Friday, 9 January 2009

ഭൂപടങ്ങൾ പറയാത്തത്





കാറ്റെടുത്തിട്ട് മുള്‍ചെടിയില്‍ കുരുങ്ങിപ്പോയ കരിയില കിടക്കുന്നതുപോലെ കൂട്ടുകാര്‍ ബെപ്പോ എന്നു വിളിക്കുന്ന കാപൊറാലെ ജുസെപ്പെ പെലെഗ്രീനി മലമുകളില്‍ കുറ്റിച്ചെടിയുടെ പിന്നില്‍ പതുങ്ങിക്കിടന്നു. പക്ഷെ അതുകൊണ്ടുമാത്രം കാറ്റില്‍ പെട്ടുപോകുന്ന കരിയിലയുടെ സാധ്യതകളെക്കുറിച്ച് അയാള്‍ക്ക് ബോധ്യമുണ്ടായിരുന്നു എന്ന് തെറ്റിദ്ധരിക്കരുത്.

കയ്യില്‍ തോക്കുമായി താഴെ ഗ്രാമത്തില്‍ നിന്ന് മലകയറിവരുന്ന ഇടവഴിയിലേക്ക് നോക്കിഉന്നം പിടിച്ച് കിടക്കുകയായിരുന്നെങ്കിലും അയാള്‍ ഉറങ്ങിത്തുടങ്ങിയിരുന്നു. സെപ്പല്ലിനുകള്‍ മുരളിപ്പറക്കുന്ന ആകാശത്തിനുതാഴെ താഴ്ന്ന ചില്ലകള്‍ ഉള്ള ഒരു ആപ്പിള്‍മരത്തിന്റെ ചുവട്ടില്‍ ഒതുക്കിയിട്ട മേശക്കുതാഴെ ചേട്ടനോടൊപ്പം ഒളിച്ചിരിക്കുന്നതായാണ് അയാളപ്പോള്‍ സ്വപ്നം കണ്ടുകൊണ്ടിരുന്നത്. സെപ്പല്ലിനുകളുടെ മുരള്‍ച്ച താഴ്ന്നുവന്ന് ആപ്പിള്‍മരത്തെ പിടിച്ചുലക്കുകയും വലിയൊരു വെളിച്ചമായി അതുമേശക്കുകീഴിലേക്ക് അലറിത്തെളിയുകയും ചെയ്തു.

ബോംബിന്റെ ആഘാതത്തില്‍ ഞെട്ടിമലര്‍ന്നുവീണ് ജുസേപ്പെ പെലഗ്രീനി കിതച്ചു. നരച്ച ശൈത്യകാല ആകാശത്തില്‍ കടുത്തവെളിച്ചത്തിന്റെ ഒരു സുഷിരം പോലെ സൂര്യന്‍. മരണം ആ നേരം വെറും സ്വപ്നമായിരുന്നെന്ന് മനസ്സിലായെങ്കിലും മേശക്കടിയില്‍ തന്നെയാണ് താന്‍ കിടക്കുന്നതെന്ന് അയാള്‍ക്ക് തോന്നി. മേശയുടെ കോണില്‍ വെടിച്ചില്ലു കൊണ്ട കരിഞ്ഞ സുഷിരത്തിലൂടെ കുഴല്‍ പോലെ താഴേക്കുവരുന്ന വെളിച്ചത്തിനു ചുറ്റും ചേട്ടനുമായി പങ്കുവച്ച പകലുകള്‍ .

ആല്പൈന്‍ മലനിരകള്‍ മറഞ്ഞ് ആസ്ട്രിയ-ഹംഗറിയുടെ സെപ്പല്ലിനുകള്‍ പ്യാവെതാഴ്വാരയിലേക്ക് മുരണ്ടുവരുന്നതിനു മുന്‍പ് പെലഗ്രീനി കൂട്ടുകുടുംബത്തിന്റെ സായാഹ്നഭക്ഷണ മേശയായിരുന്നു അത്. പാടങ്ങളില്‍ പണിയെടുത്തുവരുന്ന പുരുഷന്മാരും അവരോടൊപ്പം കുട്ടികളും മേശക്കു ചുറ്റുമിരിക്കും. സ്ത്രീകള്‍ നിലവറയില്‍ നിന്ന് അടുക്കളയിലേക്കും പിന്നെ മേശക്കരികിലേക്കും ചിരിച്ചും ചിലച്ചും കലഹിച്ചും കുരുവികളെപ്പോലെ പറക്കും. വീഞ്ഞ്. ഫൊര്‍മാജോ. തീയില്‍ ചുട്ടെടുത്ത ചൂടുള്ള അപ്പം. കൊതിപ്പിക്കുന്ന മണമുള്ള സലൂമി.

മുന്നു ദിവസം മുന്‍പു വന്ന അത്യാവശ്യഭക്ഷണ സഞ്ചിയിലെ ഉണങ്ങിക്കട്ടിയായ അപ്പവും രുചി ചത്ത സലാമെയും കനച്ചുതുടങ്ങിയ പെകൊറീനോയും മാത്രമേ തനിക്ക് സമയംവൈകിയ ഒരുച്ചഭക്ഷണത്തിന് ബാക്കിയുള്ളൂ എന്ന് പരിതാപത്തോടെ ഓര്‍ക്കാന്‍ പോലും കഴിയാന്‍ പറ്റാത്ത വിധം ദൂരത്തിലേക്ക് ജുസേപ്പേ പെലഗ്രീനിയെ ഭക്ഷണ മേശയുടെ ഓര്‍മകള്‍ പറത്തിക്കൊണ്ടു പോയി. താഴെ ഗ്രാമത്തില്‍ നിന്ന് ഇളം ചൂടും ഹൃദ്യമായ മണവുമുള്ള അടുക്കളപ്പുക കലര്‍ന്ന കാറ്റ് മലയെ പൊതിഞ്ഞു വരുന്നുണ്ടോ എന്ന് അയാള്‍ മൂക്കുകൊണ്ട് തിരഞ്ഞു.

