കണ്ണുകള്‍ തുറക്കാതെ ചേര്‍ന്നടയാത്ത ഇമകള്‍ക്കിടയിലൂടെ നോക്കിയാല്‍ നിഴലുകളുടെ ചലനത്തിലൂടെ കവലയ്ക്ക് ജീവന്‍ വയ്ക്കുന്നതറിയാം. വെയില്‍ താഴ്ന്നുതുടങ്ങിയിരിക്കുന്നു.
മുകളില്‍ പടര്‍ന്നുനില്‍ക്കുന്ന ആലിന്റെ കൊമ്പുകള്‍ ഉലച്ചുവളച്ച് കാറ്റെന്തോ എഴുതുന്നുണ്ട്. വായിക്കാന്‍ കൌതുകത്തോട് കണ്ണുതുറന്നു. ചിറകുകള്‍ ഉലഞ്ഞുണരുന്ന ശബ്ദം. പിന്നെ കാ കാ എന്ന പരിഹാസം. നെറ്റിയിലൂടെ ഒഴുകിവീണ ചൂടുള്ള ദുര്‍ഗന്ധം കയ്യില്‍ തടഞ്ഞ പഴുത്തിലകൊണ്ട് തുടച്ച് ചാമിയപ്പന്‍ സ്വസ്ഥമായി ചിരിച്ചു.
“അങ്ങോട്ടു നോക്കണ്ടടീ..” ആല്‍ത്തറയ്ക്കരികിലൂടെ നടന്നുപോകുന്ന രണ്ടുപെണ്‍കുട്ടികളിലൊരാള്‍ മറ്റെയാളോട് അടക്കം പറയുന്നു. “പ്രാന്തനാ..”
ചാമിയപ്പന്‍ ചിരി മായാതെ അവളെ നോക്കി. കണ്ടു. തിരക്കുള്ള ആശുപത്രി വരാന്ത. സംസാരിക്കുകയാണവള്‍. വെളുത്തവസ്ത്രം. കഴുത്തില്‍ വളഞ്ഞൊതുങ്ങി കിടക്കുന്ന ഉപകരണം. മുന്നില്‍ തൊഴുകൈയ്യോടെ നിന്നുകേള്‍ക്കുന്നുണ്ട് ഒരു സാധുസ്ത്രീ. “സാരമില്ല ചേച്ചീ. മരുന്നുകള്‍ കുറിച്ചിട്ടുണ്ട്. അതുതെറ്റാതെ കൊടുക്കൂ. മൂന്നാമത്തെ ദിവസം കുറവുണ്ടാവും. ധൈര്യമായി പോവൂ”. കരുണ. സഹതാപം. അന്തസ്സ്.
'നല്ലാ ഇര്', ചാമിയപ്പന്‍ ശബ്ദമൊതുക്കി പറഞ്ഞു. 'നീ നല്ലാ ഇര് അമ്മാ...കടവുള്‍ ഉന്നെ കാപ്പാത്തട്ടും'
പെണ്‍കുട്ടികള്‍ ചിരിമായാത്ത ചലിക്കുന്ന ചുണ്ടുകളിലേക്ക് ഭയത്തോടെ നോക്കിയിട്ട് ഓടിപ്പോയി.
ചാമിയപ്പന്റെ ദിവസങ്ങള്‍ അങ്ങനെയാണ്. വെളുപ്പിന് അഞ്ചേമുക്കാലിന് നഗരത്തിലേക്കുള്ള വണ്ടിയില്‍ പൂക്കളും മാലകളും നിറച്ച കൂടകയറ്റിവച്ച് കണ്ണമ്മ പോകും. കുട്ട്യാരുടെ കടയില്‍ നിന്ന് ഒരു കട്ടന്‍ ചായ കുടിച്ച് ചാമിയപ്പന്‍ ആല്‍ത്തറയിലിരിക്കും. കണ്ണമ്മ തിരികെ വരുവോളം. വര്‍ഷങ്ങളായുള്ള പതിവ്.
അതിനും വളരെ മുന്‍പ് നാലുവയസ്സോളം പ്രായമുള്ള ഒരു പെണ്‍കുട്ടിയുടെ കൈപിടിച്ച് അയാള്‍ ഗ്രാമത്തിലേക്ക് വരുമ്പോള്‍ അയാള്‍ക്ക് പേരുണ്ടായിരുന്നില്ല. ഗ്രാമത്തിന്റെ ഉള്‍വഴിയില്‍ വിളക്കും വയ്പ്പുമില്ലതെ ഒഴിഞ്ഞുകിടന്ന കാവിനരികില്‍ കുടില്‍ കെട്ടി അയാള്‍ താമസമായപ്പോള്‍ ആരും എതിര്‍ത്തില്ല. കുട്ടിയെയും കൊണ്ട് അയാള്‍ രാവിലെ ആല്‍ത്തറയില്‍ വരും. എല്ലാവരെയും നോക്കി ചിരിച്ച് അവിടെ ഇരിക്കും. ദയവു തോന്നി ആരൊക്കെയോ പണവും ഭക്ഷണവും കൊടുത്തു.
കുട്ടിയെ അയാള്‍ കണ്ണേ എന്നു വിളിക്കുന്നത് കേട്ടിട്ട് അവളെ നാട്ടുകാര്‍ കണ്ണമ്മ എന്നു വിളിച്ചു. ഒരിക്കല്‍ കയ്യില്‍ ഒരു എട്ടണയുമായി പഴം വാങ്ങാന്‍ വന്ന കണ്ണമ്മയോട് കുട്ട്യാര് ചോദിച്ചു: ‘നിന്റപ്പന്‍ ചാമിക്ക് ജോലി ചെയ്യാന്‍ പാടില്ലേ കുട്ടീ?'
പതിയെപ്പതിയെ ചാമിയും കണ്ണമ്മയും ഗ്രാമത്തിന്റെയും കവലയുടെയും ഭാഗമായി.
ആല്‍ത്തറയ്ക്കരികെ പൂ വില്‍ക്കുമായിരുന്ന പാറൂട്ട്യമ്മ കണ്ണമ്മയെ കൂടെക്കൂട്ടി. പൂവിറുക്കാനും കെട്ടാനും കണ്ണമ്മ പഠിച്ചു. മാലകെട്ടി അമ്പലത്തിനരികെ പോയിനിന്ന് വിലപറഞ്ഞു വിറ്റു. ചാമി ദിവസം മുഴുവന്‍ വെറുതെയിരുന്നതേയുള്ളൂ.
ഒരിക്കല്‍ മകളുടെ പിറന്നാളിനു വച്ച പായസം കണ്ണമ്മയ്ക്ക് കൊടുക്കാന്‍ വന്ന മേക്കോട്ടെ ശോഭയോട് ചാമി പറഞ്ഞു. "ഉന്‍ പുരുഷന്‍ വരുവാന്‍". ശോഭ ഞെട്ടി. ചാമി വീണ്ടും പറഞ്ഞു : "നാളൈയ്ക്ക് ഉന്‍ പുരുഷന്‍ വരുവാന്‍".
ആറുവര്‍ഷം മുന്‍പ് പുറപ്പെട്ടുപോയതാണ് ഗോപാലന്‍. അയാളെക്കുറിച്ച് എല്ലാവരും മറന്നു തുടങ്ങിയിരുന്നു. ഗോപാലനെക്കുറിച്ചുതന്നെയാണോ ചാമി പറഞ്ഞതെന്ന് ചോദിക്കാന്‍ ശോഭക്ക് തോന്നിയില്ല.
പിറ്റേന്ന് വൈകിട്ട് ഗ്രാമത്തിലൂടെ കടന്നുപോയ ഒരു ലോറിയുടെ പിന്നില്‍ നിന്ന് വലിയ പെട്ടികള്‍ വലിച്ചിറക്കി “ഒരു നാരങ്ങാവെള്ളമെടുക്ക് കുട്ട്യാരേ” എന്ന് ചിരപരിചിതനെപ്പോലെ ചിരിച്ച ഗോപാലനെ കുട്ട്യാര് തിരിച്ചറിഞ്ഞതുതന്നെ പണിപ്പെട്ടാണ്.
അങ്ങനെയാണ് തുടക്കം. അപ്പന്‍ ചാമി ചാമിയപ്പനായി. ചാമിയാരപ്പനായി. പ്രവചനങ്ങള്‍ കേള്‍ക്കാന്‍ സ്ത്രീജനങ്ങള്‍ ‘ലക്ഷണ’യുമായി വരവായി. ചാമിയപ്പന്റെ ജീവിതത്തില്‍ പക്ഷെ മാറ്റമൊന്നും വന്നില്ല.
കണ്ണമ്മ വളര്‍ന്നപ്പോള്‍ അവള്‍ കുടിലിനു ചുറ്റും കാവിന്റെ കുറെസ്ഥലം തെളിച്ചു. കനകാംബരവും ചെമ്പരുത്തിയും കുറ്റിമുല്ലയും നട്ടു. പാറൂട്ട്യമ്മ മരിച്ചപ്പോള്‍ അവള്‍ തനിയെ പൂവില്‍ക്കാന്‍ തുടങ്ങി. പകലന്തിയോളം ചാമിയപ്പന്‍ പ്രവചനങ്ങള്‍ക്ക് കാതോര്‍ത്ത് ആല്‍മരച്ചുവട്ടില്‍ മയങ്ങി.
