Tuesday, 25 November 2008

ഇല്ലാത്ത വാക്ക്

ബോറ് 11

-- എന്താ കുട്ടീ ഇത് നിന്റെ അച്ഛന്‍ വീട്ടച്ഛനാണെന്നോ?
-- ങ് ... ഹ്...ഹതേ മാം
-- അങ്ങനെയൊരു വാക്കില്ല. നിന്റെ അച്ഛനെന്താ ജോലി?
-- പ്രത്യേകിച്ചു ജോലിയൊന്നും ഇല്ല മാം.
-- നിങ്ങള്‍ക്ക് പറമ്പില്ലേ? അവിടെ കൃഷിയില്ലേ ?
-- യെസ് മാം. ഉണ്ട്
-- എങ്കില്‍ അച്ഛന്‍ കൃഷിക്കാരന്‍ എന്ന് എഴുതൂ
-- മാം അത് .. ഏഴു സെന്റ് സ്ഥലമാണ് ..കുറച്ചു പയറും മലക്കറിയും. അച്ഛനും അമ്മയും കൂടിയാണ് ചെയ്യുന്നത്..
-- അച്ഛന്‍ മറ്റെന്തു ചെയ്യും?
-- അമ്മ രണ്ടു ഷിഫ്റ്റും ജോലിചെയ്യുന്നതുകൊണ്ട് അച്ഛന്‍ വീട്ടിലെ കാര്യങ്ങള്‍..
-- ഹൊ അതല്ലെന്റെ കൊച്ചേ.. അച്ഛന്‍ വീടിനു പുറത്ത് മറ്റൊന്നും ചെയ്യുന്നില്ലേ?
-- എല്‍ ഐ സിയുടെ കളക്ഷനും ഒക്കെ...
-- അപ്പോള്‍ എല്‍ ഐ സി ഏജന്റ്റാണ്
‌-- ഏജന്‍സി അമ്മയുടെ അനുജത്തിയുടെ പേരിലാണ് മാം. അച്ഛന്‍ നടത്തുന്നു എന്നേയുള്ളൂ
-- നിന്റെ അച്ഛന്‍ എന്തായിരുന്നു ചെയ്തിരുന്നത് ?
-- അച്ഛന്‍ മാലിയില്‍ ആയിരുന്നു മാം. അവിടെ നിന്ന്‍ കമ്പനി പൊളിഞ്ഞു വന്നതാണ്..കുറെക്കാലമായി..
-- അപ്പോള്‍ നിന്റെ അച്ഛനു ജോലിയൊന്നുമില്ല.. അദ്ദേഹം ഒരു തൊഴില്‍ രഹിതനാണ്
-- അച്ഛനാണ് മാം വീട്ടിലെ എല്ലാക്കാര്യവും നോ...
-- യൂ ഗോ ആന്‍ഡ് ഡൂ വാട്ട് ഐ സേ
-- ഹുഹ്! യെസ് മാം
-- ഗോ ആന്‍ഡ് കറക്റ്റിറ്റ്. നിന്റെ അച്ഛന്‍ തൊഴില്‍രഹിതനാണ്.
-- യെ.. യെസ് മാം..

Tuesday, 30 September 2008

എന്നിട്ടും...

റബറുവെട്ടുകഴിഞ്ഞ് വരുന്ന മാധവനുകൊടുക്കാനല്ലേ രമണി പുട്ടും കടലക്കറിയും വച്ചു കാത്തിരുന്നത്?

സമയത്തിനു മാധവന്‍ വരാത്തതുകൊണ്ടല്ലേ അമ്മമ്മയ്ക്ക് വെള്ളം ചൂടാക്കാന്‍ പടിഞ്ഞാറ്റയ്ക്ക് പോകുന്നതിനു മുന്‍പ് ‘എന്നാലിനി കാത്തിരുന്നിട്ട് കഴിച്ചാല്‍ മതി’ എന്ന് കുറുമ്പ് വിചാരിച്ച് പുട്ടുവച്ചപാത്രം അലമാരയ്ക്കുള്ളില്‍ അടച്ചുവച്ച് വീടുചാരിപ്പോയത്?

ചാരിയിട്ട വീടിനുള്ളില്‍ ഒളിച്ചിരിക്കുമെന്ന് മനസ്സില്‍ കണ്ട് പരതിയിട്ടും കാണാത്ത പരിഭവത്തിനല്ലേ 'എന്നാലവളെ കാണിച്ചിട്ടേയുള്ളൂ' എന്ന് മനസ്സില്‍ പറഞ്ഞ് കണ്ണില്‍ പെട്ട പുട്ടും തിന്നാതെ മാധവന്‍ കടമുക്കിലേക്ക് പോയത്?

കൂട്ടുകാരന്റെ മുഖം വാടിയിരിക്കുന്നത് കണ്ട് സങ്കടം തോന്നീ‍ട്ടല്ലേ രാഘവന്‍ മാധവനോട് 'നീയിനി കാപ്പി കുടിക്കാന്‍ കടമുക്ക് വരേയും പോണ്ട്ര..ഷാപ്പീന്ന് കപ്പേം കറീം കഴിക്കാം' എന്ന് പറഞ്ഞത്?

കള്ളുകുടി നിറുത്തിയെന്ന് ശപഥമെടുത്തൂന്ന് പറഞ്ഞാല്‍ കൂട്ടുകാര്‍ പെണ്‍കോന്തനെന്ന് വിളിക്കുമെന്ന് ഭയന്നിട്ടല്ലേ മാധവന്‍ പുലരിക്കള്ള് കുടിച്ചത്?

'നിന്നാണെ കുടിക്കില്ലെടീ' എന്ന് മകളുടെതലയില്‍തൊട്ട് സത്യം ചെയ്തവന്‍ കള്ളിന്റെ മണവുമായി വരുന്നത് കണ്ടപ്പോള്‍ 'പാവം ചെക്കന്‍! എത്രനാളായി! വല്ലപ്പോഴുമിത്തിരി ഇളം കള്ള് കുടിച്ചാലെന്താപ്പം കൊഴപ്പം!!!' എന്ന് ഉള്ളില്‍ പറഞ്ഞിട്ടല്ലേ ശങ്കരമ്മാന്‍ മുഖം കടുപ്പിച്ച് 'എന്ത്രാ കഴുവറ്ടാ മോനേ പിന്നീം തെടങ്ങ്യോ കുടി?' എന്ന് ചോദിച്ചത്?

ഉള്ളില്‍ കിടന്ന കള്ളിന്റെ ധൈര്യത്തിലല്ലേ 'മിണ്ടാണ്ടെ പോ മൂപ്പീന്നേ' എന്ന് മാധവന്‍ മറുപടി പറഞ്ഞത്?

കാരണോരു തല്ലാന്‍ കയ്യോങ്ങിയത് കണ്ടപ്പോള്‍ ഉള്ളില്‍ സ്നേഹവും ബഹുമാനവും ഉള്ളതുകൊണ്ടല്ലേ മാധവന്‍ ഇടംവലം നോക്കാതെ വഴി മുറിച്ച് ചാടിയത്?

'പള്ളിക്കൂടത്തില്‍ കുട്ട്യോളെ വിടാന്‍ വൈകീല്ലോ ഭഗവതീ' എന്ന് ഉള്ള്‍ പിടഞ്ഞിട്ടല്ലേ മുന്നിലൊരുവളവുണ്ടായിട്ടും സ്കൂളിലേക്ക് റ്റാക്സിയോടിക്കുന്ന ചുണ്ടക്കാട്ടെ കുമാരേട്ടന്‍ വണ്ടീടെ സ്പീഡ് കുറയ്ക്കാതെ വന്നത്?

എന്നിട്ടും ...

എന്തിനാണ്,

'ഞാങ്കാരണമല്ലേ എല്ലാം' എന്ന്

കുറുമ്പ് കാണിച്ച രമണിയും

കൂട്ടുപോയ രാഘവനും

കളിപറഞ്ഞ കൂട്ടുകാരും

കാര്യം പറഞ്ഞ ശങ്കരമ്മാനും

കയ്യബദ്ധം പറ്റിയ കുമാരേട്ടനും


ചങ്കത്തടിച്ച് നിലവിളിക്കുന്നത് ?

Wednesday, 30 July 2008

മഞ്ഞ

§ 1. സതീശന്‍

മരക്കൊമ്പില്‍ ഒരുവശം കൊണ്ടുഞാന്ന് തലതിരിച്ചു ചിറഞ്ഞുനോക്കുന്ന കടവാതിലിനെപ്പോലെ ബസിന്റെ ചവിട്ട് പടിക്കുമുകളിലെ കമ്പിയുടെ മുകളറ്റത്തു തൂങ്ങി ഒരുകാല്‍ പടിയില്‍ ചവിട്ടി മറുകാല്‍ വായുവില്‍ തുഴഞ്ഞ് സതീശന്‍ ദൈന്യമായ മുഖത്തോടെ എന്നെ നോക്കി. ഇറങ്ങണോ വേണ്ടയോ എന്ന് അവന്‍ ആകുലപ്പെടുന്നതുപോലെ തോന്നി. ‘ഇറങ്ങ്.. വേഗം ഇറങ്ങ്.. മനുഷ്യനെ മെനക്കെടുത്താത്താതെ’ ബെല്ലിന്റെ വള്ളി അക്ഷമയോടെ വെട്ടിച്ച് കണ്ടക്റ്റര്‍ അവന്റെ പിന്നില്‍ ദുര്‍മുഖം കാട്ടി. ഭയന്ന കടവാതിലിനെപ്പോലെ ചിറകുകുടഞ്ഞ് സതീശന്‍ പുറത്തുചാടി.

ബേക്കര്‍ ജംഗ്ഷനില്‍ നിന്ന് ശാസ്തമംഗലത്തേക്ക് ഓട്ടോയില്‍ ഇരിക്കുമ്പോള്‍ ഞങ്ങള്‍ക്കിടയില്‍ എങ്ങനെയോ ഒരു അപരിചിതത്വം പുകഞ്ഞു. കയറ്റം കയറി ട്രാഫിക് ഐലന്‍ഡിനടുത്തെത്തുന്നതിനു മുന്‍പ് സതീശന്‍ എന്തോ പറയാനെന്നപോലെ കൈപൊക്കി. വര്‍ഷങ്ങളായി ഉള്ളില്‍ കുരുങ്ങിക്കിടന്നതുപോലെ ഒരു കുശലം എന്റെ ഉള്ളില്‍ നിന്ന് പുറത്തുചാടി. ‘എന്തടാ മൂത്രമൊഴിക്കണോ?’

ഓട്ടോയുടെ റിയര്‍ഗ്ലാസ്സില്‍ ഡ്രൈവറുടെ മഞ്ഞപ്പല്ലുകള്‍ ഞങ്ങളുടെ സൌഹൃദത്തിന് സിഗ്നല്‍ കാട്ടുന്നതുപോലെ തെളിഞ്ഞു. ഞാനും സതീശനും അറച്ചറച്ച് പരസ്പരം നോക്കിയൊന്നു ചിരിച്ചു.

പതിനാലുവര്‍ഷമപ്പുറത്തെ ബാല്യത്തില്‍ നിന്ന് അന്നേരം ഇറങ്ങിവന്നതുപോലെ സതീശന്‍ എന്റെ കൈ പിടിച്ചു.

ഉച്ചകളില്‍ ഇളം മഞ്ഞനിറമുള്ള വെയില്‍ ഇടറിനില്‍ക്കുന്ന മൊട്ടക്കുന്നിന്റെ ചരിവിലെ ക്ലാസ്മുറിയില്‍ ഉറക്കം ഒരു കോട്ടുവായുടെ വേഷത്തില്‍ മുഖങ്ങളില്‍ നിന്ന് മുഖങ്ങളിലേക്ക് കറങ്ങിനടക്കുന്ന നേരത്ത് പിന്നിലെ ജനലിന്റെ തെളിഞ്ഞചതുരത്തിനു കുറുകേ അറച്ചറച്ച് ഒരു കൈ പൊമ്മ്ങ്ങിവരും. മേരിക്കുട്ടി റ്റീച്ചര്‍ കണക്കോ സയന്‍സോ വറുത്തും കരിച്ചും മടുത്ത വീട്ടമ്മയുടെ പുകഞ്ഞമുഖഭാവം മാറ്റി കുസൃതിയോടെ ചിരിക്കും. ‘എന്താ സതീശാ പോണോ?’

കുനിഞ്ഞമുഖങ്ങള്‍ പലകോണുകളില്‍ പിന്‍ ബഞ്ചിലേക്ക് കള്ളച്ചിരിയോടെ തിരിയുമ്പോള്‍ ഉറക്കം മന്ദതബാധിച്ച ഒരു കാറ്റായി ജനലിനു പുറത്തേക്ക് പോവും. വരിയായിട്ട ബഞ്ചുകളിലെ അടക്കിയ ചിരികള്‍ക്കിടയിലൂടെ സതീശന്‍ ആണ്‍കുട്ടിയെപ്പോലെ നടന്ന് ക്ലാസ്സിനുപുറത്തേക്ക് പോവും.

ഇടയ്ക്കിടെ കയറിവരുന്ന ഈ മൂത്രമൊഴിപ്പുകൊണ്ടാണ് ഞാന്‍ സതീശനെ ശ്രദ്ധിച്ചുതുടങ്ങിയത്. പതുക്കെ അതൊരു കൂട്ടായപ്പോള്‍ ഞാന്‍ അവനോട് ചോദിച്ചു. ‘നിനക്ക് നാണമാവൂല്ലേ?’

‘നാണിക്കാന്‍ ഞാന്‍ പെണ്ണല്ലല്ലോ’ എന്നായിരുന്നു അവന്റെ മറുപടി.

ശരിയായിരുന്നു ആ മറുപടി. കുന്നിന്‍ ചരിവിലെ സ്കൂളില്‍ മൂത്രപ്പുരയുണ്ടായിരുന്നത് പെണ്‍കുട്ടികള്‍ക്കും ലേഡി റ്റീച്ചേഴ്സിനും മാത്രമാണ്. സ്കൂളിനോട് ചേര്‍ന്നുള്ള തോട്ടത്തിലെ ഏതു മരത്തിന്റെ ചുവട്ടിലും ആണ്മൂത്രത്തിന്റെ ചൂരും നനവും പ്രതീക്ഷിക്കാം.

എങ്കിലും ഞങ്ങള്‍ ആണ്‍കുട്ടികള്‍ ഇഷ്ടപ്പെട്ടിരുന്നത് കുന്നിടിച്ചുണ്ടാക്കിയ പ്ലേഗ്രൌണ്ടിനു തൊട്ടുമുകളില്‍ ഉള്ള പുളിമരത്തിന്റെ ചുവട്ടില്‍ മൂത്രമൊഴിക്കാനാണ്. ഇടവേളകളില്‍ തിടിലിന്മേല്‍ നിരന്നുനിന്ന് മൂത്രമൊഴിച്ചാല്‍ ജലധാരപോലെ മൂത്രം താഴെ ഗ്രൌണ്ടിന്റെ പുല്ലുപിടിച്ച അരികിലേക്ക് പോകുന്നത് കാണാം. താഴെ കവലയിലെ ചായക്കടയും അതുവഴി കടന്നുപോകുന്നവരെയും കാണാം.