ഇരുട്ടില്‍ കുഴലുപോലെ വീഴുന്ന വെളിച്ചതിനു ചുറ്റും സഹോദരന്മാര്‍ ഭൂപടം വരച്ചു കളിച്ചു. അപ്പത്തിന്റെയും വീഞ്ഞിന്റെയും മണമകന്ന ഭക്ഷണമേശകള്‍ വെടിമരുന്നിന്റെ മണമുള്ള കാറ്റുകള്‍ക്കു കീഴില്‍ വിരസമായി കിടന്നു.

ഭൂപടങ്ങള്‍ മാറ്റിവരച്ചുള്ള കളിയില്‍ മാഞ്ഞും തിരിഞ്ഞും പോകുന്ന അതിരുകളില്‍ എവിടെയാണ് താനെന്ന് ജുസേപ്പെ പെലഗ്രീനി അദ്ഭുതപ്പെട്ടു.


§ 1942 ലെ ഡയറി

ഒരു സൈനികന്റെ കീശയില്‍ രണ്ടുവര്‍ഷം പഴക്കമുള്ള പൂര്‍ത്തിയകാത്ത ഡയറി ഉണ്ടാവുക അസാധാരാണമാണ്. അത്രയും പഴയ തിരിച്ചറിയല്‍ പത്രം അതിലും അസാധാരണം. എങ്കിലും 1942 ലെ ഒരു കൊച്ചു ഡയറിയില്‍ മടക്കി വച്ചരൂപത്തില്‍ ഇറ്റാലിയന്‍ രാജകീയ സൈന്യത്തിന്റെ ഇതുവരെയും നഷ്ടപ്പെടുത്താനിഷ്ടമില്ലാത്ത തിരിച്ചറിയല്‍ പത്രം അയാളുടെ കീശയില്‍ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. (യഥാര്‍ത്ഥത്തില്‍ വടക്കന്‍ ഇറ്റലിയിലെ പ്രതിരോധ സേനയുടെ സ്വാധീനകേന്ദ്രങ്ങള്‍ വലിയ കറകള്‍ പോലെ രേഖപ്പെടുത്തിയ ഒരു ചെറിയ ഭൂപടം മാത്രമേ അയാലുടെ പക്കല്‍ ആ വര്‍ഷ്ത്തേതായി ഉണ്ടായിരുന്നുള്ളു)
തിരിച്ചറിയല്‍ പത്രത്തിലെ പ്രസക്ത വിവരങ്ങള്‍ ഇങ്ങനെയാണ്:

മുഴുവന്‍ പേര്: ജുസേപ്പേ അര്‍മാന്‍‌ദോ മരിയ പെലെഗ്രീനി.
ജനനം: 1906 ഏപ്രില്‍ 9 വേനേത്തോ പ്രവശ്യയിലെ പ്യാവേയ്ക്കരികുലുള്ള സാന്‍ ദൊണാത്തോ പട്ടണത്തില്‍.
1926 മുതല്‍ ഇറ്റാലിയന്‍ രാജകീയ സൈന്യത്തില്‍ സൊള്‍ദാത്തോ.
1932 മുതല്‍ കാപൊറാലെ.
1935 ല്‍ ഒഗദെന്‍ യുദ്ധത്തിലെ വിശിഷ്ട സേവനത്തിന് മെഡല്‍
1938 ല്‍ (പേര് ചുരണ്ടിക്കളഞ്ഞിരിക്കുന്നു) യാല്‍ കാപൊറാലെ മജോറെ ആയി ഉയര്‍ത്തപ്പെട്ടു



ഒന്നാം മാര്‍ഷല്‍ ബെനീറ്റൊ അമല്‍കാരെ അന്ദ്രേയ മുസ്സൊലീനി എന്ന പേര് ചുരണ്ടിക്കളഞ്ഞിടത്ത് രാജ്യദ്രോഹി എന്ന് ചുമന്ന മഷികൊണ്ട് എഴുതാന്‍ ശ്രമിച്ചിരിക്കുന്ന വൃത്തികെട്ട കയ്യക്ഷരം ജുസേപ്പേ പെലഗ്രീനിയുടേതാണ്. ബാക്കികഥ അയാള്‍ ആ തിരിച്ചറിയല്‍ കാര്‍ഡ് സൂക്ഷിച്ചിരുന്ന 1942 ലെ ഡയറിയില്‍ ഉണ്ട്.

ജൂലൈ മാസം അവസാന പേജില്‍ ഇങ്ങനെ കാണാം: കേട്ടത് സത്യമാണ്. ചക്രവര്‍ത്തി മുസോളിനിയെ തടവിലാക്കി. മാര്‍ഷല്‍ ബദോല്യോ പ്രധാനമന്ത്രി ആയി . ചക്രവര്‍ത്തിക്ക് സ്തുതി. പട്ടാളം മൊത്തമായി പിരിച്ചുവിട്ടാലും നാസികള്‍ക്ക് അടിമപ്പണി ചെയ്യേണ്ടല്ലോ.

അതുകഴിഞ്ഞ് കുറേതാളുകളില്‍ അലക്കാന്‍ കൊടുത്ത തുണിയുടെയും വീട്ടിലേക്കയച്ച പണത്തിന്റെയും കണക്കും മാര്‍ഗരീത്തയ്ക്ക് താനല്ലാതെ രണ്ടാമത് മറ്റൊരു ജാരന്‍ കൂടി ഉണ്ടെന്നും അത് അവളുടെ ഭര്‍ത്താവിന്റെ അനിയന്‍ ആവാമെന്നും ഒക്കെയുള്ള അപ്രസക്ത വിവരങ്ങളാണുള്ളത്.