ചാമിയപ്പന്‍ പ്രവചനങ്ങള്‍ നിറുത്തിയത് കണ്ണമ്മയ്ക്ക് പതിനാറുവയസ്സുള്ളപ്പോഴാണ്. ആറ്റിറമ്പിലെ ആശാന്‍ മകള്‍ കവിതയെ നഗരത്തിലെ സ്കൂളില്‍ ചേര്‍ക്കാന്‍ കൊണ്ടു വന്നതാണ്. കണ്ണടച്ചിരിക്കുന്ന ചാമിയപ്പന്റെ മുന്നില്‍ കുട്ടിയെ നിറുത്തി ആശാന്‍ പറഞ്ഞു: ‘ലക്ഷണ കൊടുമോളെ.’ ചാമിയപ്പന്‍ കണ്ണു തുറന്ന് കുട്ടിയെ നോക്കി. വീണ്ടും കണ്ണടച്ചു. മുന്നിലെ തോര്‍ത്തില്‍ ദക്ഷിണവച്ച പത്തുരൂപ കുറേ നേരം അനാഥമായിക്കിടന്നു.
മുന്നാം നാള്‍ നഗരത്തിലെ റോഡ് മുറിച്ചുകടക്കെ ആറ്റിറമ്പിലെ ആശാന്റെ മകള്‍ കവിത ബസിടിച്ച് മരിച്ചു. ആല്‍ത്തറയോട് ആളുകള്‍ക്ക് ഭയം തോന്നിത്തുടങ്ങിയത് അക്കാലത്താണ്.
അധികനാള്‍ കഴിയുന്നതിനുമുന്നേ പുതുതായി തുടങ്ങിയ പുലര്‍ച്ചയിലെ ബസില്‍ കണ്ണമ്മ ആദ്യമായി പൂക്കൂടയുമായി നഗരത്തിലേക്ക് പോയി. കുട്ട്യാരുടെ ഒരു അളിയനാണ് അമ്പലത്തിനരികെ ഒരു പെട്ടിക്കടയോടു ചേര്‍ന്നുള്ള തണല്‍ സംഘടിപ്പിച്ചുകൊടുത്തത്. പുലര്‍ച്ചെ പൂ വിറ്റും ഇടക്ക് കടയില്‍ സഹായിച്ചും നിന്ന് വൈകിട്ട് കെട്ടാന്‍ കുറേ പൂവും കൊളുന്തും വാങ്ങി കണ്ണമ്മ തിരികെവരും. ആല്‍മരച്ചുവട്ടില്‍ ചാമിയപ്പന്‍ കാത്തിരിക്കും.
ചാമിയപ്പന്‍ പ്രവചനങ്ങള്‍ പറയാതായെങ്കിലും ദക്ഷിണ കാര്യമായി കുറഞ്ഞില്ല. ഒരിക്കല്‍ മാത്രം കണ്ണമ്മ തിരികെ വരുന്നതിനു മുന്നേ ചാമിയപ്പന്‍ വീട്ടില്‍ പോയ ദിവസമാണ് കവലയില്‍ കത്തിക്കുത്ത് നടന്നത്. ആളുകള്‍ അത് കൃത്യമായി ശ്രദ്ധിക്കുകയും അടക്കം പറയുകയും ചെയ്തു.
ചാമിയപ്പന്‍ കാത്തിരിക്കുകയാണ്. കണ്ണമ്മ വരാന്‍ ഇനിയും വൈകും. അയാളുടെ കാത്തിരിപ്പിന് ഒരിക്കലും തെളിച്ചമില്ല എന്ന സത്യം അയാള്‍ മായാത്ത ചിരിയില്‍ മറച്ചു. വണ്ടി വരാന്‍ അഞ്ചുമിനിറ്റെങ്കിലും വൈകിയാല്‍ അയാള്‍ അസ്വസ്ഥനാകാറുണ്ട്.
വണ്ടിയില്‍ നിന്ന് കൂട വലിച്ചെടുത്ത് കുട്ട്യാരോട് എന്തെങ്കിലും വിശേഷം പറഞ്ഞ് കവല കുറുകെ കടന്ന് അവള്‍ അടുത്തെത്തുമ്പോഴേക്കും അവളുടെ മുഖത്തേക്ക് ഉറ്റുനോക്കി അവളുടെ ആ ദിവസം എങ്ങനെ ആയിരുന്നു എന്നുകണ്ടുപിടിക്കാന്‍ ചാമിയപ്പന്‍ പാടുപെടും.
"ഇന്നയ്ക്ക് എപ്പടി ഇരുന്തത് കണ്ണാ" എന്ന ചാമിയുടെ ചോദ്യത്തിന് "എല്ലാം നല്ല പടിയാ ഇരുന്തിച്ച് അപ്പാ" എന്ന പതിവ് ഉത്തരത്തിനപ്പുറം അവള്‍ ഒന്നും പറഞ്ഞിട്ടില്ല ഇതുവരെ.
എങ്കിലും ആ ഉത്തരത്തിന്റെ ലാളിത്യത്തില്‍ ഒതുങ്ങാത്ത എന്തൊക്കെയോ അവള്‍ക്ക് സംഭവിക്കുന്നു എന്ന ആകുലതയോടെ ചാമി വിറച്ചെഴുന്നേല്‍ക്കും. പൂക്കൂട തലയില്‍ വച്ച് മകള്‍ മുന്നിലും അപ്പന്‍ പിന്നിലും ആയി നടക്കുമ്പോള്‍ ഇരുവരും അധികം സംസാരിക്കാറില്ല.
എന്തു ദുര്‍വിധിയാണ് തന്റെ കണ്ണില്‍ നിന്ന് അവളെ മറച്ചുകളയുന്നതെന്ന് അയാള്‍ ആകുലപ്പെട്ടിരുന്നു. അവളുടെ ഏറിവരുന്ന മൌനം അയാളെ ഭയപ്പെടുത്തിയിരുന്നു.
വീട്ടിലെത്തിയാല്‍ കണ്ണമ്മ ചെടികള്‍ നനക്കും; പൂവ് പറിക്കും; പിന്നെ തിടുക്കത്തില്‍ കുളികഴിഞ്ഞ് പൂവ് കെട്ടാനിരിക്കും. അത്താഴത്തിനുള്ള അടുപ്പില്‍ തീ കത്തുന്നുണ്ടാവും.
നാളെ വിരിയാനുള്ള പൂക്കളെയും നാളെ വാടാനുള്ള ചെടികളെയും തിരിച്ചറിയാന്‍ ഒരു പാഴ്‌ശ്രമം നടത്തി ചാമിയപ്പന്‍ വരാന്തയില്‍ ചാരിയിരിക്കും.
കവലയില്‍ നിന്നകലെ വളവില്‍ ഒരു വണ്ടി ഹോണ്‍ മുഴക്കി. ചാമിയപ്പന്‍ ആല്‍മരത്തിന്റെ കടയില്‍നിന്നും തലയുയര്‍ത്തി ആകാംക്ഷയോടെ നോക്കി. കണ്ണമ്മ വരുന്ന ബസ് എത്താന്‍ സമയമായിട്ടില്ലെന്ന് അയാള്‍ക്ക് പക്ഷെ ഉറപ്പുണ്ടായിരുന്നു.
പിന്നില്‍ പദചലനം. ഒതുങ്ങിയ സംസാരം. തിരിയുമ്പോള്‍ കണ്ടുപരിചയമുള്ള മുഖമാണൊന്ന്. ലക്ഷ്മിയമ്മ ചാമിയപ്പന് ഇടയ്ക്കൊക്കെ ഭക്ഷണം കൊടുത്തിരുന്നു.
“മകളാണ്” ലക്ഷ്മിയമ്മ ചിരിച്ചു. ചാമിയപ്പന്‍ അവരുടെ കൂടെയുണ്ടായിരുന്ന കൊലുന്നനെയുള്ള കുട്ടിയെ നോക്കി. അവള്‍ നാണിച്ച് തലചെരിച്ചു നിന്നു.
“വ്യാഴാഴ്ച അവളുടെ കല്യാണമാണ് ചാമിയാരപ്പാ” ലക്ഷ്മിയമ്മ മകളുടെ കൈതൊട്ട് കൈയ്യിലുള്ളത് ചാമിയപ്പന് കൊടുക്കാന്‍ ആഗ്യം കാണിച്ചു. അവള്‍ അറച്ചറച്ച് കൈ നീട്ടി.
“അനുഗ്രഹിക്കണം”. ലക്ഷ്മിയമ്മ പറഞ്ഞു. ചാമിയപ്പന്‍ പെണ്‍കുട്ടിയുടെ മുഖത്തേക്കുതന്നെ സൂക്ഷിച്ചു നോക്കി.
നഗരത്തില്‍ നിന്ന് ഗ്രാമത്തിലെത്തുന്നതിനു മുന്നിലെ കയറ്റമാണ്. അയാള്‍ക്ക് തിടുക്കമുണ്ട്. സ്കൂട്ടര്‍ പതിയെ വളച്ച് മുന്നില്‍ കയറാന്‍ സ്ഥലമുണ്ടോ എന്നു നോക്കി പതിയെ പിന്‍വാങ്ങി. ലോറിയുടെ തൊട്ടു പിന്നില്‍ കയറ്റം കയറാന്‍ മടിച്ച് അയാള്‍ സ്കൂട്ടര്‍ നിറുത്തി. അസ്വസ്ഥനായി കാലുകള്‍ നിലത്തുരച്ച് അയാള്‍ ലോറിയിലേക്ക് ശ്രദ്ധിച്ചു.