പെണ്‍കുട്ടികള്‍ക്ക് മാത്രമേ മൂത്രമൊഴിക്കാന്‍ നാണിക്കേണ്ടതുള്ളൂ. ആണ്‍കുട്ടിക്ക് കവലയുടെ തുറിച്ചകണ്ണിലേക്കും മൂത്രമൊഴിക്കാം.

സതീശനോടൊപ്പം സ്കൂളിനുപിന്നിലെ കുന്നുകയറുന്ന വേളകളിലാണ് മൂത്രമൊഴിപ്പിന്റെ നിഗൂഢകലകള്‍ എനിക്ക് തിരിച്ചറിയാനായത്.

പാറക്കെട്ടുപോലെ പൊക്കമുള്ളിടത്ത് കയറിനിന്ന് അന്തരീക്ഷത്തിലൂടെ പിടയുന്ന ചാട്ടവാറായി മൂത്രമൊഴിക്കുക എന്ന കലാവിദ്യയാണ് ആദ്യം വെളിപ്പെട്ടത്.

‘ലോകത്തേതെങ്കിലും പെണ്ണിനുപറ്റുമോടാ ഇങ്ങനെ പെടുക്കാന്‍?’ എന്ന് അവന്‍ വെല്ലുവിളിക്കും.

സ്കൂളിന്റെ മതിലില്‍ വെപ്പുകാരി അമ്മുക്കുട്ടിയമ്മയെയും പ്യൂണ് തോമാച്ചനെയും ചേര്‍ത്ത് തെറി എഴുതിവച്ചതിന് ഹെഡ്മിസ്ട്രസ് തല്ലിയ ദിവസം ആ ചാട്ടവാറടി ഒന്നു കാണണ്ടത് തന്നെയായിരുന്നു.

അവന്റെ അരിശം ഹെഡ്മിസ്ട്രസ്നോടായിരുന്നില്ല അമ്മുക്കുട്ടിയമ്മയോടായിരുന്നു. ‘ആ തള്ളേടെ മോങ്ങല്‍ കാരണമാടാ എല്ലാം. ആ തോമാച്ചനെ നോക്ക്. അയാളുചിരിച്ചതേയുള്ളൂ. അയാളാടാ ആണ്.’ പിടഞ്ഞുവീണ ചാട്ടവാറിന്റെ നീറ്റലില്‍ മരക്കുറ്റിക്കുതാഴെ കുനിഞ്ഞിരുന്നു നിലവിളിക്കുന്ന അമ്മുക്കുട്ടിയമ്മയെ കണ്ട് എനിക്ക് ഭയം തോന്നി.

മൂത്രം കൊണ്ട് അക്ഷരമെഴുതുക വരിയായിപ്പോകുന്ന ഉറുമ്പുകളെ വരിയുടെ പിന്നാലെ മൂത്രമൊഴിച്ച് പ്രളയത്തില്‍ മുക്കിക്കൊല്ലുക രണ്ടുവശത്തെ പാറകളില്‍ കയറിനിന്ന് മൂത്രവാള്‍ കൊണ്ട് പടവെട്ടുക തുടങ്ങി ഒരുപാടുകലാവിദ്യകള്‍ അവനെന്നെ പഠിപ്പിച്ചു.

ഏഴാംക്ലാസ്സില്‍ വച്ച് കണിശക്കാരനായ അമ്മാവന്റെ വീട്ടില്‍ കയറി അയാളുടെ കിടക്കയില്‍ മൂത്രമൊഴിച്ചതിന് കുടുംബവഴക്കുണ്ടായതോടെയാണ് സതീശനുമായുള്ള കൂട്ടിന് വിലക്കുകള്‍ വന്നത്.

അടുത്തവര്‍ഷം ഞങ്ങള്‍ രണ്ടുപേരും രണ്ടുസ്കൂളിലായി. തമ്മില്‍ കാണല്‍ ചുരുക്കമായി. കണ്ടാല്‍തന്നെ മിണ്ടാന്‍ നേരമില്ലാതായി. കഴിഞ്ഞ ആഴ്ചയില്‍ ഫോണില്‍ അവന്റെ ശബ്ദം തിരിച്ചറിയാന്‍ പോലും പാടുപെട്ടു.

തിരുവനന്തപുരത്തേക്ക് വരുന്നു. രണ്ടാഴ്ച താമസിക്കണം. എന്റെ മുറിയില്‍ ഒരാളെ താമസിപ്പിക്കാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നില്ല. മാനേജരോട് ഒന്നു ചോദിക്കുകയേ വേണ്ടൂ. അങ്ങനെയാണ് അവനിപ്പോള്‍ എത്തിയിരിക്കുന്നത്.


§ 2. നഗരം

‘എവിടെയായിരുന്നു നീ?’ ഞാന്‍ ചോദിച്ചു. ഉറപ്പില്ലാത്ത ഉത്തരങ്ങളിലൂടെ അവന്‍ തപ്പിത്തടഞ്ഞു. പിന്നെ റോഡിലെ തിരക്കിലേക്ക് നോക്കി നിസ്സഹായനെപ്പോലെ ചിരിച്ചു.

നഗരം അവനെ ഭയപ്പെടുത്തിയിരിക്കുന്നു. സ്വാഭാവികം.

ബി ഏയ്ക്ക് ചേരാന്‍ തിരുവനന്തപുരത്ത് ആദ്യമെത്തിയപ്പോള്‍ സിനിമസ്ക്രീനിലേക്ക് ചെന്നുകയറിയതുപോലെ തോന്നി. വേഗം. തിരക്ക്. തിളക്കം.

പക്ഷെ ശരിക്കും വിഷമിപ്പിച്ചത് സിനിമയിലെന്ന പോലെ നിറയെ പെണ്ണുങ്ങള്‍ നഗരത്തിലും ഉണ്ടന്നതാണ്. നാട്ടിലെപ്പോലെ നിഴലുകളില്‍ ഒതുങ്ങിനടക്കുന്ന പെണ്ണുങ്ങളല്ല. വണ്ടിയോടിക്കുന്ന പെണ്ണുങ്ങള്‍, ഓഫീസ് നടത്തുന്ന പെണ്ണുങ്ങള്‍, എന്തിന് ചെക്കന്മാരെ കമന്റടിക്കുന്ന പരിഷ്കാരിപ്പെണ്‍കുട്ടികള്‍ വരെ എല്ലാം സിനിമയിലെപ്പോലെ.

വലിയ വീതിക്ക് നിറയെ റോഡുകളുണ്ടായിട്ടെന്തുകാര്യം. സ്വസ്ഥമായി നിന്ന് ഒന്നു മൂത്രമൊഴിക്കാവുന്ന ഒരു മൂലയില്ല. എല്ലായിടവും മൂത്രത്തിന്റെ ക്രിയാത്മകതയെ നിഷേധിക്കുന്ന പെണ്ണുടലിന്റെ കടന്നുകയറ്റമാണ്. ദുഷിച്ചവായു തങ്ങിനില്‍ക്കുന്ന ഇടുങ്ങിയ മുറികളും ഭിത്തികളിലൂടെ ഒളിഞ്ഞിഴയുന്ന തടിച്ചകുഴലുകളും കൊണ്ട് നഗരം മൂത്രത്തിന്റെ ലിഖിതങ്ങളെ തമസ്കരിക്കുന്നു. ആണും പെണ്ണും തമ്മിലുള്ള വ്യത്യാസം അപ്രസക്തമാവുന്നു.

രാത്രിയില്‍ നഗരത്തിലിറങ്ങി നടക്കാന്‍ തുടങ്ങിയതോടെയാണ് ആ ശ്വാസം‌മുട്ടല്‍ മാറിയത്. പകലിന്റെ മോടികളഴിച്ചുവച്ചാല്‍ നഗരം നാട്ടിന്‍പുറത്തെ പോലെ ഒതുങ്ങും. ഓരോ പെണ്ണിന്റെയും പിന്നില്‍ ഒരാണിന്റെ നിഴലുണ്ടാവും. വഴി തിരിയുന്നമൂലകളിലും അടഞ്ഞകടകളുടെ മറവുകളിലും ഒക്കെ ഉടുമുണ്ടുയര്‍ത്തിനിന്ന് മൂത്രമൊഴിക്കുന്ന പുരുഷന്മാരുണ്ടാവും.

നഗരം വേഷം മാറിയ ഒരു ഗ്രാമം മാത്രമാണ് സതീശാ. ഞാന്‍ മനസ്സില്‍ പറഞ്ഞു. നിനക്കെല്ലാം മനസ്സിലാവും. രാത്രിയില്‍ മുഖം മൂടിയില്ലാതെ ഒന്നു കാണുകയേ വേണ്ടൂ.

കാമ്പസ് പരിചയപ്പെട്ടു വരുന്നകാലത്ത് ദുഃസ്വപങ്ങള്‍ കാണാന്‍ തുടങ്ങിയിരുന്നു. ആവര്‍ത്തിച്ചു കണ്ടത് ഇന്‍ഡോര്‍ ബാസ്കറ്റ് കോര്‍ട്ടാണ്. കളിച്ചുകൊണ്ടിരിക്കുമ്പോള്‍ കൂട്ടുകാരെ കാണാതാകുന്നു. പന്ത് ബൌണ്‍സ് ചെയ്യുന്ന ചടുലതാളത്തിന്റെ അകമ്പടിയോടെ ഒരു പെണ്‍പട പത്തോ ഇരുപതോ അല്ല ഒരുപാടൊരുപാട് പേര്‍ ഗ്രൌണ്ട് കീഴടക്കുന്നു. സെന്‍‌ട്രല്‍ സര്‍ക്കിളില്‍ പകച്ചുവീണുപോയ ഇരക്കുചുറ്റും അവര്‍ വലതുകയ്യില്‍ കുതിച്ചു ചാടുന്ന പന്തുമായി വട്ടമിടുന്നു. പിന്നെ പന്തുമായുള്ള നൃത്തവും പെണ്‍പടയും പോയി കോര്‍ട്ട് വലിയൊരു വലയായും കളിക്കാര്‍ നീണ്ടവലിയകാലുകളില്‍ അമര്‍ന്നും ഉയര്‍ന്നും ഉന്മാദനൃത്തം ചെയ്യുന്ന ചിലന്തികളായും രൂപം മാറുന്നു. നടുവില്‍ ഇരയായി സ്വയമറിഞ്ഞ് ഉറക്കം മുറിഞ്ഞ് വിളിച്ചുകൂവിയുണരുന്നു..

ശരിക്കും ഭയന്നത് പെണ്‍പടയുടെ മുന്‍‌നിരയില്‍ ധ്വനിയെ തിരിച്ചറിഞ്ഞ ദിവസമാണ്. ഫുള്‍പാവാടയുടുത്ത് ഒതുങ്ങിയ കുസൃതികളുമായി നടക്കുന്ന പാവം പെണ്ണ് മിനിസ്കെര്‍ട്ടുമിട്ട് അശ്ലീലനൃത്തം പോലെ....

രാവിലെ എഴുന്നേറ്റ് ഹോസ്റ്റലിനു പുറത്തെത്തി അമ്മാവന്റെ വീട്ടിലേക്ക് വിളിച്ചു. അവളെ കിട്ടുന്നതുവരെ ആധിയായി.

‘നീ പ്രിഡിഗ്രി കഴിഞ്ഞാല്‍ എവിടെയാ ചേരുന്നെ..നാട്ടില്‍ തന്നെ പഠിച്ചാല്‍ മതി. വീട്ടില്‍ നിന്നുതന്നെ പോകാമല്ലോ’ യാദൃശ്ചികമെന്നോണം പറഞ്ഞു.

‘ഉണ്യേട്ടനെന്താ വട്ടായോ ഇപ്പോ ഇതൊക്കെ ചിന്തിക്കാന് ?‍’ അവള്‍ ചിരിച്ചു.

ആദ്യവര്‍ഷം കഴിയുന്നതിനു മുന്നേ കാമ്പസിന്റെ ഇരുണ്ടമൂലകളില്‍ വന്‍ ചിലന്തികളുണ്ടെന്ന ഭയം എങ്ങനെയോ ഒതുങ്ങി. ആണ്‍പൂമ്പാറ്റകളും പെണ്‍പൂമ്പാറ്റകളും ചിറകുരുമ്മിപ്പറക്കുന്ന കാഴ്ചകള്‍ മാത്രം. കാഴ്ച ഭയങ്ങളെ ഉച്ചാടനം ചെയ്യുന്ന മാന്ത്രികനാണ്.


§ 3. പ്രളയം

‘ഇവിടെയല്ലേ സാര്‍?’ ഡ്രൈവര്‍ വണ്ടിയൊതുക്കുകയാണ്. ഞങ്ങളിറങ്ങി. പൈസ കൊടുത്തുതിരിയുമ്പോള്‍ സതീശന്‍ വാനം നോക്കി നില്‍ക്കുന്നു.

‘ഇവിടെ ഇവിടെയാണോ നീ താമസിക്കുന്നത്?’ അവന് അതിശയം.

‘അതേ അവിടെ ഏറ്റവും മുകളിലെ നിലയില്‍’ ഞാന്‍ പറഞ്ഞു. അഞ്ചാമത്തെ നിലയാണ്. ടെറസിന്റെ അലോസരപ്പെടുത്തുന്ന ചൂടുണ്ടങ്കിലും സന്ധ്യകളില്‍ ജനലിനുപുറത്തേയ്ക്ക് നോക്കിനിന്നാല്‍ നഗരം വേഷം മാറുന്നത് കാണാം.

‘അപ്പോള്‍ റ്റെറസിലൊക്കെ കയറാമോ?’ അവന്റെ ആവേശം കണ്ടപ്പോള്‍ ചിരി വന്നു. കൊച്ചുകുട്ടികളെപ്പോലെ.

‘കയറാമെടാ വെയിലൊന്നു താഴട്ടെ. ഇപ്പം നീ വാ. നമുക്ക് വല്ലതും കഴിക്കാം’ പടികയറുമ്പോള്‍ അവന് ആവേശം കൂടുകയായിരുന്നു. മുന്നുനാലുതവണ നഗരത്തില്‍ വന്നു പോയിട്ടുണ്ടെങ്കിലും താമസിച്ചിട്ടില്ല. അഞ്ചുനിലയ്ക്ക് മുകളിലുള്ള റ്റെറസില്‍ കയറിയിട്ടില്ല.

അതിശയം തോന്നിയില്ല. ആദ്യാനുഭവങ്ങള്‍ അങ്ങനെയാണ്.