എന്നാല്‍ സെപ്റ്റംബര്‍ മാസം പതിനാറാമത്തെ താളില്‍ പേജ് കീറിപ്പോകാന്‍ തക്ക ബലത്തില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്. റോമ്പികൊള്യോണികളായ നാസികളെ പിശാച് പിടിക്കട്ടെ. ഫീല്ലി ദി പുത്താന ! അവന്മാര്‍ ആ മുടിഞ്ഞവനെ ജയിലില്‍ നിന്ന് രക്ഷിച്ചു. ഇവിടുത്തെ എന്റെ ജോലി പത്താം ഫ്ലൊത്തീല്യയിലെ തന്തക്ക് പിറക്കാത്തവന്മാരുടെ മേല്‍ നോട്ടത്തിലായതുകൊണ്ട് ഇട്ടിട്ടുപോകാനും വയ്യ.

സെപ്റ്റംബര്‍ മാസം അവസാനത്തെ താളില്‍ വീണ്ടും.: നാസികളെ ദൈവം ശിക്ഷിക്കും. നരകത്തിലിട്ട് കത്തിക്കും! അവന്മാര്‍ മുസോളിനിയെ തടവില്‍ നിന്ന് രക്ഷിച്ച് അവരുടെ അടിമയാക്കി. ഇറ്റാലിയന്‍ റിപബ്ലിക് പോലും. വാഫ്ഫങ്കൂളോ! നാസികള്‍ക്ക് ഇറ്റലിയെ ഭരിക്കാനുള്ള പാവ മാത്രമാണയാള്‍ . അയാളെ സേവിക്കാനല്ല എന്നെ അമ്മ എന്നെ പട്ടാളത്തില്‍ വിട്ടത്.

ഇതെഴുതികഴിഞ്ഞ് ഇരുപത്തിമൂന്നാമത്തെ ദിവസം മുസോളിനിയുടെ വടക്കന്‍ പാവറിപബ്ലിക്കില്‍ അപ്പോഴും വിശ്വസ്തരായി നിന്ന പത്താം ഫ്ലൊത്തീല്യ സൈന്യവിഭാഗം ലിഗൂറിയ ഡിവിഷനിലെ കാപൊറാലെ മജോറേ പെലെഗ്രീനി ജുസേപ്പെയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.

ഇക്കാര്യം നമുക്ക് മനസ്സിലാകുന്നത് അതേ ഡയറിയില്‍ തന്നെ മടക്കിവച്ചിരിക്കുന്ന ഒരു കത്തില്‍ നിന്നാണ്. 1944 ല്‍ വെനീസിനടുത്ത ഒരു ഗ്രാമത്തിലെ വികാരിയായിരുന്ന ഡോണ്‍ അര്‍മാന്ദോ ജുസേപ്പേ പെലഗ്രീനിക്ക് എഴുതിയ കത്തില്‍ നിന്നാണ്. പത്താം ഫ്ലൊത്തീല്യയുടെ ചാരക്കണ്ണുകളെ അതിജീവിച്ച് അധികനാള്‍ അവിടെയും ഇവിടെയും കറങ്ങിനടക്കാന്‍ പറ്റില്ലെന്നും അതുകൊണ്ട് കത്തോലിക്കാ യുവജനസംഘടന രൂപം കൊടുക്കുന്ന പ്രതിരോധസൈന്യത്തില്‍ ചേര്‍ന്ന് നാസികള്‍ക്കും ഫാസിസ്റ്റുകള്‍ക്കും എതിരെ പൊരുതണം എന്നും ആ കത്തില്‍ ഉണ്ട്.

കത്ത് ഇങ്ങനെ തുടരുന്നു: ബെല്ലൂനോയില്‍ ക്രിസ്ത്യന്‍ ഡെമോക്രാറ്റുകളുടെ നേതൃത്വത്തില്‍ പ്രതിരോധസേന രൂപപ്പെടുത്തുന്നതിന് ചുമതല കത്തീഡ്രല്‍ വികാരി മോണ്‍. എമിലിയോ പലതാനിക്കാണ്. അദ്ദേഹത്തിന് ഞാന്‍ നിന്നെക്കുറിച്ച് എഴുതിയിട്ടുണ്ട്. പ്രിയ ജുസേപ്പെ എന്നെ ഓര്‍ത്താണ് നിന്റെ അമ്മ നിന്റെ പേരില്‍ അര്‍മാന്‍ഡോ എന്ന് ചേര്‍ത്തതെന്ന് നിനക്കറിയാമല്ലോ. നിന്നെ മാമോദീസാ മുക്കിയതും ഞാനാണ്. നിന്റെ അമ്മയുടെ ഓര്‍മയെ പ്രതി ഞാന്‍ അപേക്ഷിക്കുന്നു. നീ പ്രതിരോധ സേനയില്‍ ചേരണം. കത്തോലിക്കാ ഗ്രൂപ്പ് വളരെ ദുര്‍ബലമാണ്. കമ്യൂണിസ്റ്റ് ഗാരിബാള്‍ഡി ബ്രിഗേഡാണ് അവിടെ ശക്തം. മിലിറ്ററിയിലെ നിന്റെ പരിചയം വച്ച് നീ ചേര്‍ന്നാല്‍ കോര്‍പറല്‍ റാങ്കിലെങ്കിലും നിനക്ക് അവിടെ പ്രവര്‍ത്തിക്കാനാവും... കമ്യൂണിസ്റ്റുകളുടെ നേതാവ് ലൂയിജി ലോംഗോ മോണ്‍. എമിലിയോയുമായി ബന്ധപ്പെട്ടുകഴിഞ്ഞു. ഗാരിബാള്‍ഡി ബ്രിഗേഡുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാമെന്ന്....

