില്‍ക്കാതെ ബാലചന്ദ്രന്‍ അകത്തേക്ക് പോയി. അകത്തെ മുറിയില്‍ കണ്ണാടിയുടെ മുന്നില്‍ നിന്ന് ബാലചന്ദ്രന്‍ മുടിചീകി. ഷര്‍ട്ടിട്ടു. ദേവ ദുന്ദുഭീ സാന്ദ്രലയം എന്നു മൂളിപ്പാട്ടു പാടി. മൂളല്‍ ഞരക്കമായപ്പോള്‍ നിറുത്തി. കണ്ണാടിയില്‍ നോക്കി പോടാ കഴുതേ എന്നു പല്ലിളിച്ചു.
സീതാലക്ഷ്മി അടുക്കളയില്‍ നിന്ന് എന്റെ ചിന്നൂട്ടി.. പിന്നേ.. ഞാന്‍ തറവാട്ടീന്ന് കൊണ്ടന്നതല്ലേ! എന്ന് പിറുപിറുത്തും, ഈ തെമ്മാടിപ്പെണ്ണിന് തല്ലുകൊള്ളാത്തതിന്റെ കുഴപ്പമാണെന്ന് കലഹിച്ചും, കയ്യില്‍ തയ്യാറാക്കിക്കൊണ്ടുവന്ന ടിഫിന്‍ ബോക്സുകള്‍ മേശപ്പുറത്തേക്കിടിച്ചു വച്ച് ചിന്നൂട്ടിയുടെ നേരെ കണ്ണുരുട്ടി നോക്കിയിട്ട് രണ്ടു ദോശ പാത്രത്തിലെടുത്ത് കറിയൊഴിച്ച് അത് കയ്യില്പിടിച്ച് മേശക്കരികില്‍ ഒരു കസേരയിലേക്ക് വശം തിരിഞ്ഞിരുന്ന് തിടുക്കത്തില്‍ കഴിക്കാന്‍ തുടങ്ങി.
ഷര്‍ട്ടിട്ട് ബാലചന്ദ്രന്‍ പുറത്തു വന്നു. മേശക്കരികില്‍ പിണങ്ങിയ മട്ടില്‍ ഇരിക്കുന്ന സീതാലക്ഷ്മിയുടെ പിന്നില്‍ വന്നു. കൈ കൊണ്ട് കളിയായി തോളില്‍ അമര്‍ത്തി. ചിരിച്ചുകൊണ്ട് ബാലചന്ദ്രന്‍ സീതാലക്ഷ്മിയുടെ ടിഫിന്‍ ബോക്സ് തുറന്നു.
-- യ്യൊ ഇതെന്താ ഇങ്ങനെ?
-- മോള്‍ക്കുണ്ടാക്കിയപ്പോഴേക്ക് സമയം കഴിഞ്ഞു. ഇപ്പത്തന്നെ വൈകീല്ലേ?
ചിരിച്ചുകൊണ്ടുതന്നെ ബാലചന്ദ്രന്‍ റ്റിഫിന്‍ ബോക്സിലുണ്ടായിരുന്നത് തന്റെ പ്ലേറ്റിലേക്ക് കുടഞ്ഞിട്ടു. തിരിഞ്ഞുനോക്കിയ സീതാലക്ഷ്മിയെ നോക്കി കണ്ണിറുക്കി. സീതാലക്ഷ്മി ചിരിച്ചുകൊണ്ട് മുഖം കുനിച്ചു. ഇന്നുച്ചക്ക് സ്കൂളില്‍ നിന്ന് ഭര്‍ത്താവിനൊപ്പം കറക്കം. ചാന്ദ്നി റെസ്റ്റോറന്റില്‍ നിന്ന് ഊണ്.
വിവാഹനാള്‍ മുതല്‍ അവരുടെ പിണക്കങ്ങള്‍ക്ക് അത്ര നീളമേ ഉണ്ടായിരുന്നുള്ളൂ. ഭാര്യയെ പൊന്നുപോലെ നോക്കുക എന്നാല്‍ ...
ഇമ്പം എന്ന തലക്കെട്ടില്‍ ദാമ്പത്യത്തെക്കുറിച്ച് ഒരു കഥ. ഈണവും താളവും ഉണ്ടായിരുന്നു 'അയാള്‍' ആ ഫ്ലാറ്റിനു താഴെ എത്തുന്നതുവരെ. അതുകഴിഞ്ഞ് എല്ലാം നശിപ്പിച്ചുവച്ചിരിക്കുകയാണ് പോക്കിരിച്ചെക്കന്‍. പ്രായം അതല്ലേ!
രാധാ ധനപാലന്‍ ഒരു കുസൃതിച്ചിരി മറച്ച്, മുന്‍പു വായിച്ചുനിറുത്തിയ ഇടത്തേക്ക് തിരിച്ചുപോയി.
-- നോക്ക്, നീ ഇതുവരെ ചെയ്യാത്തതുപലതും ചെയ്തുതുടങ്ങുന്നു. ഇതുവരെ ആസ്വദിക്കാത്തതുപലതും ആസ്വദിച്ചു തുടങ്ങുന്നു അല്ലേ ? അയാളുടെ മടിയില്‍ മുഖമണച്ചുവച്ച് അവള്‍ ചോദിച്ചു.
-- എന്തെന്നറിയിയുമോ, എന്താന്നറിയുമോ നിനക്ക്? അവളുടെ പ്രണയവ്യാഖ്യാനങ്ങള്‍ക്കുമുന്നില്‍ എന്നും വെറും വിദ്യാര്‍ത്ഥിയായിരുന്നു.