മുറിയിലെത്തിയതും അവന്‍ ജനാലയ്ക്കല്‍ പോയി കുറ്റിയടിച്ചതു പോലെ നിന്നു. വെയിലില്‍ വിജനമായ റ്റെറസുകള്‍ നഗരത്തെക്കുറിച്ചുള്ള ആധികള്‍ മാറ്റുന്ന ഒരു കാഴ്ചയാണ്. ഓരോ നഗരത്തിനും മീതെ കുറച്ചുപേര്‍ മാത്രമുള്ള തെളിവും ഒളിവുമുള്ള ഗ്രാമങ്ങള്‍ ഒളിച്ചിരുപ്പുണ്ട്.

വൈകുന്നേരം റ്റെറസില്‍ അവന്‍ മനസ്സു തുറന്നു. കുടുംബസ്വത്തിന് അമ്മാവനുമായി കേസ്, അച്ഛന്‍ മരിച്ച വകയില്‍ കമ്പനിയില്‍ നിന്ന് കിട്ടാനുള്ള ആനുകൂല്യങ്ങള്‍, അമ്മയ്ക്ക് സര്‍ക്കാരില്‍ നിന്ന് കിട്ടാനുള്ള ആനുകൂല്യങ്ങള്‍, അര്‍ഹതയുണ്ടായിട്ടും പെങ്ങള്‍ക്ക് കിട്ടാതെ പോകുന്ന ജോലി...

നേരം ഇരുണ്ടു. ‘നീ കേസ് കൊടുത്തില്ലേ സതീശാ.. കുറഞ്ഞത് വേണ്ടപ്പെട്ടവര്‍ക്ക് ഒരു പരാതിയെങ്കിലും കൊടുത്തോ നീ?’.

‘എനിക്കാരുടെയും കാലുപിടിക്കാന്‍ വയ്യ!’ അവന്‍ ദേഷ്യപ്പെട്ട് റ്റെറസിലെ അരമതിലിലേക്ക് നടന്നു. കഴിഞ്ഞ ഫോണ്‍കോളിനു ശേഷം വിളിച്ചപ്പോള്‍ അമ്മ പറഞ്ഞിരുന്നു: അമ്മാവനുമായി മത്സരിച്ചുവളര്‍ത്തിയ പകപ്പാമ്പുകളെപ്പറ്റി; ആത്മാഭിമാനവും ആദര്‍ശബോധവും കൂടി വ്യര്‍ത്ഥമാക്കിയ കാത്തിരിപ്പിന്റ്റെ കായ്ക്കാത്ത കൈതകളെപ്പറ്റി. അവരുടെ വീടിരിക്കുന്ന കുന്നുപോലെ കാടുകയറിയ ജീവിതത്തെപ്പറ്റി.

'ഈ നശിച്ച ജീവിതം’ അവന്‍ നിലത്ത് ആഞ്ഞു ചവിട്ടി പാന്റ്സിന്റെ സിപ്പ് അഴിക്കാന്‍ തുടങ്ങി.

‘ടാ’ ഞാന്‍ ഇരുന്നിടത്തുനിന്ന് പിടഞ്ഞെഴുന്നേറ്റു ‘വേണ്ടാ’ പാരപ്പെറ്റിനോടുചേര്‍ന്നുള്ള അരണ്ടവെളിച്ചത്തില്‍നിന്ന് ഇളം മഞ്ഞനിറത്തില്‍ മൂത്രം ചീറ്റിതാഴേക്ക് പോയി. അവനെ കയറിപ്പിടിക്കാന്‍ എനിക്ക് ആ സമയത്ത് ഭയം തോന്നി എന്നതാണ് സത്യം. പക്ഷെ താഴെ മുറ്റത്താരോ കാറുകയും തെറിവിളിക്കുകയും ചെയ്തപ്പോള്‍ ഞാന്‍ അവന്റെ കൈ പിടിച്ച് തിരിഞ്ഞു നോക്കാതെ ഓടി.

മുറിയില്‍ കയറി കതകടച്ച് രണ്ട്മിനിട്ട് കഴിഞ്ഞപ്പോള്‍ സ്റ്റെയര്‍വേയിലൂടെ ആരൊക്കെയോ ഒച്ചവച്ച് കയറിപ്പോകുന്നത് കേട്ടു. ലൈറ്റിടാതെ അവനെ മുറിയുടെ മൂലയിലെ കസേരയിലേക്ക് തള്ളിയിട്ട് ഞാന്‍ കട്ടിലില്‍ വീണു.

പുറത്തെ ബഹളങ്ങള്‍ അടങ്ങിയപ്പോള്‍ അവന്‍ കരയാന്‍ തുടങ്ങി. ‘നിനക്കറിയില്ല. പാവമെന്റെ അമ്മയും പെങ്ങളും..’ അതും കേട്ടിരുന്നു. മെക്കാനിക്കിന്റെ ദിവസശമ്പളത്തിന്റെ സുഭിക്ഷത അവന്. നാളെയെന്തെന്ന ആധി അവര്‍ക്ക്. അന്നന്നത്തേക്ക് ജീവിക്കുന്ന പുരുഷന്റെ തണലില്‍ പെണ്ണിന്റെ നാളെകള്‍ അനാഥമായിത്തുടങ്ങി. ആധിയാണിനി ബാക്കി. അവസാനത്തെ ശ്രമമാണ് ഇത്. നഗരത്തില്‍ ഒരു ജോലിസാധ്യതയുണ്ട്. അത് ശരിയായാല്‍...

നഗരത്തിലെ തിരക്കുകളില്‍ ഒഴുകിനീങ്ങുന്ന സ്ത്രീരൂപങ്ങള്‍ക്ക് അര്‍ത്ഥമുണ്ടെന്ന് തോന്നുകയാണ്. തണലുകളില്‍ ഇടറിനില്‍ക്കാതെ ഈ പൂമ്പാറ്റകള്‍ അവരുടെ പൂമ്പൊടിതിരയുന്നുണ്ടാവും. അര്‍ത്ഥശൂന്യതയില്‍ അമര്‍ഷം കൊള്ളുന്ന തണലുകളുടെ രോഷം ഇരുളില്‍ വായുവില്‍ ഒക്കെ പതുമ്മിപ്പറന്ന്....

ഉച്ചയുറക്കം നഷ്ടമായതുകൊണ്ടും പെട്ടെന്നുണ്ടായ ക്ഷോഭം കൊണ്ടും ഞാന്‍ ക്ഷീണിച്ചിരുന്നു. കണ്ണടഞ്ഞു പോകുന്നപോലെ.

‘നീയെന്താ ഉറക്കം തൂങ്ങുവാണോ.. വാടാ കയറ്.. ഒരു കാര്യം കാണിച്ചുതരാം.’ പൊത്തിപ്പിടിച്ചു കയറി. ഇരുണ്ടപാറയ്ക്കപ്പുറം സൂര്യോദയമാണ്. വെളിച്ചത്തില്‍ കുളിച്ചുനിന്ന് സതീശന്‍ കൈനീട്ടി.

ഇളം മഞ്ഞ വെയിലിനു താഴെ ഗ്രാമങ്ങള്‍ ഉറക്കം തൂങ്ങിക്കിടക്കുന്നു. പിന്നെ കാഴ്ച ഓരോ വീട്ടുമുറ്റത്തേക്കും വഴുതിവഴുതി വ്യക്തമായി വന്നു.

മുഖം പൊക്കുന്ന സൂര്യകാന്തിച്ചുവട്ടില്‍, ഇതള്‍പൊട്ടുന്ന മുളകുകൊടിയുടെ വേരില്‍, കറയിറ്റുനില്‍ക്കുന്ന റബറിന്റെ, കായ്ഫലമുള്ള തെങ്ങിന്റെയൊക്കെ ചുവട്ടില്‍, പുരുഷന്മാര്‍ മുണ്ടുപൊക്കി നിന്ന് മൂത്രമൊഴിക്കുകയാണ്. ഇളം മഞ്ഞയായ ദ്രവസ്വര്‍ണം വേരില്‍ നിന്ന് ചെടിയിലേക്ക് കയറി പൂവായ് കായായ് കറയായ്...

അവയ്ക്കുതാഴെ സ്ത്രൈണമായ ഒളിവിടങ്ങള്‍ അപ്പോഴും ഉറക്കത്തിലാണ്ടുകിടന്നു.

‘നോക്ക്.. അതു നോക്ക്’ അവന്റെ വിരല്‍ തുമ്പുകള്‍ നീങ്ങുന്ന ഇടങ്ങളില്‍ ഉറുമ്പുകളായി നിഴലുകളായി ആള്‍‌രൂപങ്ങളായി ചെറുപ്പക്കാര്‍ പുരുഷന്മാര്‍ മലകറുന്നുണ്ടായിരുന്നു. അവരങ്ങനെ നിരയായി വലിയൊരു ചങ്ങലയായി കിഴക്കന്‍ മലകളില്‍ നിരന്നു നിന്നു. പിന്നെ അവരെല്ലാവരും മൂത്രമൊഴിക്കാന്‍ തുടങ്ങി.

മലകളില്‍ നിന്ന് കുന്നുകളില്‍ നിന്ന് ഇളം‌മഞ്ഞ തോടായും അരുവിയായും ഒഴുകി. നെയ്യാറും കിള്ളിയാറും കരമനയാറും നിറഞ്ഞുവന്നു. മലയോരങ്ങളിലെ ജലാശയങ്ങളില്‍ ഇളം മഞ്ഞയുടെ തിരയുണര്‍ന്നു. തീക്ഷ്ണമായ ഗന്ധമുള്ള പൌരുഷമായ ഒരു കാറ്റ് ഞങ്ങളെ പിടിച്ചുലച്ചു.

‘നോക്ക് നിന്റെ തിരുവനന്തപുരം ഇതൊന്നും അറിയുന്നില്ല’ സതീശന്‍ പരിഹസിച്ചു. തിരിഞ്ഞുനോക്കി. അവിടെ തിരുവനന്തപുരം ഉറക്കമുണരുകയാണ്. നീളമുള്ള നിഴലുകള്‍ നീങ്ങുന്ന നഗരപാതകള്‍. പിന്നെ നിഴലുകള്‍ മാഞ്ഞു. പലവര്‍ണങ്ങളിലുള്ള ചിത്രശലഭങ്ങള്‍ - തെരുവുകളും വഴികളും മുറ്റങ്ങളും മരച്ചുവടുകളും അവയെക്കൊണ്ട് നിറഞ്ഞു.

പീരങ്കിവെടിപോലെ ഇളം മഞ്ഞയുടെ ഒരു ധാര എന്റെ അരികില്‍ നിന്ന് ചീറിത്തെറിച്ചു. ‘നിന്റെ നശിച്ച നഗരം ഇതോടെ തീരും.’ സതീശന്‍ അട്ടഹസിച്ചു. പിന്നെ.. അവനൊരാള്‍ വിചാരിച്ചാല്‍ എന്നോര്‍ത്ത് ഞാന്‍ തിരിയുമ്പോള്‍ പിന്നില്‍ ഒരു ആര്‍ത്തലയ്ക്കുന്ന മഞ്ഞ. ഇത് നഗരത്തിലെത്തിയാല്‍... ഓ ദൈവമേ.. ഇരുണ്ടുകിടക്കുന്ന തെരുവുകളില്‍ നിന്ന് ഓടകളില്‍ നിന്ന് അഴുക്ക്തോടുകളില്‍ നിന്ന് മഞ്ഞയുടെ അലകള്‍ ഉയര്‍ന്ന് നിറയുകയാണ്. തമ്പാനൂരില്‍: ചെങ്കല്‍ചൂളയില്‍ കിഴക്കേക്കോട്ടയില്‍...

വിജയം ആഘോഷിക്കുന്നതുപോലെ സതീശന്‍ ആര്‍ത്തുവിളിച്ചു. ‘ടാ നിര്‍ത്ത്.’ ഞാന്‍ അലറി. ‘നിര്‍ത്തടാ...’

ഇരുട്ട്. ലൈറ്റിന്റെ സ്വിച്ചിനു പരതി. മുറിയില്‍ സതീശനില്ല. ആരുമില്ല. സ്വപ്നത്തിന്റെ അവശിഷ്ടം പോലെ അവന്റെ ബാഗ് കസേരക്കരികില്‍ മലര്‍ക്കെത്തുറന്നിരുന്നു.

ആ രാത്രിയില്‍ ഒറ്റയ്ക്ക് അവന്‍ എങ്ങൊട്ടാണ് പോയതെന്ന് എനിക്ക് ഊഹിക്കാനേ സാധിക്കുമായിരുന്നില്ല. ഞാന്‍ മുറിയില്‍ നിന്നിറങ്ങി താഴേക്ക് പോയി.

‘സെക്കന്‍ഡ് ഷോയ്ക്ക് പോവുകയാണെന്നു പറഞ്ഞു സര്‍’ ഗേറ്റിലെ സെക്യൂരിറ്റി എന്നോട് പറഞ്ഞു. ‘വൈകി വന്നാല്‍ തിരികെ കയറ്റണം എന്നും പറഞ്ഞു.’

തിരികെ കയറിപ്പോയി പന്ത്രണ്ടുമണിവരെ ആധിയില്‍ ഉണര്‍ന്നുകിടന്നു. അന്നേരം ഫോണ്‍ അടിച്ചു. പോലീസ് സ്റ്റേഷന്‍.



§ 4. ശലഭം

‘ന്നാലും നീയെന്തിനാടാ അതു ചെയ്തത്?' ആശുപത്രിയിലെ നാറുന്ന കിടക്കയില്‍ ജനലിനുപുറത്തേക്ക് കണ്ണുനട്ടുകിടക്കുന്ന സതീശനോട് ഞാന്‍ ചോദിച്ചു.

‘നിനക്കറിയില്ല ഒന്നും’ എന്നു പിറുപിറുത്ത് അവന്‍ റ്റവല്‍ വലിച്ചിട്ട് മുഖം മൂടി.

പതിനൊന്നരയ്ക്ക് തിരക്കൊഴിഞ്ഞ സ്റ്റാച്യൂ ജംഗ്ഷനിലെ ട്രാഫിക് ഐലന്‍ഡില്‍ വലിഞ്ഞുകയറി വട്ടത്തില്‍ മൂത്രമൊഴിക്കുമ്പോഴാണ് സതീശനെ പോലീസ് പിടിച്ചത്. അല്പം വീശി നിന്ന ഒരു പോലീസുകാരന്‍ കാല്‍മുട്ടുകൊണ്ട് കുറ്റകൃത്യത്തിന് ഉപയോഗിച്ച അവയവത്തില്‍ തന്നെ പെരുമാറി.

കത്തീറ്റര്‍ എടുക്കാന്‍ ഒരാഴ്ചയോളം വേണ്ടിവന്നു. ഇന്‍ഫെക്ഷന്‍ ബാക്കി. ഇടക്ക് പൊരിഞ്ഞപനിക്കിടെ കടും മഞ്ഞനിറത്തില്‍ റ്റ്യൂബില്‍കൂടി പൊയ്ക്കൊണ്ടിരുന്ന ദ്രാവകം വായുവില്‍ നിശ്ചലചിത്രമായി നിന്നത് പഴയൊരു ചാട്ടവാര്‍ ആരോ ഭിത്തിയില്‍ ആണയടിച്ചു തൂക്കിയതിനെ ഓര്‍മ്മിപ്പിച്ചു.