§ 3 കാലം ബാധകമല്ലാത്ത ചില സംഗതികള്‍

ചില പ്രതിസന്ധികള്‍ക്ക് കാലം ഏതായാലും മാറ്റം ഒന്നും ഉണ്ടാവില്ല. ഫാസിസ്റ്റ് സൈന്യത്തിന്റെ കണ്ണുവെട്ടിച്ച് രക്ഷപെട്ട് അമ്മയുടെ പൂര്‍വകാല കാമുകനായിരുന്ന പാതിരിയുടെ കത്തുമായി കത്തോലിക്കാ വിഭാഗത്തിന്റെ സൈന്യത്തില്‍ ചേര്‍ന്ന് കമ്യൂണിസ്റ്റുകളുമായി സഖ്യം ചെയ്ത് നാത്സിപട്ടാളത്തോട് യുദ്ധം ചെയ്യുന്ന ഒരു സൈനികന്റെ മനസ്സ് അത്തരം ഒരു പ്രതിസന്ധിയിലാണെത്തുന്നത്. തന്റെ സഹസൈനികരായ പട്ടാളക്കാര്‍ യൂഗോസ്ലാവിയന്‍ കമ്യൂണിസ്റ്റ് നേതാവായ റ്റിറ്റോക്കുവേണ്ടിയാണ് ഇപ്പോള്‍ പൊരുതുന്നതെന്നോ കത്തോലിക്കാ സൈന്യത്തില്‍ നിന്ന് വരുന്നവരെ പോപ്പിന്റെ ചാരന്മാരായിട്ട് കരുതണം എന്ന പാര്‍ട്ടി നിര്‍ദ്ദേശം അവര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നതോ കമ്യൂണിസ്റ്റ് സൈന്യം റ്റിറ്റോയോട് ചേരാന്‍ കാരണം ഇറ്റലിയുടെ തെക്കുഭാഗം അമേരിക്കയും ബ്രിട്ടനും ചേര്‍ന്ന സഖ്യകക്ഷികള്‍ പിടിച്ചെടുത്തുകൊണ്ടിരിക്കുകയാണ് എന്ന വസ്തുതയാണെന്നോ അയാള്‍ അറിഞ്ഞിട്ടുണ്ടാവില്ല. അറിഞ്ഞിട്ടും കാര്യവുമില്ല.

ഒരേ യുദ്ധത്തില്‍ ഒരേ പക്ഷത്തു നില്‍ക്കുക എന്നാല്‍ ഒരു വലിയകാര്യമല്ല എന്നു മാത്രം നമ്മള്‍ മനസ്സിലാക്കിയാല്‍ മതി. തോക്കെടുക്കുന്നവന്റെ ജോലി ഇപ്പോള്‍ നിറയൊഴിക്കുന്നത് ആര്‍ക്കുപകരിക്കും എന്ന് ആശങ്കപ്പെടുകയല്ല ശത്രുവിനെ വക വരുത്തുക എന്നതു മാത്രമായിരിക്കണം.

ജുസേപ്പേ പെലഗ്രീനി തൊപ്പി നേരേ വച്ച് തോക്ക് താഴ്വാരത്തിലേക്ക് വെറുതെ ഉന്നം വച്ചു. ആ നേരം ഒരുകാറ്റ് അയാള്‍ ഒളിച്ചിരിക്കുന്ന കുറ്റിച്ചെടിയെ പിടിച്ചുലക്കുകയും മലക്കു താഴെ താഴ്വാരത്തിലേക്ക് ഉഴുകിപ്പോകുന്ന പ്യാവേ നദിയുടെ ഒരു തുമ്പ് അയാള്‍ക്ക് വെളിപ്പെടുകയും ചെയ്തു.

നദികള്‍ക്കും മാറ്റം ഉണ്ടാകാറില്ല. അവ ഒഴുകിക്കൊണ്ടേ ഇരിക്കും. എങ്കിലും ഒരിക്കല്‍ ഒരു നദി വഴിമാറിയാല്‍ ചില വിഴുപ്പുകള്‍ , ചില വഴക്കുകള്‍ , ചില വഴക്കങ്ങളൊക്കെ അവ കവര്‍ന്നെടുത്തെന്നുവരാം

താഴ്വാരത്തിലാണ്.. കടലിനോടടുത്ത്. സമതലത്തില്‍ . സാന്‍ ദൊണാത്തോ നഗരത്തില്‍ . പ്യാവേയുടെ കരയില്‍ . അരികില്‍ പത്തുവയസ്സുകാരന്‍ ചേട്ടന്‍ പട്ടം പറത്തുകയാണ്. നദിക്കു മീതേ കടലില്‍ നിന്ന് ഒഴുകിവന്നുകൊണ്ടിരുന്ന ഒരു കാറ്റ് പട്ടത്തെ തട്ടി തത്തി അക്കരക്ക് കൊണ്ടുപൊയ്ക്കൊണ്ടിരുന്നു. അക്കരെയുള്ള സാന്‍ ദൊണാത്തോ പള്ളിയുടെ മകുടത്തോളം പട്ടം പൊങ്ങി.

കൊച്ചു ജുസേപ്പേ മമ്മയോട് ചോദിച്ചു. മമ്മാ നമ്മള്‍ നില്‍ക്കുന്നിടമല്ലേ സാന്‍ ദൊണാത്തോ. പിന്നെ സാന്‍ ദൊണാത്തോയുടെ പള്ളി അക്കരയിലായി.