എങ്കിലും കയറ്റം കയറിത്തുടങ്ങിയ ലോറിയില്‍ നിന്ന് കെട്ടഴിഞ്ഞ് താഴെക്കുവന്ന ഭാരമുള്ള വീപ്പകളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. വീപ്പകളിലൊന്ന് അയാളെയും വണ്ടിയെയും കയറ്റം തുടങ്ങുന്നതിനു താഴെയുള്ള കുഴിയിലേക്ക് തെറിപ്പിച്ചു. പിന്നെ അയാളുടെ നെഞ്ചിനുകുറുകെ വീണു.
സ്കൂട്ടറിനരികില്‍ പിറ്റേന്ന് മകളുടെ വിവാഹത്തിനായി വാങ്ങിയ പൂക്കളും ഹാരങ്ങളും ചിതറിക്കിടന്നു.
ദക്ഷിണ നീട്ടിനില്‍ക്കുന്ന പെണ്‍കുട്ടിയുടെ മുഖം നോക്കിയിരുന്ന് ചാമിയപ്പന്‍ ഉരുകി. പിന്നെ കണ്ണടച്ച് ആല്‍ത്തറയിലേക്ക് ചാരി.
“കൊട്, കൊടുത്തിട്ട് വാ” ലക്ഷ്മിയമ്മ ഭയന്ന ശബ്ദത്തില്‍ പറഞ്ഞു.
പദചലനങ്ങള്‍ അകന്നുപോകുന്നത് ചാമിയപ്പന്‍ കേട്ടു. “അല്ലെങ്കിലും അയാളീയിടെ അങ്ങനെയാ കൊച്ചേ” അമ്മ മകളെ ആശ്വസിപ്പിക്കുന്നു. ചാമിയപ്പന് നിലവിളിക്കണം എന്നു തോന്നി.
ആറ്റിനക്കരെയുള്ള അടുത്ത ചെറുപട്ടണത്തിലേക്ക് ഭാരം കയറ്റിയ ലോറികള്‍ ഗ്രാമത്തിലൂടെയാണ് കടന്നു പോകുന്നത്. അതില്‍ മണ്ണെണ്ണ കയറ്റിയ ഒരു ലോറി കവലയില്‍ വന്നു പൊട്ടിത്തെറിക്കുന്നതും കുട്ട്യാരുടെ കടമുതല്‍ താനിരിക്കുന്ന ആല്‍ത്തറ വരെ ഒറ്റ തീഗോളമാവുന്നതും ചാമിയപ്പന്റെ ഉച്ചമയക്കങ്ങളില്‍ സ്വപ്നമായി വരാന്‍ തുടങ്ങിയിട്ട് കുറേക്കാലമായിരുന്നു. എങ്കിലും സ്വപ്നങ്ങളെ മുന്നറിവുകളായി ചാമിയപ്പന്‍ ഒരിക്കലും കരുതിയിരുന്നില്ല.
ലക്ഷ്മിയമ്മയുടെ ഭര്‍ത്താവിനെക്കുറിച്ച് കണ്ടതും കഥയില്ലാത്ത ഒരു സ്വപ്നമായിരുന്നെങ്കില്‍ എന്ന് ചാമിയപ്പന്‍ ആശിച്ചു.
വളവിനപ്പുറം വീണ്ടുമൊരു വണ്ടിയുടെ മുഴക്കം. ചാമിയപ്പന് എന്തെന്നില്ലാത്ത ഭയം തോന്നി. അത് മണ്ണെണ്ണ കയറ്റിയ ഒരുലോറി ആയാലോ? അതിനു പിന്നില്‍ നഗരത്തില്‍ നിന്ന് കണ്ണമ്മ വരുന്ന ബസ് പൊടിയില്‍ പമ്മി ഇഴഞ്ഞു വരുന്നുണ്ടെങ്കിലോ?
ആല്‍ത്തറയില്‍ നിന്ന് നിരങ്ങിയിറങ്ങി ചാമിയപ്പന്‍ കുട്ട്യാരുടെ കടയുടെ മുന്നിലെത്തി. ഒഴിഞ്ഞ ഒരു വലിയ ലോറി അക്കരെയുള്ള പട്ടണത്തിലേക്ക് പാഞ്ഞുപോയി.
“എന്താ ചാമിയപ്പാ പതിവില്ലാതെ?". കുട്ട്യാര് ചോദിച്ചു.
ചാമിയപ്പന്‍ കുട്ട്യാരുടെ മുഖത്തേയ്ക്കും നഗരത്തില്‍ നിന്നുള്ള വഴിയിലേക്കും മാറിമാറി നോക്കി.
“ഓ കണ്ണമ്മ” കുട്ട്യാര് ഭിത്തിയിലെ റ്റൈമ്പീസില്‍ നോക്കി. “അവളെത്താന്‍ നേരമായില്ല ചാമിയപ്പാ. കുറച്ചൂടെ പിടിക്കും.”
ചാമിയപ്പന് ലജ്ജ തോന്നി. അബദ്ധം മറയ്ക്കാനെന്നപോലെ അയാള്‍ കറപിടിച്ചപല്ലുകള്‍ പുറത്തു കാണിച്ച് ചിരിച്ചു.
ചാമിയപ്പന്‍ കടയുടെ ഒതുക്കിലേക്ക് ചേര്‍ന്നു നിന്നു. കവലയുടെ പല മൂലയില്‍ നിന്ന് മുഖങ്ങള്‍ ഒളികണ്ണിട്ടു നോക്കാന്‍ തുടങ്ങി. ചാമിയപ്പന് അസ്വസ്ഥത തോന്നി.
കടയുടെ വരാന്തയില്‍ ഒരു ഒഴിഞ്ഞ കൂട കിടന്നിരുന്നു. ചാമിയപ്പന്‍ അതു കുനിഞ്ഞെടുത്തിട്ട് കുട്ട്യാരെ നോക്കി. എന്തിനെന്ന് മനസ്സിലായില്ലെങ്കിലും കുട്ട്യാര് ആയ്ക്കോട്ടെ എന്ന് തലയാട്ടി.
ചാമിയപ്പന്‍ കടയ്ക്കപ്പുറത്തേക്ക് നടന്നു. ഒരു ചെറുമതിലിനപ്പുറത്ത് നിന്ന് ചെമ്പരുത്തിയും മുല്ലയും വഴിയരികിലേക്ക് പൂത്ത് ചാഞ്ഞുകിടന്നിരുന്നു.
വിരല്‍ ആദ്യം തൊട്ടത് ഒരു പൂവിലാണ്. രാവില്‍ ഇതു വാടും. ചാമിയപ്പന്‍ സ്വയം പറഞ്ഞു. പൂവിനെ ഒന്നു തലോടി ചാമിയപ്പന്‍ അതിനരികില്‍ നിന്ന് നിറഞ്ഞ ഒരു മൊട്ട് പറിച്ചെടുത്തു.
വിറയ്ക്കുന്ന വിരലുകളോട് ഇലകളും ദലങ്ങളും സംസാരിക്കുന്നത് ചാമിയപ്പനറിഞ്ഞു. കവലയിലെ പലയിടങ്ങളിലും നിന്ന് തന്നെത്തന്നെ നോക്കുന്ന കണ്ണുകളെ അവഗണിച്ച് ചാമിയപ്പന്‍ പൂവിറുക്കാന്‍ തുടങ്ങി.
കറുത്ത, കരുത്തനായ ഒരുചെറുപ്പക്കാരന്റെ കൈപൈടിച്ച് കണ്ണമ്മ വലിയൊരമ്പലത്തിന്റെ പടിയിറങ്ങിവരുന്നതും അയാള്‍ അവള്‍ക്കുള്ള പൂക്കൂട ഗ്രാമത്തിലേക്കുള്ള ബസില്‍ കയറ്റിക്കൊടുക്കുന്നതും ഒരു സ്വപ്നം പോലെ ചാമിയപ്പന്‍ കണ്ടു.
കണ്ണുകള്‍ ഇറുക്കിയടച്ച് കണ്ണുനീര്‍ തുടച്ചുകളഞ്ഞ് ചാമിയപ്പന്‍ വീണ്ടും പൂങ്കുലയിലേക്ക് വിരല്‍ നീട്ടി. അത് അവസാനത്തെ കാഴ്ചയാണെന്ന് അയാള്‍ക്ക് തീര്‍ച്ച തോന്നി.
Wednesday, 7 May 2008
Saturday, 12 April 2008
ഉപകാരം
ബോറ്. 5
അര്‍നോള്‍ഡ് കിവിന്‍ഡ ഞാന്‍ താമസിക്കുന്ന വീടിന്റെ താഴെ നിലയില്‍ താമസിക്കുന്ന ഒരു ആഫ്രിക്കക്കാരനാണ്.