-- മതിയാവുന്നില്ലെടാ എനിക്ക്. നിന്റ്റെയുള്ളില്‍ നീപോലുമറിയാതെ മറഞ്ഞിരിക്കുന്നതെല്ലാം എനിക്ക് വേണം, അവള്‍ പറഞ്ഞു.ക്രൂരമായ ബലത്തോടെ അയാള്‍ അവളുടെ മുഖം പിടിച്ചുയര്‍ത്തി ചുംബിച്ചു. അടിയറവ്. ഗുരുദക്ഷിണ.
രാധാ ധനപാലന് എന്തിനെന്നറിയാതെ കഠിനമായ കോപം വന്നു. ഫ്ലാറ്റിലെ പ്രണയസല്ലാപങ്ങളെ അവഗണിച്ച് അവര്‍ അടുത്തപേജിലേക്ക് കയറി.
ചാന്ദ്‌നി റെസ്റ്റോറന്റില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ചിറങ്ങുമ്പോള്‍ സീതാലക്ഷ്മി പറഞ്ഞു: ഏട്ടാ ഇന്നു വൈകിട്ടു മോളെ ഏട്ടന്‍ വിളിക്കുമോ? ഞാനും രോഹിണിയുംകൂടി ഒരിടം വരെ പോവുന്നു.
വെയിലിനുനേരേ മുഖം ചുളിച്ച് ബാലചന്ദ്രന്‍ ചിരിച്ചു: ഷോപ്പിംഗ്? എന്താണ്?
-- അതെന്തിനാ അറിയുന്നേ?
-- ഓക്കേ. ഒത്തിരി വൈകരുത്. എനിക്ക് വൈകിട്ട് ഒരാളെ കാണാന്‍ ഇറങ്ങേണ്ടിവരും
പിറ്റേ ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഏഴാം നിലയിലെ ഫ്ലാറ്റില്‍ ഉഷ്ണം വലിച്ചുതള്ളുന്ന പങ്കയ്ക്കുകീഴെ കര്‍ക്കിടകമഴയായി പെയ്തുവീണ് തന്നെ പൊതിഞ്ഞൊഴുകുന്ന അവളെ ചുറ്റിപ്പിടിച്ചു മയങ്ങുമ്പോള്‍, അവളുടെ വിരലുകള്‍ തന്റെ നെഞ്ചിലെ പുതിയ മാലയില്‍ കോര്‍ക്കുന്നതറിഞ്ഞ് അയാള്‍ ഉണര്‍ന്നു.
-- എന്റെ ലച്ചുവിന്റെ സമ്മാനമാണ് -
-- ഓ ഗ്രേറ്റ്! എന്തുപറ്റി നിന്റെ ലച്ചുവിന് ?
എന്താണത് എന്ന് അയാള്‍ ഓര്‍ക്കാന്‍ ശ്രമിച്ചു. അലവന്‍സ് കുടിശികയായി കയ്യിലെത്തിയ പണമല്ല. മറ്റെന്തോ. ഉള്ളിലെ കൊച്ചുകൊച്ചു സന്തോഷങ്ങളില്‍ പരസ്പരം തൊടാന്‍ കൊതിതോന്നിക്കുന്ന എന്തോ ഒന്ന്. ഒരു പുതിയ കാഴ്ച. ഈ മാല ആ കാഴ്ചയുടേതാണ്.
അവളെ മെല്ലെ വകഞ്ഞുമാറ്റി അയാള്‍ കിടക്കയില്‍ എഴുന്നേറ്റിരുന്നു. -- നോക്കൂ ലച്ചുവിനുമാത്രമല്ല. എനിക്കും കൂടിയാണ്. ഞാന്‍ നിന്നെ കണ്ടതിനുശേഷമാണ് ഞങ്ങള്‍ക്ക് പരസ്പരം മനസ്സിലാകാന്‍ തുടങ്ങിയത്.
കണ്ണടച്ച് ചിരിച്ച് അവള്‍ അയാളുടെ വിരലുകളില്‍ പിടിച്ചു. -- ലവ് ഇസ് കണ്ടേജിയസ്
അവളുടെ മീതേ ചാഞ്ഞ് അയാള്‍ അവളുടെ മുടിയിഴകള്‍ കോതിയൊതുക്കി. -- എനിക്കിതു മനസ്സിലാവുന്നില്ല. ഇറ്റ്സ് സോ സ്ടേഞ്ച്..
--ശ്‌ശ്‌ശ്.. അവള്‍ ചുണ്ടില്‍ വിരല്‍ വച്ചു; എന്നെ കണ്ടതിനു ശേഷം നിങ്ങളുടെ കുടുംബജീവിതം ഒരുപാടു മെച്ചപ്പെട്ടു എന്ന്, അതല്ലേ?
-- ഉം... പിന്നെയും പിന്നെയും പറയുന്നത്..
-- എനിക്കത് വിശ്വാസമായോ എന്നുറപ്പില്ലാത്തതുകൊണ്ട് എന്നല്ലേ?
-- ഹൊ തോറ്റു ഞാന്‍, അയാള്‍ അവളുടെ നെറ്റിയില്‍ ചുംബിച്ച് അരികിലേക്ക് ചാഞ്ഞുകിടന്നു. --നമ്മളെന്താടാ ഇങ്ങനെ ?
-- അത്.. ഈ ലൈലയും മജ്നുവും... അവര്‍ രണ്ടുപേരും ഓരോ കല്യാണം കഴിച്ചുകഴിഞ്ഞിട്ടാണ് ആദ്യമായി തമ്മില്‍ കണ്ടതെന്ന് വിചാരിക്ക്. അവര്‍ക്ക് തമ്മില്‍ സ്നേഹിക്കാതിരിക്കാന്‍ പറ്റുമോ?