നദിക്കരികിലെ സിമന്റുബെഞ്ചിലിരുന്ന് മമ്മ ഉത്സാഹത്തോടെ കഥ പറഞ്ഞു. പണ്ടു പണ്ട് സാന്‍ ദൊണാത്തോ പട്ടണവും നദിക്കക്കരെയുള്ള മുസീലേ പട്ടണവും കടുത്ത ശത്രുതയിലായിരുന്നു. അക്കരെയും ഇക്കരെയുമായി സൈന്യമൊരുക്കി യുദ്ധത്തിനുകാക്കുന്ന ഒരു കാലത്ത് ഒരു രാത്രി പ്യാവെ നദി വഴിമാറി ഒഴുകി. ഇക്കരെ സാന്‍ ദൊണാത്തോയിലിരുന്ന പള്ളി മാത്രം അക്കരെ ആയി. സ്വന്തം പള്ളി നഷ്ടപ്പെട്ട നഗരം പരിഭ്രാന്തിയിലായി. അക്കരെ മുസീലേ നഗരത്തില്‍ ഉള്ളവരാകട്ടെ തങ്ങളുടെ ശത്രുക്കളുടെ കാവല്‍ക്കാരനായ വിശുദ്ധദൊണാത്തൂസ് നദികടന്നു വന്നത് ദൈവത്തില്‍ നിന്നുള്ള അടയാളമായി കരുതി. ഇരു കൂട്ടരും സന്ധി ചെയ്തു. രണ്ടു കരക്കാരും ചേര്‍ന്ന് വിശുദ്ധന്റെ തിരുന്നാള്‍ ഒരുമിച്ച് ആഘോഷിക്കാന്‍ തുടങ്ങി.

ഇപ്പോള്‍ തനിക്കുപിന്നിലൂടെ ഒഴുകുന്ന നദി മലചുറ്റി ഗ്രാമത്തെയും ചുറ്റി ഒഴുകിയാല്‍ ജര്‍ന്മന്‍ സൈനികത്താവളം നദിക്കക്കരെ ആയാല്‍ മലയിറങ്ങി ഗ്രാമത്തില്‍ ചെന്ന്‍ സ്നേഹോത്സവം നടത്തുന്നതിനെക്കുറിച്ച് ഒരു മാത്ര നേരമേ ജുസേപ്പേ പെലഗ്രീനി ചിന്തിച്ചുള്ളൂ. ആ നദിക്കരയില്‍ അക്കരക്ക് ഒരു പട്ടം പറത്തി വിടുന്നതിനെക്കുറിച്ചാണ് അയാള്‍ തുടര്‍ന്ന് ചിന്തിച്ചത്.

അതിരുകള്‍ക്കുമീതെ സൌമ്യമായി തത്തിപ്പോകാനുള്ള പട്ടത്തിന്റെ കഴിവിനെക്കുറിച്ച് എന്തെന്ന് തിരിച്ചറിയാനാവാത്ത ഒരു അത്ഭുതം ഉണ്ടായിരുന്നു കൊച്ചു ജുസേപ്പേക്ക്. സ്വപ്നങ്ങളില്‍ പ്യാവേയുടെ പച്ചയായ തീരത്തിലൂടെ മമ്മയും അവനും കാറ്റില്‍ കൈകള്‍ വിരിച്ച് ഓടി. പിന്നെ പറക്കുന്ന വസ്ത്രങ്ങള്‍ വിടര്‍ത്തിപ്പിടിച്ച് മമ്മ വലിയൊരു പട്ടമായി ഉയര്‍ന്നു. മമ്മയുടെ കൈപിടിച്ച് ഒരു കുഞ്ഞുപട്ടമായി മലകള്‍ക്കും താഴ്വരകള്‍ക്കും മീതെ അവന്‍ പറന്നു.

പ്യാവേ താഴ്വരയുടെ ശാന്തമായ ആകാശത്തിലേക്ക് പട്ടങ്ങളുടെ സൌമനസ്യമില്ലാത്ത സെപ്പല്ലിനുകള്‍ മുരണ്ടുവന്നതോടെ അമ്മ പണികഴിഞ്ഞുവരുവോളം പകലുകള്‍ ചുറ്റും തുണികൊണ്ടുമറച്ച മേശക്കടിയിലായി. ഒരിക്കല്‍ മേശക്കടിയില്‍ നിന്ന് രക്ഷപെട്ടുപോയ ചേട്ടന്‍ പിന്നെ തിരികെവന്നില്ല. റെയ്ഡുകളെ പേടിച്ച് മേശക്കടില്‍ തനിയെ കിടക്കുമ്പോള്‍ കരിഞ്ഞ തുളയില്‍ നിന്നുള്ള വെളിച്ചം പ്രകാശത്തിന്റെ ഒരു തോക്കിന്‍ കുഴല്‍ പോലെ അവനെ ഭയപ്പെടുത്തി. കൊച്ചു ജുസേപ്പേ പറക്കലിനെ വെറുത്തുതുടങ്ങിയത് അക്കാലത്താണ്.

മലകള്‍ക്കും നദികള്‍ക്കും അതിരുകള്‍ക്കും പട്ടം പോലെ പറക്കുന്നതിനെക്കുറിച്ച് വേറുതെ ആലോചിച്ച് തോക്കുകൊണ്ട് താഴ്വാരത്തിലെ നിഴലുകളുടെയും മരങ്ങളുടെയും നേരെ മാറിമാറി ഉന്നം പിടിച്ച് ജുസേപ്പേ പെലഗ്രീനി അങ്ങനെ കിടക്കുമ്പോഴാണ് താഴെ ഗ്രാമത്തില്‍ നിന്ന് മലയിലേക്ക് തെളിഞ്ഞും മറഞ്ഞും വരുന്ന നടപ്പാതയിലൂടെ കാറ്റുപിടിച്ച പട്ടം പോലെ ഒരു രൂപം തോക്കിന്‍ മുനയിലേക്ക് തത്തി തത്തി കയറി വന്നത്.