പനി ശമിച്ച ഒരു ഉച്ചയ്ക്കാണ് സതീശന്‍ പേനയും പേപ്പറും ആവശ്യപ്പെട്ടത്. കട്ടിലില്‍ ചരിഞ്ഞുകിടന്ന് വെയിലിനക്കരെ ചുമക്കുന്നതുവരെ അവന്‍ എന്തൊക്കെയോ കുത്തിക്കുറിച്ചു. ഒരു സ്കൂളില്‍ ഒരുമിച്ചുപഠിച്ചിട്ടും മൂത്രം കൊണ്ടല്ലാതെ അവന്‍ എന്തെങ്കിലുമെഴുതുന്നത് കണ്ടിട്ടുണ്ടോ എന്ന് ഉള്ളില്‍ തിരഞ്ഞു തിരഞ്ഞ് ഞാന്‍ തളര്‍ന്നു.

കാപ്പിവാങ്ങാന്‍ പടിയിറങ്ങുമ്പോള്‍ ആശുപത്രിയുടെ മഞ്ഞമതിലിലൂടെ വലിയകുഴലുകള്‍ അശ്ലീലമായ ശരീരം വലിച്ച് ഇഴഞ്ഞുപോകുന്നു. വായുവില്‍ ഓര്‍മയായി തൂങ്ങിനില്‍ക്കുന്ന പഴയ ചാട്ടയുടെ അറ്റത്ത് നിസ്സഹായനായിക്കിടന്ന സതീശനെ ഓര്‍ത്ത് ഞാന്‍ അവിടെത്തന്നെ ഒരുനിമിഷം നിന്നു.

ഭൂമിയിലെ ഇരുളറകളിലേക്ക് ആണ്ടുപോകുന്ന നിര്‍വീര്യമാക്കപ്പെട്ട മൂത്രത്തിന്റെ ഭീകരമായ ശൌര്യം ഒരിക്കല്‍ തിരയടിച്ചുയര്‍ന്നാല്‍...

‘കൂട്ടുകാരന് എങ്ങനെയുണ്ട്?‘ പടികയറിവന്ന സുന്ദരിയായ നേഴ്സ് കുശലം ചോദിച്ചു. കുടുംബത്തില്‍ പിറന്നപിള്ളേരൊന്നും ചെയ്യാത്തപണി എന്ന് അമ്മാവന്‍ പറഞ്ഞത് വെറുതെ ഓര്‍മ്മവന്നു. വായുവില്‍ പറക്കുന്ന ചിത്രശലഭം ഒരു നിമിഷമൊന്ന് നിന്ന് പിന്നെ പറന്നുപോകുന്നതുപോലെ നഴ്സ് ചിരിച്ചുകൊണ്ട് പടി കയറിപ്പോയി.

നോക്കൂ സ്നേഹിതാ നിങ്ങളൊരു നിശ്ചലചിത്രം കാണുകയാണ്. ഒരു സ്റ്റെയര്‍ കെയ്സ്. ഇറങ്ങിവരുന്ന ഒരാള്‍. അയാളെതൊട്ടുരുമ്മി മുകളിലേക്ക് പറന്നുപോകുന്ന ഒരു ചിത്രശലഭം. സ്റ്റെയര്‍കെയ്സിനുതാഴയുള്ള പൊട്ടിയ റ്റൈത്സിട്ട പഴയ തറയില്‍ നിന്ന് ഏതുനിമിഷവും ഒരു മഞ്ഞസമുദ്രം പൊട്ടിത്തെറിച്ചുവരാം. അതുകൊണ്ടാണ് ചിത്രശലഭം പരക്കുമ്പോള്‍ പോലും താഴേക്കിറങ്ങുന്നയാള്‍ ഉറഞ്ഞുനില്‍ക്കുന്നതും ഇത് ഒരു നിശ്ചലചിത്രമാവുന്നതും.

Monday, 21 July 2008

തവളയും രാജകുമാരിയും : ഒരു മോഡേണ്‍ പഴങ്കഥ

അങ്ങനെ കണ്ണടച്ച് കഴുത്തോളം തികട്ടി വന്ന മനം‌പുരട്ടല്‍ മറച്ചുവച്ച് രാ‍ജകുമാരി തവളയെ ചുംബിച്ചു.

സത്യം പറഞ്ഞാല്‍ രാജകുമാരിക്ക് തവളകളെ അറപ്പായിരുന്നു, എല്ലാവരെയും പോലെ.

എല്ലാ പൂന്തോട്ടത്തിലെയും പോലെ കൊട്ടാരത്തിലെ പൂന്തോട്ടത്തിലും ചെറിയകുളവും എല്ലാ കുളത്തിലെയും പോലെ ആ കുളത്തിലെ വെള്ളത്തിലും തവളകളും ഉണ്ടായിരുന്നു.

എങ്കിലും ഒരിക്കല്‍ പൂന്തോട്ടത്തില്‍ കളിച്ചുക്ഷീണിച്ച് തിരികെ വരുമ്പോള്‍ അമ്മയുടെ മുറിയില്‍ നിന്ന് ഒരു തവള ചാടിപ്പോകുമ്പോഴാണ് രാജകുമാരി ആദ്യമായി തവളയെക്കണ്ട് പേടിച്ചത്.

‘തവളയോ എവിടെ?' അമ്മ റാണി ഞെട്ടിക്കൊണ്ട് ചോദിച്ചു. അവരുടെ മുഖത്തെ പരിഭ്രമം കണ്ടപ്പോള്‍ തവള ഒരു ഭീകര ജന്തുവാണെന്ന് രാജകുമാരിക്ക് മനസ്സിലായി.

പിന്നെ തവളകള്‍ ചൊറിയുണ്ടാക്കുന്ന ഭീകരജീവികളാണെന്നും അവകിടക്കുന്ന വെള്ളം പോലും തൊടരുതെന്നും തവളകളെക്കണ്ടാല്‍ തിരിഞ്ഞുനോക്കരുതെന്നും ഉറക്കത്തിലെങ്ങാനും തവള ഉള്ളില്‍ പോയാല്‍ വയറുതുരന്ന് പുറത്തുവരും എന്നും അമ്മറാണി രാജകുമാരിയെ പഠിപ്പിച്ചു.

എന്നാലും ഒരുദിവസം സ്കൂളില്‍ പോയപ്പോള്‍ കൂട്ടുകാരി കുപ്പിക്കുള്ളില്‍ അടച്ച് പുന്നാരിച്ചുവളര്‍ത്തുന്ന തവളയെ രാജകുമാരി കണ്ടു.

തവളയെ കൈകൊണ്ടെടുത്താലും തൊട്ടാലും കുഴപ്പമൊന്നുമില്ല എന്ന് കൂട്ടുകാരി രാജകുമാരിയോട് പറഞ്ഞു.

എന്നാല്‍ നിന്റെ തവളയെ ഞാന്‍ ഒന്നു തൊട്ടോട്ടെ എന്ന് രാജകുമാരി കൂട്ടുകാരിയോട് ചോദിച്ചു. പക്ഷേ കുപ്പിതുറന്നാല്‍ തവള ചാടിപ്പോകും എന്ന് കൂട്ടുകാരി പറഞ്ഞു.

പിന്നീട് കൂട്ടുകാരിപറഞ്ഞകാര്യമാണ് രാജകുമാരിയെ അത്ഭുതപ്പെടുത്തിയത്. ‘ രാജകുമാരീ ആരോടും പറയൂല്ലെങ്കില്‍ ഞാന്‍ ഒരു രഹസ്യം പറയാം’

കണ്ണുകള്‍ വിടര്‍ത്തി ചെവി കൂട്ടുകാരിയുടെ മുഖത്തോട് ചേര്‍ത്ത് രാജകുമാരി പറഞ്ഞു. ‘പറ.. ഞാന്‍ ആരോടും പറയൂല്ല’

‘സത്യം?'

‘സത്യം!’

‘വൈകിട്ടേ ഞാന്‍ കെടക്കാന്‍ പോവുമ്പം...ശോ നീയാരോടും പറയില്ലാല്ലോ’

‘പറയില്ലാടീ കഴുതേ നീ പറ!’

‘വൈകിട്ടേ ഞാന്‍ കെടക്കാന്‍പോവുമ്പം മുറിയുടെ കതകെല്ലാം അടച്ച് കുപ്പി തുറക്കും’

‘അന്നേരം?'

‘അന്നേരം... എന്റെ തവള പുറത്തിറങ്ങിവരും’

‘എന്നിട്ട്’

‘എന്നിട്ട് ഞാനുണ്ടല്ലോ... നോക്ക് നീ ആരോടും പറയല്ലും!’

‘ഇല്ലെടീ മണ്ടൂസേ..ഇത് നമ്മുടെ രഹസ്യല്ലേ!’

‘ഞാനെന്റെ തവളയ്ക്ക് ഒരുമ്മകൊടുക്കും’ കൂട്ടുകാരിയുടെ മുഖം ചുവന്നു.

‘യ്യേ!’ രാജകുമാരി മുഖം ചുളിച്ചു.

‘അപ്പഴേ..’ കൂട്ടുകാരിയുടെ കണ്ണില്‍ നക്ഷത്രം വിരിഞ്ഞു ‘തവള ഒരു രാജകുമാരനായി മാറും’.

‘യ്യോ..!’ രാ‍ജകുമാരി ഞെട്ടിത്തെറിച്ച് നോക്കിയപ്പോഴേക്കും കൂട്ടുകാരി കുപ്പിയിലെ തവളയെയും എടുത്ത് ഓടിക്കളഞ്ഞിരുന്നു.

പിന്നെ പലതവണ ചോദിച്ചെങ്കിലും കൂട്ടുകാരി തവളയെക്കുറിച്ചൊന്നും പറഞ്ഞില്ല. ‘ശ്യോ ഈ രാജകുമാരീടെ ഒരു കാര്യം’ എന്ന് നാണിച്ച് ഒഴിഞ്ഞുമാറി.

അങ്ങനെയാണ് രാജകുമാരി പുരാതന ചരിത്രങ്ങള്‍ തിരയാന്‍ ആരംഭിച്ചത്. എല്ലാ ചരിത്രപുസ്തകത്തിന്റെയും മൂന്നാം പാഠം തവളയെ ചുംബിച്ച രാജകുമാരിയുടേതായിരുന്നു എന്ന് രാജകുമാരി മനസ്സിലാക്കി.

(ഒന്നാമത്തെ പാഠം ഉറങ്ങുന്ന രാജകുമാരിയെ ചുംബിച്ച രാജകുമാരന്റേതും രണ്ടാമത്തേത് രാക്ഷസനെ സ്നേഹിച്ചുപോയ രാജകുമാരിയുടേതും ആയിരുന്നു. നൂറുവര്‍ഷം ഉറങ്ങിപ്പോകുന്നത് പരമബോറായതുകൊണ്ടും രാക്ഷസന്മാര്‍ തവളകളെക്കാള്‍ ഭയങ്കരന്മാരായതുകൊണ്ടും രാജകുമാരിക്ക് ആ പാഠങ്ങളോട് ഇഷ്ടം തോന്നീല്ല.)

വിമര്‍ശനാത്മക ബോധനശാസ്ത്രം അന്നത്തെയൊന്നും പാഠപുസ്തകത്തില്‍ ഇല്ലാത്തതില്‍ രാജകുമാരിക്ക് അതിശയവും ദേഷ്യവും തോന്നി.

നിങ്ങളുടെ ഏറ്റവും അടുത്തകുളത്തില്‍ എത്ര തവളകള്‍ ഉണ്ടെന്ന് പരിശോധിക്കുക മുതലായ ചോദ്യങ്ങള്‍ ചരിത്രപുസ്തകത്തില്‍ എഴുതിച്ചേര്‍ത്തിരുന്നെങ്കില്‍ എന്തെളുപ്പമായേനേ?

എങ്കിലും പരീക്ഷിക്കാന്‍ തന്നെ രാജകുമാരി തീരുമാനിച്ചു.

കൊട്ടാരത്തിലെ തവളയെ പിടിച്ചാല്‍ അമ്മ റാണി കാണും. വഴക്കുപറയും.

അങ്ങനെ നോക്കി നോക്കി നടന്ന് രാജകുമാരി ആറ്റരികിലെ തെളിഞ്ഞവെള്ളത്തില്‍ പൊങ്ങിക്കിടന്ന ഒരു തവളയുമായി ചങ്ങാത്തത്തിലായി.

തൊട്ടും തടവിയും ഇക്കിളിയിട്ടും തവളക്കുള്ളില്‍ ഒരു രാജകുമാരന്‍ ഉണ്ടോ എന്ന് രാജകുമാരി നോക്കി. എന്നിട്ടൊന്നും ഉറപ്പായില്ല.

എല്ലാ ദിവസവും രാജകുമാരിയോട് കിന്നാരം പറഞ്ഞ് അവന്‍ ആറ്റിലെ തെളിവെള്ളത്തിലേക്ക് തിരികെച്ചാടി പൊങ്ങിക്കിടന്നു.

ആദ്യമൊക്കെ കൊട്ടാരത്തില്‍ തിരിച്ചുവന്ന രാജകുമാരി അമ്മകാണാതെ കൈ സോപ്പിട്ട് കഴുകി. പിന്നെപ്പിന്നെ തവളയെ ഓര്‍ക്കുമ്പോള്‍ കൈ കഴുകുന്നത് എന്തോ അപരാധമാണെന്ന് രാജകുമാരിക്ക് തോന്നി. പക്ഷെ.......

ചുരുക്കിപ്പറഞ്ഞാല്‍ അങ്ങനെയാണ് രാജകുമാരി തവളയെ ചുംബിക്കാന്‍ തീരുമാനിച്ചത്.

രാജകുമാരിയുടെ ചുംബനം കിട്ടിയ തവള കണ്ണുമിഴിച്ച് അവളെ നോക്കി. പിന്നെ സന്തോഷം കൊണ്ട് അവളുടെ കയ്യില്‍ നിന്നു തുള്ളിയ ശേഷം തിരിച്ച് വെള്ളത്തിലേക്ക് ചാടി. പതിവുപോലെ അന്നവന്‍ പൊന്തിവന്നില്ല.

രാജകുമാരി ചുറ്റും പരതി പരതി നോക്കി. പാഠത്തില്‍ പറയുന്നതുപോലെ രാജകുമാരനും കുതിരയും വന്നില്ല. കാത്തുനിന്നിട്ടും കരഞ്ഞിട്ടും തവളപോലും പിന്നെ പൊന്തിവന്നില്ല.

ആറിന്റെ മറ്റൊരരികില്‍ ചാഞ്ഞമുളംചില്ലക്കുകീഴില്‍ തവളകള്‍ ആര്‍ത്താര്‍ത്തു ചിരിച്ചു.

‘ചിരിച്ചോടാ ..നായിന്റെ മോള്‍ടെ നശിച്ച വായ്നാറ്റം!’ രാജകുമാരിയുടെ തവള കാര്‍ക്കിച്ചുതുപ്പി.