-- ഇല്ല. അയാള്‍ അവളെ ചേര്‍ത്തുപിടിച്ചു.
-- അവര്‍ തമ്മില്‍ സ്നേഹിക്കുന്നതുകൊണ്ട് അവര്‍ക്ക് അവരെ സ്നേഹിക്കുന്ന പ്രിയപ്പെട്ടവരെ സ്നേഹിക്കാതിരിക്കാന്‍ പറ്റുമോ?
-- എന്റെ ലൈലേ
-- എന്റെ മജ്നൂ
-- എന്റെ രാധേ
-- എന്റെ കണ്ണാ
-- എന്റെ ചന്ദ്രികേ
-- കൊല്ലും ഞാന്‍ കൊരങ്ങേ
അയാളുടെ ഫോണ്‍ ബെഡ്ഡിനരികിലെ ടീപ്പോയിലിരുന്നു ചിലച്ചു
-- എന്റെ ഞുളു ഞുളൂ... അവള്‍ ഫോണെടുത്തു
-- എന്റെ പെപ്പെപ്പേ ... അയാള്‍ ഫോണ്‍ വാങ്ങി ചെവിയില്‍ വച്ചു.
രണ്ടുമിനിറ്റ് കഴിഞ്ഞ് ആധിയോടെ ഫ്ലാറ്റിനു പുറത്തേക്ക് പായുമ്പോള്‍ അവള്‍ പിന്നില്‍ നിന്ന് അയാളുടെ കൈ പിടിച്ചു വലിച്ചു
-- ടാ സത്യം പറ. നിന്റെ കയ്യില്‍ അത്യാവശ്യത്തിന് പൈസ ഉണ്ടോ?
-- ഉണ്ടെന്നേ... ആവശ്യം ഉണ്ടെങ്കില്‍ പറയാം ഞാന്‍. സത്യം.
-- ഉം. വിവരം അറിഞ്ഞിട്ട് വിളിക്കണം. ഞാന്‍ നോക്കിയിരിക്കും.
ലിഫ്റ്റിന്റെ ചേര്‍ന്നടയുന്ന വാതിലിനപ്പുറം അവളുടെ കണ്ണുകള്‍ എല്ലാം ശരിയാവും എന്ന് സന്ദേശം കുറിച്ചു.
തലചുറ്റി വീണതായിരുന്നു സീതാലക്ഷ്മി. വൈറ്റമിന്‍ ഡെഫിഷ്യന്‍സി.
-- കുഴപ്പമൊന്നുമില്ല. കുറച്ചു ടോണിക്. പിന്നെ ഡയറ്റുനോക്കണം. അയാള്‍ ഫോണില്‍ പറഞ്ഞു
-- താങ്ക് ഗോഡ്. നീയിനി കുറച്ചു ദിവസം അവളെ ജോലിക്ക് വിടണ്ട.
-- പറഞ്ഞുനോക്കാം. ഞാന്‍ ഡോക്റ്ററുടെ അടുത്തേക്ക് കയറുവാ. പിന്നെ വിളിക്കാം.
രാധാ ധനപാലന്‍ ദേഷ്യത്തോടെ പേജുകള്‍ വേഗത്തില്‍ മറിച്ചു. എവിടെയാണ് ഈ കപടനാടകം പൊളിഞ്ഞുവീഴുന്നത്? എവിടെയാണ് പാവം സീതാലക്ഷ്മി ഈ ചതിയില്‍ നിന്ന് മോചിതയാകുന്നത്? എവിടെ, എങ്ങനെയാണ് വിഭജിക്കപ്പെട്ട ഹൃദയവും ജീവിതവും ബാലചന്ദ്രന്റെ സ്വസ്ഥത കെടുത്തുന്നത്?
അല്ല, കുറ്റം ബാലചന്ദ്രന്റേതല്ല. അവളാണ്, അവളാണ് എല്ലാറ്റിന്റെയും തുടക്കം.
-- എന്റെ കണ്ണാ, എന്റെ മുത്തേ, എനിക്കെല്ലാം വേണം. എല്ലാം മുഴുവനായും വേണം. നിന്നെ വേണം. നിന്റെ ലച്ചൂനെയും ചിന്നൂനേയും വേണം. എന്റെ പാവം വക്കീലിനെയും കണ്ണനെയും വേണം.
-- ഓര്‍മയുണ്ടോ നിനക്ക്, എന്തായിരുന്നു തുടക്കം എന്ന്?
-- ഉം. ഉള്ളില്‍ തൊടുന്ന നിന്റെ വാക്ക്‍. നിന്റെ ചിരി. നിന്റെ ലച്ചുവിനോട് നിനക്കുള്ള സ്നേഹം.
ഇല്ല ഇങ്ങനെയൊരു സ്ത്രീയില്ല. ഉണ്ടാവാന്‍ പറ്റില്ല. ഒരു സ്ത്രീക്കും മറ്റൊരു പെണ്ണിനെ സ്നേഹിക്കുന്ന ഒരാളെ പ്രണയിക്കാനാവില്ല. പകുത്തെടുത്താല്‍ ഏതു പുരുഷഹൃദയവും മുറിഞ്ഞുതകര്‍ന്നു പോവും. അല്ല, അതുമല്ല ഇവന്‍ പറയുന്നത്.
-- നിന്റെ തീയില്‍, നിന്റെ മഴയില്‍.... അവളുടെ മുലകള്‍ക്കിടയില്‍ കുട്ടിയേപ്പോലെ മുഖമൊളിപ്പിച്ച് അയാള്‍ പറഞ്ഞു.