§ 4. ചിറകും മുരള്‍ചയും

ഗ്രാമത്തില്‍ നിന്ന് പത്തുകിലോമീറ്റര്‍ മാത്രമുള്ള ജര്‍മന്‍ സൈനിക താവളത്തില്‍ നിന്ന് സൈനികരുടെയും അവരുടെ പാവകളായി മലകയറിവന്ന് പ്രതിരോധസേനക്ക് മുന്‍തൂക്കമുള്ള നഗരങ്ങളിലേക്കോ വെനേത്തോയിലേക്കോ കടന്ന് ചാരവൃത്തി ചെയ്യാനിടയുള്ള ഗ്രാമീണരുടെയും നീക്കം നിരീക്ഷിക്കാനാണ് ജുസേപ്പേ പെലഗ്രീനിയും കൂട്ടരും പതിനാലു ദിവസം മുന്‍പ് മലകയറി വന്നത്. രണ്ടുപേര്‍വച്ച് തിരിഞ്ഞ് മലയുടെ പലഭാഗത്തായി പകലും രാവുമില്ലാത്ത കാവല്‍.

ഒന്നും സംഭവിച്ചില്ല. തങ്ങളുടേതല്ലാത്ത യുദ്ധത്തിനിടയില്‍ പെട്ടുപോയതിന്റെ വിഷമതകളോടെ ഗ്രാമം ഉണരുകയും ഉറങ്ങുകയും ചെയ്തു. പാന്‍സര്‍ട്രൂപ്പുകാര്‍ രാവിലെയും വൈകിട്ടും മിലിറ്ററി ബൈക്കുകളില്‍ സംഘമായി സഞ്ചരിച്ച് ജനത്തെ ഭയപ്പെടുത്തുന്നതൊഴിച്ചാല്‍ നാത്സിപ്പടയുടെ കാര്യമായ സാന്നിദ്ധ്യവും കാണാനുണ്ടായിരുന്നില്ല.

ഉച്ചക്കുമുന്‍പ് ഭക്ഷണം എടുക്കാനായി മലയിറങ്ങിപ്പോയതാണ് ജുസേപ്പേ പെലഗ്രീനിയുടെ കൂട്ടുകാരന്‍. അയാള്‍ തിരികെ വരാന്‍ വൈകിയപ്പോഴേ താഴെ ക്യാമ്പില്‍ കാര്യങ്ങള്‍ ശരിയല്ല എന്ന് അയാള്‍ ഊഹിച്ചുതുടങ്ങിയിരുന്നു. എങ്കിലും നഗരത്തില്‍ നിന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അയച്ച കൊമ്മിസാറിയോ ക്യാമ്പില്‍ എത്തിയെന്നും തന്നോടൊപ്പമുണ്ടായിരുന്ന പാര്‍ട്ടി സൈനികര്‍ താഴേക്ക് വിളിക്കപ്പെട്ടു എന്നും അങ്ങനെ വിളിക്കപ്പെടാതെ മലയിറങ്ങിയവര്‍ താല്‍ക്കാലിക അറസ്റ്റിലാണെന്നും അയാള്‍ മനസ്സിലാക്കിയിരുന്നില്ല.

അഥവാ അക്കാര്യം ഊഹിച്ചിരുന്നെങ്കില്‍ പോലും അയാള്‍ക്ക് അധികമൊന്നും ചെയ്യാനുണ്ടായിരുന്നുമില്ല.

അകലെക്കൂടി മൂന്നു വിമാനങ്ങള്‍ ജര്‍മന്‍ പ്രവശ്യകളുടെ അതിരുവഴിയെന്നോണം പാഞ്ഞുപോയി. ജര്‍മന്‍ യുദ്ധവിമാനങ്ങളാണോ മുസോളിനിയുടെ ലിഗൂറിയന്‍ ആര്‍മിയുടേതാണോ അതോ മാര്‍ഷല്‍ റ്റീറ്റോയെ സഹായിക്കുന്ന സഖ്യകക്ഷികളുടേതാണോ എന്നറിയില്ല. ബോംബിംഗിനുള്ള നീക്കം അല്ല എന്നു മാത്രം അയാള്‍ക്ക് ഉറപ്പ് തോന്നി.

മലകയറി വന്നയാള്‍ അടുത്തെത്തിയിരിക്കുന്നു. എന്തു ചെയ്യണം എന്ന് അയാള്‍ക്ക് സംശയമായി. ആലോചിക്കാന്‍ ആരുമില്ല. അടുത്ത പോസ്റ്റുവരെ പോകുന്നത് അപകടമാവും. അടുത്തപോസ്റ്റില്‍ തന്നെ ആരെങ്കിലും ഉണ്ടോ എന്ന് തനിക്കുറപ്പില്ല എന്ന് അയാള്‍ ഞെട്ടലോടെ ഓര്‍ത്തു.

മലമുകളില്‍ അയാള്‍ ഒരുപക്ഷെ ഒറ്റക്കായിരിക്കാം: പ്രതിരോധസേന തന്ത്രമോ താവളമോ മാറ്റിയിരിക്കാം. നാസികള്‍ മറ്റൊരു ഗ്രാമം വഴി മറുവശത്തെത്തിയിരിക്കാം. ഒരു പക്ഷേ താഴെ പൊരിഞ്ഞ സൈനിക നീക്കം നടക്കുന്നുണ്ടാവാം. അപകട സന്ദേശം കൈമാറാനുള്ള സംവിധാനം പോലും തനിക്കിപ്പോള്‍ ഉപയോഗിക്കാവുന്നതിനെക്കാള്‍ ദൂരത്തായിരിക്കുന്നു. കൂടെ ഒരാളെങ്കിലും ഇല്ലാതെയാകുമ്പോള്‍ ലോകം പതിന്മടങ്ങ് അകലെയാകുന്നു.