രണ്ടുവര്‍ഷം മുന്‍പ് അയാളുടെ മകള്‍ ഗുരുതരമായ ഒരു രോഗത്തോടെ ആശുപത്രിയില്‍ ആയി. നാട്ടില്‍ പോകാനുള്ള പണം കിട്ടാതെ അയാള്‍ വിഷമിച്ചു. ഞങ്ങള്‍ കുറച്ചുപേര്‍ മറ്റുചിലരുടെ സഹായത്തോടെ 1200 യൂറോ സംഘടിപ്പിച്ച് അയാളെ നാട്ടിലേക്കയച്ചു.
ഒരുമാസം കഴിഞ്ഞ് മകളുടെ ശവസംസ്കാരവും കഴിഞ്ഞ് കിവിന്‍ഡ തിരിച്ചുവന്നു.
പിന്നീട് വഴിയില്‍ കാണുമ്പോഴൊക്കെ അയാള്‍ വിനീതമായ ഒരു ചിരിയോടെ എന്നെ അഭിവാദനം ചെയ്യും. അയാളെ വഴിയില്‍ കണ്ടാല്‍ ഞാന്‍ ഒഴിഞ്ഞുമാറാന്‍ തുടങ്ങിയത് അങ്ങനെയാണ്.
അങ്ങനെയിരിക്കെ ആണ് ഞാന്‍ എന്റെ ബാത്ത്റൂമിലെ ചൂടുവെള്ളം വരുന്ന ടാപ്പിന്റെ മുകള്‍ഭാഗം മൊത്തമായി ഊരിയെടുത്തത്. മുറിയിലേക്ക് വെള്ളം ഇരച്ചുവരാന്‍ തുടങ്ങി. ഞാന്‍ പുറത്തേക്കോടി, ആരെയെങ്കിലും വിളിക്കാന്‍.
ആദ്യംകണ്ടത് കിവിന്‍ഡയെ ആണ്. അയാള്‍ ഉടനടി ഒരു ടൂള്‍ ബോക്സുമായി എന്റെ മുറിയില്‍ വന്ന് അത് നിമിഷനേരം കൊണ്ട് ശരിയാക്കിത്തന്നു. ഞാന്‍ അയാള്‍ക്ക് നന്ദിപറഞ്ഞിട്ട് മുറി വൃത്തിയാക്കാന്‍ തുടങ്ങി.
പിന്നീട് വഴിയില്‍ കാണുംമ്പോഴും കിവിന്‍ഡ പഴയതുപോലെ വിനീതനായിരുന്നു.
എങ്കിലും അഭിവാദ്യം ചെയ്തുകഴിഞ്ഞ് പതിവായി ‘പൈപ്പിനു കുഴപ്പമൊന്നുമില്ലല്ലോ സര്‍?' എന്നു ചോദിക്കാന്‍ തുടങ്ങിയത് എന്തിനെന്ന് എനിക്ക് മനസ്സിലാവുന്നില്ല

Thursday, 10 April 2008
അമ്മ
ബോറ് . 3
ഉറക്കം മടിച്ചു നില്‍ക്കുന്നു. അയാള്‍ തിരിഞ്ഞു കിടന്നു. തലയിണയില്‍ ചിതറിക്കിടക്കുകയാണ് അവളുടെ മുടി. അറപ്പ് തോന്നി. കൈ കൊണ്ട് വരഞ്ഞ് മാറ്റിയിട്ടു.
പുറം തിരിഞ്ഞു കിടക്കുകയാണവള്‍. നിറം പോയ മാക്സി പഴയ തുണിക്കെട്ടു പോലെ. ജോലി കഴിഞ്ഞു വന്നുള്ള കിടപ്പാണ്. ചത്ത ഉറക്കം.
പെണ്ണുകെട്ടിയാലുള്ള മെച്ചം ഉറക്ക ഗുളികവേണ്ടെന്നതാണ്. ഉറങ്ങാന്‍ കുറേക്കൂടെ നല്ല വഴി ഉണ്ടല്ലോ. അയാള്‍ ഇരുട്ടില്‍ ചിരിച്ചു.
വിരലുകള്‍ കൊണ്ട് മാക്സി മുകളിലേക്കു വലിച്ചു നീക്കി ഉറക്കത്തിന്റെ അലസതയില്‍ അകന്നതുടകള്‍ക്കിടയിലൂടെ അയാള്‍ അവളിലേക്ക് പ്രവേശിച്ചു.
കട്ടില്‍ ഉലയുന്നതിന്റെ കുലുക്കത്തിലോ നെഞ്ചില്‍ അലയുന്ന കയ്യുടെ നോവുള്ള കാര്‍ക്കശ്യത്തിലോ ഉറക്കം പാതി മുറിഞ്ഞ പെണ്ണ് ഞരങ്ങി. പിന്നെ ഒരു ദീര്‍ഘനിശ്വാസത്തോടെ ഉറക്കത്തിലേക്ക് തിരിച്ചു പോയി.
ഗര്‍ഭനിരോധന ഗുളിക കഴിക്കുന്ന കാര്യം അവള്‍ മറന്നു പോയിരുന്നു.

Tuesday, 8 April 2008
11.05 ന്റെ വണ്ടി
ബോറ് . 2
മാഷിനെ ഞാന്‍ ആദ്യം കാണുന്നത് കടവത്തൂന്ന് വള്ളം കയറി സ്കൂളിലേക്ക് വരുമ്പഴാന്നെന്നേ... ഞാന്നന്നേരം കോളേജിലോട്ട് പോകാന്‍ എതിരേയുള്ള വള്ളത്തില്‍ വരുവാരുന്നു. എന്റീശോ... അതൊക്കെ ഒരു കാലം
അല്ലിയാമ്പല്‍ കടവിലന്നരക്കുവെള്ളം എന്നൊരു പാട്ടൊണ്ടല്ലോ... അത് ഞങ്ങളെക്കുറിച്ചാന്നല്യോ ഞാന്‍ വിചാരിച്ചേ. രാത്രീല് കെടന്നൊറങ്ങുമ്പോ പോലും മാഷിന്റെ കൂടെ വള്ളം തുഴയുന്ന സ്വപ്നന്മാരുന്നു മനസ്സില്‍.
രാവിലെയും വൈകിട്ടും വെള്ളത്തിന്റെ മീതേ ആടിയും ഒലഞ്ഞും ഒരു പോക്കും വരവും. അതുകാണാന്‍വേണ്ടി കോളേജീപ്പോണ്ടെങ്കിലും ഞാന്‍ വീട്ടീന്നെറങ്ങി വരുവാരുന്നു. ഒന്നുകണ്ടാലായി. ഒന്നു മിണ്ടിയാലായി. അതെങ്ങനെ കല്യാണാലോചനവരെ പോയീന്നൊന്നും എനിക്കറിയത്തില്ല.
കല്യാണാലോചന നടക്കുമ്പഴാ മാഷിന് ഇവിടെ ഈ നരകത്തിലോട്ട് ട്രാന്‍സ്ഫര്‍ വന്നത്. റെയില്‍വേ സ്റ്റേഷനടുത്തുനിന്ന് കഷ്ടിച്ച് ഒരു കിലോമീറ്റര്‍.
ഒള്ളതൊക്കെ വാരിക്കെട്ടി ട്രെയിനിലാ കൊണ്ടുവന്നതുപോലും.
വന്നിട്ടോ..
ട്രെയിനിലാ മാഷിന്റെ വരവും പോക്കും. ഒരു സ്ടേഷനപ്പുറത്തല്യോ ജോലി. രാവിലെ ഒരോട്ടം. വൈകിട്ടൊരോട്ടം.
മുന്‍പിലും പിന്‍പിലും ചായേടെകൂട്ടത്തില്‍ ഒരു നോട്ടം. ബാക്കിയെല്ലാം ക്ഷീണവും ജോലിയുമാ അങ്ങേര്‍ക്ക്.
എല്ലാം സഹിക്കാം. വൈകിട്ട് ഉണ്ടതും ഉണ്ടാക്കിയതുമെല്ലാം കഴുകിപ്പെറുക്കി ക്ഷീണിച്ച് വന്ന് ബെഡേലോട്ടൊന്നു കിടക്കുമ്പം ട്രെയിനിന്റെ അനക്കം തൊടങ്ങും.
11.05 ന്റെ വണ്ടി
കണ്ണില്‍ മയക്കം പിടിക്കുമ്പോള്‍ അതിന്റെ ഒരു എളക്കോം അനക്കോം. പിന്നെ ഒരു ഭൂമികുലുക്കമല്യോ.. രണ്ടുമിനിറ്റ്. രണ്ടുമിനിറ്റേയൊള്ളൂ. കണ്ണേലോട്ട് പിടിച്ച ഒറക്കം പോയിക്കിട്ടും.
ഇതിയാനതൊന്നും അറിയാത്തമട്ടില്‍ തിരിഞ്ഞുകിടക്കും. പിന്നെ കൂര്‍ക്കം വലിയേ കേള്‍ക്കൂ.
ബോറ്...