-- വരുന്നു അവന്റെ സ്യുഡോ പോയെട്രി. കഴുത! അവള്‍ ചിരിച്ചു
-- കേള്‍ക്കെടീ... നിന്നെ ഇങ്ങനെ തൊട്ടുകഴിഞ്ഞിട്ടാണ് എന്റെ ലച്ചുവിനെപ്പോലും ഒരു പെണ്ണായിട്ട് ഞാന്‍ തിരിച്ചറിഞ്ഞത്.
-- ഉം. അതിനി ആ പാവത്തിന്റെ കുറ്റമാണെന്നായിരിക്കും അടുത്തത്.
-- അല്ല. പേടിയായിരുന്നു എനിക്ക് എന്നെ തന്നെ. എന്റെ മോഹങ്ങളെ.
-- വല്‍സാ..നിന്റെ ഭയങ്ങളില്‍ നിന്ന് ഞാന്‍ നിന്നെ മോചിപ്പിച്ചിരിക്കുന്നു മകനേ. അവള്‍ അയാളുടെ മുടിയിഴകളിലൂടെ വിരലുടക്കി ഉറക്കെ ചിരിച്ചു.
-- നോക്ക് സീരിയസ്‌ലി... നിനക്കറിയില്ല നീ... അയാള്‍ കൈ കുത്തി പകുതി നിവര്‍ന്നു.
-- ശ്ശ്ശ്ശ്.... അവള്‍ അയാളുടെ വായ് പൊത്തി. -- എനിക്കറിയില്ല. ഒന്നറിയിച്ചുതാടാ ചുമ്മാ വാചകമടിച്ചു സമയം കളയാതെ!
അടുത്ത വാചകം കണ്ടും കാണാതെയും രാധാ ധനപാലന്‍ കടലാസിനു മുകളിലൂടെ അഭിയെ ശ്രദ്ധിച്ചു. അവന്‍ കൌതുകത്തോടെ അവരെത്തന്നെ നോക്കിയിരിക്കുകയായിരുന്നു. നെഞ്ചിനുകുറുകേ കിടന്ന സാരിത്തുമ്പ് ശ്രദ്ധിച്ച് പുതപ്പുപോലെ വലിച്ചുചുറ്റി അവര്‍ ഗൌരവത്തില്‍ ക്ലോക്കിലേക്ക് നോക്കി. പിന്നെ ഇഷ്ടക്കേട് മറച്ചുവയ്ക്കാന്‍ ശ്രമിക്കാതെ കുറേഭാഗം വിട്ട് അവസാനപുറം വായിക്കാന്‍ തുടങ്ങി.
ബാലചന്ദ്രന്‍ സീതാലക്ഷ്മിയുടെ പിന്നില്‍ നിന്ന് കഴുത്തില്‍ കൈ വളച്ചിട്ടു. ഇരുണ്ടു തുടങ്ങിയിട്ടേയുള്ളു. ഇളം ചൂട് ബാക്കിയുള്ള കാറ്റ് അവളുടെ ഈറന്‍ മുടിയില്‍ നിന്ന് ഈര്‍പ്പം ചികഞ്ഞു.
-- യ്യേ നാട്ടുകാരു കാണും. ഇത് ടെറസ്സാ. സീതാലക്ഷ്മി കുതറി.
-- ഉം. നാട്ടുകാരുമുഴുവന്‍ കാണട്ടെ നീന്നെയെനിക്ക് ജീവനാണെന്ന്. ബാലചന്ദ്രന്റെ മീശ സീതാലക്ഷ്മിയുടെ കവിളില്‍ ഉരഞ്ഞു.
-- ശ്യോ ഇങ്ങനെ ഒരു മനുഷ്യന്‍ ...
ബാലചന്ദ്രന്റെ പോക്കറ്റില്‍ സെല്‍ഫോണ്‍ വിറച്ചു.
--ഉം പറയൂ. അയാള്‍ ഒഴിവുള്ള കൈ കൊണ്ട് ഫോണ്‍ ചെവിയിലേക്ക് വച്ചു.
-- ടാ ഞാന്‍ ഒരു പാട്ടു പാടട്ടേ? അവള്‍ ചോദിച്ചു.
-- ഉം കേള്‍ക്കട്ടെ.
പതിഞ്ഞ മനോഹരമായ ശബ്ദത്തില്‍ അവള്‍ പഴയ ഒരു തമിഴ് സിനിമാ ഗാനം പാടാന്‍ തുടങ്ങി.
--ആരാ ഏട്ടാ ?
--എന്റെ ഒരു ഫ്രണ്ടാ
ഫോണ്‍ ചെവിയില്‍ ചേര്‍ത്തുപിടിച്ച് ബാലചന്ദ്രന്‍ സീതാലക്ഷ്മിയെ ചേര്‍ത്തുപിടിച്ച് ചുവടുവയ്ക്കാന്‍ തുടങ്ങി. ബാലചന്ദ്രന്റെ കയ്യില്‍ ഒരു കൈ പിടിച്ച് സീതാലക്ഷ്മി ഒപ്പംകൂടി.
-- മ്യൂസിക് ഇസ് കണ്ടേജിയസ്. ബാലചന്ദ്രന്‍ മെല്ലെ സീതാലക്ഷ്മിയുടെ ചെവിയില്‍ പറഞ്ഞു
രാധാ ധനപാലന്‍ കഥ മേശപ്പുറത്തേക്ക് വച്ച് മേശയില്‍ പേപ്പറിനുമുകളില്‍ അരിശത്തോടെ ഇടിച്ചു. -- ലുക്ക് ദിസ് ഇസ് ഇമ്പോസിബിള്‍ . ഈ കഥ ഇങ്ങനെ അവസാനിക്കാന്‍ പറ്റില്ല.