‘ന്നാലും നീ കാര്യം സാധിച്ചില്ലേ..’ ഒരു കൂട്ടുതവള പറഞ്ഞു.

‘എന്ത് സാധിച്ചെന്ന്.. അവളോട് ഇവന്‍ രാജകുമാരനാണെന്ന് കള്ളം പറഞ്ഞാല്‍ അവളിവനെ ഇന്നു കൊട്ടാരത്തില്‍കൊണ്ട് പോയി കട്ടിലില്‍ കിടത്തി ജിംഗ്ജിഗാ..’ മറ്റൊരുത്തന്‍ സ്വപ്നത്തിലെന്നപോലെ കണ്ണുമിഴിച്ചു.

‘ഇതാപറയുന്നെ ഇവനു ബുദ്ധിയില്ലാന്ന്. കള്ളം പറയാതിരിക്കാനാ മോനേ മൊബൈലും ബ്ലൂറ്റൂത്തും.. ദാ നോക്ക്’ മറ്റൊറ്റു തവള പറഞ്ഞു. അവന്റെ മൊബൈലിന്റെ വൈഡ് സ്ക്രീനില്‍ രാജകുമാരി തവളയെ പ്രണയപൂര്‍വം ചുംബിക്കുന്നത് തെളിഞ്ഞു.

‘ഇനി അവള്‍ നമ്മള്‍ പറയുന്നിടത്താ... അല്ലെങ്കില്‍ ഈ ക്ലിപ്പ് വച്ച് നമ്മളൊരു കളി കളിക്കും.’

‘യ്യോ പാവം’ ഒരു തവള പറഞ്ഞു. മറ്റൊരുത്തന്‍ വെള്ളത്തിലൊഴുകിവന്ന ഒരു കൊമ്പിന്‍ കഷണം പിടിച്ചെടുത്ത് അവനെ എറിഞ്ഞു. ‘എന്തു പാവം. കണ്ടില്ലേ നായിന്റെ മോള്‍ടെ ചപ്പലും വലീം. അവളൊരു വെടിയാടാ..’

‘ഇനിവരുമ്പം പല്ലുതേച്ചാല്‍ മതിയായിരുന്നു’ ചുംബനം കിട്ടിയ തവള പറഞ്ഞു.

കഥയിലെ രാജകുമാരി അപ്പോള്‍ കൊട്ടാരത്തിലേക്കുള്ള വഴിയിയിലൂടെ കലുങ്ക് കടക്കുകയായിരുന്നു. കലുങ്കിലുരുന്ന ഒരു തവള തന്റെ മൊബൈലിലേക്ക് സൂക്ഷിച്ചുനോക്കിയിട്ട് രാജകുമാരിയെ നോക്കി മധുരമായി ചിരിച്ചു.

തവള പറഞ്ഞു ‘ഹായ്!’

രാജകുമാരി അവനെ അമ്പരന്നു നോക്കി.

‘ഒരുമ്മ തര്വോ’ തവള ചോദിച്ചു. ചരിത്രത്തിലെ പാഠത്തില്‍ എവിടെയാണ് പിഴവുപറ്റിയതെന്നറിയാതെ രാജകുമാരി പൊതുവഴിയില്‍ അന്തം വിട്ടു നിന്നു.

കുപ്പിയിലടച്ച തവളകളും കുളത്തിലെതവളകളും ആറ്റിലെ തവളകളും തമ്മിലുള്ള വ്യത്യാസങ്ങളും പതിനാറാം നൂറ്റാണ്ടുമുതല്‍ ഇന്നോളം തവളകളും രാജകുമാരിമാരും തമ്മിലുള്ള ബന്ധത്തില്‍ വന്ന മാറ്റങ്ങളും വിഷയമാക്കി വിമര്‍ശനാത്മക ബോധനശാസ്ത്രം അനുസരിച്ചുണ്ടാക്കിയ റ്റെക്സ്റ്റ്‌ബുക്ക് ചര്‍ച്ചചെയ്യാന്‍ കൂടിയ കരിക്കുലം കമ്മറ്റി അന്നു വൈകുന്നേരത്തേക്ക് ചായകുടിച്ച് പിരിയുകയായിരുന്നു അന്നേരം.

Tuesday, 15 July 2008

ഈഡിപ്പസ് ഇന്ററപ്റ്റസ്





നിങ്ങള്‍ സ്വീകരണമുറിലിലെ സോഫയില്‍ ചാരി ഇരിക്കുകയാണ്. മുറിയില്‍ അരണ്ടവെളിച്ചമേ ഉള്ളൂ. എങ്കിലും നിങ്ങള്‍ ജനല്‍ തുറന്നിട്ടില്ല. നിങ്ങള്‍ ഒരു പുസ്തകം വായിക്കാന്‍ ശ്രമിക്കുന്നുണ്ട്. നിങ്ങളുടെ വായന ഒന്നാം വരിയില്‍ നിന്ന് ഏഴാം വരിയിലേക്കും പിന്നെ മൂന്നാം വരിയിലേക്കും വെറുതെ ചാടുകയാണ്. ഇടയ്ക്ക് നിങ്ങള്‍ കോട്ടുവായിടുന്നുണ്ട്. നിങ്ങളുടെ കണ്തടങ്ങള്‍ വീര്‍ത്തിരിക്കുന്നു. കഴിഞ്ഞ രാത്രിയില്‍ നിങ്ങള്‍ ഉറങ്ങിയിട്ടില്ല.

കാരണം മുകളിലെ മുറിയില്‍ ഒരു ജഡമുണ്ട്. ഇന്നലെ ഒന്നരമുതല്‍. അതിനുമുമ്പ്.. അതിനു മുമ്പും അത് ശവം തന്നെയായിരുന്നു.

വിചാരിച്ചതിലേറെ എളുപ്പമായിരുന്നു. മണി ഒന്നര. ആള്‍ നല്ല ഉറക്കം. മുഖച്ഛാ‍യയ്ക്ക് ഓര്‍മകളെ വിളിച്ചുണര്‍ത്താനാത്ത നിറം മങ്ങിയ ഇരുള്‍.

മൃദുവായ തലയിണ. മുഖം കൃത്യമാ‍യി ഒന്ന് കണക്കുകൂട്ടി മൃദുവായ അമര്‍ത്തല്‍. പിന്നെ ചെറിയപിടച്ചില്‍. അല്പം കൂടിശക്തി. പിന്നെയും പിന്നെയും... കൈത്തണ്ടയില്‍ ആര്‍ന്നിറങ്ങുന്ന വിരലുകള്‍ നിങ്ങളുടെ കൈപ്പത്തിയിലുയര്‍ത്തുന്ന രക്തസമ്മര്‍ദ്ധത്തിന്റെ പിടച്ചിലറിഞ്ഞ് നിങ്ങള്‍ കിതയ്ക്കുന്നു. കട്ടില്‍ പിടയുന്നു. ഉലയുന്നു. ഒന്ന്... രണ്ട്... മൂന്ന്.. തളര്‍ന്ന് കിടയ്ക്കയ്ക്കരികില്‍ മുട്ടുകുത്തുമ്പോള്‍ നിങ്ങള്‍ ജയിച്ചു എന്ന് നിങ്ങളറിയുന്നു.

ഒരു തവണ. അവസാനത്തെ ഒരു തവണയെങ്കിലും ജയം നിങ്ങളുടേതാണ്. അവസാ‍നത്തെ ഒരു തവണയെങ്കിലും ശവം ശവമാണെന്ന് സ്വയം സമ്മതിച്ചേ തീരൂ.

നിങ്ങള്‍ തലയിണ തിടുക്കത്തില്‍ ശവത്തിന്റെ ശിരസ്സിനരികില്‍ വയ്ക്കുന്നു. അതു ശരിയായില്ല. ഷീറ്റിനടിയിലേക്ക് തിരുകുന്നു. അതും ശരിയായില്ല. അലമാരയ്ക്ക് മുകളില്‍ .. അവിടെ ഒരു പഴയ മെത്തയും തലയിണയും ചുരുട്ടിവച്ചിട്ടുണ്ട്.

ജനല്‍ തുറന്നു കിടക്കുകയാണ്. തലയിണതാ‍ഴെയിട്ട് നിങ്ങള്‍ ജനാലക്കരികിലേക്ക് പോകുന്നു. കര്‍ട്ടന്‍ പൊടുന്നനെ വലിച്ചുനീക്കി പുറത്തേക്ക് നോക്കുന്നു. അവിടെ ഒളിച്ചുനില്‍ക്കുന്ന ഒരാളുടെ നിലവിളി നിങ്ങള്‍ പ്രതീക്ഷിക്കുന്നു. പക്ഷെ ആരുമില്ല.

കര്‍ട്ടന്‍ നീക്കി അരണ്ടവെളിച്ചത്തില്‍ നിങ്ങള്‍ തലയിണ ഉറപ്പിക്കുന്നു. ജനല്‍ അടച്ച് കൊളുത്തിട്ട് കര്‍ട്ടന്‍ നീക്കിയിടുന്നു.

വാതില്‍ക്കല്‍ എത്തി നിങ്ങള്‍ ഒരുനിമിഷം തടഞ്ഞുനില്‍ക്കുന്നു. ഇതുവരെ ചെയ്തതില്‍ ഏറ്റവും പ്രയാസമുള്ള ഭാഗം അതാണ്. രഹസ്യത്തിന്റെ മുറിയില്‍ നിന്ന് പുറത്തേക്ക് കാല്‍ വയ്ക്കുക.

നിങ്ങള്‍ക്ക് നില്‍ക്കാനാവില്ല. ശവത്തെ ഒന്നുകൂടെ നോക്കണം എന്ന് നിങ്ങള്‍ക്കുണ്ട്. കട്ടിലിനപ്പുറത്തെ ഭിത്തിയിലെ ഇരുണ്ട രൂപങ്ങളിലേക്ക് നിങ്ങള്‍ പരതിനോക്കുന്നു. അതിവേഗത്തില്‍ പുറത്തിറങ്ങി വാതില്‍ ശബ്ദത്തോടെ വലിച്ചടയ്ക്കുന്നു.

താഴെ മുറിയില്‍ അപ്പോഴും ഇതേവെളിച്ചം. ഇതേ ഇരുള്‍. നിങ്ങള്‍ പുസ്തകം എടുത്ത് വായിക്കാന്‍ ശ്രമിക്കുന്നു.

ഒരു ശവം അനിവാര്യമാക്കുന്ന ചില കാര്യങ്ങളുണ്ട്. എത്രത്തോളം കാക്കണം എന്ന ആശങ്ക നിങ്ങളുടെ മനസ്സിലുണ്ട്. ചീഞ്ഞുതുടങ്ങിയാലും വീട്ടിനു പുറത്ത് ഒന്നുരണ്ടുദിവസത്തേക്ക് ആരുമറിയില്ല.എന്തായാലും കാത്തിരിക്കുകയാണ് ഇപ്പോള്‍ നിങ്ങള്‍.

പക്ഷേ വീട്ടില്‍ നിങ്ങളും ശവവും മാത്രമേയുള്ളൂ. നിങ്ങളും ഇരുളും ശവവും. അല്ല. അടുക്കളയില്‍ നിന്ന് ഇന്നലെ രണ്ടുപേരും രണ്ടുതവണയായി പങ്കിട്ട ഭക്ഷണത്തിന്റെ മണം. വാതിലരികില്‍ മറഞ്ഞും തെളിഞ്ഞും അനങ്ങുന്ന കര്‍ട്ടന്‍ തുമ്പുകള്‍.

ഒരു ശവത്തിനു കൂട്ടിരിക്കുമ്പോള്‍ എന്തേ ചുറ്റുമുള്ളതൊക്കെ ജീവനുള്ളതായി തോന്നാന്‍. ആ ശവത്തിനു ജീവനുള്ളപ്പോള്‍ ചുറ്റും എല്ലാം മരിച്ചിരുന്നു. വാതിലില്‍ മറഞ്ഞുകളിക്കുന്ന കര്‍ട്ടനുകള്‍ക്ക് ഒരു സാരിത്തുമ്പിന്റെ പ്രേതച്ഛാ‍യ. കതകില്‍ മുട്ടിയലഞ്ഞുപോകുന്ന കാറ്റിന് മുറ്റത്ത് പൂത്തിട്ടും ഉറഞ്ഞുനില്‍ക്കുന്ന ചെടികള്‍ക്ക് സീലിംഗിലും ചുവരുകളിലും പതിഞ്ഞിഴഞ്ഞുനടന്ന വാക്കിന്റെ പുഴുക്കള്‍ക്ക് അടുക്കളയില്‍ വിളമ്പി വാര്‍ത്തെടുക്കുന്ന ഭക്ഷണത്തിന് ഒക്കെ മരണത്തിന്റെ മാത്രം മണവും രുചിയും.

ഇപ്പോള്‍ വീടിനെങ്ങനെയോ ജീവന്‍‌വയ്ക്കുന്നു. നിങ്ങള്‍ ഭയം കലര്‍ന്ന അത്ഭുതത്തോടെ അതിനെ നോക്കിക്കാ‍ണാന്‍ ശ്രമിക്കുന്നു. ശവത്തിന്റെ അനിവാര്യതകള്‍ ഒഴിവാ‍കുമ്പോള്‍, നിങ്ങള്‍ സ്വയം പറയുന്നു, കിഴവാ ഈ വീടിന് ജീവനുണ്ടാവും. കാറ്റ് ഈ വാതിലും ജനലും വഴി കടന്നുവന്ന് ഇവിടെ നൃത്തം വയ്ക്കും. വാക്കുകളുടെ ഇഴയുന്ന പുഴുക്കള്‍ക്ക് പകരം പാട്ടിന്റെ ശലഭങ്ങളിവിടെ പറക്കും.

സ്വാര്‍ത്ഥമതിയായ രാക്ഷസാ നിന്റെ മഞ്ഞുകാലം അവസാനിക്കുന്നു.

മുകളില്‍ വാതില്‍ തുറന്നടഞ്ഞോ? സാധ്യമല്ല. ശവം ശവം മാത്രമാണ്. വാതിലുകളും ജനലുകളും അടഞ്ഞുകിടക്കുകയാണ്. മുകള്‍മുറികള്‍ ഇനിയും ജീവന്‍ വച്ചിട്ടില്ല. വയ്ക്കാനാവില്ല. പാടില്ല.

പക്ഷെ പടിയിറങ്ങി വരുന്നതുപോലെയുള്ള ശബ്ദം കേള്‍ക്കുന്നതെന്താണ്. ഇത് അസാധ്യമാണെന്ന് നിങ്ങള്‍ക്കറിയാം. അറിയാതെ ഉള്ളിലുള്ള ഏതോ ഭയം നിങ്ങളെ കൊളുത്തിവലിക്കുകയാണ്. നിങ്ങളതിന് കീഴ്പ്പെടില്ല.