Monday, 17 March 2008
ബോറ്
രേണുകേ ഈ വൃത്തികെട്ട കോട്ടണ്‍ ഗൌണുമിട്ട് നെറം പോയ ഷീറ്റും പൊതച്ച് നീയിങ്ങനെ ഒറങ്ങിക്കെടക്കുമ്പം നിന്റെ മൂക്കും പകുതിതൊറന്ന വായും ചേര്‍ത്ത് ഈ പഴേ തലേണയൊന്നമര്‍ത്തിയാ, വെറും മൂന്നുമിനിട്ട്, അത്രപോലും വേണ്ട രണ്ടുകയ്യുംകൊണ്ട് എന്റെ കയ്യീ മുറുകെപ്പിടിച്ച്, രണ്ടുകണ്ണും തുറിച്ച് എന്നെ മാത്രം നോക്കി, നീ പെടഞ്ഞുപെടഞ്ഞു ചാവും.
നമ്മടെ അംബികേടെ അബോര്‍ഷന്‍ നടത്തിയ മോഹനന്‍ ഒണ്ടല്ലോ അവനും ഞാനും കൂടി ഇന്നലെ അപ്സരേന്ന് വെള്ളമടിച്ചതേയുള്ളൂ. നിന്റെ ആ എടക്കെടക്കുവരുന്ന കൊണപ്പെടാത്ത ഗാസ്ട്രബിളൊണ്ടല്ലോ അത് ഹൃദ്രോഗത്തിന്റെ ആരംഭമാരുന്നെന്നും ഒറക്കത്തിലെങ്ങാണ്ട് കാലന്‍ വന്ന് നിന്നെ കെട്ടിവലിച്ചോണ്ട്പോയെന്നും അവന്‍ സുന്ദരമായിട്ട് ചീട്ടെഴുതിത്തരും.
എനിക്കറിയാം രേണുകേ നിനക്കൊരു വിചാരമൊണ്ട് നിനക്കെന്തെങ്കിലും പറ്റിയാല് പിള്ളേരെ ആരുനോക്കും എന്നൊക്കെ. കാലം പുരോഗമിച്ചു രേണുകേ. മൊലകുടിക്കുന്ന പ്രായം കഴിഞ്ഞാല്‍ അമ്മമാരെക്കോണ്ട് പിള്ളേര്‍ക്ക് പ്രത്യേകിച്ചു പ്രയോജനം ഒന്നുമില്ല.
പഠിപ്പിക്കാന്‍ ഇപ്പോള്‍ നല്ലത് ബോഡിംഗ് സ്കൂളുകളാ. അവധിക്കെങ്ങാനും വന്നാല്‍ തറവാട്ടീപോയി നില്‍ക്കാം. അമ്മയില്ലാത്ത കുട്ടികളെന്നു പറഞ്ഞ് എല്ലാരും നന്നായിട്ടു നോക്കിക്കോളും.
എനിക്കു ബാങ്കീന്നു കിട്ടുന്നതൊക്കെ മതി അതുങ്ങളെ പഠിപ്പിക്കാന്‍. നിന്റെ ജാഡകളും അധികച്ചെലവും ഇല്ലെങ്കി എനിക്കെന്താ പ്രത്യേകിച്ചു ചെലവ്?
എന്നുവച്ചാ നിന്റെയീ ഒടുക്കത്തെ സര്‍ക്കാരുദ്യോഗമുണ്ടല്ലോ അതുകൊണ്ട് പ്രത്യേകിച്ചു കൊണമൊന്നും ഇല്ല. നിനക്ക് രാവിലെ വീട്ടില്‍ നിന്നു പോകാനും വൈകിക്കേറിവരാനും ഒരു ഞായം. പെങ്കൊച്ചിനെന്നു പറഞ്ഞു സൊര്‍ണവും മാസത്തിനുമാസം സാരിയും വാങ്ങിച്ചു ഞെളിയാനൊരു വഴി. പിന്നെ ചേട്ടന്റെ ശമ്പളമൊക്കെ കണക്കാ.. ഞാന്‍ ഊറ്റിയും ഉറിഞ്ചിയും ഒണ്ടാക്കുന്നതുകൊണ്ട് ജീവിച്ചുപോന്നു എന്ന് കൂട്ടുകാരികളോടും ബന്ധുക്കളോടും ഒതുക്കത്തീ വീമ്പ് പറയാം.
എനിക്കറിയാം, കിട്ടാവുന്ന പ്രമോഷന്‍ പോലും തട്ടിക്കളഞ്ഞ് ട്രാന്‍സ്ഫര്‍ വേണ്ടാന്നുപറഞ്ഞ് എന്തിനാ നീ സിറ്റി ഓഫീസില്‍ തന്നെ കടിച്ചുതൂങ്ങുന്നേന്ന്. അവിടെ നീ വലിയ മിടുക്കിയാന്നു വിചാരിക്കുന്ന കൊറെയെണ്ണം ഒണ്ട്.
പിന്നെ നിന്റെ പൊറകെ വെള്ളമൊലിപ്പിച്ചു നടക്കുന്ന ആ ക്ലാര്‍ക്കൊണ്ടല്ലോ ആ മരങ്ങോടന്‍ സുകു. അവന്‍ നിനക്ക് ലൈബ്രറീന്നു പുസ്തകം തന്നും മഴയൊള്ളപ്പം കൊട തന്നും വണ്ടിയില്ലാത്തപ്പം ലിഫ്റ്റ് തന്നും സഹായിക്കുന്നതെന്തിനാന്നറിയാമോ? നിനക്ക് മറ്റെന്തെങ്കിലും കൊറവൊണ്ടെങ്കി അതും തീര്‍ക്കാന്‍ അവന്‍ തയ്യാറാന്നറിയിക്കാനാ.
നീ വിചാരിക്കും എനിക്കവനോട് അസൂയയാണെന്ന്. സത്യമായിട്ടും ഇല്ല. നിന്നെയും അവനെയും കൂടി എവിടെയെങ്കിലും വച്ച് ഒന്നു പിടികൂടാന്ന് എന്തുമാത്രം പ്രതീക്ഷിച്ചിട്ടൊണ്ടെന്നറിയാമോ. ഒരു ദെവസം ബാങ്ക് ആവശ്യത്തിന് അടുത്തുവരെ വന്നപ്പം കയറിയതാണെന്ന മട്ടില് നിന്റെ ഓഫീസില്‍ കേറിയതും നിനക്ക് അവധിയുള്ള ഒരു ദെവസം അറിയിക്കാതെ ഹാഫ് ലീവെടുത്ത് തിരികെ വന്നതും ഒക്കെ ചുമ്മാതെ അങ്ങു സംഭവിച്ചതാന്നു വിചാരിച്ചു നീ.
നിനക്ക് ബുദ്ധിയേയില്ല രേണുകേ. അല്ലെങ്കി ചെലപ്പം രാത്രീല് ബോറടി മാറ്റാന്‍ ഞാനെന്തെങ്കിലും പറയുകേം ചെയ്യുകേം ചെയ്യുന്നതൊക്കെ വച്ച് എനിക്കിപ്പോഴും നിന്നോട് പ്രേമമാന്ന് നീ കണക്കുകൂട്ടുകേലാരുന്നല്ലോ.
ഞാനിങ്ങനൊക്കെ വിചാരിക്കുന്നത് നീയിങ്ങനെ വീട്ടിലുള്ളതുകൊണ്ട് എനിക്കെന്തെങ്കിലും പ്രശ്നമൊണ്ടായതുകൊണ്ടൊന്നും അല്ല രേണുകേ. വൈകുന്നേരം അപ്സരേലൊന്നു കൂടാനോ ഉച്ചക്ക് ബാങ്കീന്നു മുങ്ങി ആ അന്നാമാഡത്തിന്റെ കിളുന്നുപെണ്‍പിള്ളേരുടെ കൂടെ രണ്ടുമണിക്കൂര്‍ കളയാനോ നീ ഇവിടൊള്ളത് എനിക്കൊരു പ്രശ്നമേയല്ല.
നീയൊണ്ടേലും ഇല്ലേലും എന്റെ ജീവിതം ഒരുവഴിക്കൊക്കെ അങ്ങുപോവും. നിന്നോടെനിക്ക് ദേഷ്യോമില്ല. ഒള്ളതുപറഞ്ഞാല് എന്നെ ഒന്നു അരിശപ്പെടുത്താന്‍ പോലും പറ്റാത്ത മണുക്കൂസായിപ്പോയല്ലോ നീയെന്നോര്‍ക്കുമ്പഴാ എനിക്കരിശം.
നിനക്കെന്നോട് വെറുതെ വഴക്കടിച്ചൂടേ? രാവിലെ പിള്ളേരുണര്‍ന്ന് വഴക്കുതൊടങ്ങുമ്പം രണ്ടിനും നല്ല തല്ലുകൊടുത്ത് കരയിച്ച് സ്കൂളില്‍ വിട്ടൂടെ? ഓഫീസില്‍ ഒഴിവുകിട്ടുന്ന നേരം ആ സുകുവിന്റെ അടുത്തു ചുറ്റിപറ്റിനിന്നൂടെ? വെള്ളമടിച്ച് ബോധം കെട്ടു വരുമ്പോഴെങ്കിലും നിനക്കിട്ടു രണ്ടുതല്ലാന്‍ ഒരു കാരണം ഒണ്ടാക്കിക്കൂടേ?