-- എന്താ മാം എന്തുപറ്റി? പാട്ടുകേള്‍ക്കുമ്പോള്‍ ചിലര്‍ ഡാന്‍സ് കളിച്ചുപോവില്ലേ? പരിസരമൊക്കെ മറന്ന്?
അവന്റെ ചോദ്യത്തിലെ നിഷ്കളങ്കത രാധാ ധനപാലനെ വീണ്ടും അരിശംകൊള്ളിച്ചു. -- അതിന്? അതിനെന്താണ്?
-- അതുപോലെയാണ് മാം പ്രണയവും. ഒരാള്‍ പാടിയാല്‍ ...
അവന്റെ സ്വരത്തിലെ ഉറപ്പ് രാധാ ധനപാലനെ അതിശയപ്പെടുത്തി. അവന്‍ പറയാന്‍ വന്നത് താന്‍ പറഞ്ഞുപോകുമോ എന്ന് അവര്‍ ഒരു ഞൊടിയിട ഭയന്നു.
-- അഭീ നിനക്കറിയില്ല. നിനക്കൊന്നും അറിയില്ല. ലോകത്ത് ഒരു പെണ്ണിനും നീയീ പറയുന്ന പേരില്ലാത്ത പെണ്ണിനെപ്പോലെ പെരുമാറാന്‍ കഴിയില്ല.
വിശ്വാസം വരാത്തതുപോലെ അഭി അവരെ നോക്കി. പറഞ്ഞത് ശരിയാണോ എന്ന് അവര്‍ക്കുതന്നെ സംശയം തോന്നി.
-- നോക്കൂ അഭീ. ദാമ്പത്യം ഇങ്ങനെ അല്ല. പ്രണയവും ഇങ്ങനെ സംഭവിക്കില്ല. ഇറ്റ്സ് ആന്‍ ഓള്‍ കണ്‍സയൂമിംഗ് ഫയര്‍ . എ ഡിവൈഡഡ് ഹാര്‍ട്ട് കാണ്ട് ലവ്. ഇറ്റ് വോണ്ട് റ്റേയ്ക്ക് ചാന്‍സസ് വിത്ത്...
അറിയാതെ അവര്‍ മേശപ്പുറത്തുനിന്ന് വലിച്ചെടുത്ത കടലാസുകളുടെ മുകളില്‍ ഭാരം വച്ചിരുന്ന ഓക്സ്ഫോഡ് ലേനേഷ്സ് ഡിക്ഷനറി വലിയൊരു ശബ്ദത്തോടെ നിലത്തേക്ക് വീണു.
ഡിക്ഷനറി കുനിഞ്ഞെടുത്തു നിവരുമ്പോള്‍ മുറിയില്‍ പൊടുന്നനെ വന്ന നിശബ്ദത തന്നെ ചതിച്ചു എന്ന് രാധാ ധനപാലന് തോന്നി. മുകളിലെ നിലയില്‍ കൗമാരക്കാരിയായ മകളുടെ മുറിയില്‍ നിന്ന് ജഗ്ജീത് സിംഗ് പാടുന്നു. ഹോഷ് വാലോം കോ ഖബര്‍ ക്യാ ...
അഭിയുടെ വിരലുകള്‍ പതുക്കെ മേശയുടെ അരികില്‍ താളം പിടിച്ച് തുടങ്ങുന്നോ എന്ന് അവര്‍ സംശയിച്ചു. ഇഷ്ക് കീജിയേ ഫിര്‍ സമജിയേ.. ഉവ്വ് മൃദുതാളത്തിലേക്ക് നീണ്ടവിരലുകള്‍ സ്വപ്നനൃത്തം ചെയ്ത് കയറുകയാണ്.... സിന്ദഗീ ക്യാ ചീസ് ഹേ...
മ്യൂസിക് ഇസ്.....
മുറിനിറഞ്ഞ മുഴക്കത്തോടെ രാധാ ധനപാലന്‍ ഡിക്ഷണറി മേശപ്പുറത്തേക്ക് ഇടിച്ചുവച്ചു.
-- ലുക്ക് നീയെന്നെ ശ്രദ്ധിക്കുന്നില്ല. നിനക്ക് ഇത്തരം ഒരു വിഷയം എഴുതാനുള്ള പക്വത വന്നിട്ടില്ല. പോ. പോയി മറ്റെന്തെങ്കിലും എഴുതിക്കൊണ്ട് വാ. ഇത് മാഗസിനില്‍ കൊടുക്കാന്‍ പറ്റില്ല.
-- മാം ഞാനിത്..
-- നോ അഭീ..ദാറ്റ്സ് മൈ ഫൈനല്‍ വേഡ്. നൗ ... എനിക്ക് അല്പം പണിയുണ്ട്.
അവന് പിന്നില്‍ വാതില്‍ വലിച്ചടച്ച് അവര്‍ മുകളില്‍ മകളുടെ മുറിയിലേക്ക് കോപം കനപ്പിച്ച കാലുകളോടെ കയറാന്‍ തുടങ്ങി.
24 comments:
ഓഫ് ടോപ്പിക്:
ആരാദ്യം പറയും ആരാദ്യം പറയും എന്നത് തികച്ചും അരാഷ്ട്രീയമായ ഒരു ചോദ്യമാണ് :)
എന്ത് പറയാന്‍ ഗുപ്താ !!!!!!!!!!!!!
ക്രാഫ്ടിനു മുന്നില്‍ പ്രണാമം .....
അപാരമായി അവതരിപ്പിച്ചിരിക്കുന്നു...