വഴിക്കിരുവശങ്ങളിലുള്ള തോട്ടങ്ങളിലേക്ക് കയറിയും മരങ്ങള്‍ക്കിടെ മറഞ്ഞും ഉലഞ്ഞും നിന്നും പതുങ്ങി വരുന്നതോ അതോ ക്ഷീണിച്ചുവരുന്നതോ എന്ന് മനസ്സിലാകാത്ത വിധമാണ് കയറിവരുന്ന ആളിന്റെ നീക്കം. അയാള്‍ക്കുപിന്നില്‍ ഒരുവെടിയുതിര്‍ക്കാവുന്ന ദൂരത്തില്‍ ആരുമില്ല എന്ന് ഉറപ്പുവരുത്തിയിട്ട് കാപൊറാലെ ജുസേപ്പെ പെലഗ്രീനി എഴുന്നേറ്റു. തലയിലെ തൊപ്പി ഒരിക്കല്‍ കൂടി നേരേയാക്കി തോക്ക് ചൂണ്ടിപ്പിടിച്ച് തഴക്കം വന്ന സൈനികന്റെ മുഴങ്ങുന്ന ശബ്ദത്തില്‍ അയാള്‍ അലറി.

ആള്‍ട്ട്! കൊണ്‍ന്ത്രോളി!! ഫെര്‍മത്തി ഒ സ്പാരോ. നില്‍ക്കുക! ചെക്കിംഗ്. നില്‍ക്കുക അല്ലെങ്കില്‍ വെടിവയ്ക്കും. വെടിവയ്ക്കും എന്ന് ശീലം കൊണ്ട് പറഞ്ഞുപോയി എങ്കിലും എതിരെ വരുന്ന ആള്‍ ഭയം കൊണ്ട് ഇപ്പോള്‍ നിശ്ചലനാകും എന്ന് അയാള്‍ പ്രതീക്ഷിച്ചിരുന്നു

മലയുടെ നിശ്ശബ്ദതയില്‍ തന്റെ ശബ്ദം ഒരു സെപ്പല്ലിനിന്റെ ഇരമ്പല്‍ പോലെ പ്രതിധ്വനിച്ച് തിരിച്ചു വരുന്നത് അയാളെ അലോസരപ്പെടുത്തി.

മലയോരങ്ങളിലെ ജനങ്ങള്‍ തലമൂടിയിടാറുള്ള കൂടാരത്തൊപ്പി മെല്ലെ ഒതുക്കി രണ്ടുകണ്ണുകള്‍ അയാളുടെ നേരേ പ്രകാശിച്ചു. യൌവനത്തിലേക്ക് കടക്കുന്ന ഒരു യുവാവാണതെന്ന് ജുസേപ്പേ പെലഗ്രീനിക്ക് തോന്നി. കേട്ടതെന്തെന്ന് മനസ്സിലാകാത്തതുപോലെ വന്നയാള്‍ മുന്നോട്ടുതന്നെ നടന്നു. അയാള്‍ക്ക് ഇറ്റാലിയന്‍ മനസ്സിലായില്ല എന്ന് തോന്നി.

ആള്‍ട്ട് ! ഓദര്‍ ഇഹ് ഷീസ്സെ -- നാത്സികളുടെ വെറുക്കപ്പെട്ട ഭാഷ ജുസേപ്പെ പെലഗ്രീനി കയ്പോടെ തുപ്പി. വന്നയാള്‍ വീണ്ടും രണ്ടുചുവട് കയറി അയാളെ നോക്കി. പിന്നെ ചിരിച്ചു.

ആള്‍ട്ട് ! ഴ് തീര്‍ ... ഇനിയെന്തെന്ന വൈക്ലബ്യത്തോടെ ജുസേപ്പെ പെലഗ്രീനി വീണ്ടും ഭാഷ മാറ്റി. മറ്റെയാള്‍ വായുവില്‍ ഒരു ചുവട് വച്ച് ഒരു അഭ്യാസിയുടെ മെയ്‌വഴക്കത്തോടെ പിന്നിലേക്ക് ചാഞ്ഞ് പിന്നിലെ സഞ്ചിയിലേക്ക് കൈയ്യിട്ട്...

കണ്‍മുന്നില്‍ നിന്ന് ആയുധമെടുക്കുന്നവനെ എന്തു ചെയ്യണം എന്ന് 18 വര്‍ഷത്തെ പരിചയമുള്ള സൈനികനെ ആരും പഠിപ്പിക്കേണ്ടതില്ല. നൃത്തത്തിനിടയില്‍ വായുവിലുറഞ്ഞെന്നു തോന്നിയ മെല്ലിച്ച രൂപത്തിന്റെ ഇടതു തോളിനു താഴെ വാരിയെല്ലുകളുടെ കൂടിന്റെ ഉയര്‍ച്ചയില്‍ ചുവപ്പിന്റെ ഉറവ പൊട്ടി. വെടിയൊച്ചയില്‍ അമര്‍ത്തിയ ഒരു ഞരക്കം മാഞ്ഞുപോയി. പിന്നിലേക്ക് നീട്ടിയകയ്യില്‍ നിന്നും വഴിയിലേതോ കാട്ടത്തിയില്‍ നിന്ന് പറിച്ചെടുത്ത പഴങ്ങള്‍ താഴെ വീണു.

അധികം ഉയരാതെ വായുവില്‍ തത്തിനില്‍ക്കുന്ന പട്ടത്തിന്റെ നടുവില്‍ കത്തികൊണ്ട് ഒരു കീറു കീറിയാല്‍ മെല്ലെയൊന്നുലഞ്ഞ് ആടി താഴേക്ക് വീഴും.