ഇതിനൊന്നും വയ്യെങ്കി രേണുകേ, പാറ്റയെ കൊല്ലാന്‍ നല്ല വീര്യം കൂടിയ മരുന്ന് ഞാനല്ലേ വാങ്ങിക്കൊണ്ടുവന്നതും പിള്ളേരൊന്നും തൊടാതെ അതു സൂക്ഷിച്ചുവയ്ക്കണം എന്നു പറഞ്ഞതും? രാവിലെ ഈ വീട്ടീ ചായ മൊതല് വൈകുന്നേരത്തെ കഞ്ഞി വെരെ എല്ലാം ഒണ്ടാക്കുന്നത് നീതന്നല്ലേ? അതിലെനിക്കും പിള്ളേര്‍ക്കുമൊള്ള പങ്കെടുത്തു മാറ്റി അതീ മരുന്നൊഴിച്ചു നിനക്ക് കഴിച്ചൂടേ?
വെറുതെയെന്തിന് എന്റെ കൈ മെനക്കെടുത്തണം. ഹോ ഒറക്കം വരുന്നു.

Saturday, 23 February 2008
ഫയര്‍ഡാന്‍സ് ഇഷ്ടമില്ലാത്ത കുട്ടി
ഒരു നഗരത്തില്‍ ദീപു എന്നൊരു കുട്ടി ഉണ്ടായിരുന്നു. നാലു വശത്തു നിന്നും വണ്ടികള്‍ തിരക്കിട്ടോടുന്ന ഒരു കവലയുടെ മൂലക്കുള്ള ഉയര്‍ന്ന കെട്ടിടത്തിലായിരുന്നു ദീപു താമസിച്ചിരുന്നത്.
ദീപുവിന് അവന്റെ അച്ഛനെ വലിയ ഇഷ്ടമായിരുന്നു. അവനെ സ്കൂളില്‍ കൊണ്ടു വിടുന്നതും സ്കൂളില്‍ നിന്ന് തിരികെ കൊണ്ടുവരുന്നതും അവന്റെ അച്ഛനായിരുന്നു.
അവധി ദിവസങ്ങളില്‍ അച്ഛന്‍ ജോലി കഴിഞ്ഞു വരുന്നത് കാത്ത് ദീപു മൂന്നാം നിലയിലെ ഇടുങ്ങിയ ബാല്‍ക്കണിയില്‍ നില്‍ക്കും. എന്നിട്ട് താഴെ കവലയില്‍ കാണുന്ന കാര്യങ്ങളെക്കുറിച്ച് അവന്റെ അമ്മയോട് വിളിച്ചുപറഞ്ഞുകൊണ്ടിരിക്കും.
ഒരു ദിവസം, എന്നുവച്ചാല്‍ ദീപുവിനു സ്കൂളില്‍ അവധിയായിരുന്ന ദിവസം, ദീപു അങ്ങനെ അച്ഛനെക്കാത്തു നില്‍ക്കുകയായിരുന്നു. അമ്മേ ദാ ഫയര്‍ഡാന്‍സ് കളിക്കുന്ന അങ്കിള്‍ എന്ന് ദീപു ബാല്‍ക്കണിയില്‍ നിന്ന് വിളിച്ചു പറഞ്ഞു.
ചില അമ്മമാര്‍ ചില നേരത്ത് ചിലതൊന്നും കേള്‍ക്കുകയില്ല. ചെക്കനെ സ്കൂളില്‍ വിടണ്ടാത്ത ദിവസം വണ്ടിയെടുക്കാന്‍ മടിച്ച് കൂട്ടുകാരന്റെ ബൈക്കിനുപുറകില്‍ യാത്രചെയ്യുന്നതകൊണ്ടല്ലേ രാജേഷ് വരാന്‍ വൈകുന്നത് എന്ന് പരിഭവിച്ചോ ഇതിലൊക്കെ എന്തിരിക്കുന്നു കൂട്ടുകാരുടെ കൂടെ കറങ്ങി സമയം കളയുന്ന ഒരു വായിനോക്കിയല്ലല്ലോ എന്റെ ഭര്‍ത്താവ് എന്നോര്‍ത്ത് സ്വയം ഒന്നും പുഞ്ചിരിച്ചോ അവര്‍ എണ്ണപുരണ്ട പാത്രത്തിലെ പതയുന്ന സോപ്പില്‍ കയ്യിട്ട് അമര്‍ത്തി തിരുമ്മിക്കൊണ്ടിരിക്കും.
ഇന്നു വൈകിട്ട് ഫയര്‍ ഡാന്‍സ് ഉണ്ടല്ലോ എന്നുപറഞ്ഞ് ദീപു കയ്യടിച്ച് തുള്ളിച്ചാടാന്‍ തുടങ്ങി. കവലയില്‍ ഫയര്‍ഡാന്‍സ് ഉള്ള ദിവസം ദീപുവിന്റെ അച്ഛന്‍ ദീപുവിനെ ഫയര്‍ഡാന്‍സ് കാണാന്‍ കൊണ്ടുപോകുമായിരുന്നു. ദീപുവിന് ഫയര്‍ ഡാന്‍സ് കാണാന്‍ ഇഷ്ടമായിരുന്നു.
ഫയര്‍ ഡാന്‍സിനെക്കുറിച്ച് ഓര്‍ത്ത് സന്തോഷിക്കുന്ന കുട്ടികള്‍ പരിസരങ്ങള്‍ നന്നായി നിരീക്ഷിക്കാറില്ല. അതുകൊണ്ട് വീടിനു തൊട്ടപ്പുറം കവലയില്‍ അതു വരെയും ബസ് കാത്തു നില്‍ക്കുകയായിരുന്ന ചുരിദാറിന്റെ ഷോള്‍ തലവഴിമൂടിയ ചെറുപ്പക്കാരി പെട്ടെന്ന് സെല്‍ഫോണ്‍ ചെവിയിലേക്ക് ചേര്‍ത്തുവയ്ക്കുകയും ബസ് കാത്തു നില്‍ക്കുന്ന മറ്റുള്ളവരുടെ ഇടയില്‍ നിന്ന്‍ നാലുവശത്തുനിന്നുമുള്ള വണ്ടികള്‍ പാഞ്ഞുവരുന്ന റോഡുകള്‍ ചേരുന്ന ഇടത്തേക്ക് അതിവേഗത്തില്‍ നടക്കുകയും ചെയ്യുന്നത് ദീപു കണ്ടതേയില്ല.
അഥവാ ദീപു അവളെ കണ്ടെന്നിരിക്കട്ടെ. എങ്കിലും സെല്‍ഫോണിലൂടെ അവള്‍ എന്താണ് കേള്‍ക്കുന്നതെന്ന് ദീപുവിന് കേള്‍ക്കാന്‍ ആകുമായിരുന്നില്ല.
തല ഷോള്‍കൊണ്ടുമൂടിയ പെണ്‍കുട്ടി അപ്പോള്‍ അകലെ ഒരു വീട്ടില്‍ ഇരുണ്ട ഒരു മുറിയില്‍ ഇരിക്കുന്ന കറുത്തമുഖത്ത് കാക്കപ്പുള്ളിയുള്ള ഒരു ചെറുപ്പക്കാരനോട് സംസാരിക്കുകയായിരുന്നു. സിനിമകളില്‍ പ്രതിമകള്‍ ജീവന്‍ വച്ചു സംസാരിക്കുന്നതുപോലെയുള്ള മരവിച്ച ശബ്ദത്തില്‍ ആ ചെറുപ്പക്കാരന്‍ ഫോണില്‍ ഇങ്ങനെ പറഞ്ഞു. ' ഞാനാണ്.. നീ എത്തിയില്ലേ.'
ഒരു നിമിഷം കഴിഞ്ഞ് അയാള്‍ ഇങ്ങനെ തുടര്‍ന്നു. 'ഉം അവിടെ തന്നെ നില്‍ക്കൂ. അവര്‍ തിരിച്ചു ഇപ്പോള്‍. രക്ഷപെടാന്‍ പോവുകയാണെന്നാണ് അവരുടെ പ്രതീക്ഷ. കറുത്ത ജാക്കറ്റ് ഇട്ട് ഹെല്‍മറ്റും വച്ച് ഒരു ബൈക്ക് നോക്കിക്കോളൂ. അതേ വേഷത്തില്‍ ഞങ്ങള്‍ തൊട്ടുപിന്നാലെയുണ്ടാവും. നിന്നോട് അവന്‍ ചെയ്ത ദ്രോഹത്തിന് നിന്റെ കണ്‍മുന്നില്‍ വച്ചുതന്നെ അവനു ശിക്ഷകൊടുക്കും ഞങ്ങള്‍. കാത്തു നില്‍ക്കൂ.'
തലമൂടിയ പെണ്‍കുട്ടി ഫോണ്‍ മടക്കി സ്വപ്നത്തിലെന്ന പോലെ തിരക്കുള്ള വഴിയിലേക്ക് സിഗ്നല്‍ തെറ്റിച്ച് വഴിമുറിച്ചുകടക്കുന്ന പലരും ചെയ്യുന്നപോലെ തിടുക്കത്തില്‍ ഒരു കാലെടുത്തുവയ്ക്കുകയും പെട്ടെന്ന് കാലു പിന്‍ വലിച്ച് അവിടെത്തന്നെ പ്രതിമപോലെ നില്‍ക്കുകയും ചെയ്തു. അവള്‍ അങ്ങനെ ചെയ്യുന്ന നിമിഷത്തിലാണ് ദീപു അവളെ കണ്ടത്.