പങ്കു വെച്ച ആധികളെക്കുറിച്ച് പറയാന്‍ ഞാന്‍ ആളല്ല.
ഗുപ്ത്‌സ്
എനിക്കിതിഷ്ടപ്പെട്ടു.
(പൊളിറ്റിക്കലി കറക്റ്റ് കമന്റാ ;-))
ഇമ്പം എന്നുതന്നെയാണല്ലേ തലക്കെട്ട്? കഥ എനിക്കും ഇഷ്‌ടപ്പെട്ടു.
(ഓഫ്: ബൂലോകത്ത് കഥയെഴുതുന്നവരൊക്കെ ആ പരിപാടി നിര്‍ത്തിയോന്ന് കമന്റടിക്കാന്‍ ആലോചിച്ചു തുടങ്ങിയതായിരുന്നു)
ഗുപ്തരേ,
പഴയ റേഡിയോ റ്റ്യൂൺ ചെയ്യുമ്പോൾ പല സ്റ്റേഷൻ കയറി വന്നതുപോലെ...
എന്തോ എനിക്ക് :(
my sympathies to mrs.dhanapalan.. :).Hats off to u Gupthan!
കഥക്കുള്ളിലെ കഥയിലെ സീതാലക്ഷ്മിയോട് സഹതാപം തോന്നി. പക്ഷെ കഥക്കുള്ളിലെ കഥയിലെ നായകന്റെ കണ്ണുകളിലെ പ്രതിഛായക്കു നേരേ മുഖം തിരിക്കുന്ന ശാന്താധനപാലൻ എന്താണു പറഞ്ഞു വയ്ക്കുന്നത്?
നരേഷൻ ഇഷ്ടപ്പെട്ടു
ഫീഗരം!
ഇമ്പം! വായിക്കുമ്പോള്‍
ഓടികൊണ്ടിരിക്കുന്ന ഒരു വണ്ടിയില്‍
ഇരുന്ന് പുറം കാഴ്ച കാണും പോലെ
തോന്നുന്ന കഥ
ശ്രീമതി രാധാ ധനപാലന്: "മനസ്സില്‍ തൊന്നുന്നത് കോതക്ക് പാട്ട് എന്ന രീതിയില്‍ പെങ്കുട്ട്യോള്‍ വിളിച്ചു പറേരുത് " ..എന്ന് നിത്യവും ശാസിച്ചും ഉപദേശിച്ചും വളര്‍ത്തിയ കഴിഞ്ഞ ഒരു തലമുറയെ പ്രതിനിധാനം ചെയ്യുന്നു... ...
അതു കൊണ്ട് അടക്കി കെട്ടിയ വികരങ്ങള്‍ ചെറു മടിയോടെ ആണെങ്കിലും തല നീട്ടുന്നു..
[അവനെ ഒളികണ്ണിട്ടു നോക്കിക്കൊണ്ട്.....]
നിഷേധിക്കപ്പെട്ടവ എതു കാലത്തായലും ഒരു നഷ്ട ബോധമായി മനസ്സില്‍ പിന്‍ തുടരുന്നു എന്നതു ഒരു സത്യം മാത്രം ... ആ ഒരു പശ്ചാത്തലം അതാണു ശ്രീമതി രാധാ ധനപാലന്‍.
അഭിയുടെ കഥ പോലും അവര്‍ക്ക് അംഗീകരിക്കാന്‍ സാധിക്കുന്നില്ല.[ഇത്രയുമായപ്പോള്‍ രാധാ ധനപാലന്‍ അസ്വസ്ഥയായി അഭിയെ നോക്കി]
മിദ്ധ്യയായ സദാചാചാര ബോധം കാറ്റില്‍ പറത്തുന്ന യുവതലമുറ എഴുത്തുകാരെ പ്രതിനിധാനം ചെയ്യുന്നു അഭി....
എല്ലാ പുരുഷന്റെയുള്ളിലും ഒരു ‘ബാലചന്ദ്രന്‍’
ഭാര്യയെ പൊന്നുപോലെ നോക്കുക എന്നാല്‍ ... :)
ലവ് ഇസ് കണ്ടേജിയസ്
ഇറ്റ്സ് സോ സ്ടേഞ്ച്..
നമ്മളെന്താടാ ഇങ്ങനെ ?
മൂന്ന് തട്ടിലെ സ്ത്രീകള്‍:
ശ്രീമതി രാധാ ധനപാലന്‍
സീതാ ലക്ഷ്മി
പിന്നെ എല്ലാ പെണ്ണിന്റെയും ആണിന്റെയും മനസിലുള്ള “അവള്‍”...
ഈ അടുത്ത കാലത്തു വായിച്ച കഥകളില്‍ വച്ച് തീഷ്ണമായ ഒരു കഥ. അതാണ് ഇങ്ങനെ ഒരഭിപ്രായം എഴുതാന്‍ എന്നെ പ്രേര്രിപ്പിച്ചത്.
ചില നേര്‍മ്മകള്‍ വാക്കുകളാല്‍ വൃണപ്പെടുത്തേണ്ടാത്തത് ഇല്ലേ? വാക്ക് വ്യക്തമായ ബാധ്യതയാവുകയാണ് ഇവിടേ എന്നു തോന്നി. കഥക്കുള്ളിലെ കഥയിലെ വ്യക്തികള്‍ക്ക് പരസ്പരം തങ്ങള്‍ക്ക് എന്തു സംഭവിച്ചിരിക്കുന്നു എന്ന് വാക്കാല്‍ ആശ്ചര്യ്പ്പെടുകയും അന്യോന്യം പറഞ്ഞ് പെയ്തുതീര്‍ക്കേണ്ടിവരുകയും ചെയ്യുന്നിടത്ത് അവരും പ്രണയത്തിന്റെ രാഷ്ടീയതയിലേക്കല്ലെ അടുക്കുന്നത്? ഇവിടേ ക്രാഫ്റ്റിന്റെ മാജിക്കുകൊണ്ട് മനു ഒളിപ്പിച്ചു വച്ചിരിക്കുന്ന ഒരു വശമുണ്ട് എന്ന് തോന്നി.