ഇവിടെയാരുമില്ല. നിങ്ങള്‍ സ്വയം പറയുന്നു. ശബ്ദം വെറും തോന്നലാണ്. പുസ്തകത്തിന്റെ പേജുകള്‍ തുരുതുരാ മറിച്ച് നിങ്ങള്‍ മുറിഞ്ഞ വാക്കുകള്‍ വായിക്കുന്നു. ഇവിടെയാരുമില്ല. എങ്കിലും നിങ്ങള്‍ക്ക് തിരിഞ്ഞുനോക്കാന്‍ ധൈര്യം തോന്നുന്നില്ല.

വീട് വീണ്ടും മരിച്ചിരിക്കുന്നു. അനക്കങ്ങളില്ല. മരണത്തിന്റെ നിശ്ചലത.

നിങ്ങളുടെ കാല്‍മുട്ടുകള്‍ പോലും മടങ്ങുന്നില്ല.

തൂക്കിക്കൊലക്ക് വിധേയനായ ആളിന്റെ ലിംഗം പോലും ഉദ്ധരിച്ച് വിറുങ്ങലിക്കും എന്ന് നിങ്ങള്‍ പൊടുന്നനെ ഓര്‍ക്കുന്നു. കടുത്ത വാശിയോടെ നിങ്ങള്‍ കാല്‍മുട്ട് വളച്ച് മടക്കുന്നു. ശ്വാസം മുട്ടിമരിച്ചാലും അങ്ങനെ സംഭവിക്കുമോ? അങ്ങനെയാണെങ്കില്‍ ശവത്തിന്റെ ലിംഗം ഇപ്പോള്‍ വെറുങ്ങലിച്ചുനില്‍ക്കുന്നുണ്ടാവും.

വല്ലാത്ത ഒരു ആകാക്ഷയില്‍ നിങ്ങള്‍ ഞെട്ടിത്തിരിയുന്നു. സ്റ്റെയര്‍വേയ്സ് പകുതിക്ക് വച്ച് തിരിയുന്നിടത്ത് അച്ഛന്‍ നില്‍ക്കുന്നു. അച്ഛന്റെ ശവം. ശവം. വിളറിവെളുത്ത് വലിഞ്ഞുമുറുകിയ മുഖത്ത് ദൈന്യം നിറഞ്ഞ നോട്ടം.

കഴുത്തില്‍ കയറുമുറുകിയതു പോലെ നിങ്ങള്‍ എടുത്തുചാടി വലിഞ്ഞുമുറുകി നില്‍ക്കുന്നു. നിങ്ങളുടെ വാക്കുകള്‍ വിറക്കുന്നു. “നിങ്ങള്‍ മരിച്ചു. നിങ്ങള്‍ മരിച്ചതാണ്.” സ്വയം വിശ്വസിപ്പിക്കാനെന്നപോലെ നിങ്ങള്‍ അതേകാര്യം ആവര്‍ത്തിക്കുന്നു.

ശവം നിങ്ങളെ ശൂന്യമായി നോക്കുന്നു. പിന്നെ അതേ എന്ന് തലകുലുക്കുന്നു. “അതേ മരിച്ചു. പക്ഷെ പോകുന്നതിന് മുന്‍പ് എനിക്ക് ഒരുകാര്യം നിനക്ക് കാണിച്ചുതരാനുണ്ട്.”

ഇതൊരു പ്രേതസിനിമയാണോ എന്ന് നിങ്ങള്‍ സ്വയം ചോദിക്കുന്നു. അല്ല. അയാള്‍ നടക്കുകയാണ്. കാലുകള്‍ വലിച്ചു വച്ച് കൈവരി പിടിച്ച് ആയാസത്തോടെ തിരിഞ്ഞുനോക്കാതെ മുകളിലേക്ക് കയറുന്നു.

ഇതാണ് നിങ്ങള്‍ക്കുള്ള സമയം. പുറത്തേക്ക് ഓടി രക്ഷപെടാം. പണ്ടേ മരിച്ചുനില്‍ക്കുന്ന ഈ വീടില്‍ നിന്ന് മുന്‍പേ ശവമായിരുന്ന അച്ഛന്റെ ഇഴയുന്ന വാക്കുകളില്‍ നിന്ന്.

പക്ഷെ അതിനു കഴിയുന്നില്ല. മരണത്തില്‍ നിന്ന് എഴുന്നേറ്റ് വന്ന് കാട്ടിത്തരാനാഗ്രഹിക്കുന്ന ആ രഹസ്യം എന്താവും?

വശീകരിക്കപ്പെട്ടവനെപ്പോലേ നിങ്ങള്‍ അച്ഛനുപിന്നാലെ, അച്ഛന്റെ ശവത്തിന് പിന്നാലെ, കയറുന്നു.

മരിച്ചുകിടന്ന മുറിയുടെ വാതില്‍ തുറന്നു പിടിച്ചുനില്‍ക്കുകയാണ് ശവം. മുഖത്ത് മരണം.

“നോക്കൂ.” ശവം പറയുന്നു. “ആ കട്ടിലിലേക്ക് നോക്കൂ.”

അവിടെ ജഡം ഇല്ല. അതുതന്നെയാണല്ലോ നിങ്ങളുടെ അരികില്‍ നില്‍ക്കുന്നത്.

നിങ്ങള്‍ ശൂന്യമായ കട്ടിലിലേക്ക് നോക്കുന്നു. പ്രത്യേകിച്ച് ഒന്നും കാണുന്നില്ല. അതില്‍ എന്താണ് ഒന്നും കാണുന്നില്ലല്ലോ എന്ന് നിങ്ങള്‍ പറയുന്നു.

“അടുത്തു ചെല്ലൂ സൂക്ഷിച്ചു നോക്കൂ.” ജഡം വിരസതയോടെ ആവര്‍ത്തിക്കുന്നു. മരിച്ചവര്‍ക്ക് രഹസ്യങ്ങളിലുള്ള താല്പര്യം പോലും നശിച്ചുപോയേക്കാം. നിങ്ങള്‍ അനുസരിക്കുന്നു.

കട്ടിലില്‍ ചുളിഞ്ഞുമടങ്ങിയ ഷീറ്റ്. നൂറ് യുദ്ധങ്ങള്‍ കഴിഞ്ഞ യുദ്ധഭൂമി പോലെ. പിറക്കാതെ പോയ ലക്ഷാനുലക്ഷം യോദ്ധാക്കളുടെ നിലവിളികള്‍ കേള്‍ക്കുന്നതുപോലെ നിങ്ങള്‍ക്ക് തോന്നുന്നു. ജന്മം എന്ന നിയോഗം നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. ആ അതിശയത്തിലുറഞ്ഞ് നിങ്ങളങ്ങനെയിരിക്കുമ്പോള്‍...

തലക്ക് പിന്നില്‍ അതിശക്തമായ ഒരു അടിയേറ്റാണ് നിങ്ങള്‍ മരിക്കുന്നത്. കണ്ണിലേക്കിരുട്ടുകയറുന്ന ഒരു ചെറിയ നിമിഷത്തില്‍ ഇന്നലെ നിങ്ങള്‍ തലയിണ വേണ്ടവണ്ണം അമര്‍ത്തിയില്ല എന്ന് നിങ്ങള്‍ മനസ്സിലാക്കുന്നു.

“ദ ഓള്‍ഡ് റാസ്കല്‍ വിന്‍സ് എഗന്‍” എന്ന വാക്കുകള്‍ നിങ്ങളുടെ അവസാന ശ്വാസത്തോടൊപ്പം ഉള്ളിലേക്കൊടുങ്ങുന്നു.

വാതില്‍ ചാരി പുറത്തേക്ക് പോകുന്ന കാലുകളില്‍ ഇപ്പോള്‍ മരണത്തിന്റെ തളര്‍ച്ചയില്ല. പടികള്‍ ഉത്സാഹത്തോടെയിറങ്ങി അയാള്‍ സോഫയില്‍ ഇരിക്കുന്നു. പുസ്തകം കയ്യിലെടുത്ത് ഒരു താള്‍ മറിച്ച് താല്പര്യത്തോടെ പുഞ്ചിരിക്കുന്നു.

പിന്നിലെ ജനാലയില്‍ നിന്ന് ഒരു കാറ്റ് കടന്നുവന്ന് വാതിലിലെ കര്‍ട്ടനുകള്‍ നൃത്തം ചെയ്തു തുടങ്ങുന്നു.

Wednesday, 9 July 2008

കില്‍ ദ ഡേര്‍ട്ടി ബിച്ച്

ഒടുക്കത്തെ ചൂടും പൊള്ളുന്ന വേവും ആണ് നഗരത്തില്‍. വാഹനങ്ങള്‍ ഒഴുകിപ്പോകുന്ന നഗരപാതയക്കരികിലൂടെ തിരക്കിട്ടു നീങ്ങുന്ന അപരിചിതരുടെ ഇടയിലൂടെ നടക്കുമ്പോള്‍ ഒരു വീഡിയോ ഗെയിമിലേക്ക് ചെന്നുകയറിയ പ്രതീതിയാണ്.

ടണലിനു* തൊട്ടുമുന്നില്‍ തൊണ്ണൂറു ഡിഗ്രിയില്‍ ഒരു വളവ്. ഗെയിമിനു പറ്റിയ സെറ്റിംഗ്.

ആറുവഴികളിലേക്ക് തിരിയാന്‍ ട്രാഫിക് തിരിച്ചുവിടുമ്പോള്‍ വഴിമുറിച്ചുനടന്നുവരുന്നവരെ നിയന്ത്രിക്കാന്‍ നടുറോഡില്‍ ഒരു ഐലന്‍ഡ്. ബെസ്റ്റ് സ്പോട്ട്. അവിടെയാണ് ഞാനിപ്പോള്‍.

തൊണ്ണൂറുഡിഗ്രിയുടെ മറവിനപ്പുറം അമ്പയറുടെ വെടിപൊട്ടാന്‍ കാത്തുനില്‍ക്കുന്ന അത്‌ലറ്റുകളെ പോലെ ഇരച്ചുനില്‍ക്കുന്ന വാഹനങ്ങള്‍.

മുന്‍പില്‍ വഴി ശൂന്യമാണെങ്കിലും റ്റണലിനു മുകളിലെ കുന്നിറങ്ങി വരുന്ന വാഹനങ്ങള്‍ തിരിഞ്ഞുപോകാനുള്ള സമയം തീരുന്നതുവരെ അവ കാത്തുകിടന്നേ പറ്റൂ...

വേഗത്തിനുമുന്നേയുള്ള അക്ഷമ.. കൊടുങ്കാറ്റിനു മുന്നേയുണ്ടാകുന്ന ചുഴലി.

എന്നാലൊന്നു ഭാഗ്യം പരീക്ഷിക്കാം എന്നു നോക്കാനൊരു കാല്‍ മുന്നോട്ടുവച്ചതും പിന്നില്‍ നിന്നൊരു ബൈക്ക് അലറിത്തിരിഞ്ഞു ദേഹത്തുരുമ്മിപ്പോയി. കടിച്ചാല്‍ പൊട്ടാത്ത തെറി ഹെല്‍മറ്റിനുള്ളിലൂടെ ചിതറിവന്നു.

കയറി നിന്നു. വേണ്ട. കൊടും ചൂടത്തും ഈ വേഗം നോക്കി നില്‍ക്കുന്നതും ഒരു രസം.

അപ്പുറത്തെ പള്ളിയുടെ ഭാഗത്തുനിന്ന് ഒരു വൃദ്ധ പ്രാഞ്ചിപ്രാഞ്ചി നടന്നുവരുന്നു. പ്രായം കൊണ്ട് വേയ്ക്കുന്നെങ്കിലും നല്ല പ്രസരിപ്പുള്ള മുഖം. ഉടനെയൊന്നും ചാവില്ല എന്ന് വിളിച്ചുപറയുന്നതു പോലെ.

ഈ നശിച്ച നാടാകെ കിഴട്ടുജന്മങ്ങളാണ്. ത്രസിപ്പിക്കുന്ന വേഗത്തിനിടെ ഇടറിക്കിതച്ചുവരുന്ന പഴമയുടെ അവശിഷ്ടങ്ങളെ കാണുമ്പോള്‍ അറപ്പാണ് തോന്നുക.

ഹിറ്റ്ലര്‍ നേരത്തെ ചത്തുപോയി. അല്ലെങ്കില്‍ ഇതില്‍ കുറെയെണ്ണത്തിനെയെങ്കിലും അയാള്‍ ശരിയാക്കിയേനേ.

കഴിഞ്ഞ ആഴ്ച്ച സൈക്കോളജിക്ലാസ്സില്‍ പ്രൊഫസ്സര്‍ പറഞ്ഞത് ഓര്‍മ വന്നു. “നിങ്ങള്‍ക്കെതിരെ റോഡ് മുറിച്ചുകടക്കാന്‍ നില്‍ക്കുന്ന വൃദ്ധരെ ശ്രദ്ധിച്ചിട്ടുണ്ടോ? അവര്‍ സിഗ്നല്‍ ലൈറ്റിലേക്കല്ല നോക്കുന്നത്. നിങ്ങളുടെ മുഖത്തേക്കാണ്. നിങ്ങള്‍ റോഡ് മുറിക്കാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ വാഹനങ്ങള്‍ വരുന്നോ സിഗ്നല്‍ മാറിയോ എന്നൊന്നും നോക്കാതെ യാന്ത്രികമായി വഴികടക്കാന്‍ നോക്കുന്നു. വൃദ്ധര്‍ മെക്കാനിക്കല്‍ സന്ദേശങ്ങളെക്കാള്‍ ഹൃദയസംവാദങ്ങളെ വിശ്വസിക്കുന്നു..”

ഹൃദയസംവാദം. മത്തങ്ങയുടെ കുരു. അയാള്‍ പറഞ്ഞത് പക്ഷെ ശരിയാണെന്ന് തോന്നുന്നു. ആ കിഴവിയുടെ കണ്ണുകള്‍ എന്റ് മുഖത്തേക്ക് തന്നെ.

ഒന്നു ചിരിച്ചു. മറുവശത്ത് കിഴട്ടു പ്രസാദം. ശവം.

ഇതു ഹൃദയസംവാദമല്ല കിഴവീ. വേഗങ്ങളുടെ ഗെയിം. അതാണ് നഗരജീ‍വിതം.

ഹഹഹ. ഒരു ഗെയിമിനുള്ള സമയമായെങ്കിലോ. പുതിയ ഗെയിം. “കില്‍ ദ ഡേര്‍ട്ടി ബിച്ച്”.