അമ്മേ ദാ ഒരു ചേച്ചി സിഗ്നല്‍ തെറ്റിച്ച് റോഡ് മുറിച്ചുകടക്കാന്‍ നോക്കുന്നു എന്ന വാചകം പകുതിയായപ്പോഴേക്കും പെണ്‍കുട്ടി പ്രതിമപോലെ നില്‍ക്കുകയും ദീപു പറയാന്‍ വന്നത് നിറുത്ത് എങ്ങനെ തുടരണം എന്നോര്‍ത്ത് തുറന്ന വായോടെ ചുറ്റും നോക്കുകയും ചെയ്തു.
ഫയര്‍ ഡാന്‍സ് കളിക്കുന്ന അങ്കിള്‍ അന്നേരം തോളിലുണ്ടായിരുന്ന വലിയ സഞ്ചി ഇറക്കി വച്ച് കവലയിലെ ബേക്കറിയുടെ ഇടതുവശത്തെ ഒഴിഞ്ഞ സ്ഥലം വട്ടത്തില്‍ തെളിച്ചെടുക്കുകയായിരുന്നു. രണ്ടുമണിക്കൂര്‍ കഴിഞ്ഞ് ഇരുട്ടാകുമ്പോള്‍ അയാള്‍ അതിനു നടുവില്‍ വലിയ ആഴികൂട്ടുകയും ഇരുകയ്യിലും പന്തം തെളിയിച്ച് 'ഹോ.......യ് ' എന്നു നീട്ടി വിളിച്ചുകൊണ്ട് പന്തങ്ങള്‍ ചുഴറ്റി വട്ടത്തില്‍ ഓടുകയും ചെയ്യും.
അതോര്‍ക്കുമ്പോള്‍ ദീപുവിനും അങ്ങനെ ചെയ്യണം എന്ന് തോന്നും. യഥാര്‍ത്ഥത്തില്‍ ഫയര്‍ഡാന്‍സിന്റെ തുടക്കത്തിലെ ആ ഭാഗം മാത്രമാണ് അവന്‍ ചിരിയോടെ കണ്ടുനില്‍ക്കാറുള്ളത്. പഴയകോളാമ്പിമൈക്കില്‍ സംഗീതം വച്ച് പോകുംതോറും മുറുകിവരുന്ന താളത്തില്‍ പന്തങ്ങള്‍ ചുഴറ്റി അങ്കിള്‍ നൃത്തം തുടരുമ്പോള്‍ ദീപു ഒട്ടൊരുഭയത്തോടെ അച്ഛന്റെ കാലുകളോട് ചേര്‍ന്നൊതുങ്ങി വിരലുകളില്‍ മുറുകെപ്പിടിച്ചുനില്‍ക്കും. ഒടുവില്‍ ദേഹം മുഴുവന്‍ പൊതിഞ്ഞുവരുന്നതീയിലേക്ക് അയാള്‍ മറഞ്ഞുപോകുമ്പോള്‍ അരുതാത്തതെന്തോ കാണാന്‍ മടിച്ച് അവന്‍ അച്ചന്റെ വയറ്റിലേക്ക് മുഖമണച്ചു നില്‍ക്കും. ചുറ്റും കയ്യടി കേള്‍ക്കുമ്പോള്‍ തീയെല്ലാം അണഞ്ഞ് മുഖത്തെ ചിരിയുടെ തെളിച്ചവുമായി എല്ലാവരെയും കുമ്പിടുന്ന അങ്കിളിനെ നോക്കി അവനും വിടര്‍ന്ന ചിരിയോടെ കയ്യടിക്കും.
ദീപു വൈകുന്നേരത്ത് നടക്കാനുള്ള ഫയര്‍ ഡാന്‍സിനെക്കുറിച്ച് പലതും ഓര്‍ത്തുനില്‍ക്കുമ്പോഴാണ് ട്രാഫിക് ലൈറ്റുകള്‍ ചുമക്കുകയും വീടിനു മുന്നിലൂടെയുള്ള വഴി നിശ്ചലമാവുകയും വശത്തു കൂടെയുള്ള വഴി ഒഴുകിത്തുടങ്ങുകയും ചെയ്തത്. ഒരു ബൈക്കില്‍ കറുത്തജാക്കറ്റിട്ട ഹെല്‍മെറ്റ് വച്ച രണ്ടുപേരെ ദീപു കണ്ടു. അമ്മേ അച്ഛനും ശശിയങ്കിളും വരുന്നു എന്ന് പറയാന്‍ ദീപു വായ് തുറക്കുമ്പൊഴേക്കും അതേപോലെ മറ്റൊരു ബൈക്ക് ആ ബൈക്കിന്റെ തൊട്ടു പിന്നില്‍ വന്നു നിന്നു. ഏതു വണ്ടിയിലാണ് അച്ഛനും ശശിയങ്കിളും എന്നറിയാതെ ദീപു ഒരു നിമിഷം കുഴങ്ങിയപ്പോഴേക്കും എതിരെ ലൈറ്റുകള്‍ നിറം മാറുകയും വീടിന്റെ വശത്തുകൂടെയുള്ള വഴി ഉറഞ്ഞുപോവുകയും ചെയ്തു.
ഒരു കവലയില്‍ ട്രാഫിക് സിഗ്നല്‍ മാറുകയും മുന്‍നിരയിലുള്ള ഒരു ബൈക്ക് അനങ്ങിത്തുടങ്ങുമ്പോഴേക്കും തൊട്ടുപിന്നിലെ ബൈക്ക് മുന്നോട്ടു കുതിക്കുകയും രണ്ടാമത്തെ ബൈക്കിലെ പിന്നിലിരിക്കുന്ന യാത്രക്കാരന്‍ കൈ നീട്ടി ആദ്യത്തെ ബൈക്കില്‍ പിന്നിലിരിക്കുന്ന യാത്രക്കാരന്റെ തോളെല്ലിന് താഴെ അതിവിദഗ്ദമായി കത്തികുത്തിയിറക്കുകയും കുത്തിന്റെ ശക്തിയില്‍ ഉലഞ്ഞുപോകുന്ന രണ്ടാമത്തെ ബൈക്ക് ബാലന്‍സ് ശരിയാക്കി മുന്നിലെ ഒഴിഞ്ഞ വഴിയിലൂടെപാഞ്ഞുപോവുകയും ചെയ്താല്‍ കവലയുടെ മൂലയുടെ മൂന്നാം നിലയില്‍ നില്‍ക്കുന്ന നാലരവയസ്സുകാരന് എന്താണുണ്ടായതെന്ന് ആദ്യകാഴ്ചയില്‍ ശരിക്ക് മനസ്സിലാവണമെന്നില്ല്ല.
അതുകൊണ്ടാണ് ആദ്യത്തെ ബൈക്കിലെ പിന്നിലിരുന്നവന്‍ അലര്‍ച്ചയുടെ ആദ്യപടിയില്‍ ഉറഞ്ഞുപോയ മുഖവുമായി മുന്നിലിരുന്നവനെ വട്ടംചുറ്റിപ്പിടിക്കുകയും മുന്നിലിരുന്നയാള്‍ വെട്ടിത്തിരിയുകയും ബാലന്‍സ് തെറ്റി വണ്ടിയോടൊപ്പം വീഴുകയും പിന്നെ ചാടിയെഴുന്നേറ്റ് മുതുകില്‍ തറഞ്ഞ കത്തിയുമായി വശത്തേക്ക് കമഴ്ന്ന് വീണുകിടന്ന കൂട്ടുകാരനു ചുറ്റും ഒരു കൈ ആകാശത്തേക്കും മറുകൈ ഒഴുകിപ്പരക്കുന്ന ചോരക്കുനേരെയും നീട്ടി 'ഹാ...' എന്ന ഒരു അലര്‍ച്ചയോടെ വട്ടത്തില്‍ ഓടുകയും ചെയ്തപ്പോള്‍ ദീപുവിന് ഒരു നിമിഷത്തേക്ക് ഫയര്‍ഡാന്‍സിന്റെ തുടക്കം ഓര്‍മവന്നത്.
പിന്നെ അവന്‍ തുറന്ന വായും മിഴിച്ചകണ്ണുമായി ഒരു നിമിഷം ഉറഞ്ഞുനില്‍ക്കുകയും ബാല്‍ക്കണിയുടെ തുറന്നുകിടന്ന വാതിലിലൂടെ 'ഹാ..' എന്നലറിക്കൊണ്ട് ഫ്ലാറ്റിന്റെ മുന്‍വാതിലിലേക്ക് ഓടുകയും ചെയ്തു. അങ്ങനെ അതിവേഗത്തില്‍ ഓടുന്ന കുട്ടികള്‍ അടഞ്ഞ വാതില്‍ തുറക്കാതെ ഓടിക്കടക്കാന്‍ ശ്രമിക്കാറുണ്ട്.