ബാഹ്യമായീ കഥ വായനക്കാരിയേ അലോസരപ്പെടുത്തുന്നത് വേറെ വിഷയം. മൊറാലിറ്റിയുടേ ചട്ടക്കൂ
ടിന് തുരങ്കം വയ്ക്കുകയല്ല ബദലാവുകയാണ് കഥ. ഒരുപക്ഷെ ഭാര്യകഥാപാത്രത്തെ ഒരു വിക്റ്റിമായി രേഖപ്പെടുത്തിയാല്‍ വായനക്കാരിക്ക്/ര്‍ക്ക് തൃപ്തിയായേനെ. അതുമല്ലെങ്കില്‍ എല്ലാവരെയും നിയമാവലിയുള്ള ഏതെങ്കിലും ഇന്‍സ്റ്റിറ്റ്യൂഷന്റെ ഇരകളായി പറഞ്ഞുവെച്ചിരുന്നെങ്കില്‍ ആശ്വസിക്കാമായിരുന്നു. എന്റെ തന്നെ യമകല്‍പ്പനയും ഡ്രൈവറും ഇവീടം വരെയേ ചെല്ലുന്നുള്ളു. പക്ഷെഅതിനുമപ്പുറമുള്ള അനിര്‍വചനീയ അവസ്ഥയില്‍, പ്രണയത്തിന്റേതായ ഇറാഷണാലിറ്റി എന്ന വിഷയത്തില്‍ കഥ പാളി എന്നാണ് എന്റെ വായന.
എന്തിനും കണ്ടീഷന്‍ വക്കണം ചിലര്‍ക്ക്. ചിലര്‍ക്കോ, മിക്കവര്‍ക്കും. അതോ എല്ലാവര്‍ക്കുമോ?
എനിക്കിഷ്ടമായത് അവളെയാണ്. അവളെക്കണ്ടു പഠിക്കണം.
Love is merely an agreement to certain terms and conditions. പകരാനും പകര്‍ത്തപ്പെടാനും പ്രത്യേകിച്ചൊന്നും അതിലില്ല.
കഥ, പറയണ്ട, പതിവു പോലെ കിടിലന്‍! :-)
തകര്‍ത്തു.
ആ പേരറിയാത്ത പെണ്ണാവാന്‍ രാധാ ധനപാലന്‍ നോക്കുമ്പോള്‍ ഈ സീതാലക്ഷ്മി വട്ടം വീണ് തടഞ്ഞു വീഴുന്നു. സീതാലക്ഷ്മി ചതിയില്‍ നിന്ന് രക്ഷപെടണമെന്ന് ഒരു വൃഥാമോഹം,( എന്തു ചതി) psuedo morality, ഈ ചെക്കനെങ്ങനെയാണ് ഇത്രയും കാര്യങ്ങള്‍ അറിയുന്നത്- , ഒരു തെന്നുന്ന വരമ്പിലൂടെ നടക്കാന്‍ കഴിയാതിരുന്നത് രാധയെ വിഷമിപ്പിക്കുന്നുണ്ട്.
ഏറ് മുതലായ കഥകളുടെ തുടര്‍ച്ചപോലെയാണ് ഞാന്‍ വായിക്കുന്നത്.
ഗുപ്തനു പൈങ്കിളിയും വഴങ്ങും..;)
മികച്ച ക്രാഫ്റ്റ്, ഓരോ കഥാപാത്രങ്ങളും എഴുത്തുകാരന്‍ അവര്‍ക്ക് കൊടുത്തിട്ടുള്ള ഉത്തരവാദുത്വങ്ങളില്‍ നിന്ന് ഒളിച്ചോടാതെ സ്വന്തം ലക്ഷ്യത്തിലെത്തിച്ചേരുന്നുണ്ടിവിടെ. കഥയിലൂടെ വളരുന്ന കഥ എന്ന ക്രാഫ്ടിന്റെ തന്ത്രം ഉത്തരാധുനികതയിലെ ചെറുപ്പക്കാര്‍ ഉപയോഗിച്ച് പുതുമ നഷ്ടപ്പെടുത്തിയതെങ്കിലും ഇക്കഥയില്‍ അതൊരു ക്ലീഷെയായില്ല.ഞാന്‍ എന്ന വ്യക്തി കഥവായിക്കുമ്പോള്‍ അത് സദാചാരവിരുദ്ദമായ ഒരു കഥാതന്തുവായി മാറുകയും ഒരു വലിയ സമൂഹത്തില്ലെ 'ഞാന്‍' അതിനെ വായിക്കപ്പെടുമ്പോള്‍ കഥയെ നിസ്സഹായതയോടെയെങ്കിലും എന്നിലെ 'ഞാന്‍' തലകുലുക്കി അംഗീകരിക്കപ്പെടേണ്ടതായി വരുന്നു.വായനക്കാരുടെ സദാചാര സങ്കല്‍പ്പങ്ങളെ അലോരസപ്പെടുത്തുന്ന വായനാനുഭവം. വായനക്കാരുടെ 'ശീലങ്ങളെ' അബോധതലത്തിലെങ്കിലും ഭയക്കുന്നതുകൊണ്ടാണോ കഥക്കുള്ളില്‍ കഥമെനയാന്‍ കഥാകൃത്ത് തുനിഞ്ഞത് :) ?