നിങ്ങള്‍ വഴിയുടെ വലതുവശത്തുനിന്ന് ക്രോസ് ചെയ്യാന്‍ ശ്രമിക്കുന്നു .ക്രോസിംഗില്‍ നിങ്ങള്‍ക്കെതിരെ ഒരു വൃദ്ധ. ചുവന്ന ലൈറ്റ് വരുന്ന സമയം കണക്കാക്കി ക്രോസ് ചെയ്യുക. നിങ്ങള്‍ ക്രോസ് ചെയ്യുന്ന സമയത്ത് നിങ്ങളെ നോക്കി വൃദ്ധ ക്രോസ് ചെയ്തു തുടങ്ങും. വളവു തിരിഞ്ഞുവരുന്ന വണ്ടികള്‍ നിങ്ങള്‍ റോഡ് മുറിക്കുന്നിടത്തെത്തുമ്പോഴേക്കും നിങ്ങള്‍ റോഡിന്റെ വലതുവശം** കഴിഞ്ഞിരിക്കും. എതിരെ നിങ്ങളെ നോക്കി ക്രോസ് ചെയ്യുന്ന വൃദ്ധയ്ക്ക് അന്നേരത്തേക്ക് അവിടെ എത്താന്‍ കഴിയുമോ എന്നതിനെ ആശ്രയിച്ചിരിക്കും പോയിന്റ്.

1. നിങ്ങള്‍ ക്രോസ് ചെയ്യുന്നു. വൃദ്ധ വലതുവശത്തെത്തുന്നതിനു മുന്നേ വണ്ടികള്‍ ഇരച്ചുവരുന്നു അവര്‍ രക്ഷപെടുന്നു. ഗെയിം സമനില. യൂ റ്റേക്ക് അനദര്‍ ചാന്‍സ്.

2. നിങ്ങള്‍ ക്രോസ് ചെയ്യുന്നു. വളവ് കടന്നുവരുന്ന ഒരു വണ്ടി റ്റാര്‍ഗറ്റ് കണ്ടെത്തുന്നു. യൂ വിന്‍.

3. നിങ്ങള്‍ ക്രോസ് ചെയ്യാന്‍ ശ്രമിക്കുന്നു. വളവ് തിരിഞ്ഞുവരുന്ന വണ്ടി നിങ്ങളുടെ കണക്കുകള്‍ തെറ്റിക്കുന്നു. ഗുഡ് ബൈ.

വളവില്‍ വണ്ടികള്‍ക്കുള്ള ലൈറ്റ് ചുവപ്പില്‍ നിന്ന് ഓറഞ്ചിലേക്ക് മാറുന്നു. കിഴവീ ഗെയിം ഓണ്‍.

സുന്ദരമായ ചിരി. വണ്‍ ... ടൂ.... ത്രീ......

::::::::::::::::::::::::::::::::::::::::::::::::::::::

*റ്റൈബറിനരികിലെ തിരക്കൊഴിയാത്തവഴി എയര്‍പോര്‍ട്ടിലേക്കും വടക്കന്‍ നഗരങ്ങളിലേക്കും പകര്‍ന്നൊഴുകുന്നത് ജനിക്കൊളോ കുന്നിനു കീഴിലെ ടണലിലൂടെയാണ്.

** റൈറ്റ് ഹാന്‍ഡ് ഡ്രൈവ്.


(ബൌദ്ധികമായ അസഹിഷ്ണുതയ്ക്ക് ഒരു അടിക്കുറിപ്പ്.. അത്രമാത്രമേയുള്ളൂ ഇതിനെക്കുറിച്ച് പറയാന്‍)

Wednesday, 7 May 2008

ചാമിയപ്പന്‍

കണ്ണുകള്‍ തുറക്കാതെ ചേര്‍ന്നടയാത്ത ഇമകള്‍ക്കിടയിലൂടെ നോക്കിയാല്‍ നിഴലുകളുടെ ചലനത്തിലൂടെ കവലയ്ക്ക് ജീവന്‍ വയ്ക്കുന്നതറിയാം. വെയില്‍ താഴ്ന്നുതുടങ്ങിയിരിക്കുന്നു.

മുകളില്‍ പടര്‍ന്നുനില്‍ക്കുന്ന ആലിന്റെ കൊമ്പുകള്‍ ഉലച്ചുവളച്ച് കാറ്റെന്തോ എഴുതുന്നുണ്ട്. വായിക്കാന്‍ കൌതുകത്തോട് കണ്ണുതുറന്നു. ചിറകുകള്‍ ഉലഞ്ഞുണരുന്ന ശബ്ദം. പിന്നെ കാ കാ എന്ന പരിഹാസം. നെറ്റിയിലൂടെ ഒഴുകിവീണ ചൂടുള്ള ദുര്‍ഗന്ധം കയ്യില്‍ തടഞ്ഞ പഴുത്തിലകൊണ്ട് തുടച്ച് ചാമിയപ്പന്‍ സ്വസ്ഥമായി ചിരിച്ചു.

“അങ്ങോട്ടു നോക്കണ്ടടീ..” ആല്‍ത്തറയ്ക്കരികിലൂടെ നടന്നുപോകുന്ന രണ്ടുപെണ്‍കുട്ടികളിലൊരാള്‍ മറ്റെയാളോട് അടക്കം പറയുന്നു. “പ്രാന്തനാ..”

ചാമിയപ്പന്‍ ചിരി മായാതെ അവളെ നോക്കി. കണ്ടു. തിരക്കുള്ള ആശുപത്രി വരാന്ത. സംസാരിക്കുകയാണവള്‍. വെളുത്തവസ്ത്രം. കഴുത്തില്‍ വളഞ്ഞൊതുങ്ങി കിടക്കുന്ന ഉപകരണം. മുന്നില്‍ തൊഴുകൈയ്യോടെ നിന്നുകേള്‍ക്കുന്നുണ്ട് ഒരു സാധുസ്ത്രീ. “സാരമില്ല ചേച്ചീ. മരുന്നുകള്‍ കുറിച്ചിട്ടുണ്ട്. അതുതെറ്റാതെ കൊടുക്കൂ. മൂന്നാമത്തെ ദിവസം കുറവുണ്ടാവും. ധൈര്യമായി പോവൂ”. കരുണ. സഹതാപം. അന്തസ്സ്.

'നല്ലാ ഇര്', ചാമിയപ്പന്‍ ശബ്ദമൊതുക്കി പറഞ്ഞു. 'നീ നല്ലാ ഇര് അമ്മാ‍...കടവുള്‍ ഉന്നെ കാപ്പാത്തട്ടും'

പെണ്‍കുട്ടികള്‍ ചിരിമായാത്ത ചലിക്കുന്ന ചുണ്ടുകളിലേക്ക് ഭയത്തോടെ നോക്കിയിട്ട് ഓടിപ്പോയി.

ചാമിയപ്പന്റെ ദിവസങ്ങള്‍ അങ്ങനെയാണ്. വെളുപ്പിന് അഞ്ചേമുക്കാലിന് നഗരത്തിലേക്കുള്ള വണ്ടിയില്‍ പൂക്കളും മാലകളും നിറച്ച കൂടകയറ്റിവച്ച് കണ്ണമ്മ പോകും. കുട്ട്യാരുടെ കടയില്‍ നിന്ന് ഒരു കട്ടന്‍ ചായ കുടിച്ച് ചാമിയപ്പന്‍ ആല്‍ത്തറയിലിരിക്കും. കണ്ണമ്മ തിരികെ വരുവോളം. വര്‍ഷങ്ങളായുള്ള പതിവ്.

അതിനും വളരെ മുന്‍പ് നാലുവയസ്സോളം പ്രായമുള്ള ഒരു പെണ്‍കുട്ടിയുടെ കൈപിടിച്ച് അയാള്‍ ഗ്രാമത്തിലേക്ക് വരുമ്പോള്‍ അയാള്‍ക്ക് പേരുണ്ടായിരുന്നില്ല. ഗ്രാമത്തിന്റെ ഉള്‍വഴിയില്‍ വിളക്കും വയ്പ്പുമില്ലതെ ഒഴിഞ്ഞുകിടന്ന കാവിനരികില്‍ കുടില്‍ കെട്ടി അയാള്‍ താമസമായപ്പോള്‍ ആരും എതിര്‍ത്തില്ല. കുട്ടിയെയും കൊണ്ട് അയാള്‍ രാവിലെ ആല്‍ത്തറയില്‍ വരും. എല്ലാവരെയും നോക്കി ചിരിച്ച് അവിടെ ഇരിക്കും. ദയവു തോന്നി ആരൊക്കെയോ പണവും ഭക്ഷണവും കൊടുത്തു.

കുട്ടിയെ അയാള്‍ കണ്ണേ എന്നു വിളിക്കുന്നത് കേട്ടിട്ട് അവളെ നാട്ടുകാര്‍ കണ്ണമ്മ എന്നു വിളിച്ചു. ഒരിക്കല്‍ കയ്യില്‍ ഒരു എട്ടണയുമായി പഴം വാങ്ങാന്‍ വന്ന കണ്ണമ്മയോട് കുട്ട്യാര് ചോദിച്ചു: ‘നിന്റപ്പന്‍ ചാമിക്ക് ജോലി ചെയ്യാന്‍ പാടില്ലേ കുട്ടീ?'

പതിയെപ്പതിയെ ചാമിയും കണ്ണമ്മയും ഗ്രാമത്തിന്റെയും കവലയുടെയും ഭാഗമായി.

ആല്‍ത്തറയ്ക്കരികെ പൂ വില്‍ക്കുമായിരുന്ന പാറൂട്ട്യമ്മ കണ്ണമ്മയെ കൂടെക്കൂട്ടി. പൂവിറുക്കാനും കെട്ടാനും കണ്ണമ്മ പഠിച്ചു. മാലകെട്ടി അമ്പലത്തിനരികെ പോയിനിന്ന് വിലപറഞ്ഞു വിറ്റു. ചാമി ദിവസം മുഴുവന്‍ വെറുതെയിരുന്നതേയുള്ളൂ.

ഒരിക്കല്‍ മകളുടെ പിറന്നാളിനു വച്ച പായസം കണ്ണമ്മയ്ക്ക് കൊടുക്കാന്‍ വന്ന മേക്കോട്ടെ ശോഭയോട് ചാമി പറഞ്ഞു. "ഉന്‍ പുരുഷന്‍ വരുവാന്‍". ശോഭ ഞെട്ടി. ചാമി വീണ്ടും പറഞ്ഞു : "നാളൈയ്ക്ക് ഉന്‍ പുരുഷന്‍ വരുവാന്‍".

ആറുവര്‍ഷം മുന്‍പ് പുറപ്പെട്ടുപോയതാണ് ഗോപാലന്‍. അയാളെക്കുറിച്ച് എല്ലാവരും മറന്നു തുടങ്ങിയിരുന്നു. ഗോപാലനെക്കുറിച്ചുതന്നെയാണോ ചാമി പറഞ്ഞതെന്ന് ചോദിക്കാന്‍ ശോഭക്ക് തോന്നിയില്ല.

പിറ്റേന്ന് വൈകിട്ട് ഗ്രാമത്തിലൂടെ കടന്നുപോയ ഒരു ലോറിയുടെ പിന്നില്‍ നിന്ന് വലിയ പെട്ടികള്‍ വലിച്ചിറക്കി “ഒരു നാരങ്ങാവെള്ളമെടുക്ക് കുട്ട്യാരേ” എന്ന് ചിരപരിചിതനെപ്പോലെ ചിരിച്ച ഗോപാലനെ കുട്ട്യാര് തിരിച്ചറിഞ്ഞതുതന്നെ പണിപ്പെട്ടാണ്.

അങ്ങനെയാണ് തുടക്കം. അപ്പന്‍ ചാമി ചാമിയപ്പനായി. ചാമിയാരപ്പനായി. പ്രവചനങ്ങള്‍ കേള്‍ക്കാന്‍ സ്ത്രീജനങ്ങള്‍ ‘ലക്ഷണ’യുമായി വരവായി. ചാമിയപ്പന്റെ ജീവിതത്തില്‍ പക്ഷെ മാറ്റമൊന്നും വന്നില്ല.

കണ്ണമ്മ വളര്‍ന്നപ്പോള്‍ അവള്‍ കുടിലിനു ചുറ്റും കാവിന്റെ കുറെസ്ഥലം തെളിച്ചു. കനകാംബരവും ചെമ്പരുത്തിയും കുറ്റിമുല്ലയും നട്ടു. പാറൂട്ട്യമ്മ മരിച്ചപ്പോള്‍ അവള്‍ തനിയെ പൂവില്‍ക്കാന്‍ തുടങ്ങി. പകലന്തിയോളം ചാമിയപ്പന്‍ പ്രവചനങ്ങള്‍ക്ക് കാതോര്‍ത്ത് ആല്‍മരച്ചുവട്ടില്‍ മയങ്ങി.

ചാമിയപ്പന്‍ പ്രവചനങ്ങള്‍ നിറുത്തിയത് കണ്ണമ്മയ്ക്ക് പതിനാ‍റുവയസ്സുള്ളപ്പോഴാണ്. ആറ്റിറമ്പിലെ ആശാന്‍ മകള്‍ കവിതയെ നഗരത്തിലെ സ്കൂളില്‍ ചേര്‍ക്കാന്‍ കൊണ്ടു വന്നതാണ്. കണ്ണടച്ചിരിക്കുന്ന ചാമിയപ്പന്റെ മുന്നില്‍ കുട്ടിയെ നിറുത്തി ആശാന്‍ പറഞ്ഞു: ‘ലക്ഷണ കൊടുമോളെ.’ ചാമിയപ്പന്‍ കണ്ണു തുറന്ന് കുട്ടിയെ നോക്കി. വീണ്ടും കണ്ണടച്ചു. മുന്നിലെ തോര്‍ത്തില്‍ ദക്ഷിണവച്ച പത്തുരൂപ കുറേ നേരം അനാഥമായിക്കിടന്നു.

മുന്നാം നാള്‍ നഗരത്തിലെ റോഡ് മുറിച്ചുകടക്കെ ആറ്റിറമ്പിലെ ആശാന്റെ മകള്‍ കവിത ബസിടിച്ച് മരിച്ചു. ആല്‍ത്തറയോട് ആളുകള്‍ക്ക് ഭയം തോന്നിത്തുടങ്ങിയത് അക്കാലത്താണ്.

അധികനാള്‍ കഴിയുന്നതിനുമുന്നേ പുതുതായി തുടങ്ങിയ പുലര്‍ച്ചയിലെ ബസില്‍ കണ്ണമ്മ ആദ്യമായി പൂക്കൂടയുമായി നഗരത്തിലേക്ക് പോയി. കുട്ട്യാരുടെ ഒരു അളിയനാണ് അമ്പലത്തിനരികെ ഒരു പെട്ടിക്കടയോടു ചേര്‍ന്നുള്ള തണല്‍ സംഘടിപ്പിച്ചുകൊടുത്തത്. പുലര്‍ച്ചെ പൂ വിറ്റും ഇടക്ക് കടയില്‍ സഹായിച്ചും നിന്ന് വൈകിട്ട് കെട്ടാന്‍ കുറേ പൂവും കൊളുന്തും വാങ്ങി കണ്ണമ്മ തിരികെവരും. ആല്‍മരച്ചുവട്ടില്‍ ചാമിയപ്പന്‍ കാത്തിരിക്കും.