§ 5. ടാര്‍ഗറ്റ്

യുദ്ധമുന്നണിയില്‍ സംശയമുള്ള ഒരുത്തനെ കൊല്ലുന്നത് പുതിയകാര്യമൊന്നുമല്ല. പറഞ്ഞാല്‍ കേള്‍ക്കാത്ത നായിന്റെമക്കളെ ചിലപ്പോള്‍ വെടിവച്ചുതള്ളേണ്ടി വരും . കണക്ക് പരീക്ഷക്കു കയറുന്ന പത്തുവയസ്സുകാരന്‍ ഗുണനപ്പട്ടിക ആവര്‍ത്തിക്കുന്നതുപോലെ തന്നോടുതന്നെ ആധിയില്‍ പറഞ്ഞുകൊണ്ട് അയാള്‍ ആ ദേഹം മുഴുവന്‍ പരതി.

ഒരു കൈ ബോംബ്. ഒരു കുഞ്ഞു തോക്കെങ്കിലും.... നായിന്റെ മോനേ മലകയറുമ്പോള്‍ കാട്ടുപന്നി നിന്റെ പണ്ടമെടുക്കാതിരിക്കാന്‍ ഒരു പടക്കമെങ്കിലും വച്ചേക്കാമായിരുന്നില്ലേ... അയാള്‍ കരഞ്ഞു. ഗൊര്‍ഗന്‍സോള മുറിക്കാനുള്ള ഒരു കുഞ്ഞു കത്തിയല്ലാതെ ഒന്നും ഉണ്ടായിരുന്നില്ല.

പതിനാലു വയസേ കാണൂ. കെടുതികള്‍ വായിച്ചെടുക്കാവുന്ന വിളറിയ മുഖം. അരികിലെ സഞ്ചിയില്‍ മലകയറുമ്പോള്‍ പറിച്ചെടുത്ത പഴങ്ങള്‍ .

കൈനിറയെ കാട്ടു ബെറികള്‍ വാരിയെടുത്ത് അവന്റെ മുഖത്തിനുനേരേ പിടിച്ച് അയാള്‍ സര്‍വബലവുമെടുത്ത് മുഷ്ടിചുരുട്ടി പിഴിഞ്ഞു. ചോരനിറമുള്ള പഴച്ചാര്‍ കണ്‍‌തടങ്ങളും ചുണ്ടുകളും നനച്ചിട്ടും നേരിയ ശ്വാസമല്ലാതെ ഒരനക്കവും കണ്ടില്ല. ബലമായി അവന്റെ വായ വലിച്ചു തുറന്ന് അയാള്‍ കയ്യിലൊതുങ്ങുന്നത്ര പഴങ്ങള്‍ അവിടേയ്ക്ക് തിരുകി. താടി ചേര്‍ത്ത് പിടിച്ച് വായടച്ചു. തിന്ന് ..നായിന്റെ മോനേ തിന്ന്. നിന്റെ വിശപ്പുകള്‍ അവസാനിക്കട്ടെ...

അവന്റെ മിടിപ്പൊതുങ്ങിതുടങ്ങിയ ഹൃദയത്തിനു മീതേ കൈവച്ച് അയാള്‍ ആകാശത്തേക്ക് നോക്കി. ആ നേരം ഒരു ദിവ്യാത്ഭുതത്തില്‍ വീണുകിടക്കുന്നവന്‍ തന്റെ കൈതട്ടി മാറുമെന്നും ഉറക്കെ ചിരിച്ച് കുതറിയോടുമെന്നും അയാള്‍ പ്രതീക്ഷിച്ചിരുന്നെന്ന്‍ തോന്നുമായിരുന്നു-

അപ്പോള്‍ അകലെനിന്ന് വിമാനങ്ങള്‍ മുരള്‍ച്ചയോടെ അയാള്‍ നില്‍ക്കുന്ന കുന്നിനുനേരേ ചീറി വന്നു. താനിപ്പോള്‍ നില്‍ക്കുന്നത് ശത്രുക്കളുടെ മണ്ണിലാണെന്നും സ്വന്തം സൈന്യത്തിലുള്ളവര്‍ പോലും തന്നെ വെടിവച്ചുവീഴ്ത്തിയേക്കാം എന്നും അയാള്‍ ഓര്‍ത്തു. അയാള്‍ക്ക് ഭയം തോന്നിയില്ല. അതിവേഗത്തില്‍ ചാടിയെഴുന്നേറ്റ് മരിച്ചുകിടക്കുന്നവന്റെ തോളില്‍ സര്‍വ കലിയോടും ആഞ്ഞു തൊഴിച്ച് അയാള്‍ തോക്ക് ഉയര്‍ത്തി.

വിമാനങ്ങളില്‍ ഒരുപക്ഷേ ഇപ്പോള്‍ തെളിഞ്ഞുകാണാവുന്ന അടയാളങ്ങള്‍ ഏതു സൈന്യത്തിന്റേതെന്ന് നോക്കാനുണ്ടെന്ന് അയാള്‍ക്ക് തോന്നിയില്ല. ഞാന്‍ ഇവിടെയുണ്ട്. ജീവന്‍ റാഞ്ചാനായി പറക്കുന്ന മുരളുന്ന അഹങ്കാരങ്ങളേ ഞാന്‍ നിങ്ങള്‍ക്കായി കാത്തു നില്‍ക്കുന്നു. സോണോ ക്വീ‍.. ഞാനിവിടെയുണ്ട്. സോണോ പ്രോന്തോ... ഞാന്‍ തയ്യാറാണ്.. ഇഹ് ബിന്‍ ഹീയര്‍ ഇഹ് ബിന്‍ ബെറൈറ്റ്... എന്ന് ഉച്ചത്തില്‍ അലറിക്കൊണ്ട് താണുവരുന്ന വിമാനങ്ങള്‍ക്കുനേരേ തുരുതുരാ നിറയൊഴിക്കാന്‍ തുടങ്ങി.

No comments:

Post a Comment