അടുക്കളയില്‍ വശത്തു തുറന്നുകിടക്കുന്ന റ്റാപ്പിനുകീഴില്‍ അഴുക്കുപാത്രങ്ങള്‍ ഇട്ടിട്ട് സോപ്പുവെള്ളമിറ്റുന്ന കൈകളോടെ ചായതിളക്കുന്ന അടുപ്പിനുമുന്നില്‍ കുനിഞ്ഞുനില്‍ക്കുന്ന അമ്മക്ക് കവലയിലെ വാഹനങ്ങള്‍ ഹോണുകള്‍ മുഴക്കുന്നതോ ജനക്കൂട്ടം അലമുറയിടുന്നതോ തലകുനിച്ച് നടന്നുപോകുന്ന ഒരു പെണ്‍കുട്ടി കാറിത്തുപ്പുന്നതോ കേള്‍ക്കാനാവില്ല. എന്നാലും ബാല്‍ക്കണിയില്‍ നില്‍ക്കുന്ന കുട്ടി അലറിവിളിച്ചുകൊണ്ടോടിയാല്‍ തിളക്കുന്ന പാലും തുറന്ന റ്റാപ്പും ഒക്കെ അവര്‍ മറന്നുപോകുന്നു. അതുകൊണ്ട് അടഞ്ഞമുന്‍വാതിലിലൂടെ പറന്നു പോകാന്‍ ശ്രമിച്ച ദീപു പിന്നിലേക്ക് മലച്ചുവീണത് എന്തിനെന്നറിയാതെ പിന്നാലെ പാഞ്ഞുചെന്ന ശൈലജയുടെ കൈകളിലേക്കാണ്.
മുന്മുറിയിലെ സെറ്റിയില്‍ മുഖത്തുചിതറിവീണ വെള്ളത്തുള്ളികള്‍ക്കിടയിലൂടെ ദീപു കണ്ണുതുറക്കുമ്പോള്‍ ശൈലജ ആധിയോടെ രാജേഷിനു ഫോണ്‍ ചെയ്യുകയായിരുന്നു. തളര്‍ന്ന കൈ നീട്ടി അമ്മയുടെ വിരലില്‍ പിടിച്ച് ദീപു പറഞ്ഞു 'അച്ഛനെ അവര്‍ കൊന്നു... കുത്തിക്കൊന്നു...'.
കയ്യില്‍ ഹെല്‍മറ്റ് ഊരിപ്പിടിച്ച് മൂന്നാം നിലയിലേക്കുള്ള പടികയറുമ്പോഴാണ് രാജേഷിന്റെ പോക്കറ്റിലെ സെല്‍ഫോണ്‍ അടിച്ചത്. ഇങ്ങനെയും ആധിപിടിക്കുന്ന ഒരു പെണ്ണ് എന്ന് പരിഭവിച്ച് ഫോണ്‍ ഓണ്‍ചെയ്യാന്‍ ശ്രമിക്കാതെ ഫ്ലാറ്റിന്റെ വാതില്‍ തുറന്ന് രാജേഷ് അകത്തേക്കു കയറി. പ്രേതത്തേക്കണ്ടതുപോലെ ദീപു ഒന്നു നിലവിളിച്ചു. പിന്നെ മുന്‍പത്തെപ്പോലെ ഓടിപ്പാഞ്ഞ് രാജേഷിന്റെ ദേഹത്തേക്ക് പൊത്തിപ്പിടിച്ചു വീണു.
കാര്യമെന്തെന്നറിയാതെ മുട്ടുകുത്തിയിരുന്ന രാജേഷിനെ അവന്‍ മുഷ്ടിചുരുട്ടി നെഞ്ചത്തും മുഖത്തും ഇടിച്ചു. അച്ഛന്‍ ആ അങ്കിളിനെ കൊന്നു എന്ന് അവന്‍ വിളിച്ചുകൂവുന്നുണ്ടായിരുന്നു.
അന്നു മുതലാണ് ദീപുവിന് ഫയര്‍ഡാന്‍സ് കാണാന്‍ ഇഷ്ടമില്ലാതായത്.
***********************
അടി(തട)ക്കുറിപ്പ്: വടവോസ്കിയുടെ നിസഹായത ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ എന്ന കഥ വായിച്ചപ്പോള്‍ ആ ത്രെഡിന്റെ രാഷ്ട്രീയമായ സാധ്യതകള്‍ പൊളിച്ചെഴുതിനോക്കണംഎന്ന് തോന്നി. ആ കഥയുടെ സ്ത്രീപക്ഷസാധ്യത ശരിയല്ലാത്തതുകൊണ്ടല്ല; ഒരു ചോരപ്പാടുകൊണ്ട് ഉള്ളില്‍ അശരണത്തം പടരാന്‍ ഇരയുടെ രാഷ്ട്രീയമായ സ്ഥാനമോ വ്യക്തിത്വമോ പ്രശ്നമല്ല എന്നുമാത്രം പറയണമെന്നുണ്ടായിരുന്നു. അങ്ങനെയാണ് ഈ വികൃതി ഉണ്ടായത്. വടവോസ്കിയുടെ കഥയുടെ ഇത്തിരി നീണ്ടുപോയ ഒരു അടിക്കുറിപ്പായി കൂട്ടിയാല്‍ മതി :)
കാഴ്ചക്കാരന്റെ /കാരിയുടെ രാഷ്ട്രീയം സിജിയും വിഷയമാക്കിയിരുന്നു പിന്നീട് ഇവിടെ.
നിലപാടുകള്‍ക്ക് മുന്‍പുള്ള കാഴ്ച്ചയുടെ വിഭ്രമത്തിലേക്ക് പോകാന്‍ മാത്രം ഒരു ശ്രമം.

Friday, 4 January 2008
അദ് തന്നെ !!
വേലുക്കുട്ടിക്കണിയാരുടെ മൂത്തമകന്‍ രവീന്ദ്രന്‍ പതിവുപോലെ ചൂണ്ടക്കലെ ഷാജിയുടെ മാടത്തില്‍ നിന്ന് ബാറ്ററിയിട്ട് വാറ്റിയതും കുടിച്ച്,
കവലയില്‍ വന്ന് അമ്മായിയുടെ മകള്‍ സരോജയെ വരത്തനെക്കെട്ടി എന്ന കുറ്റത്തിനു ചെകിട്ടത്തുതല്ലി, വേച്ചുവീഴാന്‍ പോയതക്കത്തിനു നാട്ടുകാര്‍ കാണെ അവളുടെ സ്വകാര്യസ്വത്തുക്കളുടെ മുഴുപ്പും തൂക്കവും അളന്ന്,
തടസ്സം പിടിക്കാന്‍ എവിടെനിന്നോ ഓടിവന്ന വേലുക്കുട്ടിക്കണിയാരുടെ അടിനാഭിക്ക് തൊഴിച്ച്,
നാട്ടുകാര്‍ തല്ലും എന്നായപ്പോള്‍ പിന്‍വലിഞ്ഞ് കവലയുടെ മൂലക്ക് വന്ന് എല്ലാരെയും തുണിപൊക്കിക്കാട്ടി ചീത്തവിളിച്ച്,
കനാലിന്റെ കലുങ്കിറങ്ങി മൂലക്ക് നത്തുമാത്തപ്പന്റെ കയ്യില്‍ നിന്ന് കഞ്ചാവും വാങ്ങി,
ആറാമത്തെ പറ്റുപടിക്കാരി വത്സലയുടെ വീട്ടില്‍ കയറി വത്സലപിഴച്ചുപെറ്റ നാലുവയസ്സുകാരന്‍ സ്വന്തപുത്രനെ മുളംചില്ലികൊണ്ടു തല്ലി തുടപൊട്ടിച്ച്, വത്സലയുടെ കഞ്ഞിയും കലവും പൊട്ടിച്ച് നാടുമുഴക്കെ പൊലയാട്ടുവിളിച്ചു പടിയിറങ്ങി,
വയല്‍ മുറിച്ച് കാവില്‍ വന്നു ആല്‍ത്തറയില്‍ കിടക്കുമ്പോള്‍ വീട്ടില്‍ പട്ടിണികിടക്കുന്ന മാതാപിതാക്കളെയും ഭാര്യയെയും ജന്മനാ ദീനക്കാരിയായ രണ്ടുവയസ്സുകാരി മകളെയും ഓര്‍മവരികയും, രാവുമുഴുവന്‍ കരയുകയും, കുടിനിറുത്തി ജോലി ചെയ്തു കുടുംബം നോക്കാന്‍ തീരുമാനിച്ചു മടിക്കുത്തിലെ കഞ്ചാവ് എറിഞ്ഞുകളഞ്ഞ്,
നേരം പുലരാന്‍ നേരം വീട്ടിലേക്ക് തിരിക്കുമ്പോല്‍ വഴിയില്‍ വച്ച് മൂര്‍ഖന്‍പാമ്പ് കടിച്ച്, മരിക്കും മുമ്പ് വീട്ടിലെത്തി മകളെയെങ്കിലും കാണാനുള്ള തിടുക്കത്തില്‍ ഓടി കാലുതിരിഞ്ഞ് കനാലില്‍ വീണ് .....
വൈകുന്നേരം ആല്‍ത്തറയില്‍ വിളക്കു വയ്ക്കും മുന്‍പ് ചോരപോലെ ചെമപ്പു തുപ്പി കല്ല്യാണിയമ്മ പറഞ്ഞു: ഗുരുത്വദോഷി... അവനങ്ങനെതന്നെ വരണം! മൊകളിലൊരാളിരിപ്പില്ല്യോ...