ചാമിയപ്പന്‍ പ്രവചനങ്ങള്‍ പറയാതായെങ്കിലും ദക്ഷിണ കാര്യമായി കുറഞ്ഞില്ല. ഒരിക്കല്‍ മാത്രം കണ്ണമ്മ തിരികെ വരുന്നതിനു മുന്നേ ചാമിയപ്പന്‍ വീട്ടില്‍ പോയ ദിവസമാണ് കവലയില്‍ കത്തിക്കുത്ത് നടന്നത്. ആളുകള്‍ അത് കൃത്യമായി ശ്രദ്ധിക്കുകയും അടക്കം പറയുകയും ചെയ്തു.

ചാമിയപ്പന്‍ കാത്തിരിക്കുകയാണ്. കണ്ണമ്മ വരാന്‍ ഇനിയും വൈകും. അയാളുടെ കാത്തിരിപ്പിന് ഒരിക്കലും തെളിച്ചമില്ല എന്ന സത്യം അയാള്‍ മായാത്ത ചിരിയില്‍ മറച്ചു. വണ്ടി വരാന്‍ അഞ്ചുമിനിറ്റെങ്കിലും വൈകിയാല്‍ അയാള്‍ അസ്വസ്ഥനാകാറുണ്ട്.

വണ്ടിയില്‍ നിന്ന് കൂട വലിച്ചെടുത്ത് കുട്ട്യാരോട് എന്തെങ്കിലും വിശേഷം പറഞ്ഞ് കവല കുറുകെ കടന്ന് അവള്‍ അടുത്തെത്തുമ്പോഴേക്കും അവളുടെ മുഖത്തേക്ക് ഉറ്റുനോക്കി അവളുടെ ആ ദിവസം എങ്ങനെ ആയിരുന്നു എന്നുകണ്ടുപിടിക്കാന്‍ ചാമിയപ്പന്‍ പാടുപെടും.

"ഇന്നയ്ക്ക് എപ്പടി ഇരുന്തത് കണ്ണാ" എന്ന ചാമിയുടെ ചോദ്യത്തിന് "എല്ലാം നല്ല പടിയാ ഇരുന്തിച്ച് അപ്പാ" എന്ന പതിവ് ഉത്തരത്തിനപ്പുറം അവള്‍ ഒന്നും പറഞ്ഞിട്ടില്ല ഇതുവരെ.

എങ്കിലും ആ ഉത്തരത്തിന്റെ ലാളിത്യത്തില്‍ ഒതുങ്ങാത്ത എന്തൊക്കെയോ അവള്‍ക്ക് സംഭവിക്കുന്നു എന്ന ആകുലതയോടെ ചാമി വിറച്ചെഴുന്നേല്‍ക്കും. പൂക്കൂട തലയില്‍ വച്ച് മകള്‍ മുന്നിലും അപ്പന്‍ പിന്നിലും ആയി നടക്കുമ്പോള്‍ ഇരുവരും അധികം സംസാരിക്കാറില്ല.

എന്തു ദുര്‍വിധിയാണ് തന്റെ കണ്ണില്‍ നിന്ന് അവളെ മറച്ചുകളയുന്നതെന്ന് അയാള്‍ ആകുലപ്പെട്ടിരുന്നു. അവളുടെ ഏറിവരുന്ന മൌനം അയാളെ ഭയപ്പെടുത്തിയിരുന്നു.

വീട്ടിലെത്തിയാല്‍ കണ്ണമ്മ ചെടികള്‍ നനക്കും; പൂവ് പറിക്കും; പിന്നെ തിടുക്കത്തില്‍ കുളികഴിഞ്ഞ് പൂവ് കെട്ടാനിരിക്കും. അത്താഴത്തിനുള്ള അടുപ്പില്‍ തീ കത്തുന്നുണ്ടാവും.

നാളെ വിരിയാനുള്ള പൂക്കളെയും നാളെ വാടാനുള്ള ചെടികളെയും തിരിച്ചറിയാന്‍ ഒരു പാഴ്‌ശ്രമം നടത്തി ചാമിയപ്പന്‍ വരാന്തയില്‍ ചാരിയിരിക്കും.

കവലയില്‍ നിന്നകലെ വളവില്‍ ഒരു വണ്ടി ഹോണ്‍ മുഴക്കി. ചാമിയപ്പന്‍ ആല്‍മരത്തിന്റെ കടയില്‍നിന്നും തലയുയര്‍ത്തി ആകാംക്ഷയോടെ നോക്കി. കണ്ണമ്മ വരുന്ന ബസ് എത്താന്‍ സമയമായിട്ടില്ലെന്ന് അയാള്‍ക്ക് പക്ഷെ ഉറപ്പുണ്ടായിരുന്നു.

പിന്നില്‍ പദചലനം. ഒതുങ്ങിയ സംസാരം. തിരിയുമ്പോള്‍ കണ്ടുപരിചയമുള്ള മുഖമാണൊന്ന്. ലക്ഷ്മിയമ്മ ചാമിയപ്പന് ഇടയ്ക്കൊക്കെ ഭക്ഷണം കൊടുത്തിരുന്നു.

“മകളാണ്” ലക്ഷ്മിയമ്മ ചിരിച്ചു. ചാമിയപ്പന്‍ അവരുടെ കൂടെയുണ്ടായിരുന്ന കൊലുന്നനെയുള്ള കുട്ടിയെ നോക്കി. അവള്‍ നാണിച്ച് തലചെരിച്ചു നിന്നു.

“വ്യാഴാഴ്ച അവളുടെ കല്യാണമാണ് ചാമിയാരപ്പാ” ലക്ഷ്മിയമ്മ മകളുടെ കൈതൊട്ട് കൈയ്യിലുള്ളത് ചാമിയപ്പന് കൊടുക്കാന്‍ ആഗ്യം കാണിച്ചു. അവള്‍ അറച്ചറച്ച് കൈ നീട്ടി.

“അനുഗ്രഹിക്കണം”. ലക്ഷ്മിയമ്മ പറഞ്ഞു. ചാമിയപ്പന്‍ പെണ്‍കുട്ടിയുടെ മുഖത്തേക്കുതന്നെ സൂക്ഷിച്ചു നോക്കി.

നഗരത്തില്‍ നിന്ന് ഗ്രാമത്തിലെത്തുന്നതിനു മുന്നിലെ കയറ്റമാണ്. അയാള്‍ക്ക് തിടുക്കമുണ്ട്. സ്കൂട്ടര്‍ പതിയെ വളച്ച് മുന്നില്‍ കയറാന്‍ സ്ഥലമുണ്ടോ എന്നു നോക്കി പതിയെ പിന്‍‌വാങ്ങി. ലോറിയുടെ തൊട്ടു പിന്നില്‍ കയറ്റം കയറാന്‍ മടിച്ച് അയാള്‍ സ്കൂട്ടര്‍ നിറുത്തി. അസ്വസ്ഥനായി കാലുകള്‍ നിലത്തുരച്ച് അയാള്‍ ലോറിയിലേക്ക് ശ്രദ്ധിച്ചു.

എങ്കിലും കയറ്റം കയറിത്തുടങ്ങിയ ലോറിയില്‍ നിന്ന് കെട്ടഴിഞ്ഞ് താഴെക്കുവന്ന ഭാരമുള്ള വീപ്പകളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. വീപ്പകളിലൊന്ന് അയാളെയും വണ്ടിയെയും കയറ്റം തുടങ്ങുന്നതിനു താ‍ഴെയുള്ള കുഴിയിലേക്ക് തെറിപ്പിച്ചു. പിന്നെ അയാളുടെ നെഞ്ചിനുകുറുകെ വീണു.

സ്കൂട്ടറിനരികില്‍ പിറ്റേന്ന് മകളുടെ വിവാഹത്തിനായി വാങ്ങിയ പൂക്കളും ഹാരങ്ങളും ചിതറിക്കിടന്നു.

ദക്ഷിണ നീട്ടിനില്‍ക്കുന്ന പെണ്‍കുട്ടിയുടെ മുഖം നോക്കിയിരുന്ന് ചാമിയപ്പന്‍ ഉരുകി. പിന്നെ കണ്ണടച്ച് ആല്‍ത്തറയിലേക്ക് ചാരി.

“കൊട്, കൊടുത്തിട്ട് വാ” ലക്ഷ്മിയമ്മ ഭയന്ന ശബ്ദത്തില്‍ പറഞ്ഞു.

പദചലനങ്ങള്‍ അകന്നുപോകുന്നത് ചാമിയപ്പന്‍ കേട്ടു. “അല്ലെങ്കിലും അയാളീയിടെ അങ്ങനെയാ കൊച്ചേ” അമ്മ മകളെ ആശ്വസിപ്പിക്കുന്നു. ചാമിയപ്പന് നിലവിളിക്കണം എന്നു തോന്നി.

ആറ്റിനക്കരെയുള്ള അടുത്ത ചെറുപട്ടണത്തിലേക്ക് ഭാരം കയറ്റിയ ലോറികള്‍ ഗ്രാമത്തിലൂടെയാണ് കടന്നു പോകുന്നത്. അതില്‍ മണ്ണെണ്ണ കയറ്റിയ ഒരു ലോറി കവലയില്‍ വന്നു പൊട്ടിത്തെറിക്കുന്നതും കുട്ട്യാരുടെ കടമുതല്‍ താനിരിക്കുന്ന ആല്‍ത്തറ വരെ ഒറ്റ തീഗോളമാവുന്നതും ചാമിയപ്പന്റെ ഉച്ചമയക്കങ്ങളില്‍ സ്വപ്നമായി വരാന്‍ തുടങ്ങിയിട്ട് കുറേക്കാലമായിരുന്നു. എങ്കിലും സ്വപ്നങ്ങളെ മുന്നറിവുകളായി ചാമിയപ്പന്‍ ഒരിക്കലും കരുതിയിരുന്നില്ല.

ലക്ഷ്മിയമ്മയുടെ ഭര്‍ത്താവിനെക്കുറിച്ച് കണ്ടതും കഥയില്ലാത്ത ഒരു സ്വപ്നമായിരുന്നെങ്കില്‍ എന്ന് ചാമിയപ്പന്‍ ആശിച്ചു.

വളവിനപ്പുറം വീണ്ടുമൊരു വണ്ടിയുടെ മുഴക്കം. ചാമിയപ്പന് എന്തെന്നില്ലാത്ത ഭയം തോന്നി. അത് മണ്ണെണ്ണ കയറ്റിയ ഒരുലോറി ആയാലോ? അതിനു പിന്നില്‍ നഗരത്തില്‍ നിന്ന് കണ്ണമ്മ വരുന്ന ബസ് പൊടിയില്‍ പമ്മി ഇഴഞ്ഞു വരുന്നുണ്ടെങ്കിലോ?

ആല്‍ത്തറയില്‍ നിന്ന് നിരങ്ങിയിറങ്ങി ചാമിയപ്പന്‍ കുട്ട്യാരുടെ കടയുടെ മുന്നിലെത്തി. ഒഴിഞ്ഞ ഒരു വലിയ ലോറി അക്കരെയുള്ള പട്ടണത്തിലേക്ക് പാഞ്ഞുപോയി.

“എന്താ ചാമിയപ്പാ പതിവില്ലാതെ?". കുട്ട്യാര് ചോദിച്ചു.

ചാമിയപ്പന്‍ കുട്ട്യാരുടെ മുഖത്തേയ്ക്കും നഗരത്തില്‍ നിന്നുള്ള വഴിയിലേക്കും മാറിമാറി നോക്കി.

“ഓ കണ്ണമ്മ” കുട്ട്യാര് ഭിത്തിയിലെ റ്റൈമ്പീസില്‍ നോക്കി. “അവളെത്താന്‍ നേരമായില്ല ചാമിയപ്പാ. കുറച്ചൂടെ പിടിക്കും.”

ചാമിയപ്പന് ലജ്ജ തോന്നി. അബദ്ധം മറയ്ക്കാനെന്നപോലെ അയാള്‍ കറപിടിച്ചപല്ലുകള്‍ പുറത്തു കാണിച്ച് ചിരിച്ചു.

ചാമിയപ്പന്‍ കടയുടെ ഒതുക്കിലേക്ക് ചേര്‍ന്നു നിന്നു. കവലയുടെ പല മൂലയില്‍ നിന്ന് മുഖങ്ങള്‍ ഒളികണ്ണിട്ടു നോക്കാന്‍ തുടങ്ങി. ചാമിയപ്പന് അസ്വസ്ഥത തോന്നി.

കടയുടെ വരാന്തയില്‍ ഒരു ഒഴിഞ്ഞ കൂട കിടന്നിരുന്നു. ചാമിയപ്പന്‍ അതു കുനിഞ്ഞെടുത്തിട്ട് കുട്ട്യാരെ നോക്കി. എന്തിനെന്ന് മനസ്സിലായില്ലെങ്കിലും കുട്ട്യാര് ആയ്ക്കോട്ടെ എന്ന് തലയാട്ടി.

ചാമിയപ്പന്‍ കടയ്ക്കപ്പുറത്തേക്ക് നടന്നു. ഒരു ചെറുമതിലിനപ്പുറത്ത് നിന്ന് ചെമ്പരുത്തിയും മുല്ലയും വഴിയരികിലേക്ക് പൂത്ത് ചാഞ്ഞുകിടന്നിരുന്നു.

വിരല്‍ ആദ്യം തൊട്ടത് ഒരു പൂവിലാണ്. രാവില്‍ ഇതു വാടും. ചാമിയപ്പന്‍ സ്വയം പറഞ്ഞു. പൂവിനെ ഒന്നു തലോടി ചാമിയപ്പന്‍ അതിനരികില്‍ നിന്ന് നിറഞ്ഞ ഒരു മൊട്ട് പറിച്ചെടുത്തു.

വിറയ്ക്കുന്ന വിരലുകളോട് ഇലകളും ദലങ്ങളും സംസാരിക്കുന്നത് ചാമിയപ്പനറിഞ്ഞു. കവലയിലെ പലയിടങ്ങളിലും നിന്ന് തന്നെത്തന്നെ നോക്കുന്ന കണ്ണുകളെ അവഗണിച്ച് ചാമിയപ്പന്‍ പൂവിറുക്കാന്‍ തുടങ്ങി.

കറുത്ത, കരുത്തനായ ഒരുചെറുപ്പക്കാരന്റെ കൈപൈടിച്ച് കണ്ണമ്മ വലിയൊരമ്പലത്തിന്റെ പടിയിറങ്ങിവരുന്നതും അയാള്‍ അവള്‍ക്കുള്ള പൂക്കൂട ഗ്രാമത്തിലേക്കുള്ള ബസില്‍ കയറ്റിക്കൊടുക്കുന്നതും ഒരു സ്വപ്നം പോലെ ചാമിയപ്പന്‍ കണ്ടു.

കണ്ണുകള്‍ ഇറുക്കിയടച്ച് കണ്ണുനീര്‍ തുടച്ചുകളഞ്ഞ് ചാമിയപ്പന്‍ വീണ്ടും പൂങ്കുലയിലേക്ക് വിരല്‍ നീട്ടി. അത് അവസാനത്തെ കാ‍ഴ്ചയാണെന്ന് അയാള്‍ക്ക് തീര്‍ച്ച തോന്നി.