പെങ്കിളിയായിപ്പോയേക്കാവുന്ന ഒരു തീം ശ്രദ്ധയോടെ കൈകാര്യം ചെയ്തത് അഭിനന്ദനമര്‍ഹിക്കുന്നു. തലക്കെട്ട് ഇഷ്ടപ്പെട്ടില്ല. ഗുപ്തന്റെ ഗ്രേറ്റ് വര്‍ക്ക് എന്നു പറയില്ല. ഗുഡ് വര്‍ക്ക്.
വായനക്കാരി (കൌതുക)ചെക്കനുമായി കലഹിക്കുന്നിടത്തോളമേ കഥക്കു ജീവനുണ്ടാകൂ, കഥാ പാത്രത്തോട് താദാത്മ്യം ചെയ്യപ്പെടുന്നിടത്തു കഥ മരിക്കുന്നു എന്നു മനോഹരമായി പറഞ്ഞിരിക്കുന്നു.
(അത് എപ്പോഴും ശരിയാവണമെന്നില്ല എന്നു ഞാന്‍ വിശ്വസിക്കുന്നു)
`ചില്ലക്ഷരങ്ങളുടെ "ചുനിപ്പ്" - "കുനിപ്പ്" എന്നാണു ഞങ്ങളുടെ നാട്ടില്‍. (അതോ അക്ഷരപിശാചു കയറിയതാണോ?)
ഇഗ്നൈറ്റഡേ പൈങ്കിളി ഒക്കെ എന്തോന്ന്... ഞാന്‍ പമ്മനു പഠിക്കുവല്ലേ :)
ജിതേന്ദ്രാ എന്നാല്‍ നിങ്ങടെ നാട്ടുകാരോടെല്ലാം ചുനിപ്പ് എന്ന് പഠിച്ചോളാന്‍ പറയൂ. ഞാന്‍ പഠിച്ച സ്കൂളിലെ നാലാംക്ലാസ്സിലെ പിള്ളേര്‍ക്കുപോലും അറിയാം. :) ഹല്ല പിന്നെ!
(കുനിപ്പ് തന്നെയാണ് പാണിനീയത്തിലും ഒക്കെ. ചുനിപ്പ് ഞാന്‍ കേട്ടുശീലിച്ച് ലോക്കല്‍ വേരിയന്റാവണം )
എന്റമ്മോ... നമിച്ചു...
കഥയെ കുറിച്ച് എനിക്ക് സിജി പറഞ്ഞ അതേ അഭിപ്രായം.
ഇതു സീതാലക്ഷ്മിയുടെ കഥയായിരുന്നോ?
Greetings.
Inviting you to visit and list your blog(s) at:
www.indianbloggersnest.blogspot.com
Regards,
Ramesh Menon
ശ്രീമതി രാധാധനപാലന്റെ വായനയിലൂടെ കഥ കൊണ്ട് പോയി എന്നതാണ് എഴുത്തുകാരന്റെ മിടുക്ക്.അവര്‍ വായന മുഴുമിപ്പിക്കാതെ (അസ്വസ്ഥതയോടെ )നിറ്ത്തിയില്ലായിരുന്നെങ്കില്‍ കഥ എവിടെ തീരുമായിരുന്നു?ഒരു അവിഹിത ബന്ധത്തിന്റെ കഥ വായനക്കാരനു ഹിതമാകുന്ന രീതിയില്‍ പറഞ്ഞു ഗുപ്തന്‍.ആശംസകള്‍!
ഗുപ്തരേ,
ആദ്യത്തെ നോട്ടത്തില്‍ കാലടികണ്ടു. പിന്നത്തെ നോട്ടത്തില്‍ അണിവയര്‍ കണ്ടു. ഇപ്പോള്‍ ‘ഇമ്പം‘ എന്‍റെ മാറില്‍ നിന്നും മാറാതെയും ആയി.
ഒരു ജമ്പിള്‍ഡ് ആയ കഥ പറച്ചില്‍. അതി മനോഹരം എന്നു പറയാന്‍ വയ്യെങ്കിലും ചടുലമാണ്. അതിന്‍റെ സുഖവും വായനയില്‍ കിട്ടുന്നുണ്ട്.
ഒന്നുകൂടെ എഡിറ്റു ചെയ്തിരുന്നെങ്കില്‍ ഇനിയും നന്നാവുമായിരുന്നെന്നൊരു തോന്നല്‍.
കഥയുള്ള കഥ പറച്ചില്‍. ഗുപ്തനു അഭിനന്ദനം.
താഴെവീണ ഡിക്ക്ഷണറിയുടെ അടിയിൽപ്പെട്ട് എന്തൊക്കെയൊ തകരുന്നുണ്ട്.
കഥാപാത്രങ്ങൾ രണ്ട് പേരെയുള്ളു..നാലെന്നും അഞ്ചെന്നുമൊക്കെ തോന്നിച്ച കഥാകൃത്തിനൊരു
സലാം.ഇതെന്റെ വായന.
ജിതേന്ദ്രയുടെത് കൂടുതലിഷ്ട്ടപ്പെട്ടു.
ഗുപ്താ,
ലേണേഴ്സ് ഡിക്ഷണറി വീണതു വളരെ ഇഷ്ടമായി. അങ്ങനെ വരണം. ഞാന്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ പല ചീത്ത വാക്കുകളുടെയും അര്‍ത്ഥം ചോദിച്ചു ചെന്നപ്പോള്‍ പറഞ്ഞുതരാതിരുന്ന പാര്‍ട്ടിയാണ്.
കഥ നന്നായി.
വളരെ നല്ല അവതരണം.
Post a Comment